Asianet News MalayalamAsianet News Malayalam

വധശിക്ഷ: കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിൽ 'കണ്ണിനു കണ്ണ്' രീതികളുടെ ഫലസിദ്ധി

വധശിക്ഷ കർക്കശമായി നടപ്പിലാക്കുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തോത് കുറവാണെന്നതാണ് അതിനെ പിന്തുണയ്ക്കുന്നവർ ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നത്. 

Capital Punishment : How effective is the Death Sentence in stopping the recurrence of worst crimes
Author
Delhi, First Published Jan 8, 2020, 10:08 AM IST

'അപൂർവങ്ങളിൽ അപൂർവം' എന്ന്, തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കുന്ന കുറ്റങ്ങളിൽ പ്രതിക്ക് വധശിക്ഷ അഥവാ തൂക്കുകയർ നൽകാൻ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്നുണ്ട്. ഇപ്പോൾ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22 -ന് നടപ്പിലാക്കാൻ വേണ്ടി മരണവാറണ്ട് പുറപ്പെടുവിച്ചു കഴിഞ്ഞു. പലകേസുകളിലും തൂക്കുകയർ വിധിക്കപ്പെടാറുണ്ടെങ്കിലും, ഇന്ത്യയിൽ വളരെ അപൂർവം അവസരങ്ങളിൽ മാത്രമാണ് അത് നടപ്പിലാക്കപ്പെടുന്നത്. അങ്ങനെ സംഭവിക്കുമ്പോഴൊക്കെ, വധശിക്ഷ അഥവാ വളരെ കഠിനമായ കുറ്റം ചെയ്യുന്നവർക്ക് മരണംതന്നെ ശിക്ഷയായി നൽകുന്ന സമ്പ്രദായത്തെപ്പറ്റിയും, അതിന്റെ നൈതികതയെപ്പറ്റിയുമുള്ള സംവാദങ്ങളും ഉയർന്നു വരാറുണ്ട്.

വധശിക്ഷയുടെ ചരിത്രം, വർത്തമാനം  

പണ്ടുകാലം മുതൽക്കുതന്നെ വധശിക്ഷ എന്ന ശിക്ഷാരീതി ലോകരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നു. അന്നൊക്കെ രാജ്യദ്രോഹം, ചാരപ്രവൃത്തി, മയക്കുമരുന്ന് കടത്തൽ, ബലാത്സംഗങ്ങൾ, മതനിന്ദ തുടങ്ങിയ പല കുറ്റകൃത്യങ്ങളും തെളിയിക്കപ്പെടുന്ന മുറയ്ക്ക് വധശിക്ഷ നടപ്പിലാക്കപ്പെട്ടിരുന്നു. അത് നടപ്പിലാക്കാൻ വേണ്ടി പണ്ടുകാലം മുതൽ അവലംബിച്ചിരുന്ന രീതികളിൽ  ഗില്ലറ്റിൻ ഉപയോഗിച്ച് തലവെട്ടുക, കുരിശിലേറ്റുക, ശൂലത്തിൽ തറയ്ക്കുക, കല്ലെറിഞ്ഞു കൊല്ലുക, ആനയെക്കൊണ്ട് ചവിട്ടിക്കുക, തീയിട്ടു കൊല്ലുക, ബ്രേക്കിംഗ് വീൽ, പീരങ്കിയിൽ നിന്ന് വെടിവയ്ക്കുക എന്നിവയൊക്കെയുണ്ടായിരുന്നു. സമൂഹം പരിഷ്കൃതമായതോടെ കഴുവേറ്റൽ, വിഷം കുത്തിവെക്കൽ, ഷോക്കടിപ്പിച്ചു കൊല്ലൽ, വെടിവെച്ചു കൊല്ലൽ തുടങ്ങിയ മാർഗ്ഗങ്ങളിലേക്കും നീങ്ങി. എന്നാൽ പല അറബ് രാജ്യങ്ങളും ഇന്നും പിന്തുടരുന്ന രീതി ശിരച്ഛേദമാണ്.

Capital Punishment : How effective is the Death Sentence in stopping the recurrence of worst crimes
 
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പല പരിഷ്കൃത രാജ്യങ്ങളും വധശിക്ഷയെന്ന ശിക്ഷാരീതി പതുക്കെ ഉപേക്ഷിക്കുക എന്ന നയത്തിലേക്കാണ് എത്തിച്ചേർന്നത്. മിക്കവാറും രാജ്യങ്ങളിൽ വളരെ അപൂർവമായ, അതീവ ഗുരുതരമായ കുറ്റങ്ങൾക്ക് മാത്രമായി അതിനെ ചുരുക്കി. യൂറോപ്യൻ യൂണിയനും, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളും വധശിക്ഷയെ തുറന്നെതിർക്കുന്നവരാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുടെ ചാർട്ടറിന്റെ രണ്ടാം ആർട്ടിക്കിൾ വധശിക്ഷ നിരോധിക്കുന്നുണ്ട്. ഇത് പൂർണമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം വച്ച് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 2007, 2008, 2010 എന്നീ വർഷങ്ങളിൽ വധശിക്ഷയ്ക്കെതിരേ (നിർബന്ധമല്ലാത്ത) പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്.

ആംനെസ്റ്റി ഇന്റർനാഷണൽ 2018 -ൽ പ്രസിദ്ധപ്പെടുത്തിയ കണക്കുപ്രകാരം ലോകത്ത് 142 രാജ്യങ്ങൾ വധശിക്ഷ നിരോധിച്ചിട്ടുണ്ട്. എന്നാൽ, ജനസംഖ്യാനുപാതത്തിലുള്ള അഭിപ്രായം പരിശോധിച്ചാൽ, ഭൂരിപക്ഷം പേരും ഇവിടെ നടക്കുന്ന കടുത്ത കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ തന്നെ നൽകണം എന്ന അഭിപ്രായമുള്ളവരാണ്. ലോകത്തിൽ അറുപതു ശതമാനത്തോളം പേരും വിശ്വസിക്കുന്നത്, സമൂഹത്തിലെ മറ്റുള്ളവർ സമാനമായ കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ, സമൂഹത്തിനൊരു മാതൃകയാകാൻ, അപൂർവങ്ങളിൽ അപൂർവമായ കേസുകളിലെങ്കിലും വധശിക്ഷ തന്നെ നടപ്പിലാക്കേണ്ടതുണ്ട് എന്നാണ്. ഐക്യരാഷ്ട്ര സഭയുടെ വധശിക്ഷാവിരുദ്ധ പ്രമേയത്തിന് എതിരായി വോട്ടുചെയ്തിരുന്നു ഇന്ത്യ, അമേരിക്ക, ചൈന, ഇന്തോനേഷ്യ തുടങ്ങിയ പല രാജ്യങ്ങളും അന്ന്.

Capital Punishment : How effective is the Death Sentence in stopping the recurrence of worst crimes

2018 -ലെ ആംനെസ്റ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്, അക്കൊല്ലം, 54 രാജ്യങ്ങളിലായി 2531 വധശിക്ഷകൾ നടപ്പിലാക്കപ്പെട്ടിട്ടുണ്ട് എന്നാണ്. അത് 2017 -ലേതിനേക്കാൾ (2591) ഒരല്പം കുറവാണ്. ചൈനയാണ് ലോകത്ത് ഏറ്റവും അധികം പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന രാജ്യം. ചൈന തങ്ങൾ വധിക്കുന്ന കുറ്റവാളികളുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതിനാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എങ്കിലും, ഏകദേശം രണ്ടായിരത്തോളം പേരെ വർഷാവർഷം ചൈന വധശിക്ഷയ്ക്ക് വിധേയരാക്കുന്നുണ്ട്. 2018 -ൽ മാത്രം ഏഴായിരത്തില്പരം പൗരന്മാരെ ചൈന വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ചൈനയിലെ യഥാർത്ഥ കണക്കുകൾ ഔദ്യോഗിക കണക്കുകളിൽ നിന്ന് ഏറെ അധികമാകാനാണ് സാധ്യത. ചൈനയെ ഒഴിച്ചുനിർത്തിയാൽ ലോകത്ത് നടക്കുന്ന വധശിക്ഷകളിൽ 78 ശതമാനവും  ഇറാൻ, സൗദി അറേബ്യ, വിയറ്റ്നാം, ഇറാഖ് എന്നീ നാലു രാജ്യങ്ങളാണ് നടത്തുന്നത്.

ശിക്ഷാ മാർഗം എന്ന നിലയിൽ വധശിക്ഷ

കൃത്യമായ, സുതാര്യമായ വിചാരണയ്ക്ക് ശേഷം ഒരു കുറ്റവാളിയുടെ ജീവിതം ബലം പ്രയോഗിച്ച് അവസാനിപ്പിക്കുന്ന ശിക്ഷാരീതിയാണ് വധശിക്ഷ. അത് നടപ്പിലാക്കാനുള്ള അവകാശം ഭരണകൂടങ്ങൾക്ക് മാത്രമാണ്. ഒരു വ്യക്തി, അയാൾ എന്ത് കുറ്റം ചെയ്തയാൾ ആയിരുന്നാലും, അതിന്റെ പേരിൽ മറ്റൊരു വ്യക്തിയോ ആൾക്കൂട്ടമോ അയാളെ വധശിക്ഷയ്ക്ക് വിധേയമാക്കിയാൽ അതിനെ മറ്റൊരു 'കൊലപാതകം' എന്ന് മാത്രമേ വിളിക്കാനാകൂ. കാലിക്കടത്തിന്റെ പേരിലോ, കുഞ്ഞുങ്ങളെ അപഹരിക്കാനെത്തി എന്നാരോപിച്ചോ, അല്ലെങ്കിൽ മോഷണത്തിന്റെ പേരിലോ  ഒക്കെ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ നടക്കുന്നതും ഇതുതന്നെയാണ്.

Capital Punishment : How effective is the Death Sentence in stopping the recurrence of worst crimes

എന്നാൽ വധങ്ങൾ എല്ലായ്പ്പോഴും കൊലപാതകങ്ങളാകുന്നില്ല. ഉദാ. യുദ്ധമുഖത്ത് സൈന്യം നടത്തുന്ന വധങ്ങൾ, അല്ലെങ്കിൽ കൃത്യ നിർവഹണത്തിനിടെ പോലീസ് നടത്തുന്ന വധങ്ങൾ. ഇവ പലപ്പോഴും മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്നതും, ആത്മരക്ഷാർത്ഥം എന്ന് വിളിക്കാൻ പറ്റാത്തതും ആയിരുന്നിട്ടും അവയെ ആരും കൊലപാതകങ്ങൾ എന്ന് വിളിക്കാറില്ല. കാരണം നമ്മിൽ ഭൂരിപക്ഷം പേരും ഗവൺമെന്റിന്, അതിന്റെ ഭാഗമായ ഏജൻസികൾക്ക് വധിക്കാനുള്ള അധികാരം നൽകാൻ ആഗ്രഹിക്കുന്നു. അതിന് രാജ്യസുരക്ഷ, ക്രമസമാധാനപാലനം എന്നിങ്ങനെയുള്ള കാരണങ്ങൾ മതിയാകും.  പക്ഷേ, വധശിക്ഷയെന്നത് സത്യത്തിൽ, ചെയ്ത കുറ്റത്തിന് ഒരു കുറ്റവാളിയോട് സമൂഹം പ്രതികാരം ചെയ്യുന്ന മനോനിലയാണ്. 'കുറ്റത്തിന് ആനുപാതികമായ ശിക്ഷ' എന്ന നിലയിലും വധശിക്ഷയ്ക്ക് സമൂഹത്തിന് ന്യായീകരണമുണ്ട്. ഈ സങ്കൽപം ഒട്ടുമിക്ക മാനവസംസ്കാരങ്ങളുടെയും മതസംഹിതകളിൽപോലും എഴുതിച്ചേർക്കപ്പെട്ടതാണ്. ഉദാ. മോശയുടെ വചനങ്ങളിൽ പറയുന്നത്, "ജീവന് ജീവന്‍, കണ്ണിന് കണ്ണ്, പല്ലിന് പല്ല്, കൈക്ക് കൈ, കാലിന് കാല് " എന്നാണ്. അത് തന്നെ പഴയ നിയമത്തിലും പറയുന്നുണ്ട്. ഇസ്ലാമിലെ ശരീയത്ത് നിയമങ്ങളും വധശിക്ഷയ്ക്ക് അനുകൂലമാണ്.

വധശിക്ഷയെ അനുകൂലിച്ചുകൊണ്ടുള്ള വാദമുഖങ്ങൾ

i. നികുതിപ്പണം പാഴാക്കേണ്ടതില്ല

 ഗുരുതരമായ കുറ്റത്തിന് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഒരു പ്രതിയെ, വധശിക്ഷയ്ക്ക് വിധേയനാക്കേണ്ടതില്ല എന്ന് തീരുമാനമെടുത്തു കഴിഞ്ഞാൽ അടുത്തവഴി, പരോൾ കൊടുക്കാതെ ജയിലിൽ ജീവപര്യന്തം കഠിനതടവിൽ പാർപ്പിക്കുക എന്നതാണ്. എന്നാൽ, ആ തീരുമാനം ഖജനാവിന് ഭാരമുണ്ടാക്കുന്ന ഒന്നാണ്. ഒരാളുടെ ജീവൻ തന്നെയാണ് ഏറ്റവും വിലപിടിപ്പുള്ളത് എന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും, ആ ജീവൻ ഒരു കൊടുംകുറ്റവാളിയുടേതാകുമ്പോൾ അതിനെ സംരക്ഷിക്കാൻ വേണ്ടി പൊതുജനങ്ങളുടെ നികുതിപ്പണം ചെലവിടേണ്ടതുണ്ടോ എന്ന തർക്കം സ്വാഭാവികമായും കടന്നുവന്നെന്നിരിക്കും. ജീവപര്യന്തം കഠിനതടവിനേക്കാൾ എത്രയോ ചെലവുകുറഞ്ഞ ഒരു മാർഗമാണ് വധശിക്ഷ എന്നതാണ് പലരുടെയും വാദം. 

ii. ഭാവിയിൽ സമാന കുറ്റങ്ങൾ ചെയ്യാൻ ആരും മടിക്കും

വധശിക്ഷ കർക്കശമായി നടപ്പിലാക്കുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തോത് കുറവാണെന്നാണ് നമ്മുടെ നാട്ടിൽ അതിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ബലാത്സംഗം ചെയ്താൽ, പിടിക്കപ്പെട്ട്  ദിവസങ്ങൾക്കകം വധശിക്ഷ കിട്ടും എന്ന ഭയമുണ്ടെങ്കിൽ പിന്നെ അതിനു മുതിരുന്നവരുടെ എണ്ണം പയ്യെ കുറഞ്ഞുവരും എന്ന് പലരും ധരിക്കുന്നു. എന്നാൽ, ബലാത്സംഗം പോലുള്ള കുറ്റങ്ങൾക്ക് വധശിക്ഷ കൊണ്ടുവരുന്നത് അബദ്ധമാകും എന്ന് കരുതുന്നവരുമുണ്ട്. കാരണം, ബലാത്സംഗശേഷം സ്ത്രീയെ വെറുതെ വിട്ടാൽ അത് വിചാരണ ശക്തമാക്കാനുള്ള സാധ്യത വർധിപ്പിക്കുകയും, തദ്വാരാ പ്രതിക്ക് വധശിക്ഷ വാങ്ങിത്തരുകയും ചെയ്യും എന്ന അവസ്ഥവരും. അത് പ്രതികൾ ബലാത്സംഗത്തിന് ശേഷം അതിനിരയാകുന്ന സ്ത്രീകളെ കൊന്നുകളയുന്ന അവസ്ഥയുണ്ടാക്കുമെന്ന് അവർ വാദിക്കുന്നു.

 iii. വധശിക്ഷ നിരോധിച്ച രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ കൂടിയ തോത്

