Asianet News MalayalamAsianet News Malayalam

23 കപ്പലുകളുടെ തകർച്ചയ്ക്ക് കാരണമായ വിളക്കുമാടം; സ്ഥാപിച്ചത് വഴികാട്ടാൻ, സംഭവിച്ചത് വൻദുരന്തം

ഒടുവിൽ അപകടങ്ങൾ തുടർക്കഥയായതോടെ നാലു പതിറ്റാണ്ടിനു ശേഷം ഇത് അടച്ചുപൂട്ടുകയും 1899 -ൽ മറ്റൊരു സ്ഥലത്ത് പുതിയ വിളക്കുമാടം നിർമ്മിക്കുകയും ചെയ്തു.

cape st george lighthouse caused 23 Shipwrecks rlp
Author
First Published Jan 7, 2024, 3:34 PM IST

സാധാരണയായി ലൈറ്റ് ഹൗസുകൾ അഥവാ വിളക്കുമാടങ്ങൾ സ്ഥാപിക്കുന്നത് കടൽയാത്രയ്ക്ക് വഴിതെളിക്കാൻ ആണെങ്കിലും സ്ഥാപിച്ച അന്നുമുതൽ ദുരന്തങ്ങൾക്കു മാത്രം വഴിതുറന്ന ഒരു വിളക്കുമാടമുണ്ട്. ഓസ്‌ട്രേലിയയിലെ കേപ് സെന്റ് ജോർജ്ജ് വിളക്കുമാടം ആണ് ദുരന്തങ്ങൾ സമ്മാനിച്ചതിന്റെ പേരിൽ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്ന ആ വിളക്കുമാടം. കപ്പലുകളെ നയിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിനുപകരം, ന്യൂ സൗത്ത് വെയിൽസിന്റെ തെക്കൻ തീരത്ത് 23 കപ്പലുകൾ തകർന്നതിന് ഉത്തരവാദിയാണ് ഈ വിളക്കുമാടം.1860 -ൽ നിർമ്മിച്ച ഇത് 1889 വരെ സജീവമായിരുന്നു.

ജെർവിസ് ബേയുടെ തെക്കൻ പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ തെക്ക് ഭാഗത്തായിരുന്നു ഇത് നിർമ്മിച്ചിരുന്നത്. എന്നാൽ, ഈ വിളക്കുമാടം വടക്ക് നിന്നോ തെക്കുനിന്നോ ദൃശ്യമായിരുന്നില്ല. ഇത് ഇരുതീരങ്ങളിലും നിരവധി കപ്പൽ തകർച്ചകൾക്ക് കാരണമായി. ഇത്തരത്തിൽ ദുരന്തങ്ങൾക്കുമാത്രം വഴി തുറക്കാൻ ഈ വിളക്കുമാടം കാരണമായത് അതിൻറെ നിർമാണത്തിലെ അശാസ്ത്രീയതകളായിരുന്നു.

1857 -ൽ ഇംഗ്ലീഷ് വാസ്തുശില്പിയായ അലക്സാണ്ടർ ഡോസണാണ് ഈ വിളക്കുമാടം നിർമ്മിച്ചത്. അസിസ്റ്റന്റ് സർവേയറായ അദ്ദേഹം കേപ് സെന്റ് ജോർജിൽ വിളക്കുമാടം നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയപ്പോൾ പ്രാധാന്യം നൽകിയത് കൃത്യമായ നാവിഗേഷനേക്കാൾ നിർമ്മാണത്തിലെ എളുപ്പത്തിനായിരുന്നു. അതുകൊണ്ടുതന്നെ നിർമ്മാണത്തിന് ആവശ്യമായ കല്ലുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ് ഡോസൺ സ്ഥലം തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ഉദ്ദേശിച്ച സ്ഥലത്ത് നിന്നും 4 കിലോമീറ്റർ വടക്കായാണ് വിളക്കുമാടം നിർമ്മിച്ചത്.

നിർമ്മാണത്തിലെ ഈ എളുപ്പപ്പണി പൈലറ്റുമാരുടെ കൃത്യതയില്ലാത്ത നാവിഗേഷനിൽ കലാശിച്ചു. ഇതിനുപുറമെ, ഡോസണും അദ്ദേഹത്തിന്റെ കമ്പനിയും തയ്യാറാക്കിയ ഭൂപടത്തിൽ നിരവധി പിഴവുകളും ഉണ്ടായിരുന്നു. മാപ്പിൽ കാണിച്ചിരിക്കുന്ന പ്രധാന സ്ഥലങ്ങൾ തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആയ തരത്തിലായിരുന്നു. ഒടുവിൽ അപകടങ്ങൾ തുടർക്കഥയായതോടെ നാലു പതിറ്റാണ്ടിനു ശേഷം ഇത് അടച്ചുപൂട്ടുകയും 1899 -ൽ മറ്റൊരു സ്ഥലത്ത് പുതിയ വിളക്കുമാടം നിർമ്മിക്കുകയും ചെയ്തു.

പക്ഷേ, അപ്പോഴും തീർന്നില്ല ഈ വിളക്കുമാടം കൊണ്ടുള്ള പ്രശ്നങ്ങൾ. ഇതിന് മുകളിൽ സ്ഥാപിച്ചിരുന്ന വലിയ സ്വർണ്ണ കല്ല് നിലാവുള്ള രാത്രികളിൽ തിളങ്ങുമായിരുന്നു. ഇത് പൈലറ്റുമാർക്ക് വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒടുവിൽ 1917 നും 1922 നും ഇടയിൽ ടവർ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. 2004 ജൂൺ 22 -ന് വിളക്കുമാടത്തിന്റെ അവശിഷ്ടങ്ങൾ കോമൺവെൽത്ത് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

വായിക്കാം: ഹൗസ് നമ്പർ 39-K, ഭയം കൊണ്ട് വിറക്കും, ഒരാളും രാത്രിയിൽ പരിസരത്തുപോലും പോകില്ല, നി​ഗൂഢത നിറഞ്ഞൊരു വീട് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios