എന്താണ് 'സെക്കന്റ് ഷിഫ്‍റ്റ്'? ഈ സ്ത്രീകൾ ഇപ്പോഴും ഇങ്ങനെയൊരു പ്രതിഭാസത്തിലൂടെ കടന്നുപോകുന്നു എന്ന് സർവേ
പുരുഷനും സ്ത്രീകളും താമസിക്കുന്ന വീടുകളിൽ എന്താണ് നടക്കുന്നത് എന്ന് ചോദിക്കുമ്പോൾ 63 ശതമാനം സ്ത്രീകളും പറയുന്നത്, ചെയ്യേണ്ടുന്നതിനേക്കാൾ ജോലിയാണ് വീട്ടിൽ തങ്ങൾ ചെയ്യുന്നത്, പുരുഷന്മാർ അത് ചെയ്യുന്നില്ല എന്നാണ്.

ഇന്ത്യയിൽ ഒരു വീട്ടിലെ ജോലികൾ എടുത്തു നോക്കിയാൽ അതിൽ 99 ശതമാനവും ചെയ്യുന്നത് സ്ത്രീകളാണ് എന്ന് കാണാൻ സാധിക്കും. അതിനി പുറത്ത് ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കിൽ കൂടിയും വീട്ടിലെ ജോലികൾ കൂടി അവരുടെ തലയിലാണ്.
അതിൽ വീട് വൃത്തിയാക്കുക, അലക്കുക, ഭക്ഷണം പാകം ചെയ്യുക, കുട്ടികളെ നോക്കുക തുടങ്ങിയവയെല്ലാം പെടുന്നു. ഇതെല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തത് കൊണ്ട് തന്നെ പലപ്പോഴും സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഉണ്ടാവാറ്.
എന്നാൽ, ഇവിടെ പറയുന്നത് യുകെയിലെ അവസ്ഥയാണ്. യുകെയിൽ വീട്ടുജോലികൾ സ്ത്രീകളും പുരുഷന്മാരും പങ്കിട്ട് ചെയ്യുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു സർവേ ഫലം പറയുന്നത്, അത് തെറ്റാണ് എന്നാണ്. സ്ത്രീകൾ തന്നെയാണ് ഇപ്പോഴും വീട്ടുജോലികൾ കൂടുതൽ ചെയ്യുന്നത് എന്നാണ് സർവേ ഫലം പറയുന്നത്.
ബ്രിട്ടീഷ് സോഷ്യൽ ആറ്റിറ്റ്യൂഡ്സ് (British Social Attitudes Survey) ആണ് സർവേ നടത്തിയത്. ഇതിൽ പങ്കെടുത്ത മുക്കാൽ ഭാഗം പേരും വീട്ടുജോലികൾ കൃത്യമായി ഭാഗിക്കണം എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ, മൂന്നിൽ രണ്ട് ഭാഗം പേരും, സ്ത്രീകൾ കൂടുതൽ ജോലി ചെയ്യുകയാണ്. അതിൽ ഏറെയും വീട് ക്ലീനിംഗും ഇസ്തിരിയിടുന്നതുമാണ് എന്ന് അഭിപ്രായപ്പെട്ടു. അതേസമയം, ശുചീകരണവും പാചകവും ചെയ്യുന്നത് ഇപ്പോഴും അധികവും സ്ത്രീകളാണെന്ന് മിക്കവരും പറഞ്ഞു.
എന്നാൽ, 1980 -കളുടെ പകുതി മുതൽ തന്നെ ലിംഗഭേദത്തെ കുറിച്ചുള്ള ആളുകളുടെ ധാരണകൾ മാറിയിരുന്നു. പുരുഷന്മാർ പണം സമ്പാദിക്കേണ്ടവരും സ്ത്രീകൾ വീട് നോക്കേണ്ടവരും ആണെന്ന് 48 ശതമാനം അഭിപ്രായപ്പെട്ടു വന്നിരുന്നു. ഈ സർവേയിൽ ഒമ്പത് ശതമാനം പേർ മാത്രമാണ് ഇപ്പോഴും ഇതേ അഭിപ്രായം സൂക്ഷിക്കുന്നവർ.
പുരുഷനും സ്ത്രീകളും താമസിക്കുന്ന വീടുകളിൽ എന്താണ് നടക്കുന്നത് എന്ന് ചോദിക്കുമ്പോൾ 63 ശതമാനം സ്ത്രീകളും പറയുന്നത്, ചെയ്യേണ്ടുന്നതിനേക്കാൾ ജോലിയാണ് വീട്ടിൽ തങ്ങൾ ചെയ്യുന്നത്, പുരുഷന്മാർ അത് ചെയ്യുന്നില്ല എന്നാണ്.
വെറും 22% പുരുഷൻമാരാണ് തങ്ങൾ വീട്ടുജോലിയിൽ ചെയ്യേണ്ടതിൽ കൂടുതൽ ചെയ്യുന്നു എന്ന് പറഞ്ഞത്. 32% പേർ തങ്ങൾ ചെയ്യേണ്ടതിലും കുറവാണ് ചെയ്യുന്നത് എന്ന് സമ്മതിക്കുന്നു.
സോഷ്യൽ സയന്റിസ്റ്റുകൾ ഈ അവസ്ഥയെ വിളിക്കുന്നത് 'സെക്കന്റ് ഷിഫ്‍റ്റ്' എന്നാണ്. സ്ത്രീകൾ അവരുടെ ജോലി സ്ഥലത്ത് ജോലി ചെയ്ത് വന്നതിന് ശേഷം വീട്ടിലെ ജോലി കൂടി അതുപോലെ നോക്കേണ്ടി വരുന്ന അവസ്ഥയാണിത്.