Asianet News MalayalamAsianet News Malayalam

എന്താണ് പിണറായി സർക്കാർ സിഎഎ വിഷയത്തിൽ സുപ്രീംകോടതിയിൽ പോകാൻ ആയുധമാക്കിയ ആർട്ടിക്കിൾ 131

 " കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഭരണഘടനയെ വ്യാഖ്യാനിക്കുന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ, അതിൽ നിന്ന് ഉടലെടുക്കുന്ന തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ അധികാരങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതായാൽ,  131 വഴി സുപ്രീം കോടതിയെ സമീപിക്കാം. "

Article 131 used by Pinaryi Vijayan CM of kerala to move against narendra modi bjp in centre in  CAA in supreme court
Author
Kerala, First Published Jan 15, 2020, 5:59 PM IST

  പൗരത്വ നിയമ ഭേദഗതി അഥവാ സിഎഎ... ജനുവരി പത്തുമുതൽ നടപ്പിലായ ഈ ഭേദഗതി ഏറെ വിവാദങ്ങൾക്കും കാരണമായി. നഗരങ്ങളിൽ പുകഞ്ഞുകത്തിയ പ്രതിഷേധാഗ്നി ഇനിയും അണഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മുഖമടച്ച് പറഞ്ഞിരിക്കുന്നത്, 'ഞങ്ങൾ ഇത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല' എന്നുതന്നെയാണ്. ഒറ്റ പ്രശ്നമേയുള്ളൂ. കേന്ദ്രം പാർലമെന്റിൽ നിർമിച്ച്, ഇരു സഭകളും പാസ്സാക്കുന്ന ഏതൊരു നിയമത്തെയും പാലിക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരുകൾക്കുണ്ട്. 

2019 ഡിസംബർ 31 -ന് കേരള നിയമസഭ ഈ ഭേദഗതിക്കെതിരായി ഒരു പ്രമേയം പാസ്സാക്കി. അതിന്റെ പേരും പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദും തമ്മിൽ തർക്കവും നടന്നു. 'വിവരമുള്ള വല്ലവരോടും പോയി ലീഗൽ അഡ്വൈസ് തേടൂ' എന്ന മട്ടിലായിരുന്നു രവിശങ്കർ പ്രസാദ് പിണറായി വിജയനോടായി പറഞ്ഞത്. 

ഇപ്പോൾ കേരള സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 131 -ന്റെ പിൻബലത്തോടെ വിവാദാസ്പദമായ ഈ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ കേസുമായി പോയിരിക്കുകയാണ്. 

ഭരണഘടനയുടെ ആർട്ടിക്കിൾ 131 -ൽ എന്താണ് പറഞ്ഞിരിക്കുന്നത്?

കേന്ദ്രവും ഏതെങ്കിലും സംസ്ഥാനവും തമ്മിലോ അല്ലെങ്കിൽ രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ തമ്മിലോ ഉള്ള വിവാദങ്ങളെ പരാമര്ശിക്കുന്നതാണ് ആർട്ടിക്കിൾ 131 എന്നത്. ഈ ആർട്ടിക്കിൾ അത്തരത്തിലുള്ള ഒരു വിവാദത്തിന്റെ വേളയിൽ, കാര്യങ്ങളിലെ അന്തിമതീരുമാനം സുപ്രീംകോടതിവഴി നേടാനുള്ള വാതിൽ തുറന്നുവെക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യവഹാരങ്ങൾ നേരിട്ട് സുപ്രീം കോടതി തന്നെ കേട്ടുതുടങ്ങും.

ആർട്ടിക്കിൾ 131 ഇനി പറയുന്ന സാഹചര്യങ്ങളിൽ, അന്തിമമായ തീരുമാനത്തിനുള്ള എക്സ്ക്ലൂസീവ് വിധിക്ക് സുപ്രീം കോടതിയെ ചുമതലപ്പെടുത്തുന്നു. 

1 . ഭാരത സർക്കാരും, ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലുമോ  
2 . ഭാരത സർക്കാരും, ഒന്നോ ഒന്നിലധികം സംസ്ഥാനങ്ങളും ഒരു വശത്തും, ഒന്നോ ഒന്നിലധികമോ മറ്റുസംസ്ഥാനങ്ങൾ മറുവശത്തും ആയോ
3 . രണ്ടോ രണ്ടിലധികം സംസ്ഥാനങ്ങളും തമ്മിലുമോ,

ഉണ്ടാകുന്ന ഏത് തർക്കത്തിലും, ആ തർക്കം നിയമ സംബന്ധിയായ ഒരു അവകാശത്തിന്റെ അസ്തിത്വത്തെയോ വ്യാപ്തിയെയോ സംബന്ധിച്ച ഒരു പ്രശ്നം ( അത് നിയമസംബന്ധമോ, വസ്തുതാ സംബന്ധമോ ആയാലും) ഉൾക്കൊള്ളുന്നുവെങ്കിൽ, അത് ഉൾക്കൊള്ളുന്നിടത്തോളം സുപ്രീം കോടതിക്ക് മറ്റേതു കോടതിയെയും ഒഴിവാക്കിക്കൊണ്ടുള്ള ആദ്യാധികാരികത ഉണ്ടായിരിക്കുന്നതാണ്. 

മുൻവ്യവഹാരങ്ങളിലെ  നിരീക്ഷണങ്ങൾ 

1977 -ൽ രാജസ്ഥാൻ സർക്കാരും കേന്ദ്രവും തമ്മിൽ ഉണ്ടായ വ്യവഹാരത്തിലാണ് സുപ്രീം കോടതി, ഭാവികേസുകളിൽ നിയമാധികാരത്തിന്റെ അസ്തിത്വത്തെപറ്റിയോ വ്യാപ്തിയെപ്പറ്റിയോ ഉള്ള ചോദ്യങ്ങൾ ഉയരുന്ന വിവാദങ്ങളിൽ മാത്രമായി സുപ്രീം കോടതിയുടെ ഇടപെടൽ ചുരുക്കിയത്. ഇല്ലെങ്കിൽ ഒന്നുപറഞ്ഞ് രണ്ടിന് സംസ്ഥാനങ്ങൾ നേരെ സുപ്രീം കോടതിയെ സമീപിച്ചു കളയും എന്ന തോന്നലായിരുന്നു കോടതിക്ക്. അതേകൊല്ലം മുഖ്യമന്ത്രി ദേവരാജ് ഉർസിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കാൻ കേന്ദ്രം തീരുമാനിച്ച അവസരത്തിൽ കർണാടകം സുപ്രീം കോടതിയെ സമീപിച്ച കേസിൽ നടത്തിയ നിരീക്ഷണം ഇപ്രകാരമായിരുന്നു,  " കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഭരണഘടനയെ വ്യാഖ്യാനിക്കുന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ, അതിൽ നിന്ന് ഉടലെടുക്കുന്ന തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ അധികാരങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതായാൽ,  131 വഴി സുപ്രീം കോടതിയെ സമീപിക്കാം. "

എന്നാൽ, 2011 ഛത്തീസ്ഗഡ് രൂപീകരിച്ച സമയത്ത് മധ്യപ്രദേശ് കേന്ദ്രത്തിനെതിരെ ചില വിഷയങ്ങളിൽ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ആ കേസ് ആർട്ടിക്കിൾ 131 -ന്റെ കീഴിൽ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ഈ തീരുമാനം പക്ഷേ, 2014 -ൽ ഝാര്‍ഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽ സുപ്രീംകോടതി നേരത്തെ വന്ന വിധിക്ക് വിരുദ്ധമായ നിലപാടും എടുത്തിട്ടുണ്ട്. 

കേരളത്തിന്റെ വാദങ്ങൾ 

ഈ പൗരത്വ നിയമ ഭേദഗതികൾ ആർട്ടിക്കിൾ 14 ( തുല്യതയ്ക്കുള്ള അവകാശം), ആർട്ടിക്കിൾ 21 ( ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യങ്ങൾ അനുഭവിക്കാനുമുള്ള അവകാശം) എന്നിവയുടെ ലംഘനമാണെന്നാണ് കേരള സർക്കാർ വാദിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന മതേതരത്വം (secular) എന്ന നയത്തിന് വിരുദ്ധമാണ് മുസ്ലീങ്ങളോട് ഈ ഭേദഗതി കാണിക്കുന്ന വിവേചനം എന്നും കേരളംസർക്കാർ വാദിക്കുന്നുണ്ട്. ശ്രീലങ്ക, ഭൂട്ടാൻ, മ്യാന്മാർ എന്നിവിടങ്ങളിൽ നിന്ന് മതചൂഷണം നേരിട്ട് പലായനം ചെയ്തെത്തുന്ന അഭയാർത്ഥികളോടു കാണിക്കുന്ന വിവേചനമാകും ഇതെന്നും കേരളസർക്കാർ സമർത്ഥിക്കുന്നുണ്ട്. 

മുസ്‌ലിം ലീഗും ജയറാം രമേശും മഹുവാ മോയിത്രയും അസദുദ്ദീൻ ഒവൈസിയും അടക്കമുള്ള എല്ലാവരും സമർപ്പിച്ച പൗരത്വ നിയമ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ടുള്ള എല്ലാ ഹർജികളും സുപ്രീം കോടതി ജനുവരി 22 -ന് പരിഗണിക്കും. 

Follow Us:
Download App:
  • android
  • ios