കുട്ടികള്‍ക്കെതിരായുള്ള ലൈംഗികാതിക്രമങ്ങള്‍ ലോകത്താകെ വര്‍ധിക്കുകയാണ്. പീഡോഫൈല്‍ ഗ്രൂപ്പുകളും മറ്റുമുണ്ടാക്കുകയും കുഞ്ഞുങ്ങളുടെ ചിത്രങ്ങളടക്കം പ്രചരിപ്പിക്കുകയും ചെയ്യുന്നതും വാര്‍ത്തയാവുന്നുണ്ട്. ഒരുതരത്തിലും പൊറുക്കാന്‍ പറ്റാത്തതാണ് കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍. പല രാജ്യങ്ങളിലും ഇതിനെതിരെ കര്‍ശനമായ നിയമങ്ങളും നിലവിലുണ്ട്. ഇപ്പോഴിതാ ഓസ്ട്രേലിയക്കാര്‍ വമ്പിച്ച തരത്തിലാണ് കുഞ്ഞുങ്ങളുടെ രൂപത്തിലുള്ള സെക്സ് ഡോളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത് എന്ന വാര്‍ത്ത വന്നിരിക്കുന്നു.

ഓസ്ട്രേലിയക്കാര്‍ ഓര്‍ഡര്‍ ചെയ്യുന്ന കുഞ്ഞുങ്ങളെപ്പോലെയുള്ള സെക്സ് ഡോളുകളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നറിയിച്ചത് രാജ്യത്തിന്‍റെ അതിര്‍ത്തി സേന തന്നെയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ത്തന്നെ ഡസന്‍കണക്കിന് കുഞ്ഞുങ്ങളെപ്പോലെയിരിക്കുന്ന സെക്സ് ഡോളുകളാണ് പിടിച്ചെടുത്തതെന്നും ഇവരറിയിച്ചു. news.com.au നല്‍കുന്ന വിവരം അനുസരിച്ച്, 2020 -ന്‍റെ ആദ്യ പകുതിയിൽത്തന്നെ ഈ പാവകളിൽ 31 എണ്ണം എയർ കാർഗോയിൽ തടഞ്ഞുകഴിഞ്ഞു. 'ഇത്തരം പാവകളെ കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്യുന്ന വസ്‍തുക്കളായിട്ടും വളരെ അപകടകരമായിട്ടുമാണ് കാണുന്നത്. എയര്‍ കാര്‍ഗോയിലും മറ്റ് വഴികളിലും അവയുടെ വരവ് തടയുന്നത് ലക്ഷ്യംവെച്ച് സജീവമായിത്തന്നെയാണ് ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‍സ് (എബിഎഫ്) പ്രവര്‍ത്തിക്കുന്നതെ'ന്ന് എബിഎഫ് വക്താവ് പറയുന്നു. ജൂണ്‍ 30 വരെ 12 മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 86 പാവകളാണ് എബിഎഫ് പിടിച്ചെടുത്തത്. 

ലൈംഗിക ദുരുപയോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആസ്ട്രേലിയന്‍ സംഘമായ കളക്ടീവ് ഷൗട്ട്, ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആലിബാബ -യ്ക്കെതിരെ പ്രതികരിച്ചത് കുറച്ച് ആഴ്‍ചകള്‍ക്ക് മുമ്പാണ്. കുഞ്ഞുങ്ങളുടെ രൂപത്തിലുള്ള സെക്സ് ഡോളുകള്‍ കമ്പനിയുടെ സൈറ്റില്‍ വില്‍പനയ്ക്കുണ്ട് എന്ന് കാണിച്ചായിരുന്നു പ്രതികരണം. 'ഒറിജിനലെന്ന് തോന്നുന്ന സിലിക്കോണിലുള്ളതാണ് ഈ കുഞ്ഞ് പാവകള്‍. ചൈല്‍ഡ് സെക്സ് ഡോളുകള്‍ വില്‍ക്കുന്ന ഈ കമ്പനിയെ ബഹിഷ്‍കരിക്കണം' എന്നായിരുന്നു കളക്ടീവ് ഷൗട്ട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ഇപ്പോള്‍, അതിനുപിന്നാലെ ബോര്‍ഡര്‍ ഫോഴ്‍സ് ഇത്തരം സെക്സ് ഡോളുകള്‍ പിടിച്ചെടുത്തുവെന്നതും ശ്രദ്ധേയമാണ്. 

'10 വര്‍ഷങ്ങളായി കളക്ടീവ് ഷൗട്ടിന്‍റെ കൂടെ പ്രവര്‍ത്തിക്കുന്ന ഒരു ആക്ടിവിസ്റ്റാണ് ഞാന്‍. അടുത്തെയിടെ ഞാന്‍ കണ്ടതില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമാണിത്' എന്നാണ് കളക്ടീവ് ഷൗട്ടിന്‍റെ മാധ്യമവക്താവ് മെലിന്ദ ലിസെവ്‍സ്‍കി ഇത്തരം സെക്സ് ഡോളുകള്‍ വില്‍പനയ്ക്ക് വച്ചതിനെതിരെ പ്രതികരിച്ചത്. ആലിബാബയുടെ സൈറ്റില്‍ വെറും 65 സെന്‍റിമീറ്റര്‍ മാത്രം വരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെപ്പോലിരിക്കുന്ന പാവ വരെ കണ്ടിരുന്നുവെന്നും മെലിന്ദ തങ്ങളുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കി. ഏതായാലും ഇതിന് ഒരാഴ്‍ചയ്ക്ക് ശേഷം കമ്പനി ഇത്തരത്തില്‍ ആരോപണം നേരിട്ട മുഴുവന്‍ ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ തങ്ങളുടെ സൈറ്റില്‍ നിന്നും പിന്‍വലിച്ചു. 

ആരാണ് ഇത്തരം പാവകള്‍ വാങ്ങുന്നത് എന്നറിയാന്‍ പ്രോസിക്യൂട്ടര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണിപ്പോള്‍ എബിഎഫ്. 2019 സപ്‍തംബര്‍ മുതല്‍ ഓസ്ട്രേലിയയില്‍ കുഞ്ഞുങ്ങളെ പോലെയിരിക്കുന്ന സെക്സ്ഡോളുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും നിയമവിരുദ്ധമാണ്. ഇവരെ അറസ്‍റ്റ് ചെയ്യുകയും കുറ്റം തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷത്തെ തടവോ ഇല്ലങ്കില്‍ $525,000 രൂപ പിഴയായി ഒടുക്കേണ്ടിയോ വരും. 

ഇത്തരം പാവകള്‍ വാങ്ങുന്നതടക്കം കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിപ്പിക്കാനേ ഉതകൂവെന്നും ഒരുതരത്തിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു.