ജൂലൈ രണ്ടിന് കാൺപൂർ ജില്ലയിലെ വികാസ് ദുബെ എന്ന ഒരു കുപ്രസിദ്ധ ഗുണ്ടാത്തലവനെ പിടികൂടാൻ പോയ പൊലീസ് പാർട്ടിയിലെ എട്ടു പൊലീസുകാരെ അയാളുടെ സംഘം വെടിവെച്ചു കൊല്ലുന്നു. ഏറ്റുമുട്ടലിനു ശേഷം ഒളിവിൽ പോയ ദുബെക്കുവേണ്ടി അടുത്ത നിമിഷം മുതൽ ആസൂത്രിതമായ തിരച്ചിൽ നടത്തിയ പൊലീസ്, അയാളെ പിടികൂടുന്നതിന് പകരം, ആറു ദിവസം കൊണ്ട് അയാളുടെ അഞ്ചു കൂട്ടാളികളെ എൻകൗണ്ടർ ചെയ്ത് കൊല്ലുന്നു. ആറാം ദിവസം രാവിലെ ദുബെ ഉജ്ജയിനിൽ വെച്ച് ഏറെ യാദൃച്ഛികമായി മധ്യപ്രദേശ് പൊലീസിന്റെ പിടിയിലാകുന്നു. ഉത്തർ പ്രദേശ് പൊലീസ് ഉജ്ജയിനിലെത്തി ദുബെയെ ഏറ്റുവാങ്ങുന്നു . അയാളെയും കൊണ്ട് കാൺപൂരിലേക്കുള്ള യാത്രാമദ്ധ്യേ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ദുബെ കൊല്ലപ്പെടുന്നു. വാഹനവ്യൂഹത്തിലെ  ഒരു വണ്ടി അപകടത്തിൽ പെട്ടപ്പോൾ, ആ അവസരം മുതലാക്കി ദുബെ  രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നത്രെ. തൊട്ടടുത്തിരുന്ന പൊലീസുകാരന്റെ തോക്കു കൈക്കലാക്കി വെടിയുതിർക്കാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം തങ്ങൾക്ക് തിരിച്ചു വെടിവെക്കേണ്ടി വരികയായിരുന്നു എന്നാണ് ഉത്തർ പ്രദേശ് പൊലീസ് വ്യക്തമാക്കിയത്.

 

 

എങ്ങനെയാണ് ഒരു ലോക്കൽ ഗുണ്ടാത്തലവന് ഡിവൈഎസ്പി റാങ്കിലുള്ള ഒരു പൊലീസ് ഓഫീസർ അടക്കം എട്ടുപേരെ വെടിവെച്ചു കൊന്നുകളയാനുള്ള ധൈര്യം കിട്ടുന്നത്? പാർട്ടി തന്നെ അറസ്റ്റു ചെയ്യാൻ വരുന്ന വിവരം അയാൾക്ക് നേരത്തെ ചോർന്നുകിട്ടിയത് എങ്ങനെയാണ്? അവിടെയാണ് ഉത്തർപ്രദേശ് പൊലീസിൽ ആഴത്തിൽ വേരിറങ്ങിയ ക്രിമിനൽ മാഫിയയുടെ ചിത്രം കൂടുതൽ വ്യക്തമാകുന്നത്. വികാസ് ദുബൈയുടെ കയ്യിൽ നിന്ന് മാസാമാസം പടി പറ്റിക്കൊണ്ടിരുന്ന നിരവധി പൊലീസ് ഓഫീസർമാർ ഉത്തർ പ്രദേശ് പോലീസിൽ ഉണ്ടായിരുന്നു. അവരിൽ ചിലരാണ് പൊലീസ് പാർട്ടിയുടെ നീക്കങ്ങളെക്കുറിച്ച് ദുബൈക്ക് വിവരം ചോർത്തി നൽകിയത്. കാൺപൂരിലെ ബ്രാഹ്മണർക്ക് മുൻതൂക്കമുള്ള പല ഗ്രാമങ്ങളെയും അടക്കിവാണിരുന്ന ഒരു അപ്പർ ക്‌ളാസ് ഡോൺ ആയിരുന്നു പ്രദേശവാസികൾക്കിടയിൽ 'പണ്ഡിറ്റ്ജി' എന്നറിയപ്പെട്ടിരുന്ന വികാസ് ദുബെ. അത് പഞ്ചായത്ത്, നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനം ചെലുത്താവുന്ന തരത്തിലുള്ള ഒരു വോട്ട്ബാങ്ക് പൊളിറ്റിക്സ് കൂടിയായിരുന്നു. അധികാരത്തിന്റെ ഇടനാഴികളിലുള്ള വികാസ് ദുബൈയുടെ വലിയ സ്വാധീനമാണ് അയാൾക്കുമുന്നിൽ വിനീത വിധേയരായി നിൽക്കാനും പടി പറ്റിക്കൊണ്ട് അയാൾക്കുവേണ്ട സഹായങ്ങൾ ചെയ്തു നൽകാനും പൊലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചിരുന്നത്.

