പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി പ്രക്ഷോഭങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണല്ലോ. അതിനിടെ സാമൂഹ്യമാധ്യമങ്ങളിൽ ഈ നിയമ ഭേദഗതിയെ ഹിറ്റ്ലറുടെ ന്യൂറംബർഗ് നിയമവുമായി തുലനപ്പെടുത്തിക്കൊണ്ടുള്ള പല വിശകലനങ്ങളും വരികയുണ്ടായി. ഹിറ്റ്ലറുടെ നാസി ജർമനിയിൽ യഹൂദർക്കെതിരെ നിർമിക്കപ്പെട്ട നിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ എന്നപേരിൽ പിൽക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ചത്.

എന്താണ് ന്യൂറംബർഗ് നിയമങ്ങൾ? എന്നാണ് ഈ നിയമങ്ങൾ ഉണ്ടായത്? എന്തിനാണ് ഇവ നിർമ്മിക്കപ്പെട്ടത്? ആരെ ലക്ഷ്യമിട്ടുകൊണ്ട്? അങ്ങനെ സംശയങ്ങൾ പലതുമുണ്ട്. 

എന്താണ് ന്യൂറംബർഗ് നിയമങ്ങൾ?

1933 ജനുവരി 30 -ന് അഡോൾഫ് ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലർ ആയി അവരോധിക്കപ്പെടുന്നു. അതിനുശേഷം നാസി പാർട്ടി മെല്ലെ മെല്ലെ രാജ്യത്തെ പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ വേണ്ടിയുള്ള ഗൂഢാലോചനകൾ നടത്തുന്നു. അധികം താമസിയാതെ ഹിറ്റ്‌ലർ നാസി ജർമ്മനിയുടെ അനിഷേധ്യനായ സ്വേച്ഛാധിപതിയായി മാറുന്നു. 'തേർഡ് റൈക്' എന്നൊരു പുത്തൻയുഗത്തിന്റെ പിറവി പ്രഘോഷണം ചെയ്യപ്പെടുന്നു. മൂന്നാം സാമ്രാജ്യം. ഒന്നാമത്തേത് റോമൻ സാമ്രാജ്യം. രണ്ടാമത്തേത് ജർമൻ സാമ്രാജ്യം. അടുത്ത സാക്ഷാൽ ഫ്യൂററുടെ മൂന്നാം സാമ്രാജ്യം(Third Reich).

 

പ്രതിഷേധസ്വരങ്ങളെയെല്ലാം കോൺസൻട്രേഷൻ ക്യാംപുകളിൽ അടച്ച്, പീഡിപ്പിച്ചു കൊന്ന് ഇല്ലായ്മ ചെയ്തുകൊണ്ടിരുന്ന ഫ്യൂററുടെ ജർമനിയിലാണ് ന്യൂറംബർഗ് നിയമങ്ങൾ നടപ്പിലാക്കപ്പെട്ടത്. ഇത് എന്തിനാണ് നടപ്പിലാക്കപ്പെട്ടത്? അതറിയണമെങ്കിൽ ഒരല്പം പശ്ചാത്തലവിവരങ്ങൾ അത്യാവശ്യമെന്നു കരുതുന്നു. ഒന്ന്, ഹിറ്റ്ലറുടെ ആര്യൻ വരേണ്യതാബോധം. ആര്യവംശം എന്നത് ലോകത്തിലേക്കും വെച്ച് ഏറ്റവും ഉന്നതമായ വംശമാണെന്ന് ഹിറ്റ്ലർ കരുതി. മറ്റെല്ലാ വംശങ്ങളെക്കാളും ഒരുപടി മുകളിൽ നിൽക്കുന്ന വംശം. ആ വംശത്തിന്റെ ശുദ്ധിക്ക് ഭംഗം വരുത്താൻ, അതിനെ കളങ്കിതമാക്കാൻ വേണ്ടി ജർമനിയിൽ നിലനിൽക്കുന്ന ജൂതർ എന്ന വംശത്തെ ഹിറ്റ്‌ലർ വെറുത്തിരുന്നു. കൃത്യമായ വംശീയവിദ്വേഷം തന്നെ. ജർമൻ മനസ്സുകളിൽ അന്തർലീനമായിക്കിടന്നിരുന്ന യഹൂദവിരോധത്തിന്റെ കനൽത്തരികളെ  ഹിറ്റ്‌ലർ എന്ന ഭരണാധികാരി ഊതിയാളിച്ചു. ഭൂരിഭാഗം വരുന്ന പരമ്പരാഗത ആര്യൻ ജർമൻകാരെക്കൊണ്ട് യഹൂദർക്കെതിരായി അതിക്രമങ്ങൾ പ്രവർത്തിപ്പിച്ചു. അറുപതു ലക്ഷത്തോളം യഹൂദരുടെ ജീവനെടുത്തു ഹിറ്റ്ലറുടെ ഈ വംശീയവിരോധം. 

