Asianet News MalayalamAsianet News Malayalam

അപൂർവ ഇനം മാംസഭോജിയായ സസ്യത്തെ കണ്ടെത്തി, ഇരകളെ കെണിയിൽ പിടിക്കും

ശുദ്ധജലത്തിലും നനഞ്ഞ മണ്ണിലുമാണ് മാംസഭുക്കുകളായ ഇത്തരം ചെടികളെ കൂടുതലായി കണ്ടുവരുന്നത്. സാധാരണ സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ ആവശ്യമായ പോഷകങ്ങൾ എടുക്കുമ്പോൾ, ഇവ പ്രാണികളെ കെണിവെച്ച് പിടിച്ചാണ് ഭക്ഷണവും പോഷണവും ക്രമീകരിക്കുന്നത്.

carnivorous plant found at Uttarakhand
Author
Uttarakhand, First Published Jun 27, 2022, 12:06 PM IST

ഉത്തരാഖണ്ഡിൽ ഒരു അപൂർവ ഇനം മാംസഭോജിയായ സസ്യത്തെ കണ്ടെത്തി. ചമോലി ജില്ലയിലെ മണ്ഡൽ താഴ്‌വരയിലാണ് ഈ അപൂർവ ഇനത്തെ കണ്ടെത്തിയത്. 'യുട്ടിക്കുലാരിയ ഫർസെല്ലറ്റ' എന്നാണ് അതിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്.  റേഞ്ച് ഓഫീസർ ഹരീഷ് നേഗി, ജൂനിയർ റിസർച്ച് ഫെല്ലോ മനോജ് സിംഗ് എന്നിവരടങ്ങുന്ന ഉത്തരാഖണ്ഡ് വനം വകുപ്പിന്റെ ഗവേഷണ സംഘമാണ് ഇത് കണ്ടെത്തിയത്.

പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ചെടി കണ്ടെത്തുന്നതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (റിസർച്ച്) സഞ്ജീവ് ചതുർവേദി പറഞ്ഞു. ഉത്തരാഖണ്ഡ് വനം വകുപ്പിന് ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 സെപ്റ്റംബറിലായിരുന്നു കണ്ടെത്തൽ. ബ്ലാഡർവോർട്ട്സ് എന്നറിയപ്പെടുന്ന ഒരു ജനുസ്സിൽ പെട്ടതാണ് ഈ ചെടി. തിളങ്ങുന്ന വയലറ്റ് പൂക്കളുള്ള ഇത് സാധാരണയായി വടക്കുകിഴക്കൻ ഇന്ത്യയിലും തായ്‌ലൻഡിലുമാണ് കണ്ടു വന്നിരുന്നത്. എന്നാൽ, 1986 -ന് ശേഷം, ഈ ഇനത്തെ ഇന്ത്യയുടെ ഒരു ഭാഗത്തുനിന്നും ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സഞ്ജീവ് ചതുർവേദി പറയുന്നു. 

ഉത്തരാഖണ്ഡിലെ മാംസഭുക്കുകളായ സസ്യങ്ങളെക്കുറിച്ചുള്ള ഒരു പദ്ധതിയുടെ കീഴിൽ നടന്ന പഠനത്തിലാണ് ചെടി കണ്ടെത്തിയത്. ഈ പ്രദേശം ഒരു വിനോദസഞ്ചാര കേന്ദ്രത്തിലായതിനാൽ ഈ ഇനം ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്. പ്രാണികളെ പിടിക്കാനുള്ള ഏറ്റവും നൂതനവും വികസിതവുമായ കെണികളുള്ള ചെടികളിൽ ഒന്നാണിത്. ഇത് ഏക കോശ പ്രാണികളെ മുതൽ വലിയ ബഹുകോശ പ്രാണികളെ വരെയും കെണിയിൽ പെടുത്തി കൊല്ലുന്നു. കൂടാതെ, കൊതുക് മുട്ടകൾ, ചെറിയ വാൽമാക്രികൾ എന്നിവയെയും അവ അകത്താകുന്നു. 

ശുദ്ധജലത്തിലും നനഞ്ഞ മണ്ണിലുമാണ് മാംസഭുക്കുകളായ ഇത്തരം ചെടികളെ കൂടുതലായി കണ്ടുവരുന്നത്. സാധാരണ സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ ആവശ്യമായ പോഷകങ്ങൾ എടുക്കുമ്പോൾ, ഇവ പ്രാണികളെ കെണിവെച്ച് പിടിച്ചാണ് ഭക്ഷണവും പോഷണവും ക്രമീകരിക്കുന്നത്. പോഷകാഹാരക്കുറവുള്ള മണ്ണിൽ സാധാരണയായി വളരുന്ന മാംസഭോജികളായ സസ്യങ്ങൾക്ക് ഔഷധഗുണങ്ങൾ ഏറെയാണ്. ഇതുമൂലം ശാസ്ത്രസമൂഹം അതിനെ കുറിച്ച് കൂടുതലായി ഇപ്പോൾ പഠിക്കാൻ ശ്രമിക്കുന്നു. ഉത്തരാഖണ്ഡ് വനംവകുപ്പിന്റെ ഈ കണ്ടെത്തൽ പ്രശസ്തമായ 'ജേണൽ ഓഫ് ജാപ്പനീസ് ബോട്ടണി'യിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സസ്യവർഗ്ഗീകരണത്തെയും സസ്യശാസ്ത്രത്തെയും കുറിച്ച് പറയുന്ന 106 വർഷം പഴക്കമുള്ള ഒരു ജേർണലാണ് അത്.  

Follow Us:
Download App:
  • android
  • ios