മാനുസ് ദ്വീപിൽ തടവിലാക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ കുർദിഷ് ഇറാനിയൻ അഭയാർഥിയും മാധ്യമപ്രവർത്തകനുമായ ബെഹ്‍റൂസ് ബൂചാനി വര്‍ഷങ്ങളുടെ യാതനകൾക്കൊടുവിൽ സ്വാതന്ത്ര്യത്തിന്‍റെ മരുപ്പച്ച തേടി ന്യൂസിലാന്‍റിൽ വന്നിറങ്ങി. പപ്പുവ ന്യൂ ഗിനിയയിലെ മാനുസ് ദ്വീപിലെ തടവറയില്‍ നിന്ന് വാട്ട്സാപ്പിലൂടെ പുസ്‍തകമെഴുതിയാണ് ബൂചാനി ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കുര്‍ദിഷ്-ഇറാനിയന്‍ അഭയാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനുമായ ബൂചാനിയുടെ പുസ്‍തകം നേടിയത് അരക്കോടി വില വരുന്ന പുരസ്‍കാരമാണ്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പുരസ്കാരമായ വിക്ടോറിയന്‍ സാഹിത്യ പുരസ്കാരമാണ് 'നോ ഫ്രണ്ട്സ് ബട്ട് മൗണ്ടന്‍സ്- റൈറ്റിങ്ങ് ഫ്രം മാനൂസ് പ്രിസന്‍' (No Friend But the Mountains: Writing from Manus Prison) എന്ന നോവലിന് അന്ന് ലഭിച്ചത്. മൊബൈല്‍ ഫോണിലായിരുന്നു നോവലെഴുത്ത്. പിന്നീടത് ഓരോ അധ്യായമായി പരിഭാഷകന് വാട്ട്സാപ്പില്‍ അയച്ചു കൊടുക്കുകയായിരുന്നു.

സ്വാതന്ത്യം ഒരു മൗലിക അവകാശമായി കണക്കാപ്പെടുന്ന ഈ കാലത്തും സ്വന്തം നിശ്വാസത്തിനെ പോലും ഭയന്ന് അധികാരത്തിന്‍റെ ചങ്ങലകെട്ടുകൾക്കിടയിൽ കിടക്കുകയായിരുന്ന ബൂചാനി, താൻ ഒരിക്കലും പപ്പുവ ന്യൂ ഗിനിയയിലേക്കോ ഓസ്‌ട്രേലിയയുടെ കുടിയേറ്റ ഭരണത്തിലേക്കോ മടങ്ങിപ്പോകില്ലെന്ന് പറയുന്നു. “ഇനിയൊരിക്കലും ഞാൻ ആ സ്ഥലത്തേക്ക് മടങ്ങില്ല... ഞാൻ സ്വന്ത്രനാകാൻ ആഗ്രഹിക്കുന്നു. അഭയാർത്ഥി എന്ന് മുദ്രകുത്തപ്പെടാതെ, വെറുമൊരു നമ്പറായി അറിയപ്പെടാതെ മറിച്ച് എന്‍റെ  പേരിൽ അറിയപ്പെടാനാകുന്ന എവിടെയെങ്കിലും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു.

പി‌എൻ‌ജിയിൽ ഓസ്‌ട്രേലിയയുടെ ഓഫ്‌ഷോർ പ്രോസസ്സിംഗ് ഭരണകൂടത്തിന്റെ കീഴിൽ തടവില്‍ക്കഴിഞ്ഞ ആറുവർഷത്തില്‍ ബൂച്ചാനി മാനുസ് ദ്വീപില്‍ തടവില്‍പ്പാര്‍പ്പിച്ചവരുടെ ശബ്‍ദമായും ഓസ്‌ട്രേലിയയിൽ തടവിലാക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടുന്ന പ്രവാചകനായും മാറി. ഗാർഡിയന് വേണ്ടിയും തടങ്കലിലുള്ള ജീവിതത്തെക്കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്.
 
ന്യൂസിലാന്‍റിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഓസ്ട്രേലിയയില്‍ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിയൊരുക്കിയേക്കും. ഓഫ്‌ഷോർ തടങ്കലിൽ കഴിയുന്ന അഭയാർഥികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് ന്യൂസിലാന്റിൽ നിന്നുള്ള നിർദേശങ്ങൾ ഓസ്‌ട്രേലിയൻ സർക്കാർ നിരന്തരം നിരസിക്കുകയായിരുന്നു.  “ആറുവർഷത്തിലേറെയായി, ഞാൻ വളരെ ക്ഷീണിതനാണ്. മാനുസിലെ എല്ലാവരും ഒരുപാടു വേദനാജനകമായ ഓർമ്മകൾ സൂക്ഷിക്കുന്നവരാണ്. ഞങ്ങൾക്ക് അവ ഒരിക്കലും ആ ദ്വീപിൽ ഉപേക്ഷിക്കാൻ കഴിയില്ല... പക്ഷേ, എന്‍റെ ഹൃദയത്തിൽ ഞാൻ സന്തുഷ്ടനാണ്. എനിക്കിപ്പോള്‍ സ്വാതന്ത്ര്യം അനുഭവപ്പെടുന്നു.” അദ്ദേഹം പറഞ്ഞു. 

2012 മുതൽ ഓസ്‌ട്രേലിയ പിഎൻജിയിലേക്ക് അയച്ച മുക്കാൽ ഭാഗത്തോളം അഭയാർഥികളും ഓസ്‌ട്രേലിയയിലേക്കോ യുഎസിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോയിട്ടുണ്ടെന്ന് ബൂച്ചാനി പറഞ്ഞു. ഏഴുപേർ മരിച്ചു. എന്നാൽ, ചിലർ അവിടെ കുടുങ്ങിക്കിടക്കുന്നു. പ്രത്യേകിച്ചും 46 പുരുഷന്മാരെ പോർട്ട് മോറെസ്ബിയിലെ ബോമാന ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ആറ് വർഷക്കാലം തന്നെ മാനുസ് ദ്വീപിലും പോർട്ട് മോറെസ്ബിയിലും തടവിൽ പാർപ്പിച്ചു.  മാനുസ് ദ്വീപിലെ കാവൽക്കാർ തന്‍റെ സുഹൃത്തുക്കളെ തോക്കും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തി. മറ്റുള്ളവർ വൈദ്യ അവഗണന മൂലം കൊല്ലപ്പെട്ടു. ഇതുകണ്ട് മറ്റുള്ളവർ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കപ്പെട്ടു. മാനുസ് ജയിലിലെ ഏകാന്ത തടവറയിൽ ദിവസങ്ങളോളമാണ് താന്‍ പീഡിപ്പിക്കപ്പെട്ടത്. എന്നാൽ, ജേണലിസ്റ്റ് എന്ന നിലയിൽ പ്രവർത്തനം ദ്വീപിലും തുടരുകയായിരുന്നുവെന്നും ബൂച്ചാനി പറയുന്നു.

തന്‍റെ ജന്മനാടായ ഇറാനിലെ ഒരു കുർദിഷ് അന്വേഷണാത്മക പത്രപ്രവർത്തകനായ ബൂച്ചാനി റിപ്പോർട്ടിംഗിനും കുർദിഷ് സ്വാതന്ത്ര്യത്തെ പിന്തുണച്ചതിനും 2013 -ൽ ഓസ്ട്രേലിയയിലേക്ക് പലായനം ചെയപ്പെടുകയായിരുന്നു. 2013 ജൂലൈയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഓസ്‌ട്രേലിയൻ പ്രദേശമായ ക്രിസ്മസ് ദ്വീപിൽ എത്തി. 2013 ഓഗസ്റ്റ് 27 -ന് അദ്ദേഹത്തെ മാനുസ് ദ്വീപിലേക്ക് മാറ്റി. ഓസ്‌ട്രേലിയയുടെ ഓഫ്‌ഷോർ പ്രോസസ്സിംഗ് ഭരണകൂടത്തിന് കീഴിൽ 2,269 ദിവസം അദ്ദേഹം ചെലവഴിച്ചു. ന്യൂസിലാന്‍റിലെ ക്രൈസ്റ്റ്ചർച്ചിൽ ഒരു സാഹിത്യോത്സവത്തിൽ പങ്കെടുക്കാനായി ബൂച്ചാനി ബുധനാഴ്ച പി‌എൻ‌ജിയിൽ നിന്ന് പുറപ്പെട്ടു. ന്യൂസിലാന്‍റിൽ താമസിക്കാൻ അദ്ദേഹത്തിന് ഒരു മാസത്തെ വിസയുണ്ട്. യുഎസിൽ തന്നെ പുനരധിവസിപ്പിക്കുമെന്ന് അദ്ദേഹം ഇപ്പോഴും പ്രതീക്ഷിക്കുന്നു. അത് നിരസിക്കപെട്ടാൽ മറ്റുവഴികൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.