 

ചാൻസലറായി അധികാരത്തിലേറിയ വർഷം തന്നെ ഹിറ്റ്‌ലർ യഹൂദരെ സർക്കാർ ജോലികളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവന്നു. അവർക്ക് വൈദ്യശാസ്ത്ര, ഫാർമസി, നിയമ പഠനം നടത്തുന്നതിന് വിലക്കേർപ്പെടുത്തി. 1935 -ൽ ജർമനിയിലെ ന്യൂറംബർഗിൽ നാസി പാർട്ടിയുടെ ഒരു വൻറാലി നടന്നു.  ഇവിടെ വെച്ച് ഹിറ്റ്‌ലർ രണ്ടു പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു.

ഒന്ന് : റൈക്ക് സിറ്റിസൺഷിപ്പ് നിയമം.
രണ്ട് : Law for the Protection of German Blood and Honor -അഥവാ ജർമ്മൻ രക്തശുദ്ധിയും വംശാഭിമാനവും സംരക്ഷിച്ചുകൊണ്ടുള്ള നിയമം.

രണ്ടാമത്തെ നിയമത്തിൽ പറഞ്ഞിരുന്ന വ്യവസ്ഥകൾ ഇപ്രകാരമായിരുന്നു.

ജർമൻ പൗരന്മാരും യഹൂദരും തമ്മിൽ വിവാഹങ്ങൾ പാടില്ല. വിദേശത്തുവെച്ചാണ് നടക്കുന്നതെങ്കിൽ പോലും അവ നിയമവിരുദ്ധമായിരിക്കും.
ജർമൻ പൗരന്മാരും യഹൂദരും തമ്മിൽ അവിഹിതബന്ധങ്ങളും പാടില്ല. അതായത് ശാരീരിക ബന്ധത്തിന് പൂർണ്ണമായ വിലക്കുണ്ട് എന്നർത്ഥം.
യഹൂദന്മാർ അവരവരുടെ വീടുകളിൽ 45 വയസ്സിൽ കുറവ് പ്രായമുള്ള ജർമൻ വംശജരെ ജോലിക്ക് നിർത്താൻ പാടുള്ളതല്ല.
റൈക്കിന്റെ കൊടിയോ അതിലെ നിറങ്ങളോ യഹൂദർ എടുത്തുപയോഗിക്കാൻ പാടുള്ളതല്ല.

 

മേൽപ്പറഞ്ഞ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത പിഴയും കഠിനതടവും ശിക്ഷയായി ലഭിക്കുന്നതാണ്.

എന്നാൽ ആരംഭത്തിലെ നിയമങ്ങളിൽ ഒതുങ്ങി നിന്നില്ല നാസികൾ. ഇതിനോട് പിന്നെയും പല നിയമങ്ങളും കൂട്ടിച്ചേർക്കപെട്ടു. ആര്യന്മാരല്ലാത്ത മറ്റെല്ലാ വംശജർക്കും ഈ നിയമങ്ങൾ ബാധകമാക്കി. പാർക്ക്, റെസ്റ്റോറന്റ്, സ്വിമ്മിങ് പൂൾ തുടങ്ങിയ പൊതുസംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും വിലക്കുകൾ ഏർപ്പെടുത്തപ്പെട്ടു. അവർക്ക് ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു.

 

1938 ആയപ്പോഴേക്കും യഹൂദികളെ ആര്യന്മാരിൽ നിന്ന് വേർതിരിച്ചറിയാൻ അവർക്കേ പ്രത്യേകം ഐഡന്റിറ്റി കാർഡുകൾ നിർമിച്ച് വിതരണം ചെയ്യപ്പെട്ടു. ഏത് സമയത്തും ജർമൻ പട്ടാളം അവരെ തടഞ്ഞുനിർത്തി പരിശോധിക്കാം എന്ന നിലവന്നു. ആ പരിശോധനകളിൽ ഐഡി കാർഡുകൾ കാണിക്കാൻ പറ്റാതിരുന്നവർക്കുനേരെ പലപ്പോഴും പ്രതികാരം അന്തപ്പടികളുണ്ടാകാം. അവരുടെ പാസ്പോർട്ടുകളിൽ ചുവന്ന നിറത്തിൽ 'J' എന്ന് എഴുതിവെച്ചു തുടങ്ങി. അവരെ സിനിമാക്കൊട്ടകകൾ, നാടകശാലകൾ, പ്രദർശനങ്ങൾ തുടങ്ങിയ പൊതുവേദികളിൽ നിന്നുപോലും വിലക്കിക്കൊണ്ട് ഉത്തരവിറങ്ങി. അതേവർഷം നവംബറിൽ ജർമനിയിലെമ്പാടുമുള്ള യഹൂദരുടെ പ്രാർത്ഥനാലയങ്ങളിൽ പലതും തകർക്കപ്പെട്ടു. അവരിൽ പലരുടെയും കച്ചവടസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു. അലങ്കോലമാക്കപ്പെട്ടു. അടുത്തവർഷം യഹൂദരിൽ പലരെയും അവരുടെ വീടുകളിൽ നിന്ന് ഇറക്കിവിട്ടു. അവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടപ്പെട്ടു. അവർക്കായി മാത്രം നിരോധനാജ്ഞകൾ ഏർപ്പെടുത്തപ്പെട്ടു. അവരുടെ മാത്രം ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. പൊതു ടെലിഫോണുകൾ പ്രയോജനപ്പെടുത്താൻ പോലും അവർക്ക് അന്ന് അവകാശമുണ്ടായിരുന്നില്ല. എന്തിന് വീട്ടിൽ ഒരു പട്ടിയെ വളർത്തുന്നതിന് പോലും നാസി ജർമനിയിൽ യഹൂദർക്ക് വിലക്കുണ്ടായിരുന്നു. അവരുടെ  സഫാരി സ്യൂട്ടുകളും, രോമക്കുപ്പായങ്ങളുമെല്ലാം പട്ടാളം കണ്ടുകെട്ടി. അവർക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നത് വിലക്കി.

