Asianet News MalayalamAsianet News Malayalam

കൂറ്റന്‍ ബംഗ്ലാവിനുള്ളില്‍ ആരുമറിയാതെ അവരുടെ മൃതദേഹങ്ങള്‍, പുറത്തറിഞ്ഞത് ഇപ്പാള്‍!

 81 വയസ്സായിരുന്നു സ്മിത്തിന്. ഭാര്യയ്ക്ക് 79 വയസ്സ് പ്രായം.  പതിനെട്ട് മാസത്തിലേറെയായി ഇവര്‍ സ്വന്തം വീട്ടില്‍ കിടക്കുകയായിരുന്നു. ഇക്കാര്യം അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല. 

Bodies of old couple lay undiscovered for 18 months
Author
Rosanne House, First Published Jun 23, 2022, 2:18 PM IST

ഒരു വര്‍ഷത്തിലേറെയായി പുറത്തുകാണാതിരുന്ന വൃദ്ധദമ്പതികളെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 18 മാസത്തിലേറെയായി ഇവര്‍ സ്വന്തം വീട്ടില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇവരെക്കുറിച്ച് വിവരങ്ങള്‍ ഇല്ലാതായതോടെ സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

അയര്‍ലന്‍ഡിലാണ് സംഭവം. റോസാനി എന്ന വിദൂര നഗരത്തിലെ ഒരു ബംഗ്ലാവില്‍ താമസിക്കുകയായിരുന്ന നിക്കോളാസ് സ്മിത്ത്, ഭാര്യ ഹിലാരി എന്നിവര്‍ക്കാണ് ഈ ദുര്‍ഗതി. 81 വയസ്സായിരുന്നു സ്മിത്തിന്. ഭാര്യയ്ക്ക് 79 വയസ്സ് പ്രായം. 
പതിനെട്ട് മാസത്തിലേറെയായി ഇവര്‍ സ്വന്തം വീട്ടില്‍ കിടക്കുകയായിരുന്നു. ഇക്കാര്യം അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല. 

2020 അവസാനമാണ് ഈ ദമ്പതികളെ അവസാനമായി പുറത്തു കണ്ടതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. അവരെ കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെയാണ് പൊലിസില്‍ വിവരം അറിയിച്ചത്. ഇതിന് പിന്നാലെ പോലീസ് തിങ്കളാഴ്ച വീട്ടിലെത്തി പരിശോധന നടത്തി. അപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം കണ്ടെത്തിയത്. 

നിക്കോളാസിനെ കിടപ്പുമുറിയില്‍ നിന്നും, ഹിലാരിയെ സ്വീകരണമുറിയില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. എല്ലാ മുറികളും കര്‍ട്ടനുകളിട്ടു മറച്ചിരുന്നത് കൊണ്ട് പുറത്ത് നിന്ന് ഒരാള്‍ക്ക് അകത്തേക്ക് കാണാന്‍ സാധിച്ചിരുന്നില്ല. വീട്ടിലെ പൂന്തോട്ടം കാടുകയറി നശിച്ചിരുന്നു. 2020 നവംബറിലോ ഡിസംബറിലോ ആയിരിക്കാം ദമ്പതികള്‍ മരിച്ചതെന്ന് അനുമാനിക്കുന്നു. പാല്‍ പാക്കറ്റുകളുടെയും, ഫ്രിഡ്ജിലെ കേടാവുന്ന മറ്റ് സാധനങ്ങളുടെയും പഴക്കം നോക്കിയാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. മരണകാരണം അന്വേഷിക്കുന്നതിന്റെ ഭാഗമായി, പോലീസ് വീട്ടിലുണ്ടായിരുന്ന കത്തുകളും രേഖകളും പരിശോധിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അറിയാനായി യുകെയിലെയും ഓസ്ട്രേലിയയിലെയും പോലീസ് സേനകളുമായി ബന്ധപ്പെടുമെന്നും അവര്‍ അറിയിച്ചു.  

ഓസ്ട്രേലിയയിലെ ക്രൂയിസ് കപ്പലുകളിലായിരുന്നു ദമ്പതികള്‍ ജോലി ചെയ്തിരുന്നത്. നിക്കോളാസ് ഒരു ക്യാപ്റ്റനായിരുന്നുവെന്നും പറയുന്നു. പതിറ്റാണ്ട് മുന്‍പാണ് അവര്‍ ജോലിയില്‍നിന്ന് വിരമിച്ച് വാര്‍ധക്യ കാലം ചിലവിടാന്‍ റോസാനിലേക്ക് വന്നത്. ഇവര്‍ക്ക് കുട്ടികളില്ലെന്നാണ് കരുതുന്നത്. 

വീട്ടില്‍ നടത്തിയ പരിശോധനയില്‍ അതിക്രമിച്ച് കടന്നതിന്റെയോ, ആക്രമം നടന്നത്തിന്റെയോ  യാതൊരു ലക്ഷണവും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ക്കായി പൊലീസ് കാത്തിരിക്കയാണ്. കോവിഡ്  മൂലമോ, അതുമല്ലെങ്കില്‍ കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധ മൂലമോ മരണപ്പെട്ടതാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അനുമാനിക്കുന്നു.  എന്നാലും ഇതെല്ലം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും, ഉറപ്പിച്ച് പറയാന്‍ സമയമായിട്ടില്ലെന്നും പോലീസ് അടിവരയിട്ട് പറഞ്ഞു. 

സംഭവം പുറത്തുവന്നതിനു പിന്നാലെ, അയല്‍ക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നു. നിരവധി പേര്‍ അയല്‍വാസികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.  

എന്നാല്‍ മരിച്ച ദമ്പതികള്‍ക്ക് അയല്‍ക്കാരുമായി അധികം സഹകരണമൊന്നുമില്ലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ''അവര്‍ മര്യാദയുള്ളവരും, നല്ലവരുമായിരുന്നു. റോഡില്‍ വച്ച് കണ്ടാല്‍ അവര്‍ കൈവീശി കാണിക്കുകയും, ഹലോ പറയുകയും ഒക്കെ ചെയ്യും. പക്ഷേ ചായ കുടിക്കാനും മറ്റും ക്ഷണിച്ചാല്‍ വരില്ലായിരുന്നു. അവര്‍ക്ക് അവരുടെ സ്വകാര്യത വലുതായിരുന്നു''- അദ്ദേഹം പറഞ്ഞു. 

ഫ്രാന്‍സിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നുവെന്ന് 2020-ന്റെ അവസാനത്തില്‍ അയല്‍ക്കാരോട് ഇവര്‍ പറഞ്ഞിരുന്നതായും പറയുന്നു. കര്‍ശനമായ കോവിഡ് ലോക്ക്ഡൗണ്‍ കൂടിയായപ്പോള്‍, ആളുകള്‍ക്ക് പരസ്പരം കാണാനോ, ദമ്പതികളെ ബന്ധപ്പെടാനോ കഴിഞ്ഞില്ല. പിന്നീട് അവരെ കാണാതായപ്പോള്‍ അവര്‍ അവിടെ നിന്ന് മാറി പോയിട്ടുണ്ടാകുമെന്ന് ഊഹിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.  
 

Follow Us:
Download App:
  • android
  • ios