ഇന്ന് ലോകം നേരിട്ടു കൊണ്ടിരിക്കുന്ന അപകടകരമായ ഒരു പ്രതിസന്ധിയാണ് പ്ലാസ്റ്റിക് മാലിന്യം. ഇങ്ങനെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ലോകത്തെ തന്നെ ഒരു ചവറ്റുകുട്ടയാക്കി തീർക്കുകയാണ്. ജലാശയങ്ങളെയും, മണ്ണിനെയും മലിനമാക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കാണ് അത് ചെന്നെത്തുന്നത്. അടുത്തകാലത്തായി നടന്ന ഒരു പഠനത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നത് ചൈനയാണ് എന്ന് കണ്ടെത്തിയിരുന്നു. ഒരാൾക്ക് 18 കിലോഗ്രാം എന്ന തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൽ‌പാദിപ്പിക്കുന്ന രാജ്യം ചൈനയായതിൽ അത്ഭുതമില്ല.

ഓസ്‌ട്രേലിയയിലെ പെർത്ത് ആസ്ഥാനമായുള്ള മിൻഡെറൂ ഫൗണ്ടേഷൻ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മേക്കേഴ്‌സ് ഇൻഡെക്സിലാണ് ഇത് സൂചിപ്പിച്ചത്. ലോകത്തിലെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ അഞ്ചിലൊന്ന് 2019 -ലാണ് ഉല്പാദിപ്പിക്കപ്പെട്ടത്. ആ വർഷം വെറും 20 കമ്പനികളാണ് ആഗോളതലത്തിൽ ഉൽ‌പാദിപ്പിക്കുന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ പകുതിയിലധികവും സംഭാവന ചെയ്തത്. അതിൽ നാലിലൊന്ന് കമ്പനികളും ചൈനയിൽ പ്രവർത്തിക്കുന്നവയാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. ഒരാൾക്ക് 53 കിലോഗ്രാം എന്ന തോതിലാണ് അമേരിക്ക പ്ലാസ്റ്റിക് മാലിന്യം ഉല്പാദിപ്പിക്കുന്നത്. ഒരാൾക്ക് 44 കിലോഗ്രാം എന്ന തോതിൽ പ്ലാസ്റ്റിക് ഉല്പാദിപ്പിക്കുന്ന ദക്ഷിണ കൊറിയയാണ് മൂന്നാം സ്ഥാനത്ത്.

വ്യക്തിഗതമായി നോക്കുകയാണെങ്കിൽ, ഏറ്റവും കൂടുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച കമ്പനികളിൽ യുഎസ്എ ആസ്ഥാനമായുള്ള എക്സോൺ മൊബിലും ഡോവുമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതിന് പിന്നാലെ ചൈന ആസ്ഥാനമായുള്ള സിനോപെക്കും സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ മൂന്ന് കമ്പനികളും ചേർന്ന് ആഗോളതലത്തിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മാലിന്യത്തിന്റെ 16 ശതമാനം വഹിക്കുന്നു. "ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഏകദേശം 300 പോളിമർ നിർമ്മാതാക്കളിൽ, ഒരു ചെറിയ ശതമാനം മാത്രമാണ് ലോകത്തിലെ പ്ലാസ്റ്റിക് പ്രതിസന്ധിയുടെ കാരണക്കാരായി മാറുന്നത്. റീസൈക്കിൾ ചെയ്ത പോളിമറുകളേക്കാൾ വിർജിൻ പോളിമറുകൾ അവർ ഉത്പാദിപ്പിക്കുന്നത് കൊണ്ടാണ് ഇത്രമാത്രം മാലിന്യങ്ങൾ ഉണ്ടാകുന്നത്” ഫൗണ്ടേഷൻ പറഞ്ഞു.

ചൈനയുടെ എണ്ണ, വാതക കമ്പനിയായ സിനോപെക് ലോകത്തിലെ മൂന്നാമത്തെ വലിയ ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക് നിർമ്മാതാവാണ്. 2019 -ൽ 5.3 ദശലക്ഷം ടൺ ഉൽ‌പന്നങ്ങളാണ് അത് വലിച്ചെറിഞ്ഞത്. ഇത് രാജ്യത്തിന്റെ വരുമാനത്തിന്റെ രണ്ട് ശതമാനം സംഭാവന ചെയ്യുന്നുവെന്ന് മിൻഡെറൂ ഫൗണ്ടേഷൻ പറയുന്നു. ചൈനയുടെ സഹകരണമില്ലാതെ ലോകത്തിലെ ഒരൊറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാൻ കഴിയില്ല. 2060 -ടെ ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ് തന്റെ രാജ്യത്തെ കാർബൺ മോചിതമാക്കുമെന്ന് പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ഈ പഠനം.

പ്ലാസ്റ്റിക് കുപ്പികൾ മുതൽ ഫുഡ് പാക്കേജിംഗ് വരെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളാണ് പ്ലാസ്റ്റിക് വിഭാഗത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. 2019 -ൽ 130 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക്കാണ് വലിച്ചെറിഞ്ഞത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഏതാണ്ട് പൂർണ്ണമായും ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. അവ ഒടുവിൽ കത്തിക്കുകയോ, മണ്ണിൽ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യുന്നുവെന്ന് പഠനം പറയുന്നു. ഏകദേശം 300 കമ്പനികൾ ലോകത്തിലെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽ‌പാദന സൗകര്യങ്ങൾ ഉപയോഗിക്കുന്നു. നിലവിലെ നിരക്കിൽ ഒറ്റ തവണ പ്ലാസ്റ്റിക് നിർമ്മാണം തുടരുകയാണെങ്കിൽ, 2050 -ടെ ആഗോള ഹരിതഗൃഹ ഉദ്‌വമനത്തിന്റെ അഞ്ച് ശതമാനമെങ്കിലും ഇതുമൂലം കൂടുമെന്ന് ഗവേഷകർ പറഞ്ഞു. എനർജി കൺസൾട്ടൻസി വുഡ് മക്കെൻസിയുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കിയത്. കൂടാതെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, സ്റ്റോക്ക്ഹോം എൻവയോൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടെ നിരവധി വ്യവസായ-അക്കാദമിക് സ്ഥാപനങ്ങളും പഠനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.  

(ചിത്രങ്ങൾ പ്രതീകാത്മകം)