Asianet News MalayalamAsianet News Malayalam

കഴിഞ്ഞ വർഷം ഇന്ത്യയിൽ കാണാതായത് 43000 -ത്തിലധികം കുട്ടികളെ? ഈ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് രണ്ട് തവണ

മീനയും ഭർത്താവ് കാനുവും മകനെ തിരികെ കിട്ടിയതിൽ അതിയായി സന്തോഷിച്ചു. എങ്കിലും അവരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജൂൺ 9 -ന്, സംഭവം നടന്ന് രണ്ടുമാസത്തിനുശേഷം അവനെ വീണ്ടും കാണാതായി. 

child missing in india
Author
Gujarat, First Published Jul 15, 2021, 1:13 PM IST

ഗുജറാത്തിലെ ഗാന്ധിനഗർ സിറ്റിയിലെ ഒരു കൂലിത്തൊഴിലാളിയാണ് മീന വാഡി. രണ്ട് മാസത്തിനുള്ളിൽ രണ്ടുതവണയാണ് അവരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇപ്പോൾ മകൾ കൺ മുൻപിൽ നിന്ന് മാറിയാൽ ആ അമ്മയ്ക്ക് വെപ്രാളമാണ്. പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതിന്റെ പിറ്റേ ദിവസമാണ് ആദ്യമായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നത്. കഴിഞ്ഞ ഏപ്രിൽ 1-ന് രാവിലെ മീന പ്രസവിച്ച ആശുപത്രിയിലെ നഴ്‌സാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ അവരെ കാണാൻ വീട്ടിൽ വന്നു. കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ് നൽകണമെന്നും, ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകണമെന്നും അവൾ ആവശ്യപ്പെട്ടു. അതിനെ തുടർന്ന് മീന കുഞ്ഞിനെയെടുത്ത് യുവതിക്കൊപ്പം ആശുപത്രിയിലേയ്ക്ക് പോയി. മീനയോട് പുറത്ത് നില്ക്കാൻ ആവശ്യപ്പെട്ട് യുവതി കുഞ്ഞിനെയും എടുത്ത് അകത്തേയ്ക്ക് നടന്നു.  

മണിക്കൂറുകൾ കടന്നുപോയി, പക്ഷേ ആ സ്ത്രീ തിരിച്ച് വന്നില്ല. പരിഭ്രാന്തയായ മീന അവളെ തിരയാൻ തുടങ്ങി. മീനയുടെ ഉറക്കെയുള്ള  നിലവിളി കേട്ട് സെക്യൂരിറ്റി ഗാർഡുകൾ ഓടിയെത്തി, കാര്യം തിരക്കി. തുടർന്ന് അവർ പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ സ്ത്രീയുടെ പേരോ, മറ്റ് വിവരങ്ങളോ പറയാൻ മീനക്കായില്ല. ഒടുവിൽ പൊലീസ് അവിടെയുള്ള ക്യാമറകൾ പരിശോധിച്ചു. അതിലൊന്നിൽ ഒരു സ്ത്രീ സാരിക്കടിയിൽ ഒരു വലിയ കെട്ടും വച്ച് നടന്നു പോകുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന്, അഞ്ഞൂറോളം റിക്ഷാ ഡ്രൈവർമാരെ പൊലീസ് ചോദ്യം ചെയ്തു. അങ്ങനെ ക്യാമറയിൽ പതിഞ്ഞ ആ സ്ത്രീ ഒരു റിക്ഷയിൽ കയറി അയൽ ഗ്രാമത്തിലേക്ക് പോയി എന്ന് പൊലീസ് മനസ്സിലാക്കി. അതൊരു കുഞ്ഞായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുകയും ചെയ്‌തു. യുവതിയെ അവസാനമായി കണ്ടുവെന്ന് പറയുന്ന ഒരു ഗ്രാമത്തിലേക്ക് പൊലീസ് പോയി. അവിടെ ഒരൊഴിഞ്ഞ ഫാമിൽ കുറെ വസ്ത്രങ്ങളും, ഒരു സ്ത്രീയുടെ ആധാർ കാർഡും കണ്ടെത്തി. ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ ആധാറിൽ കണ്ട വിലാസം അന്വേഷിച്ച് പോയി.  

അവിടെ എത്തിയ അവർ ഒരു കുഞ്ഞിയും സ്ത്രീയെയും കണ്ടു. പക്ഷേ കുഞ്ഞ് മീനയുടേതായിരുന്നില്ല. തന്റെ ഭർത്താവ് പണ്ടേ മറ്റൊരു സ്ത്രീയുമായി ഒളിച്ചോടി പോയതാണെന്നും, ഇപ്പോൾ മറ്റൊരിടത്താണ് താമസമെന്നും യുവതി പൊലീസിനോട് പറഞ്ഞു. അവർ കണ്ടെത്തിയ ഐഡി ഉൾപ്പെടെ സാധനങ്ങൾ ഭർത്താവ് മോഷ്ടിച്ചതാണെന്നും അവൾ പറഞ്ഞു. തന്റെ കൈയിലുള്ള കുഞ്ഞ് രണ്ടാമത്തെ വിവാഹത്തിലേതാണെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് പൊലീസ് അവളുടെ ഭർത്താവിനെ അന്വേഷിക്കാൻ തുടങ്ങി. അവിടെ എത്തിയ പൊലീസ് അയാൾക്കൊപ്പം ഒരു കുട്ടിയെ കണ്ടെത്തി. ഡിഎൻ‌എ പരിശോധനയിൽ ഈ കുഞ്ഞ് മീനയുടേതാണെന്ന് സ്ഥിരീകരിച്ചു. അയാളെയും, രണ്ടാം ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും, പിന്നീട് ജാമ്യത്തിൽ വിട്ടു.

മീനയുടെ കുഞ്ഞിനെ താൻ തട്ടിക്കൊണ്ടുപോയതാണെന്നും, ഭർത്താവിന്റെ ആദ്യ ഭാര്യയെ പ്രതിയാക്കാൻ വ്യാജമായി വസ്ത്രവും ഐഡിയും ഫാമിലും വലിച്ചെറിഞ്ഞതാണെന്നും യുവതി സമ്മതിച്ചു. മീനയുടെ അതെ ആശുപത്രിയിലാണ് അവളും പ്രസവിച്ചത്. എന്നാൽ താൻ പ്രസവിച്ച കുഞ്ഞ് പ്രസവത്തോടെ മരിച്ചുവെന്നും, ഒരു മകനെ പ്രസവിക്കാൻ സാധിക്കാത്ത തന്നെ ഭർത്താവ് ഉപേക്ഷിക്കുമെന്ന് ഭയന്നാണ് മീനയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു.

മീനയും ഭർത്താവ് കാനുവും മകനെ തിരികെ കിട്ടിയതിൽ അതിയായി സന്തോഷിച്ചു. എങ്കിലും അവരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജൂൺ 9 -ന്, സംഭവം നടന്ന് രണ്ടുമാസത്തിനുശേഷം അവനെ വീണ്ടും കാണാതായി. അന്ന് കുഞ്ഞിനെ മരത്തണലിൽ ഉറക്കി കിടത്തി മീന വിറക് ശേഖരിക്കുകയായിരുന്നു. തിരികെയെത്തി നോക്കിയപ്പോൾ തൊട്ടിലിൽ കുഞ്ഞിനെ കാണാനില്ല. അവളും ഭർത്താവും വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് ഓടി. വീണ്ടും, പ്രദേശത്തെ ക്യാമറകൾ പൊലീസ് പരിശോധിച്ചു. കുഞ്ഞിനെ കാണാതായ ദിവസം കുട്ടിയുമായി ഒരാൾ ബൈക്കിൽ പോകുന്നത് അതിൽ അവർ കണ്ടു. ഒടുവിൽ പൊലീസ് ബൈക്കിന്റെ ഉടമയെ കണ്ടെത്തി. എന്നാൽ അന്നേദിവസം താനായിരുന്നില്ല ബൈക്ക് ഓടിച്ചിരുന്നതെന്ന് അയാൾ പൊലീസിനോട് പറഞ്ഞു. അയൽ സംസ്ഥാനമായ രാജസ്ഥാനിൽ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു അത്.  

പൊലീസ് സംഘം രാജസ്ഥാനിലെ പോലീസുമായി ബന്ധപ്പെട്ടു. അവർ ഒരുമിച്ച് സുഹൃത്തിന്റെ വീട്ടിൽ എത്തി. കുഞ്ഞ് അയാൾക്കൊപ്പം ഉണ്ടായിരുന്നു. സ്വന്തമായി ഒരു കുട്ടി ഇല്ലാത്തതിനാലാണ് മീനയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് അയാളും ഭാര്യയും പൊലീസിനോട് പറഞ്ഞു. മീനയുടെ ഭർത്താവിനൊപ്പം ഒരു നിർമ്മാണ സ്ഥലത്ത് ജോലി ചെയ്തിരുന്നയാളാണ് പ്രതി. കുഞ്ഞിനെക്കുറിച്ച് അറിഞ്ഞപ്പോൾ അയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ നാല് ദിവസത്തിന് ശേഷം മീന വീണ്ടും മകനുമായി ഒന്നിച്ചു. ഇപ്പോൾ കുഞ്ഞ് സുരക്ഷിതനാണോ എന്ന് പരിശോധിക്കാൻ പൊലീസ് പതിവായി കുടുംബത്തെ സന്ദർശിക്കുന്നു.  

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല നമ്മുടെ രാജ്യത്ത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 43,000 -ത്തിലധികം കുട്ടികളെ കാണാതായതായി വനിതാ ശിശു വികസന മന്ത്രാലയം പറയുന്നു. ഗുജറാത്തിൽ മാത്രം പ്രതിവർഷം മൂവായിരത്തി അഞ്ഞൂറോളം കുട്ടികളെയാണ് കാണാതാകുന്നത്. എന്നാൽ, പാവപ്പെട്ട മാതാപിതാക്കൾ അപൂർവ്വമായി മാത്രമാണ് പൊലീസിൽ പരാതിപ്പെടുന്നത്. പെൺമക്കൾക്ക് പകരം ആൺമക്കളുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും ഇതിനൊരു കാരണമാണ്. "അവർക്ക്  ആൺമക്കളെ തന്നെ വേണം. ഈ പ്രവണത കാരണം ആളുകൾ ദരിദ്ര കുടുംബങ്ങളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു" ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ ദീപക് വ്യാസ് ബിബിസിയോട് പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios