ഒരു ട്രെയിന്‍ യാത്രയില്‍ നമ്മളെത്രയെത്ര മനുഷ്യരെ കാണും? യാത്രക്കാര്‍, എന്തെങ്കിലും വില്‍ക്കാനായി എത്തുന്നവര്‍, യാചകര്‍, പാട്ടുമായി എത്തുന്നവര്‍.. നാമെന്ത് ചെയ്യും? ആ പാട്ടുകള്‍ കേള്‍ക്കും, ചിലപ്പോള്‍ എന്തെങ്കിലും ചില്ലറകള്‍ നല്‍കിയെന്ന് വരും. 

എന്നാല്‍, മുംബൈയിലെ ഹേമലത തിവാരി എന്ന ഇരുപത്തിയേഴുകാരി ചെയ്തത് ഇതൊന്നുമല്ല.. അതിനേക്കാള്‍ ഏറെ ഉയരെയാണ്.. ഈ തെരുവ് ഗായകരെ ഒരുമിച്ച് ചേര്‍ത്ത് ഒരു ഗായകസംഘം തന്നെ തുടങ്ങി, പേര് 'സ്വരധര്‍..'

സ്വരധറിലേക്കുള്ള ഹേമലതയുടെ യാത്ര... 
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ഒരു വൈകുന്നേരം.. സംഗീത പരിപാടിയില്‍ പങ്കെടുക്കാനായി ട്രെയിന്‍ കയറാന്‍ പോവുകയായിരുന്നു ഹേമലത. സ്റ്റേഷനിലെത്തിയപ്പോള്‍ അവരെ സ്വീകരിച്ചത് രണ്ട് തെരുവ് ഗായകരുടെ അതിമനോഹരമായ പാട്ടാണ്.. അവര്‍ വളരെ നന്നായി പാടിയിരുന്നു. ഹേമലത അവരുടെ അടുത്ത് തന്നെ നിന്ന് ആ പാട്ട് കേട്ടു. 

അതൊക്കെ കഴിഞ്ഞ്, പരിപാടി നടക്കുന്നയിടത്തെത്തി ഹേമലത.. സ്റ്റേജില്‍ കയറി പാടവെ പെട്ടെന്ന് അവരുടെ ഉള്ളിലേക്ക് ആ തെരുവ് ഗായകര്‍ കടന്നുവന്നു. അവര്‍ അതിമനോഹരമായി പാടുന്നുണ്ട്. നല്ല വസ്ത്രങ്ങളൊക്കെ ധരിച്ച് അവര്‍ സ്റ്റേജില്‍ പാടുന്നത് ഹേമലത മനസ്സില്‍ കണ്ടു. ചെറിയ ഒരു സഹായം ചെയ്താല്‍ മതി അവര്‍ക്ക് സ്റ്റേജില്‍ പാടാനാകും എന്നും ഹേമലതക്ക് തോന്നി. 

ഹേമലത

സാധാരണ ചുറ്റുമുള്ളവരോട് പറഞ്ഞപ്പോള്‍ അവര്‍ക്കാര്‍ക്കും ഇത് അംഗീകരിക്കാനായില്ല. പക്ഷെ, ഗായകരോട് പറഞ്ഞപ്പോള്‍ അവര്‍ അവളെ പിന്തുണച്ചു. കൂടെയുണ്ടാകാമെന്ന് വാഗ്ധാനവും ചെയ്തു. അങ്ങനെ, 2012 -ല്‍ 'സ്വരധര്‍' പിറവിയെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ പാടിക്കൊണ്ടിരിക്കുന്നവര്‍ക്ക് പാടാനായി കുറച്ചുകൂടി നല്ല ഇടങ്ങള്‍ നല്‍കുക എന്നതായിരുന്നു തന്‍റെ ലക്ഷ്യമെന്ന് ഹേമലത പറയുന്നു. 

എന്താണ് സ്വരധറിന്‍റെ പ്രവര്‍ത്തനം?
തെരുവില്‍ നിന്നും മാറി വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് അവര്‍ ജീവിക്കാനുള്ള വക കണ്ടെത്തുക. അവരുടെ കലാജീവിതം ഉയര്‍ന്ന നിലയിലെത്തുക എന്നിവയെല്ലാമായിരുന്നു ഹേമലതയുടെ ആഗ്രഹം. സ്വരധറിന്‍റെ ലക്ഷ്യവും. 

നിരവധി വേദികളില്‍ സ്വരധര്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. വിവിധ ടി വി പ്രോഗ്രാമുകളും ഇവരെല്ലാം പങ്കെടുത്തു. യാചകരെന്ന പേരില്‍ നിന്നും കലാകാരന്മാര്‍ എന്ന പേരിലേക്കുള്ള അവരുടെ മാറ്റമായിരുന്നു സ്വരധറിലൂടെ സാധ്യമായത്. 

ആദ്യമാദ്യം വളരെക്കുറച്ചു പേര്‍ മാത്രമാണ് സ്വരധറിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, പയ്യപ്പയ്യെ പാട്ടുകാരുടെ എണ്ണം കൂടി. ഇന്ന് 500 പേരുണ്ട് സ്വരധറിന്‍റെ ഭാഗമായി. നൂറിലധികം പരിപാടികള്‍ അവര്‍ അവതരിപ്പിച്ചു കഴിഞ്ഞു. 

അതുപോലെ തന്നെയാണ് കേള്‍വിക്കാരില്‍ നിന്നുള്ള പ്രതികരണവും. ആദ്യമൊക്കെ ഈ യാചകരെയും കൊണ്ട് നീ എന്ത് ചെയ്യാനാണ് എന്ന ചോദ്യമാണ് ഹേമലതയ്ക്ക് നേരിടേണ്ടി വന്നതെങ്കില്‍ അത് വളരെ പെട്ടെന്ന് തന്നെ അഭിനന്ദനത്തിലേക്ക് വഴിമാറി. ഇപ്പോള്‍ ദില്ലിയിലാണ് ഹേമലത. ദില്ലിയില്‍ കൂടി തെരുവ് ഗായകര്‍ക്ക് പാടാനായി ഇതുപോലെ ഒരു സംഘമുണ്ടാക്കുക എന്ന ലക്ഷ്യം നേടാനുള്ള യാത്രയിലാണ് ഹേമലതയിപ്പോള്‍.