ജൂലൈ രണ്ടിന് നടന്ന ആക്രമണത്തിൽ പൊലീസ് പാർട്ടിയെ നയിച്ച ദേവേന്ദ്ര മിശ്ര എന്ന ഡിവൈഎസ്പിയും കൊല്ലപ്പെട്ടിരുന്നു. ദുബെയുടെ കുറ്റകൃത്യങ്ങളുടെ നെറ്റ്‌വർക്ക് തകർക്കാൻ പരമാവധി ശ്രമിച്ച സത്യസന്ധനായ ഒരു പൊലീസ് ഓഫീസറായിരുന്നു ദേവേന്ദ്ര മിശ്ര. തന്റെ കീഴിലുള്ള പല ഓഫീസർമാർക്കും ചോറ് സർക്കാരിന്റെ വകയാണെങ്കിലും, കൂറ് വികാസ് ദുബെയോടാണ് എന്ന് പലവട്ടം മിശ്ര കാൺപൂർ എസ്എസ്പിയോടും ഐജിയോടും ഒക്കെ പരാതിപ്പെട്ടിരുന്നു എങ്കിലും അവരിൽ നിന്ന് ഒരു പിന്തുണയും മിശ്രക്ക് കിട്ടിയിരുന്നില്ല. മുപ്പതുവർഷമായി തന്റെ കുറ്റകൃത്യങ്ങൾ നിർബാധം തുടർന്നുപോന്നിരുന്ന വികാസ് ദുബെയുടെ പേരിൽ കൊലപാതകക്കേസുകൾ അടക്കം നിരവധി ക്രിമിനൽ കേസുകളുണ്ടായിരുന്നു എങ്കിലും അയാൾക്കെതിരെ ഒരു കേസിലും ആരും അയാൾക്കെതിരെ മൊഴി നല്കാൻ തയ്യാറായില്ല. കൃത്യമായ അന്വേഷണം നടത്തി ദുബെയെ കുടുക്കാൻ ഒരു ഗവൺമെന്റും തയ്യാറാവുകയുമുണ്ടായില്ല. മൂന്നു പതിറ്റാണ്ടായി ദുബെ അടക്കമുള്ള നിരവധി പ്രാദേശിക ഗ്യാങ്സ്റ്റർമാർ അവരുടെ നിർബാധം വിളയാടിയിരുന്ന ചരിത്രമാണ് ഉത്തർപ്രദേശിനുള്ളത്.

 2017 -ൽ യോഗി ആദിത്യനാഥിന്റെ സർക്കാർ അധികാരത്തിലേറിയപ്പോൾ ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനം, നാട്ടിലെ കുറ്റകൃത്യങ്ങൾക്ക് തടയിടും എന്നതായിരുന്നു.

 

 

2017 -നു ശേഷം സംസ്ഥാനത്ത് എൻകൗണ്ടർ കൊലപാതകങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട് എന്ന് ഗവണ്മെന്റിന്റെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നു. 2019 ഡിസംബർ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ പൊലീസ് ഏർപ്പെട്ട അക്രമസ്വഭാവമുള്ള പോരാട്ടങ്ങളുടെ എണ്ണം 5,178 ആണ്. അത്രയും പോരാട്ടങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത് 103 ക്രിമിനലുകളാണ്. ഇങ്ങനെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിലെത്തിക്കാൻ മിനക്കെടാതെ കുറ്റവാളികളെ ചുട്ടുതള്ളുന്ന നയം പൊലീസ് അധികാര കേന്ദ്രങ്ങളിൽ അറിയപ്പെട്ടിരുന്നത് 'ഠോക്ക് ദോ' പോളിസി ( തട്ടിക്കളഞ്ഞേക്ക്...) എന്നാണ്. കുറ്റവാളികളുടെ കാലിൽ വെടിവെച്ച് പരിക്കേൽപ്പിക്കുന്ന 'ഹാഫ് എൻകൗണ്ടർ' എന്ന പതിവും ഉത്തർപ്രദേശ് പൊലീസിൽ നിലവിലുണ്ട്. പല സ്റ്റേഷനുകളിലും ഇങ്ങനെ എൻകൗണ്ടർ/ഹാഫ് എൻകൗണ്ടറുകൾക്ക് മാസാമാസം ടാർഗെറ്റുകളും നൽകാറുണ്ട് എന്നും അഭ്യൂഹങ്ങളുണ്ട്.

 

 

പിടിക്കപ്പെടുന്ന ചില ക്രിമിനലുകൾ അവർക്ക് രാഷ്ട്രീയനേതാക്കളുമായുള്ള അവിശുദ്ധബന്ധങ്ങളുടെ തെളിവുകൾ വെളിപ്പെടുത്തും എന്ന് തോന്നുമ്പോൾ യുപി പൊലീസ് അവർക്ക് വളഞ്ഞ വഴിക്ക് ജാമ്യം നൽകി ജയിലിനു പുറത്തെത്തിക്കുകയും, പിന്നീട് എൻകൗണ്ടറിൽ അവർ കൊല്ലപ്പെടുകയും ഒക്കെ പലവട്ടം ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ പല പൊലീസ് ഓഫീസർമാരും ക്രിമിനലുകളോട് " എൻകൗണ്ടറിൽ തീർത്തുകളയും" എന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകളും കിട്ടിയിട്ടുണ്ട്. മഹുറാണിപൂർ എസ്എച്ച്ഓ ആയ സുനീത് സിംഗ്, അവിടത്തെ അറിയപ്പെടുന്ന കുറ്റവാളിയായിരുന്ന ലേഖ് രാജ് യാദവിനെ വിളിച്ച്, നിങ്ങൾ ഇപ്പോൾ ലോക്കൽ പൊലീസിന് എൻകൗണ്ടർ  ചെയ്യാൻ ഏറ്റവും ഫിറ്റായ കേസാണ്, രക്ഷപ്പെടണം എന്നുണ്ടെങ്കിൽ പിടിക്കേണ്ടവരെ പിടിച്ച്, ചെയ്യേണ്ടത് ചെയ്യണം എന്ന് ഉപദേശം നൽകുന്നതിന്റെ ഓഡിയോ ടേപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ഈ പൊലീസ് ഓഫീസർ സസ്‌പെൻഷനിൽ ആവുകയുമുണ്ടായി.

എന്നാൽ ഇങ്ങനെ പൊലീസിന്റെ എൻകൗണ്ടറിൽ കൊല്ലപ്പെടുന്ന പലർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാറില്ല എന്നത് ഒരു വസ്തുതയാണ്. ഉദാഹരണത്തിന്, ജയ്ഹിന്ദ് യാദവ്, മുകേഷ് രാജ്ഭർ തുടങ്ങിയ യുവാക്കളെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ശേഷം എൻകൗണ്ടറിൽ വധിച്ചതാണ്. തങ്ങളെ ആക്രമിക്കാൻ നോക്കിയപ്പോൾ പ്രാണരക്ഷാർത്ഥം പ്രത്യാക്രമണം നടത്തി എന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ഈ മരണങ്ങളിലെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനീതിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി ചെന്നിട്ടുണ്ട്.

2012 -ൽ, രാജ്യത്തു നടക്കുന്ന എൻകൗണ്ടർ കൊലകളെപ്പറ്റി സുപ്രീം കോടതി നടത്തിയ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്," ഒരു വ്യക്തി കൊടും ക്രിമിനലാണ് എന്ന കാരണത്താൽ അയാൾ കൊന്നുകളയാൻ പൊലീസിന് ഒരധികാരവുമില്ല. പൊലീസിൽ അർപ്പിതമായ കർത്തവ്യം അയാളെ തെളിവ് സഹിതം പിടികൂടി കോടതിസമക്ഷം ഹാജരാക്കുക എന്നത് മാത്രമാണ്. ഏറ്റുമുട്ടലിലൂടെ ക്രിമിനലുകളെ വധിക്കുന്ന പൊലീസുകാരോട് യാതൊരു ദാക്ഷിണ്യവും കാണിക്കുന്ന ചരിത്രം കോടതിക്കില്ല. അത്തരം കൊലപാതകങ്ങൾ തികച്ചും അപലപനീയമാണ്. അത് അംഗീകൃതമായ, നിയമപരമായ ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ സിസ്റ്റത്തിന്റെ ഭാഗമല്ല. അങ്ങനെ നടക്കുന്നുണ്ടെങ്കിൽ അതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കേണ്ട പദം 'സ്റ്റേറ്റ് സ്‌പോൺസേർഡ് ടെററിസം' എന്നാണ്. "

 

 

എന്നാൽ ഉത്തർ പ്രദേശ് സർക്കാർ അതിനോട് പ്രതികരിച്ചത് അന്നേ ദിവസം തന്നെ എൻകൗണ്ടറുകളുടെ ഭാഗമാകുന്ന ടീമിന് അവരുടെ ധീരതയ്ക്കുള്ള പാരിതോഷികമായി ഒരു ലക്ഷം രൂപയുടെ ഗാലൻട്രി റിവാർഡ് പ്രഖ്യാപിച്ചു കൊണ്ടാണ്. ആ പ്രഖ്യാപനം തന്നെ 2010 -ലെ ദേശീയമനുഷ്യാവകാശ കമ്മീഷൻ നിർദേശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഒരു എൻകൗണ്ടർ നടന്നാലുടൻ അതിൽ പങ്കെടുത്തർക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിക്കാൻ പാടില്ല എന്നും, പ്രസ്തുത പൊലീസുകാരുടെ ' അനിതരസാധാരണമായ ധീരത' കൃത്യമായി തെളിയിക്കപ്പെട്ട ശേഷം മാത്രമേ പാരിതോഷികങ്ങൾ നല്കാൻ പാടുള്ളൂ എന്നുമായിരുന്നു ആ നിർദേശം.

ഉത്തർ പ്രദേശിലെ പൊലീസ് സ്റ്റേഷനുകളിൽ ഇരുപത്തഞ്ചിലധികം കുപ്രസിദ്ധ കുറ്റവാളികളുടെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. അവരിൽ പലരുടെയും പേർക്ക് വികാസ് ദുബൈയുടേത് പേരിൽ ഉണ്ടായിരുന്ന പോലെ തന്നെ അമ്പതും അറുപതും ക്രിമിനൽ കേസുകളുമുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷത്തിനിടെ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട 103 പേരിൽ അവർ ആരുമില്ല. അവരുടെ ആരുടേയും സ്വത്തുക്കൾ കണ്ടുകെട്ടുകയോ, വീടുകൾ ഇടിച്ചു നിരത്തുകയോ ഒന്നും ഉണ്ടായിട്ടില്ല. രാഷ്ട്രീയ-പൊലീസ്-ക്രിമിനൽ നെക്സസിൽ പരസ്പര ധാരണ തെറ്റാത്തിടത്തോളം കാലം എല്ലാം സുഭദ്രമായിത്തന്നെ തുടരുന്ന സാഹചര്യമാണ് ഉത്തർപ്രദേശിൽ താൽക്കാലമുള്ളത്. വികാസ് ദുബെ ആ സ്വാഭാവികതയിൽ നിന്നുള്ള അപൂർവങ്ങളിൽ അപൂർവമായ ഒരു വ്യതിയാനം മാത്രമാണ്.

 

 

അതുകൊണ്ടുതന്നെ ഉത്തർ പ്രദേശ് പൊലീസ് ഇന്നോളം നടത്തിയിട്ടുള്ള എല്ലാ എൻകൗണ്ടറുകളും പുനഃപരിശോധിക്കേണ്ടതുണ്ട്. വികാസ് ദുബെ ഒരു കൊടും ക്രിമിനലാണ്, അയാൾ എട്ടു പൊലീസുകാരെ വെടിവെച്ചുകൊന്ന ഒരു കൊടും ക്രിമിനലാണ് എന്നത്, അയാളെ ഇന്ത്യൻ നിയമ വ്യവസ്ഥ അനുശാസിക്കുന്ന വിചാരണാ നടപടിക്രമങ്ങൾക്ക് വിട്ടുകൊടുക്കാതിരിക്കാനും കോടതിയുടെയും ജഡ്ജിയുടേയും ആരാച്ചാരുടെയും ഒക്കെ റോളുകൾ പൊലീസ് സേന തന്നെ ഏറ്റെടുക്കാനും ഒരു കാരണമായി ഉത്തർപ്രദേശ് പോലീസും മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാണുന്നുണ്ടെങ്കിൽ, അത് നമ്മുടെ നാട്ടിലെ വ്യവസ്ഥാപിതമായ നീതിന്യായവ്യവസ്ഥയെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണ്.