മേരി കാതറിൻ ലെടൂർന്യു അന്തരിച്ചു. അൻപത്തെട്ടാം വയസ്സിൽ അർബുദം മൂർച്ഛിച്ചായിരുന്നു മരണം. ആയിരക്കണക്കിന് കോപ്പികൾ വിറ്റുപോയ ഒരു പുസ്തകം, തന്റെ ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമായ ഒരു ഓർമ്മക്കുറിപ്പ്,  'ഒരേയൊരു കുറ്റം മാത്രം, പ്രണയം' എഴുതിയതിന്റെ പേരിൽ അമേരിക്കയിൽ പ്രസിദ്ധയാണ് മേരി കാതറിൻ. അവരുടെ പ്രസിദ്ധി ആ പുസ്തകമെഴുതി എന്നതിന്റെ പേരിൽ മാത്രമായിരുന്നില്ല. ആ പുസ്തകത്തിൽ പ്രതിപാദ്യമായ ജീവിതം തെരഞ്ഞെടുത്തു എന്നതിന്റെ പേരിൽ കൂടിയായിരുന്നു. മേരി കാതറിൻ എന്ന പേര് 1996-ൽ അമേരിക്കയിൽ ഏറെ വിവാദം സൃഷ്‌ടിച്ച ഒരു ബലാത്സംഗകേസിലെ പ്രതിയുടേതുകൂടിയാണ്.

സിയാറ്റിലിലെ ബുറിയൻ എന്ന സബർബൻ പട്ടണത്തിലെ ഷോർവുഡ് എലിമെന്ററി സ്കൂളിലെ അധ്യാപികയായിരുന്ന മേരി കാതറിന്റെമേൽ ആരോപിക്കപ്പെട്ട കുറ്റം, അവരുടെ സ്‌കൂളിലെ പന്ത്രണ്ടോ പതിമൂന്നോ മാത്രം വയസ്സ് പ്രായമുണ്ടായിരുന്ന വിദ്യാർത്ഥി വില്ലി ഫൗലാവൂവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതാതായിരുന്നു. വില്ലി മൈനർ ആയിരുന്നതിനാൽ ആ ബന്ധം നിയമത്തിന്റെ കണ്ണിൽ ബലാത്സംഗത്തിൽ കുറഞ്ഞൊന്നുമല്ലായിരുന്നു. 

1996 -ലെ വേനൽക്കാല അവധിയിലാണ് മേരി എന്ന 34 കാരിയായ, നാലുകുട്ടികളുടെ അമ്മയായ, ഗാർഹിക പീഡനങ്ങൾ നിറഞ്ഞ ഒരു വിവാഹത്തിൽ നിന്ന് മോചിതയായി പുറത്തുവന്ന അധ്യാപികയും, അവരുടെ പ്രിയ വിദ്യാർത്ഥി വില്ലിയും തമ്മിലുള്ള അടുപ്പം ശാരീരിക ബന്ധത്തിന് വഴിമാറിയത്. മേരിയെ നിരന്തരം മർദ്ദിക്കുമായിരുന്നു അവളുടെ ഭർത്താവ്. മദ്യപനും ഉപദ്രവിയുമായ അയാളോടൊപ്പം ഏറെ കഷ്ടപ്പെട്ട ശേഷം, വിവാഹമോചനം നേടി ഒറ്റയ്ക്ക് കഴിഞ്ഞുകൂടുന്നതിനിടെയാണ് അവർ സ്വന്തം വിദ്യാർത്ഥിയായ വില്ലിയെ പരിചയപെപ്പടുന്നതും അവനോട് എടുക്കുന്നതും. അന്ന് വില്ലി സിക്സ്ത് ഗ്രേഡിൽ പഠിക്കുന്ന കാലം.

ജൂൺ 19 -ന് രാത്രി ഒന്നരയോടെ ഇരുവരെയും സിയാറ്റിലിന്റെ മറ്റൊരു സബർബൻ ടൗൺ ആയ ഡെസ് മൊയിൻസ് മറീനയിൽ, റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്ന് പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്നത്. ചോദ്യം ചെയ്ത പോലീസിനോട് മേരി ആദ്യം പറഞ്ഞത്,"ഇവന് പതിനെട്ടു വയസ്സ് ആയിട്ടുണ്ട്" എന്നായിരുന്നു. എന്നാൽ, ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയപ്പോഴേക്കും മേരി അവർ തമ്മിൽ കാറിൽ വെച്ച് അടുത്തിടപഴകിയിട്ടുണ്ടായിരുന്നു എന്ന കാര്യം നിഷേധിച്ചു. വീട്ടിലേക്ക് 'ബേബി സിറ്റിങ്ങിനായി' കൊണ്ടുവന്ന വില്ലിയെ ഭർത്താവുമായി ഒരു വഴക്കുണ്ടായതിന്റെ പേരിൽ തിരികെ അവന്റെ വീട്ടിൽ കൊണ്ട് വിടാനിറങ്ങിയതായിരുന്നു താൻ എന്ന് അവർ മൊഴിമാറ്റിപ്പറഞ്ഞു. 

