അച്ഛനോടും ബന്ധുക്കളോടും സംസാരിച്ചു. അത് വളരെ വൈകാരികമുഹൂർത്തമായിരുന്നു. അച്ഛൻ ഇപ്പോൾ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. അച്ഛൻ വേറെ വിവാഹം കഴിച്ചിട്ടില്ല എന്നും യുവതി പറയുന്നു.
ഒരുപാട് നെഗറ്റീവ് കാര്യങ്ങളും വിദ്വേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയ വഴി പ്രചരിക്കാറുണ്ട്. എങ്കിലും ചില സമയങ്ങളിൽ വളരെ നല്ല കാര്യങ്ങളും സോഷ്യൽ മീഡിയ വഴി ചിലപ്പോൾ സംഭവിച്ചെന്നിരിക്കും. അതിന് ഒരുദാഹരണമാണ് ഈ സംഭവം. ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവതി പറയുന്നത് രണ്ടാമത്തെ വയസ്സിൽ പിരിയേണ്ടി വന്ന തന്റെ അച്ഛനെ കണ്ടെത്താൻ സാധിച്ചു എന്നാണ്. അതിന് സഹായകമായതോ റെഡ്ഡിറ്റും.
25 -കാരിയായ യുവതിയുടെ പോസ്റ്റിൽ അവൾ തന്റെ അച്ഛനെ കണ്ടെത്താൻ ബെംഗളൂരുവിൽ നിന്നുള്ളവരുടെ സഹായം തേടുകയാണ്. അച്ഛനും അമ്മയും അവൾക്ക് ഒരു വയസ് കഴിഞ്ഞപ്പോൾ പിരിഞ്ഞതാണ്. അതിനാൽ അവൾക്ക് അച്ഛനെ കാണാനോ അറിയാനോ ഒന്നും സാധിച്ചിട്ടില്ല. അച്ഛനെ കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നു എന്നും അവൾ പറയുന്നു.
ഒപ്പം 1998 -ൽ ബെംഗളൂരുവിലെ പൂർണിമ ട്രാവൽസിലാണ് അച്ഛൻ ജോലി ചെയ്തിരുന്നത് എന്നും ശരിക്കും അച്ഛൻ കേരളത്തിൽ നിന്നുള്ള ആളാണ് എന്നും അവൾ പറയുന്നുണ്ട്. പിന്നീട്, യുവതി പറയുന്നത് താൻ അച്ഛനെ കണ്ടെത്തി എന്നാണ്. അച്ഛനെ വിളിച്ചു സംസാരിച്ചു, ഖേദകരമെന്ന് പറയട്ടെ തന്റെ മുത്തശ്ശനും മുത്തശ്ശിയും അച്ഛന്റെ ഒരു സഹോദരനും മരിച്ചു.
അച്ഛനോടും ബന്ധുക്കളോടും സംസാരിച്ചു. അത് വളരെ വൈകാരികമുഹൂർത്തമായിരുന്നു. അച്ഛൻ ഇപ്പോൾ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. അച്ഛൻ വേറെ വിവാഹം കഴിച്ചിട്ടില്ല എന്നും യുവതി പറയുന്നു. മലയാളികളായ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സംസാരിച്ചത്. അവരെ താൻ അന്വേഷിച്ചു എന്ന് അറിഞ്ഞപ്പോൾ അച്ഛനും കുടുംബത്തിനും സന്തോഷമായി. അച്ഛന്റെ ശബ്ദം കേട്ടപ്പോൾ കരഞ്ഞുപോയി എന്നും യുവതി പറയുന്നു.
നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് ആദ്യം മുതലേ കമന്റുകൾ നൽകുന്നത്. പലരും എങ്ങനെ അച്ഛൻ ജോലി ചെയ്‌തിരുന്ന സ്ഥാപനം വഴി അച്ഛനെ കണ്ടെത്താം തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയത്. എന്തായാലും, യുവതി അച്ഛനെ കണ്ടെത്തി എന്ന് പറഞ്ഞപ്പോൾ അനേകങ്ങളാണ് തങ്ങളുടെ സന്തോഷം അറിയിച്ചതും.


