വാഹനങ്ങൾക്ക് ഒരു തരത്തിലും മുന്നോട്ടുപോകാൻ സാധിക്കാത്ത‌വിധം വലിയ ഗതാഗത സ്തംഭനമാണ് റോഡിൽ അനുഭവപ്പെട്ടത്. ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

മുംബൈയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട വിചിത്രമായ ഒരു സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോദൃശ്യങ്ങളിൽ റോഡിന് നടുവിൽ നിർത്തിയിട്ടിരിക്കുന്ന ഒരു കാറും അതിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ഒരു നായയുമാണ് ഉള്ളത്.

തിരക്കേറിയ റോഡിൽ നിർത്തിയിട്ട ഈ കാർ വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്ത വ്യക്തിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സാമൂഹികബോധം തെല്ലുമില്ലാത്തവരെ കൊണ്ട് നമ്മുടെ നാട് നിറഞ്ഞു എന്നാണ് സോഷ്യൽ മീഡിയ യൂസർമാർ അഭിപ്രായപ്പെട്ടത്.

റിപ്പോർട്ടുകൾ പ്രകാരം അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാല മാർക്കറ്റ് റോഡിലാണ് സംഭവം നടന്നത്. അന്ധേരി ലോഖണ്ഡ്‌വാല ആൻഡ് ഓഷിവാര സിറ്റിസൺസ് ഓർഗനൈസേഷൻ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ, ഒരു ചുവന്ന ഹോണ്ട ബ്രിയോ കാറാണ് റോഡിന്റെ മധ്യഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്നത്.

Scroll to load tweet…

വാഹനങ്ങൾക്ക് ഒരു തരത്തിലും മുന്നോട്ടുപോകാൻ സാധിക്കാത്ത‌വിധം വലിയ ഗതാഗത സ്തംഭനമാണ് റോഡിൽ അനുഭവപ്പെട്ടത്. ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ദൃശ്യങ്ങളിൽ, ബസ് കണ്ടക്ടർ പുറത്തിറങ്ങി കാർ ഡ്രൈവറെ തിരഞ്ഞു നടക്കുന്നതും കാണാം. എന്നാൽ, ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്ന ഒരു നായയെ മാത്രമാണ് അതിൽ കാണാൻ കഴിയുന്നത്. വാഹന ഉടമയുടേത് ആയിരിക്കാം ഈ നായ എന്നാണ് അനുമാനം.

മുംബൈ ട്രാഫിക് പോലീസിനെ എക്‌സിൽ (ട്വിറ്റർ) ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട മുംബൈ പോലീസ് വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും ഇതിന് കാരണക്കാരായ വ്യക്തികളുടെ മുഴുവൻ വിലാസം നൽകാനും സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.