'പ്രണയം തുടങ്ങിയ കാലത്ത് വില്ലിയും മേരിയും' 

എന്തായാലും, ഈ സംഭവം നടന്ന് രണ്ടുമാസത്തിനകം മേരി കാതറിൻ വില്ലിയുടെ കുഞ്ഞിനെ ഗർഭം ധരിച്ചു. 1997 -ൽ അവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് വന്നു. അവർ കുറ്റം സമ്മതിച്ചു. എന്നാൽ, " വില്ലിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാണ് എന്ന് തനിക്കറിയില്ലായിരുന്നു" എന്നായിരുന്നു മേരി കോടതിയിൽ തന്റെ പക്ഷം ന്യായീകരിച്ചു കൊണ്ട് വാദിച്ചത്. ആ കേസിൽ  വിധി വരാൻ വേണ്ടി കാത്തിരിക്കുന്നതിനിടെ വില്ലിയുടെ കുഞ്ഞിനെ മേരി പ്രസവിച്ചു. 

ഈ സാഹചര്യത്തിൽ കോടതി മേരിക്ക് ആദ്യമായി ചെയ്യുന്ന അപരാധം എന്ന പരിഗണനയിൽ ഒരു പ്ളീ ഡീൽ നൽകി. അവളുടെ ജയിൽശിക്ഷ ആറുമാസമായി ചുരുക്കി. എന്നാൽ, ആ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മേരി കാതറീനെ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു. ഇത്തവണയും കാറിൽ അവൾക്കൊപ്പം പിടിക്കപ്പെട്ടത് വില്ലി തന്നെ. അപ്പോഴും അവനു പ്രായപൂർത്തി ആയിട്ടില്ലായിരുന്നതിനാൽ വീണ്ടും കേസ് പഴയതിലധികം ഗൗരവത്തോടെ കോടതിയുടെ മുന്നിൽ എത്തി. ഇത്തവണ കോടതി ഒരു ദാക്ഷിണ്യവും കാണിച്ചില്ല. ഏഴു വർഷത്തേക്ക് മേരിയെ കോടതി ജയിലിലേക്കയച്ചു. ഇത്തവണ മേരി ജയിലിലേക്ക് പോയത് വില്ലിയുടെ കുഞ്ഞിനേയും ഗർഭത്തിൽ പേറിക്കൊണ്ടാണ്. അവരുടെ രണ്ടാമത്തെ കുഞ്ഞ് ജോർജിയ പിറന്നു വീണത് ജയിലഴികൾക്കുള്ളിലാണ്. മേരി ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങും വരെ വില്ലിയുടെ രണ്ടു കുട്ടികളെയും വളർത്തിയത് വില്ലിയുടെ അമ്മയായിരുന്നു. 

 

 

ഏഴുവർഷത്തെ ജയിൽവാസം കഴിഞ്ഞ് 2005 -ൽ മേരി മോചിതയായതിനു ശേഷം മെയ് 20 -ന് വില്ലിയും മേരിയും വിവാഹിതരായി. തങ്ങൾക്കിടയിൽ നിലനിന്നിരുന്നത് കേവലം പ്രണയബന്ധം മാത്രമായിരുന്നു എന്ന് പ്രസ്താവിച്ചു കൊണ്ട് അവരെഴുതിയ പുസ്തകമാണ് “Un Seul Crime, L’Amour,” or “Only One Crime, Love.” - 'ഒരേയൊരു പാപം മാത്രം, പ്രണയം' അന്ന് സദാചാരത്തിന്റെ സൂക്ഷ്മദർശിനിക്കണ്ണുകളിൽ ഏറെ വിവാദക്കരടുകൾ വീഴ്ത്തി. അവരുടെ കഥ 'ഓൾ അമേരിക്കൻ ഗേൾ' എന്ന പേരിൽ ഒരു സിനിമയ്ക്കും വഴിതെളിച്ചു. "എന്നെ ആരും ബലാത്സംഗം ചെയ്‌തിട്ടില്ല. ഞാൻ ഒരു ഇരയല്ല. ഒരു അച്ഛനായതിൽ എനിക്ക് പശ്ചാത്താപം ഒട്ടുമില്ല, മേരി കാതറീനെ സ്നേഹിച്ചതിന് ഒട്ടുമില്ല.." എന്നാണ് വില്ലി 2013 -ൽ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 

 

 

എന്നാൽ,  2017 -ൽ, ഒരു വ്യാഴവട്ടം നീണ്ടു നിന്ന വിവാഹജീവിതത്തിനൊടുവിൽ, അജ്ഞാതമായ കാരണങ്ങളാൽ വില്ലി-മേരി ദമ്പതികൾ തമ്മിൽ നിയമപരമായി വേർപിരിഞ്ഞു. അധികം താമസിയാതെ മേരിക്ക് സ്റ്റേജ് 4 കാൻസർ ഡയഗ്‌നോസ് ചെയ്യപ്പെട്ടു. ചൊവ്വാഴ്ച, തന്റെ അമ്പത്തിയെട്ടാം വയസ്സിൽ, അർബുദരോഗം മൂർച്ഛിച്ച് മേരി കാതറിൻ ലെടൂർന്യു ഇഹലോകവാസം വെടിഞ്ഞു.