തന്‍റെ പ്രിയപ്പെട്ട പൂച്ചയെ അങ്ങനെ ഉപേക്ഷിക്കാൻ കാറ്റിക്ക് കഴിയുമായിരുന്നില്ല. അങ്ങനെ അവനെ കണ്ടെത്തുന്നതിന് വേണ്ടി അവൾ ഒരു ഡിറ്റക്ടീവിനെ നിയോ​ഗിക്കുകയായിരുന്നു. ഇത് കേട്ടതോടെ ആളുകൾ അന്തം വിട്ടു.

വളർത്തുമൃ​ഗങ്ങളെന്നാൽ ഇന്ന് ഓരോരുത്തർക്കും സ്വന്തം വീട്ടിലെ അം​ഗങ്ങൾ തന്നെയാണ്. സ്വന്തം മക്കളെ പോലെ അവയെ കാണുന്നവരാണ് ഏറെയും. ഉടമകൾ എന്ന പദത്തിന് പകരം പലരും ഇന്ന് ഉപയോ​ഗിക്കുന്നത് പെറ്റ് മാം, പെറ്റ് ഡാഡ് എന്നൊക്കെയാണ്. അതുകൊണ്ടൊക്കെ തന്നെ തങ്ങളുടെ പ്രിയപ്പെട്ട പട്ടിയേയോ പൂച്ചയേയോ ഒക്കെ കാണാതായാൽ ഉടമകൾക്ക് സഹിക്കില്ല. ഇവിടെ ഒരു യുവതി കാണാതായ തന്റെ പൂച്ചയെ കണ്ടെത്തുന്നതിന് വേണ്ടി വൻ തുക നൽകി ഒരു പെറ്റ് ഡിറ്റക്ടീവിനെ വച്ചതാണ് ഇപ്പോൾ വാർത്തയാവുന്നത്. 

യുകെ -യിലാണ് സംഭവം. കാറ്റി കാർ എന്ന 24 -കാരിയാണ് പൂച്ചയെ കണ്ടെത്തുന്നതിന് വേണ്ടി ഡിറ്റക്ടീവിനെ നിയമിച്ചത്. യോർക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണ് കാറ്റി. കാറ്റിയുടെ ഒരു വയസുള്ള വിൻസ്റ്റൺ എന്ന പൂച്ചയേയാണ് മാഞ്ചസ്റ്ററിലെ അവളുടെ വീട്ടിൽ‌ നിന്നും കാണാതായത്. ആദ്യത്തെ ആഴ്ച തങ്ങൾ എല്ലായിടത്തും തെരഞ്ഞു. അവനെ കണ്ടെത്താനായില്ല. ഞങ്ങളുടെ പ്രതീക്ഷ വരെ നഷ്ടപ്പെട്ടിരുന്നു എന്നാണ് കാറ്റി പറയുന്നത്. 

എന്നാൽ, തന്‍റെ പ്രിയപ്പെട്ട പൂച്ചയെ അങ്ങനെ ഉപേക്ഷിക്കാൻ കാറ്റിക്ക് കഴിയുമായിരുന്നില്ല. അങ്ങനെ അവനെ കണ്ടെത്തുന്നതിന് വേണ്ടി അവൾ ഒരു ഡിറ്റക്ടീവിനെ നിയോ​ഗിക്കുകയായിരുന്നു. ഇത് കേട്ടതോടെ ആളുകൾ അന്തം വിട്ടു. ഏകദേശം 80000 -ത്തിനും മുകളിൽ രൂപയാണ് അവൾ പൂച്ചയെ അന്വേഷിച്ച് കണ്ടെത്തുന്നതിനായി ഇയാൾക്ക് നൽകിയത്. എന്നാൽ, 72 മണിക്കൂർ ശ്രമിച്ചിട്ടും അയാൾക്കും പൂച്ചയെ കണ്ടെത്താനായില്ല. അതോടെ അവളുടെ പ്രതീക്ഷ പൂർണമായും നഷ്ടപ്പെട്ടു എന്ന അവസ്ഥ വന്നു. 

എന്നാലും അവൾ തിരച്ചിൽ അവസാനിപ്പിച്ചില്ല. പോസ്റ്ററുകളൊട്ടിച്ചും വഴിയിൽ കാണുന്നവരോടെല്ലാം അന്വേഷിച്ചും അവൾ തിരച്ചിൽ‌ തുടർന്നു. ഒടുവിൽ, 12 മൈൽ അകലെ നിന്നും വിൻസ്റ്റണെ കണ്ടെത്തി. കണ്ടെത്തുമ്പോൾ വളരെ വളരെ മോശം ആരോ​ഗ്യസ്ഥിതിയിലായിരുന്നു അവൻ. അവന്റെ കാഴ്ചയും കേൾവിശക്തിയും നഷ്ടപ്പെട്ടിരുന്നു. മൃ​ഗഡോക്ടർക്ക് പോലും അവൻ ജീവിച്ചിരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. ഏഴുലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് അവൾ പൂച്ചയെ ചികിത്സിച്ചത്. ആഴ്ചകളോളം അവൻ പ്രത്യേക പരിചരണത്തിലായിരുന്നു. അവൻ അതിജീവിച്ചത് തന്നെ അദ്ഭുതമാണ് എന്നാണ് കാറ്റി പറയുന്നത്. 

എന്നാലും ഒരു പൂച്ചയ്ക്ക് വേണ്ടി ആരെങ്കിലും ഇത്രയൊക്കെ ചെയ്യുമോ എന്നാണോ ചിന്തിക്കുന്നത്. കാറ്റി അവളെ വിളിക്കുന്നത് കാറ്റ് മോം എന്നാണ്. ഒരു മകന് വേണ്ടി അമ്മ ചെയ്യുന്നത് തന്നെയാവാം കാറ്റിയും ചെയ്തത്. 

വായിക്കാം: വയസ് 97, ഫിറ്റ്‍നെസ്സിൽ വിട്ടുവീഴ്ചയില്ല, യങ് ആൻഡ് ഹെൽത്തി ആയിരിക്കാൻ ടിപ്സ് ഇത്... 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo