ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സുന്ദര്‍ബന്‍സ് ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ വനമാണ്. ബംഗാളി ഭാഷയില്‍യിലെ 'മനോഹരമായ വനം' എന്നര്‍ത്ഥം വരുന്ന സുന്ദര്‍ബന്‍സിലെ ദ്വീപുകളില്‍ 4 ദശലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. എന്നാല്‍ അവരുടെ ജീവിതം എന്നും ഭീതിയുടെ നിഴലിലാണ്. കാരണം ഏതുനിമിഷവും അവരെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍ ശക്തിയുള്ള  ഒരു കൂട്ടം വേട്ടക്കാര്‍ അവര്‍ക്കൊപ്പമുണ്ട്. നൂറുകണക്കിനു വര്‍ഷങ്ങളായി, ആ ശക്തരായ വേട്ടക്കാര്‍ കാടിന്റെ ആഴങ്ങളില്‍ പതിയിരിക്കുന്നു. മരണത്തിന്റെ കാവല്‍ക്കാരായ ആ നരഭോജികള്‍ എപ്പോള്‍ വേണമെങ്കിലും, ആരെയും ആക്രമിക്കാം. 

കാടിന്റെ മറവില്‍ മനുഷ്യവേട്ട നടത്തുന്ന ഈ വേട്ടക്കാര്‍ മറ്റാരുമല്ല ആക്രമകാരിയായ ബംഗാള്‍ കടുവകളാണ്. അതും ഒന്നും രണ്ടുമല്ല, ഇരുന്നൂറോളം വരുന്ന ബംഗാള്‍ കടുവകളുടെ ഈറ്റില്ലമാണ് സുന്ദര്‍ബന്‍സ്.  ഉപജീവനത്തിന് മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ അവിടത്തുകാര്‍ക്ക് ഈ കാടുകളെ അഭയം പ്രാപിക്കേണ്ടി വരുന്നു. പലരും മത്സ്യബന്ധനം നടത്തിയും, വനത്തില്‍ പോയി മരമോ, തേനോ ശേഖരിച്ചുമാണ് ഉപജീവനം നടത്തുന്നത്. പക്ഷെ ആ കാടുകളില്‍ അവരെ കാത്തിരിക്കുന്നത് പലപ്പോഴും മരണമായിരിക്കും. മുതലകളും പാമ്പുകളും കടുവകളും ഗ്രാമീണരെ കൊല്ലുന്നത് ഒരു നിത്യസംഭവമാണ് അവിടെ. എല്ലാ വര്‍ഷവും കുറഞ്ഞത് 60 ആളുകളെങ്കിലും കടുവകയുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.

വളരെ ബുദ്ധിയും ശക്തിയുമുള്ള മൃഗമാണ് ബംഗാള്‍ കടുവ. പതുങ്ങി ഇരുന്ന് ആക്രമിക്കുന്നതാണ് അവയുടെ രീതി.  അവയെ ഒരു മിന്നായം പോലെ മാത്രമേ നമ്മുക്ക് കാണാന്‍ കഴിയൂ. അടുത്ത നിമിഷം, അതിന്റെ താടിയെല്ലുകള്‍ നമ്മുടെ കഴുത്തില്‍ മുറുകെപ്പിടിക്കുന്നതാണ് നമ്മള്‍ അറിയുക. കടുവയുടെ ആക്രമണ രീതികളും വളരെ ക്രൂരമാണ്. ആദ്യം കൈകള്‍ ഒടിക്കുന്നു, പിന്നെ നട്ടെല്ലും, അന്നനാളവും, ശ്വാസകോശവും അവ തകര്‍ക്കുന്നു.

 

 

ചിലപ്പോള്‍ മൃഗങ്ങള്‍ ഭക്ഷണം തേടി ഗ്രാമത്തിലേക്കും വരാറുണ്ട്. കാടിറങ്ങി വരുന്ന കടുവയെ നാട്ടുകാരും ഫോറസ്റ്റ് ഓഫീസര്‍മാരും കെണിവെച്ച് പിടിച്ച് തിരികെ കട്ടിലേക്ക് തന്നെ വിടുന്നു.  

കടുവയുടെ ആക്രമണം തടയാന്‍ ഗ്രാമവാസികള്‍ പലവിധത്തില്‍ ശ്രമിച്ചു. ഒരു ഘട്ടത്തില്‍, തലയുടെ പിന്‍ഭാഗത്ത് ധരിക്കാന്‍ മുഖമുള്ള മാസ്‌കുകള്‍ വരെ അവര്‍ ഉണ്ടാക്കി. ''ആക്രമണം പുറകില്‍ നിന്ന് വരുന്നതിനാല്‍, മുഖംമൂടി ധരിക്കുന്നത് പലപ്പോഴും കടുവയെ ആശയക്കുഴപ്പത്തിലാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' കാട്ടില്‍ തേന്‍ ശേഖരിക്കുന്നതിനിടെ കടുവ ആക്രമണത്തില്‍ പിതാവിനെയും അമ്മാവനെയും നഷ്ടപ്പെട്ട മിത്രബാരി സ്വദേശിയായ സുഭാഷ് മൊണ്ടോള്‍ പറഞ്ഞു. പക്ഷെ അത് കൊണ്ടൊന്നും കാര്യമായ ഫലം ഇല്ല എന്നതാണ് വാസ്തവം.

'എന്റെ സുഹൃത്തുക്കളെ കടുവ പിടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഈ ഗ്രാമത്തിലെ ഒരുപാട് സ്ത്രീകള്‍ അങ്ങനെ വിധവകളായിട്ടുമുണ്ട്' -ഗ്രാമവാസിയായ അര്‍ജന്‍ മൊണ്ടാല്‍ പറയുന്നു.  അങ്ങനെ കടുവയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു വിധവയാണ് 43-കാരിയായ നമിത മൊണ്ടാല്‍. ഭര്‍ത്താവിന്റെ മരണശേഷം നമിതയാണ് കുടുംബം നോക്കുന്നത്. വനത്തില്‍ ഞണ്ട് പിടിച്ചും മരം പെറുക്കിയും അവളുടെ മൂന്ന് ഇളയ പെണ്‍മക്കള്‍ക്ക് ആഹാരം കണ്ടുപിടിക്കാനുള്ള കഷ്ടപ്പാടിലാണ് അവള്‍. 'വളരെ അപകടം നിറഞ്ഞതാണ് എന്റെ ജീവിതം. കടുവ ആക്രമിക്കുമെന്ന ചിന്ത എന്റെ മനസ്സിനെ എപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്നു. പക്ഷേ എന്റെ പെണ്‍മക്കള്‍ക്ക് ഒരുനേരമെങ്കിലും ആഹാരം കൊടുക്കണം. അതിന് എന്റെ മുന്നില്‍ മറ്റ് വഴികളില്ല'- കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു.

 

 

ഇങ്ങനെയുള്ള നിരവധി അപകടങ്ങള്‍ കാട്ടില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഈ ഗ്രാമീണ സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഹിന്ദുവെന്നോ, മുസ്ലീമെന്നോ,  ക്രിസ്ത്യാനിയെന്നോ വ്യതാസമില്ലാതെ എല്ലാവരും ഒന്നായി മാറുന്നൊരിടം. വനത്തിന്റെ ദേവതയായ ബോണ്‍ബിബിയുടെ ആരാധനാലയമാണ് അത്. അവിടത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ബോണ്‍ബിബിയെ സ്വര്‍ഗത്തില്‍ നിന്ന് അയച്ചതാണ് എന്നാണ് വിശ്വാസം. ഐതിഹ്യമനുസരിച്ച്, ഐതിഹ്യമനുസരിച്ച്, അവൾ സൗദി അറേബ്യയിൽ ഒരു മുസ്ലീമായി ജനിച്ചു, മക്കയിലേക്കുള്ള യാത്രയിൽ അമാനുഷിക ശക്തികൾ ലഭിച്ച അവർ 5,000 കിലോമീറ്റർ കിഴക്കുള്ള സുന്ദർബൻസിൽ എത്തപ്പെട്ടു.

കാട്ടില്‍ മനുഷ്യരെ തിന്നുന്ന കടുവകള്‍ നിറഞ്ഞിരിക്കുന്നതും, ദക്ഷിണ റായ് എന്ന അസുരന്‍ അവിടെ ഭരിക്കുന്നതും ബോണ്‍ബിബി കണ്ടു.  തുടര്‍ന്ന് ബോണ്‍ബിബി ദക്ഷിണ റായിയെ കൊല്ലാന്‍  ഒരുങ്ങുകയും, ആളുകളെ കൊല്ലാന്‍ കടുവകളെ അനുവദിക്കില്ലെന്ന ഉറപ്പില്‍ വിട്ടയക്കുകയും ചെയ്തു എന്നുമാണ്  ഐതിഹ്യം.

ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തമായി, മുസ്ലിമുകള്‍ വിഗ്രഹാരാധയില്‍ വിശ്വസിക്കുന്നവരല്ല. പക്ഷെ സുന്ദര്‍ബനില്‍ ചിതറിക്കിടക്കുന്ന മിക്കവാറും എല്ലാ ഗ്രാമങ്ങളുടെയും പ്രവേശന കവാടത്തില്‍  ബോണ്‍ബിബിയുടെ അമ്പലം കാണാം. അവിടെ മുസ്ലീമുകളും, ക്രിസ്ത്യാനികളും അവരുടെ ഹിന്ദു അയല്‍വാസികളോടൊപ്പം ചേര്‍ന്ന് പാല്‍, പഴം, മധുരപലഹാരങ്ങള്‍ എന്നിവ നേദിക്കുന്നു. ''രാജ്യത്ത് പലയിടത്തും സാമുദായിക സംഘര്‍ഷമുണ്ടെന്ന് ഞാന്‍ കേള്‍ക്കുന്നു. എന്നാല്‍ ഞങ്ങളുടെ ഹിന്ദു സുഹൃത്തുക്കളുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഞങ്ങളുടെ ഇസ്ലാമിക ആഘോഷങ്ങളില്‍, ഹിന്ദു അയല്‍ക്കാരെയും ക്ഷണിക്കും,'' ഗ്രാമവാസിയായ ഹസാരത്ത് ഗാസി പറഞ്ഞു.

'ബീബി' എന്ന പേരിലാണ് ഈ വനത്തിലെ ദേവത അറിയപ്പെടുന്നത്. 'ഒരു മുസ്ലീം ആയിരുന്നിട്ടും, ഞങ്ങള്‍ അമ്പലത്തിലെ നേര്‍ച്ചകളില്‍ പങ്കെടുക്കുന്നു. ഞങ്ങള്‍ കാട്ടില്‍ പ്രവേശിക്കുമ്പോള്‍ ബോണ്‍ബിബി ദേവി എല്ലാ അപകടങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ' ഗാസി പറഞ്ഞു.

സുന്ദര്‍ബാനില്‍ പലമാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും, മനുഷ്യരുടെ പരസ്പര സ്‌നേഹം ഇന്നും മാറ്റമില്ലാതെ തുടരുന്നു. മാത്രവുമല്ല, മനുഷ്യരും വേട്ടക്കാരും അവിടെ ഉള്ളേടത്തോളം കാലം, മനുഷ്യരുടെ സംരക്ഷണം ഉറപ്പാക്കികൊണ്ട്, ബോണ്‍ബിബി ആ കാടുകളില്‍ ഇന്നും വിഹരിക്കുന്നു.