സാധാരണക്കാരായ യാചകരെപ്പോലെ വേഷം മാറി മണിക്കൂറുകളോളമാണ് അദ്ദേഹം റോഡരികിൽ ചെലവഴിച്ചത്. ഒരു യാചകനെങ്ങനെയാണോ തന്റെ ചുറ്റുപാടുകൾ അനുഭവപ്പെടുന്നത് അതുപോലെ ജീവിക്കാനും അനുഭവങ്ങളുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു.
കോടികളുടെ ആസ്തിയുള്ള ഒരു ജനപ്രതിനിധി യാചകന്റെ വേഷത്തിൽ മുംബൈ തെരുവോരങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന്റെ അമ്പരപ്പിലാണ് ജനങ്ങൾ. മഹാരാഷ്ട്രയിലെ ഘാട്കോപ്പർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയും പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പരാഗ് ഷായാണ് ആഡംബരങ്ങളെല്ലാം മാറ്റിവെച്ച് യാചകന്റെ വേഷത്തിൽ തെരുവിലിറങ്ങിയത്. 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ ഈ കൗതുകകരമായ മാറ്റത്തിന് പിന്നിലെന്താണ്?
എന്തുകൊണ്ട് യാചകന്റെ വേഷം?
ജൈനമതവിശ്വാസികളുടെ ചതുർമാസ വ്രതത്തോടനുബന്ധിച്ച് തന്റെ ആത്മീയ ഗുരുവായ നമ്രമുനിയുടെ നിർദ്ദേശപ്രകാരമാണത്രെ പരാഗ് ഷാ ഇത് ചെയ്തത്. സാധാരണ ജീവിതത്തിലെ സുഖലോലുപതകളും കാവൽക്കാരുടെ അകമ്പടിയും ആഡംബര വാഹനങ്ങളുമെല്ലാം മാറ്റിവെച്ച്, യാചകന്റെ ജീവിതം നേരിട്ടറിയുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. സാധാരണക്കാരായ യാചകരെപ്പോലെ വേഷം മാറി മണിക്കൂറുകളോളമാണ് അദ്ദേഹം റോഡരികിൽ ചെലവഴിച്ചത്.
ഒരു യാചകനെങ്ങനെയാണോ തന്റെ ചുറ്റുപാടുകൾ അനുഭവപ്പെടുന്നത് അതുപോലെ ജീവിക്കാനും അനുഭവങ്ങളുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചതായി വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കുന്നു.
ആരാണ് പരാഗ് ഷാ?
രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരിൽ ഒരാളാണ് പരാഗ് ഷാ. 2024 -ലെ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച് 3,383 കോടി രൂപയിലധികം ആസ്തിയുള്ള അദ്ദേഹം മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ ആസ്തിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുൻപ് മുംബൈയിലെ മുനിസിപ്പൽ കോർപ്പറേറ്റർ കൂടിയായിരുന്ന അദ്ദേഹം, രാഷ്ട്രീയത്തിലും റിയൽ എസ്റ്റേറ്റ് രംഗത്തും ഒരുപോലെ പ്രമുഖനാണ്.
സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങൾ
കോടീശ്വരനായ ഒരു രാഷ്ട്രീയക്കാരൻ യാചകന്റെ വേഷത്തിൽ മുംബൈ തെരുവിൽ ഇരിക്കുന്ന കാഴ്ച പലരിലും കൗതുകമുണർത്തിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം പൂർണ്ണമായും ആത്മീയമായ ഒരു ഉൾക്കാഴ്ചയ്ക്ക് വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്.
