മുയലിനെ കാണാതെയായ ദിവസത്തെ കുറിച്ച് 'ഇത് വളരെ സങ്കടപ്പെടുത്തുന്ന ദിവസമാണ്' എന്നും എന്നറ്റ് പറയുന്നു. 'ആരാണ് ഡാരിയസിനെ കൊണ്ടുപോയതെന്ന് വച്ചാൽ ദയവായി അവനെ തിരികെ കൊണ്ടുവന്ന് തരൂ' എന്നും ട്വീറ്റിലൂടെ എന്നറ്റ് അപേക്ഷിക്കുകയുണ്ടായി. 

ലോകത്തിലെ ഏറ്റവും വലുത് എന്ന അംഗീകാരം വരെ നേടിയ മുയലിനെ കുറച്ച് ദിവസങ്ങളായി കാണാനില്ല. വലിപ്പം കൊണ്ട് ​ഗിന്നസ് ബുക്കില്‍ വരെ കയറിയ ഈ മുയൽ മോഷ്‍ടിക്കപ്പെട്ടതിന്റെ വിഷമത്തിലാണ് ഉടമയായ സ്ത്രീ. തന്റെ പ്രിയപ്പെട്ട മുയലിനെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ചു കളഞ്ഞു അവർ. വോസ്റ്റെര്‍ഷെയറിലെ വീട്ടില്‍ നിന്നുമാണ് ഈ മുയല്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ഗാര്‍ഡിയന്‍ എഴുതുന്നു. ഡാരിയസ് എന്ന് പേരായ ഈ മുയലിന് 129 സെന്‍റി മീറ്റര്‍ നീളമുണ്ട്. 

ശനിയാഴ്ച രാത്രി സ്റ്റൌൾട്ടണിലെ ഉടമകളുടെ പൂന്തോട്ടത്തിലെ വളപ്പിൽ നിന്നാണ് ഡാരിയസിനെ കടത്തിക്കൊണ്ട് പോയിരിക്കുന്നത് എന്നാണ് പറയുന്നത്. ഈ ഇനത്തില്‍ പെട്ട മുയലുകള്‍ക്കിടയില്‍ ഏറ്റവും വലുതാണ് ഈ മുയൽ എന്നും ​ഗാർഡിയൻ എഴുതുന്നു. അതിനാൽ, 2010 -ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഡാരിയസ് എന്ന ഈ ഭീമൻ മുയൽ ഇടം പിടിക്കുകയുണ്ടായി. 

മുയലിന്‍റെ ഉടമയായ എന്നറ്റ് എഡ്വാര്‍ഡ്സ് മുയലിനെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് £1,000 (ഏകദേശം ഒരുലക്ഷം രൂപ) പാരിതോഷികം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. മുയലിനെ കാണാതെയായ ദിവസത്തെ കുറിച്ച് 'ഇത് വളരെ സങ്കടപ്പെടുത്തുന്ന ദിവസമാണ്' എന്നും എന്നറ്റ് പറയുന്നു. 'ആരാണ് ഡാരിയസിനെ കൊണ്ടുപോയതെന്ന് വച്ചാൽ ദയവായി അവനെ തിരികെ കൊണ്ടുവന്ന് തരൂ' എന്നും ട്വീറ്റിലൂടെ എന്നറ്റ് അപേക്ഷിക്കുകയുണ്ടായി. വളരെ അധികം പ്രായമായി ഡാരിയസിന് എന്നും എന്നറ്റ് പറഞ്ഞു. 

'അംഗീകാരം വരെ നേടിയ മുയലാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. മോഷണത്തെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കാന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു'എന്ന് വെസ്റ്റ് മേര്‍ഷ്യ പൊലീസും പറയുകയുണ്ടായി. ഏപ്രിൽ 10 ശനിയാഴ്ചയ്ക്കും ഏപ്രിൽ 11 -നും ഇടയിലുള്ള നേരത്താണ് ഉടമസ്ഥരുടെ പൂന്തോട്ടത്തില്‍ നിന്നും മുയലിനെ മോഷ്ടിച്ചിരിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത് എന്നും പൊലീസ് പറഞ്ഞു.