അമേരിക്കയെപ്പോലെ വധശിക്ഷ നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തോത്, വധശിക്ഷ നിലവിലുള്ള മറ്റു രാജ്യങ്ങളെക്കാൾ കൂടുതലാണ് എന്നാണ് കണക്കുകളുടെ സഹായത്തോടെ വധശിക്ഷാനുകൂലികൾ വാദിക്കുന്നത്. എന്ത് ചെയ്താലും ഏറിവന്നാൽ കുറച്ചു കാലം ജയിലിൽ കിടന്നു കഴിച്ചുകൂട്ടിയാൽ തന്നെ, നിയമത്തിന്റെ പഴുതുകൾ മുതലെടുത്ത്, തിരികെ തങ്ങളുടെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിപ്പോകാനാകും എന്ന ധാരണ പലർക്കുമുണ്ടിവിടെ. ആ ധാരണ അവരിൽ പലരെയും വളരെ ലാഘവത്തോടെ കൊടുംകുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കും എന്നാണ് നിരീക്ഷണം.

 iv. പ്രതി ജയിലിൽ നിന്നിറങ്ങി കുറ്റം ആവർത്തിച്ചാൽ?

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്ക് പലപ്പോഴും മാനസികമായി ഒരു 'സൈക്കോ'സ്വഭാവം ഉണ്ടായെന്നു വരാം. അവർക്ക് അതിനെ മാറ്റിയെടുക്കാൻ നമ്മുടെ ജയിലുകളിലെ ശിക്ഷാ കാലയളവ് ചിലപ്പോൾ മതിയാകില്ല. അവർ ചിലപ്പോൾ പുറത്തിറങ്ങിയാൽ അധികം താമസിയാതെ തന്നെ സമാനമായ മറ്റൊരു കുറ്റം ചെയ്തെന്നിരിക്കും. അതിനു തടയിടണമെങ്കിൽ വധശിക്ഷ നടപ്പിലാക്കിയേ പറ്റൂ എന്നാണ് ചിലരുടെ വാദം.

v. നീതി നടപ്പിലാക്കണം എന്ന ആവശ്യം

പല കേസുകളിലും സമൂഹത്തിൽ നിന്നും, കുറ്റത്തിന് ഇരയാകുന്നവരുടെ ബന്ധുക്കളിൽ നിന്നുമെല്ലാം കടുത്ത സമ്മർദ്ദമാണ് ജുഡീഷ്യറിയുടെമേൽ ഉണ്ടാകാറുള്ളത്. ക്രൂരമായ കുറ്റങ്ങൾക്ക് തൂക്കുകയർ എന്ന കടുത്ത ശിക്ഷ നൽകിയാൽ മാത്രമേ കുറ്റകൃത്യത്തിന് ഇരയാകുന്ന വ്യക്തിക്ക് അർഹിക്കുന്ന നീതി കിട്ടുന്നുള്ളൂ എന്നാണ് ഇന്ന് നിലവിലുള്ള പൊതു ബോധം. അതിനെ തൃപ്തിപ്പെടുത്താനുള്ള തിടുക്കത്തിലാണ് പലപ്പോഴും ഹൈദരാബാദ് ബലാത്സംഗ-കൊലക്കേസിൽ നടന്നപോലെ ഏറ്റുമുട്ടൽ കൊലകൾ നടത്തുന്നതിലേക്ക് അന്വേഷണോദ്യോഗസ്ഥർ അടക്കം പോകുന്നത്.

വധശിക്ഷയെ പ്രതികൂലിച്ചുകൊണ്ടുള്ള വാദമുഖങ്ങൾ

i. കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെട്ടേക്കാം

ചില കേസുകളിൽ കുറ്റാരോപിതനായ വ്യക്തി ചിലപ്പോൾ തെറ്റായി പ്രതിചേർക്കപ്പെട്ടതാകാം. ചിലപ്പോൾ പൊലീസിന്റെ തെറ്റിദ്ധാരണപ്പുറത്ത് അല്ലെങ്കിൽ ചിലപ്പോൾ  സ്വാർത്ഥതാത്പര്യങ്ങളുടെ പുറത്ത് പൊലീസ് മനഃപൂർവം തന്നെ നിരപരാധികളെ പ്രതിചേർത്ത് കേസ് ചാർജ് ചെയ്ത് കോടതിയിൽ വിചാരണക്ക് ഹാജരാക്കാറുണ്ട്. അവരെ തിടുക്കത്തിൽ വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ച്, അത് നടപ്പിലാക്കിയാൽ പിന്നീട് കുറ്റാരോപിതർ നിരപരാധി എന്ന് എന്തെങ്കിലും കാരണവശാൽ തെളിഞ്ഞാൽ, യാതൊന്നും ചെയ്യാനാകില്ല.

ii. പ്രതിയുടെ മാനസികാരോഗ്യനില

പല കേസുകളിലും പ്രതികൾ മുൻകൂട്ടി നിശ്ചയിച്ച് കൃത്യമായ പ്ലാനിങ്ങോടെ കുറ്റകൃത്യങ്ങൾ നടപ്പിലാക്കാറുണ്ട്. എന്നാൽ, പലപ്പോഴും,  മാനസികമായ രോഗങ്ങൾ ഉള്ള ചിലർ, വേണ്ട ചികിത്സ കൃത്യസമയത്ത് കിട്ടാതെ വരുന്ന സാഹചര്യങ്ങളിൽ, ചിലപ്പോൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറുണ്ട്. അവരെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ശരിയല്ല എന്ന് വധശിക്ഷയെ എതിർക്കുന്നവർ വാദിച്ചു കാണാറുണ്ട്.

iii. നികുതിപ്പണം കൂടുതൽ ചെലവാകുക വധശിക്ഷയിൽ

ശരിയാണ് ആജീവനാന്തം ഒരാളെ തടവിൽ പാർപ്പിക്കുന്നതിനേക്കാൾ ചെലവ് കുറവ് അയാളെ നിമിഷനേരം കൊണ്ട് തൂക്കിലിട്ടു കൊല്ലാൻ തന്നെയാണ്. എന്നാൽ, നമ്മുടെ നാട്ടിൽ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം, വധശിക്ഷ നടപ്പിലാക്കുന്ന ഘട്ടം വരെയെത്തുന്നതിനിടെ നിരവധി അപ്പീൽ വ്യവസ്ഥകൾ ഉണ്ട്. നിരപരാധികൾ ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കാൻ വേണ്ടി വിഭാവനം ചെയ്യപ്പെട്ടതാണ് ആ വഴികൾ. അതൊക്കെ പ്രയോജനപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചാൽ, കേസ് ഏകദേശം ഒരു ജീവപര്യന്തം തടവ് കാലം വരെയോ അതിൽ കൂടുതലോ നീണ്ടേക്കാം. അപ്പോൾ പിന്നെ ചെലവ്, രണ്ടിനും ഒരു പോലെത്തന്നെ ആയിരിക്കും.

വധശിക്ഷ ഇന്ത്യയിൽ

അത്യപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമാണ് ഇന്ത്യയിൽ വധശിക്ഷ നടപ്പിലാക്കാറുള്ളത്. കഴിഞ്ഞ 24 വർഷങ്ങൾക്കുള്ളിൽ ആകെ നടപ്പിലാക്കപ്പെട്ടത് 5 കഴുവേറ്റങ്ങൾ മാത്രം. അതിലൊന്നാണ്  ധനൻജോയ് ചാറ്റർജിയുടെ വധശിക്ഷ.  ഹേതൽ പരേഖ് എന്ന പതിനാലുകാരി പെൺകുട്ടിയെ 1990 -ൽ കൊൽകൊത്തയിൽ വച്ച് ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിൽ കുറ്റക്കാരൻ എന്ന് വിധിക്കപ്പെട്ട പ്രതിയായിരുന്നു ധനൻജോയ് ചാറ്റർജി. കൊല ചെയ്ത ക്രൂരമായ രീതി, തലയ്ക്കടിച്ച ശേഷം പെൺകുട്ടി മരണത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്ന അവസരത്തിൽ ബലാത്സംഗം ചെയ്യൽ എന്നിവയൊക്കെ വധശിക്ഷ നൽകത്തക്ക വിധം നിഷ്ടൂരമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇന്ത്യൻ പ്രസിഡന്റിന് ദയാഹർജി നൽകിയെങ്കിലും അത് തള്ളപ്പെട്ടു. ചാറ്റർജിയെ 2004 ആഗസ്റ്റ് 14-ൻ തൂക്കിക്കൊന്നു.1995-ൽ ഓട്ടോ ശങ്കറിനെ തൂക്കിക്കൊന്ന ശേഷം ഇന്ത്യയിൽ നടന്ന ആദ്യ വധശിക്ഷയായിരുന്നു അത്. 

Capital Punishment : How effective is the Death Sentence in stopping the recurrence of worst crimes

അതിനുശേഷം, 2012 നവംബർ 21 -ന് രാവിലെ 7.30 -ന് മുംബൈ ഭീകരാക്രമണ കേസിൽ ജീവനോടെ പിടിക്കപ്പെട്ട പ്രതി അജ്മൽ കസബിനെ പുനെയിലെ യെർവാദ ജയിലിൽ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി. 2011 ഫെബ്രുവരി 21 -ന് മുംബൈ ഹൈക്കോടതി കസബിന്റെ വധശിക്ഷ ശരിവെച്ചിരുന്നു. ഇതിനെ തുടർന്ന് വധശിക്ഷ റദ്ദുചെയ്യുന്നതിനായി പ്രതി സ്‌പ്രേയിം കോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 21 -ന് സുപ്രീംകോടതിയും കീഴ്ക്കോടതി വിധികൾ ശരിവെച്ചു. ഇതിനെതിരായി 2012 ആഗസ്റ്റ് 29 -ന് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. തുടർന്ന് രാഷ്ട്രപതി പ്രണബ് മുഖർജി മുൻപാകെ കസബ് ദയാഹർജി സമർപ്പിച്ചുവെങ്കിലും നവംബർ 5 -ന് അദ്ദേഹവും അത് നിരാകരിച്ചു. ഇതിനെത്തുടർന്നായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. 

അതിനുശേഷം 2013 ഫെബ്രുവരി 09 -ന്, പാർലമെന്റ് ആക്രമണക്കേസിൽ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ വെച്ച് തൂക്കിക്കൊന്നു. സുരക്ഷാപ്രശ്നങ്ങളെ മുൻ നിർത്തി അതിരഹസ്യമായി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുകയായിരുന്നു സർക്കാർ. കഴുവേറ്റി രണ്ടുദിവസം കഴിഞ്ഞാണ് ആ വിവരമറിയിച്ചുകൊണ്ടുള്ള കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. ഇന്ത്യയിൽ ഏറ്റവും അവസാനമായി തൂക്കിലേറ്റപ്പെട്ടത് യാക്കൂബ് മേമനാണ്. 1993 -ലെ ബോംബെ സ്ഫോടനപരമ്പരയിലെ പങ്കാളിത്തം ശരിവെച്ച ടാഡ കോടതി മേമന് 2007 ജൂലൈ 7 -ന് വധശിക്ഷ വിധിച്ചു.  ദയാഹർജികൾ എല്ലാം നിരസിക്കപ്പെട്ടതിനെ തുടർന്ന് 2015 ജൂലൈ 30 -ന് നാഗ്പൂർ ജയിലിൽ വച്ച് യാക്കൂബ് മേമനെ തൂക്കിലേറ്റി.

ഇപ്പോൾ ഇതാ നിർഭയ കേസിൽ, പ്രതികകളായ നാലുപേരെ തൂക്കിലേറ്റാനുള്ള വിധി നടപ്പിലാക്കുന്ന ഘട്ടം എത്തിയിരിക്കുകയാണ്. ജനുവരി 22 -ന് ശിക്ഷ നടപ്പിലാക്കാൻവേണ്ടിയുള്ള മരണവാറണ്ട് പുറപ്പെടുവിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന ഈ വേളയിൽ തിഹാർ ജയിലിൽ നിന്നുള്ള വാർത്തകൾക്ക് കാതോർക്കുകയാണ് ഇന്ത്യ.
 

Follow Us:
Download App:
  • android
  • ios