Asianet News MalayalamAsianet News Malayalam

ലോകമെമ്പാടും നാശത്തിലേക്ക് പോകുമ്പോൾ അതിജീവിക്കാനാകുന്ന സ്ഥലം, കോടീശ്വരന്മാർ ഇപ്പോൾ തന്നെ സ്ഥലം വാങ്ങുന്നു

സാമൂഹിക തകർച്ച അധികമൊന്നും ബാധിക്കാത്ത രാജ്യങ്ങളെ 'കോളാപ്സ് ലൈഫ് ബോട്ടുകൾ' എന്നാണ് പഠനം വിശേഷിപ്പിക്കുന്നത്. 

best places to survive in future study says
Author
New Zealand, First Published Aug 3, 2021, 4:03 PM IST
  • Facebook
  • Twitter
  • Whatsapp

നമ്മുടെ രാജ്യത്ത് നമ്മൾ എത്രത്തോളം സുരക്ഷിതരാണ്? മനുഷ്യ നാഗരികതയുടെ നാശം അടുത്തുവെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്. പരസ്പരബന്ധിതമായ, ഊർജ്ജം വളരെയധികം പ്രയോജനപ്പെടുത്തുന്ന ഒരു ആഗോള സമൂഹമായി നമ്മൾ മാറുകയാണ്. അതുണ്ടാക്കുന്ന പാരിസ്ഥിതിക നാശം വളരെ വലുതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ, പ്രകൃതി നാശം, കൊവിഡ് -19 നെക്കാൾ മോശമായ പകർച്ചവ്യാധി തുടങ്ങിയ പലതും ആ തകർച്ചയുടെ ഭാഗമാണെന്ന് ഗവേഷകർ പറയുന്നു.  

എന്നാൽ, ഇതിനെ അതിജീവിക്കാൻ കെല്പുള്ള ചില സ്ഥലങ്ങളുമുണ്ട് ഈ ലോകത്തിലെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു. ന്യൂസിലാൻഡ്, ഐസ്ലാൻഡ്, യുകെ, ടാസ്മാനിയ, അയർലൻഡ് എന്നിവയാണ് സമൂഹത്തിന്റെ ആഗോള തകർച്ചയെ അതിജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആവശ്യമായ ആഹാരം ഉണ്ടാക്കാനുള്ള ശേഷി, അതിർത്തികളെ അനാവശ്യമായ കുടിയേറ്റത്തിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവ്, സ്വന്തമായ ഒരു ഇലക്ട്രിക്കൽ ഗ്രിഡ്, ഉൽപാദന ക്ഷമത എന്നിവയാണ് ഈ രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. മിതശീതോഷ്ണ മേഖലകളിലെ ദ്വീപുകളും കൂടുതലും ജനസാന്ദ്രത കുറവുള്ള ദ്വീപുകളും അതിലുൾപ്പെടുന്നു.  

പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് രാഷ്ട്രങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പഠനം എടുത്തുകാണിക്കുന്നു. സാമ്പത്തികം മാത്രം മുന്നിൽ കാണുന്ന ലോകം ഇതിനെ കൂടുതൽ തകരാറിലാക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. പണത്തിന്റെ പിന്നാലെ പായുന്ന മനുഷ്യർ ഭക്ഷണം പോലുള്ള അടിസ്ഥാന കാര്യങ്ങൾക്ക് പ്രാധാന്യം നല്കാൻ മറന്നു. പരിസ്ഥിതി നാശം, പരിമിതമായ വിഭവങ്ങൾ, ജനസംഖ്യാ വർദ്ധനവ് എന്നിവ കാരണം മനുഷ്യ നാഗരികത അപകടകരമായ അവസ്ഥയിലാണെന്നും അതിൽ പറയുന്നു.  

സാമൂഹിക തകർച്ച അധികമൊന്നും ബാധിക്കാത്ത രാജ്യങ്ങളെ 'കോളാപ്സ് ലൈഫ് ബോട്ടുകൾ' എന്നാണ് പഠനം വിശേഷിപ്പിക്കുന്നത്. താപ, ജലവൈദ്യുത ഊർജ്ജം, സമൃദ്ധമായ കാർഷിക ഭൂമി, കുറഞ്ഞ മനുഷ്യ ജനസാന്ദ്രത എന്നിവ കാരണം ന്യൂസിലാന്റിന് ഈ തകർച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ടെന്ന് പഠനം കണ്ടെത്തി. കോടീശ്വരൻമാർ ഇപ്പോൾ തന്നെ ന്യൂസിലാന്റിൽ ഭൂമി വാങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സസ്റ്റൈനബിലിറ്റി ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോള ഭക്ഷ്യക്ഷാമവും, സാമ്പത്തിക പ്രതിസന്ധിയും, പകർച്ചവ്യാധിയുമെല്ലാം സമീപ വർഷങ്ങളിൽ സംഭവിച്ചതാണെങ്കിലും, ഇതെല്ലാം ഒരേ സമയം സംഭവിക്കാത്തത് നമ്മുടെ ഭാഗ്യമാണെന്നും  യുകെയിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിലെ ഗ്ലോബൽ സസ്റ്റൈനബിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ അലഡ് ജോൺസ് പറഞ്ഞു.

"ഇത്തരം സംഭവങ്ങൾ ആശങ്കാജനകമാണെങ്കിലും, നമുക്ക് അതിൽ നിന്ന് വേഗത്തിൽ കാര്യങ്ങൾ പഠിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആവശ്യമെങ്കിൽ സർക്കാരുകൾക്ക് വേഗത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് കൊറോണ വൈറസ് പാൻഡെമിക് കാണിച്ചുതന്നു. ഇത് പ്രതീക്ഷാവഹമായ മാറ്റമാണ്" അദ്ദേഹം പറഞ്ഞു. സ്ഥിരത കൈവരിക്കാനായി ഒരു രാജ്യം സാമ്പത്തികവ്യവസ്ഥയിൽ മാത്രം ഊന്നൽ നൽകിയാൽ പോരാ, മറിച്ച് എതിരെ വരുന്ന പ്രതിബന്ധങ്ങളെ, ദുരന്തങ്ങളെ പ്രതിരോധിക്കാനും, അതിജീവിക്കാനുമുള്ള കഴിവും ഉണ്ടാക്കി എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള ഒരു തകർച്ച സംഭവിക്കുന്നില്ലെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 

Follow Us:
Download App:
  • android
  • ios