‘നിങ്ങൾ എപ്പോഴും എന്നോട് ചോദിക്കാറുണ്ട്, ചേച്ചി, എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും നന്നായി പെരുമാറുന്നത്? എന്തിനാണ് എപ്പോഴും പുഞ്ചിരിക്കുന്നത് എന്ന്. അതിന് കാരണമുണ്ട്.’
സ്കൂളുകളിലും കോളേജുകളിലും നമുക്ക് ഭക്ഷണം വിളമ്പുന്ന ചില മനുഷ്യരുണ്ട്. ഒരുപക്ഷേ, അധ്യാപകരെ മറന്നാലും നാം അവരെ മറക്കണമെന്നില്ല. അങ്ങനെ ചൈനയിലെ ഒരു ബിരുദദാന ചടങ്ങിൻ ഒരു കാന്റീനിലെ കുക്ക് നടത്തിയ പ്രസംഗമാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്.
വടക്കുകിഴക്കൻ ജിലിൻ പ്രവിശ്യയിലെ യാൻബിയൻ സർവകലാശാലയിലെ കാന്റീൻ കുക്ക് ആയ ലിയു സിയോമിയാണ് ലോജിസ്റ്റിക്സ് സപ്പോർട്ട് വകുപ്പിന്റെ പ്രതിനിധിയായി കുട്ടികളോട് സംസാരിച്ചത്. അധികം വൈകാതെ അവരുടെ പ്രസംഗം ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഒരു പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മാത്രം 5 മില്ല്യൺ ലൈക്കുകളാണ് ഇത് നേടിയത് എന്ന് യാൻബിയൻ ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.
'കാന്റീനിലെ ഒരു സർവീസ് വർക്കർ എന്ന നിലയിൽ, നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ യൗവ്വന കാലഘട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്' എന്നാണ് അവർ ആദ്യം പറഞ്ഞത്. കാന്റീനിലെ കുക്കിന്റെ യൂണിഫോമിലും തൊപ്പിയിലും തന്നെയാണ് അവർ വേദിയിൽ നിൽക്കുന്നതും.
'നിങ്ങൾ എപ്പോഴും എന്നോട് ചോദിക്കാറുണ്ട്, ചേച്ചി, എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും നന്നായി പെരുമാറുന്നത്? എന്തിനാണ് എപ്പോഴും പുഞ്ചിരിക്കുന്നത് എന്ന്. അതിന് കാരണമുണ്ട്. നിങ്ങൾ നാട്ടിൽ നിന്ന് വളരെ അകലെയാണെന്നും പഠിക്കാൻ എളുപ്പമല്ലെന്നും ഞാൻ കരുതുന്നു. അതുകൊണ്ടാണത്' എന്നും ലിയു പറഞ്ഞു.
'ഞാൻ നന്നായി അധ്വാനിക്കുമ്പോൾ നിങ്ങൾ സന്തോഷവാന്മാരാകുന്നു, അത് നിങ്ങളുടെ മാതാപിതാക്കളെ കൂടുതൽ അഭിമാനികളാക്കുന്നു. വീട്ടിൽ, നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ കുഞ്ഞാണ്. സ്കൂളിൽ, നിങ്ങൾ അങ്കിളിന്റെയും ആന്റിമാരുടെയും കുഞ്ഞാണ്. സപ്പോർട്ട് ഡിപ്പാർട്ട്‌മെന്റിലെ ഞങ്ങളുടെ എല്ലാ ജീവനക്കാരുടെയും സന്ദേശമാണിത്' എന്നും ലിയു പറഞ്ഞു.
'ഞാൻ എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ട മുഖം കാണുമ്പോൾ എനിക്കതിന് കഴിയുന്നില്ല' എന്നും 'എല്ലാവരും നന്നായി ഭക്ഷണം കഴിക്കണമെന്നും' ഓർമ്മിപ്പിച്ചാണ് ലിയു പറഞ്ഞവസാനിപ്പിച്ചത്.
അതിവൈകാരികവും സ്നേഹം നിറഞ്ഞതുമായ ലിയുവിന്റെ ഈ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.


