പല തവണ പരാതിപ്പെട്ടെങ്കിലും ആരും പരാതി പോലും ശ്രദ്ധിച്ചില്ല. ഒടുവില്‍ മറ്റ് നിര്‍വാഹമില്ലാതായപ്പോഴാണ് പ്രത്യേക പരാതി പോസ്റ്റ് ചെയ്തത്. ഇതോടെ കാര്യമന്വേഷിച്ച് ആളെത്തി. കാലാസൃഷ്ടികളും തിരികെ കിട്ടി. 


വിമാനയാത്രയ്ക്കിടെ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അവ തിരിച്ച് കിട്ടുമെന്നത് സ്വപ്നത്തില്‍ പോലും വിചാരിക്കാന്‍ കഴിയില്ലെന്നതാണ് യാത്രക്കാരുടെ അനുഭവം. എന്നാല്‍, അലീസ് ഡീറ്റെൽ എന്ന ചിത്രക്കാരിക്ക് വിമാനയാത്രയ്ക്കിടെ നഷ്ടപ്പെട്ട അവളുടെ ചിത്രങ്ങള്‍ തിരികെ കിട്ടി. ഇതിനായി നിരന്തരം പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നാല്‍, തന്‍റെ പരാതി ഒരു വീഡിയോയായി അലീസ് ഡീറ്റെൽ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അവള്‍ക്ക് നഷ്ടപ്പെട്ട അവളുടെ ചിത്രങ്ങള്‍ തിരികെ ലഭിച്ചത്. ആ കഥ ഇങ്ങനെ, 

ഐസ്‌ലൻഡിൽ രണ്ട് മാസത്തെ താമസത്തിനിടയിലാണ് അലീസ് ഡീറ്റെൽ ചിത്രങ്ങള്‍ വരച്ച് കൂട്ടിയത്. ചിത്രരചന പൂര്‍ത്തിയാക്കിയതിന് പിന്നാലെ അവര്‍, അതുവരെ വരച്ച ചിത്രങ്ങളുമായി ഡെൻമാർക്കിലെ കോപ്പൻഹേഗനിലേക്കുള്ള വിമാനം കയറി. എന്നാല്‍ അലീസ് ഡീറ്റെൽ കോപ്പന്‍ഹേഗിലെത്തിയെങ്കിലും അവളുടെ ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ട്യൂബ് മാത്രം വന്നില്ല. തുടര്‍ന്ന് നിരവധി ഓഫീസുകള്‍ അവള്‍ കയറിയിറങ്ങി. നിരവധി പേര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. അവളെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അലീസ് ഡീറ്റെൽ തന്‍റെ ഇന്‍സ്റ്റാഗ്രം പേജില്‍ ഒരു പരാതി വീഡിയോയായി പ്രസിദ്ധപ്പെടുത്തിയത്. വീഡിയോയില്‍ തന്‍റെ കലാസൃഷ്ടികള്‍ ഏങ്ങനെ നഷ്ടപ്പെട്ടെന്നും തനിക്കത് കണ്ടെത്താന്‍ പറ്റാത്തതിനെ കുറിച്ചും അലീസ് വിശദീകരിച്ചു. പിന്നാലെ ഒരു വിമാന ജോലിക്കാരന്‍ അവരെ ബന്ധപ്പെട്ട് ചിത്രങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചു. ഒടുവില്‍ ചിത്രങ്ങള്‍ അലീസിന് തിരികെ ലഭിച്ചു. ഇക്കാര്യങ്ങളെല്ലാം വച്ച് അലീസ് മറ്റൊരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഈ വീഡിയോ ഗുഡ് ന്യൂസ് മൂവ്മെന്‍റ് എന്ന് ഇന്‍സ്റ്റാഗ്രം പേജ് പുനപ്രസിദ്ധീകരിച്ചു. 

View post on Instagram

കൂടുതല്‍ വായനയ്ക്ക്: പിഎച്ച്ഡി ആരംഭിച്ചത് 1970 ല്‍; 50 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ഡോക്ടറേറ്റ് ! 

വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: വിമാനത്തിൽ വച്ച് വിലമതിക്കുന്ന കലാസൃഷ്ടികൾ അലീസ് ഡീറ്റെലിന് നഷ്ടപ്പെട്ടു… അവൾ പ്രതീക്ഷ കൈവിട്ടു. ഈ എയർപോർട്ട് ജീവനക്കാരൻ കണ്ടെത്തുന്നത് വരെ. ചിത്രങ്ങള്‍ കണ്ടെടുത്തതിന് അവൾ അവന് പണം നൽകാൻ ശ്രമിച്ചു, പക്ഷേ, അവര്‍ അത് നിഷേധിച്ചു. ആ പണം ഒരു ചാരിറ്റിക്ക് സംഭാവന ചെയ്യൂവെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. അവള്‍ അങ്ങനെ ചെയ്തു. 

എയർപോർട്ട് ജീവനക്കാരിയായ ഇറെക് മിച്ചയാണ് ചിത്രങ്ങള്‍ കണ്ടെത്താന്‍ അലിസയെ സഹായിച്ചത്. ചിത്രങ്ങളടങ്ങിയ ട്യൂബ് കണ്ടെത്തി അലീസിന് അയച്ച് കൊടുക്കാന്‍ മിച്ചയ്ക്ക് 3100 രൂപയോളം ചെലവായി. ഈ പണം അലീസ് തിരികെ കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇറെക് മിച്ച അത് നിഷേധിച്ചതും ചാരിറ്റിക്ക് സംഭാവന ചെയ്യാന്‍ ഉപദേശിച്ചതും. പണം ചാരിറ്റിക്ക് സംഭാവന ചെയ്ത അലീസ, താന്‍ വീട്ടിലുണ്ടാക്കിയ മധുരപലഹാരങ്ങള്‍ ഇറെക് മിച്ചയ്ക്ക് അയച്ച് കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ, ഈ വീഡിയോ 1.5 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഒരു പാട് പേര്‍ കമന്‍റുമായി രംഗത്തെത്തി. മാജിക്കല്‍ പോസ്റ്റാണെന്നായിരുന്നു ഒരാളുടെ കമന്‍റ്. ഒരു പക്ഷേ ഈ മാസത്തെ എന്‍റെ ഇഷ്ടപ്പെട്ട പോസ്റ്റ് എന്നായിരുന്നു മറ്റൊരു കമന്‍റ്. അലീസ് ഡീറ്റെൽ ഒരു ചിത്രകാരി എന്നതിനൊപ്പം നല്ലൊരു ക്ലൈംബര്‍ (climber) കൂടിയാണ്. താനൊരു മുന്‍ പ്രോ ക്ലൈംബറാണെന്ന് അവര്‍ തന്നെ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്:  30 വര്‍ഷം മുമ്പ് ഇറാഖില്‍ നിന്നും കണ്ടെത്തിയ 4000 വര്‍ഷം പഴക്കമുള്ള ശിലാലിഖിതം വായിച്ചെടുക്കാന്‍ ഗവേഷകര്‍