മേല്പറഞ്ഞതൊക്കെയും ഹിറ്റ്‌ലർ കൊണ്ടുവന്ന നിയമ ഭേദഗതികൾ മാത്രമായിരുന്നു. അറുപതു ലക്ഷത്തിലധികം യഹൂദരുടെ പൗരാവകാശങ്ങൾ റദ്ദുചെയ്ത് അവരെ കോൺസൻട്രേഷൻ ക്യാംപുകളിൽ അടച്ച് പീഡിപ്പിക്കാൻ ഹിറ്റ്ലർക്ക് വേണ്ടി വന്നത് നാട്ടിൽ താൻ കൊണ്ടുവന്ന നിയമങ്ങളുടെ സഹായം മാത്രമാണ്. ഹിറ്റ്‌ലർ പ്രവർത്തിച്ചിരുന്ന അതിക്രമങ്ങളൊക്കെ നിയമപ്രകാരമായിരുന്നതിനാൽ അതിനെതിരെ ശബ്ദിച്ചാൽ അത് നിയമലംഘനമായിരുന്നേനെ. അതുകൊണ്ട് സഹജീവികളായ യഹൂദർ പട്ടാപ്പകൽ വിവേചനങ്ങൾക്ക് വിധേയരായപ്പോഴും, പീഡിപ്പിക്കപ്പെട്ടപ്പോഴും അതിനെതിരെ ശബ്ദമുയർത്താതെ, നാട്ടിലെ മറ്റുള്ള പൗരന്മാരിൽ പലരും നിയമം പാലിച്ച് അനുസരണയോടെ നിശബ്ദരായി തുടർന്നു. ആരും മറുത്തൊരു ചോദ്യം പോലും ചോദിച്ചില്ല.

ഇന്റർനെറ്റിൽ പൗരത്വ നിയമ ഭേദഗതിയെ ഹിറ്റ്ലറുടെ നിയമങ്ങളോട് താരതമ്യപ്പെടുത്തിക്കൊണ്ട് പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകളിൽ ഒന്ന് ഇപ്രകാരം പറയുന്നു, "വിദ്യാഭ്യാസമെന്നാൽ, ഹിറ്റ്‌ലർ അറുപതുലക്ഷം ജൂതരെ കോൺസൻട്രേഷൻ ക്യാംപുകളിൽ അടച്ച് പീഡിപ്പിച്ചു കൊന്നു എന്ന് മനഃപാഠം പഠിക്കലല്ല, മറിച്ച് ഹിറ്റ്‌ലർ ജർമനിയിലെ കോടിക്കണക്കായ മറ്റുപൗരന്മാരെ യഹൂദരുടെ നിർമാർജ്ജനം അത്യാവശ്യമാണ് എന്ന് വിശ്വസിപ്പിച്ചത് എങ്ങനെയാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കലാണ്. "

1942 -ൽ ഫ്രഞ്ച് പാസ്റ്റർ ആയിരുന്ന ആന്ദ്രേ ട്രോക്മിയോട് അധിനിവേശ ജർമൻ ഉദ്യോഗസ്ഥൻ ചോദിച്ചു," നിങ്ങളെന്തിനാണ് യഹൂദർക്ക് ഇങ്ങനെ അഭയം കൊടുക്കുന്നത്..? അവരെ നിങ്ങളുടെ ഗ്രാമത്തിലിങ്ങനെ ഞങ്ങളിൽ നിന്ന് ഒളിച്ചു പാർപ്പിക്കുന്നത് ?"

അതിന് പാസ്റ്റർ ട്രോക്മി പറഞ്ഞ  മറുപടി ഇതായിരുന്നു, "ഇവർ സഹായം തേടി, അഭയം തേടിയാണ് എന്റെ മുന്നിലെത്തിയത്. ഞാൻ അവരുടെ ഇടയനാണ്. നല്ല ഒരിടയൻ ഒരിക്കലും തന്റെ ആട്ടിൻകൂട്ടത്തെ തള്ളിപ്പറയില്ല. നിങ്ങളീപ്പറയുന്ന 'യഹൂദരെ' എനിക്കറിയില്ല. എനിക്കറിവുള്ളത് മനുഷ്യരെപ്പറ്റി മാത്രമാണ്.."