Asianet News MalayalamAsianet News Malayalam

ഫെർട്ടിലിറ്റി ചികിത്സയിലൂടെ പിറന്ന മകൻ, ജീവനാംശം നൽകില്ലെന്ന് പിതാവ്; 'പിതൃത്വം' തെളിയിച്ച് കോടതി

വുവിന്റെ ആദ്യ വിവാഹമോചന അഭ്യർത്ഥന കോടതി നിരസിച്ചു. തുടർന്ന്, 2022 ജൂലൈയിൽ, വു വീണ്ടും വിവാഹമോചനത്തിന് അപേക്ഷിച്ചു. കുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത വു കുഞ്ഞ് ടാനിന് വിവാഹേതര ബന്ധത്തിൽ ഉണ്ടായതാണെന്ന് ആരോപിച്ചു.

china court orders man to give child support after he said test tube son is not his rlp
Author
First Published Jan 17, 2024, 3:39 PM IST

വിവാഹമോചനത്തിനു ശേഷം ഫെർട്ടിലിറ്റി ചികിത്സയിലൂടെ ജനിച്ച കുഞ്ഞിന് ജീവനാംശം നൽകാൻ തയ്യാറാകാതിരുന്ന പിതാവിനെതിരെ നടപടിയെടുത്ത് കോടതി. കുട്ടിയുടെ പിതാവ് താനല്ല എന്ന ആരോപണം ഉയർത്തിയാണ് ഇയാൾ പിതൃത്വം ഏറ്റെടുക്കാതിരുന്നത്. എന്നാൽ, ഇയാളുടെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത് കോടതി ജീവനാംശം നൽകാൻ ഉത്തരവിടുകയായിരുന്നു. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള വു എന്ന വ്യക്തിക്ക് എതിരെയാണ് കോടതി നടപടി സ്വീകരിച്ചത്.

വിവാഹം കഴിഞ്ഞ് ദീർഘകാലമായി കുട്ടികളുണ്ടാകാതിരുന്ന വു ഭാര്യ ടാനിനോടൊപ്പം ഫെർട്ടിലിറ്റി ചികിത്സ നടത്തിയതിനുശേഷം ആണ് ഇവർക്ക് 2011 ഏപ്രിൽ മാസത്തിൽ ഒരു കുഞ്ഞു പിറന്നത്. ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ ടെസ്റ്റ് ട്യൂബ് രീതി ഉപയോഗിക്കാൻ ടാൻ ആണ് വുവിനോട് നിർദ്ദേശിച്ചത്. അതിന് അയാൾ സമ്മതം അറിയിക്കുകയും ചെയ്തു. എന്നാൽ, കുഞ്ഞു ജനിച്ചത് മുതൽ അവരുടെ ദാമ്പത്യം മോശമാവുകയും കുട്ടിയുടെ പിതാവ് താനല്ല എന്ന ചിന്ത വുവിൽ വളരുകയും ചെയ്തു. തുടർന്നാണ് ഇരുവരും വിവാഹമോചിതരാകാൻ തീരുമാനിച്ചത്. 

വുവിന്റെ ആദ്യ വിവാഹമോചന അഭ്യർത്ഥന കോടതി നിരസിച്ചു. തുടർന്ന്, 2022 ജൂലൈയിൽ, വു വീണ്ടും വിവാഹമോചനത്തിന് അപേക്ഷിച്ചു. കുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത വു കുഞ്ഞ് ടാനിന് വിവാഹേതര ബന്ധത്തിൽ ഉണ്ടായതാണെന്ന് ആരോപിച്ചു. എന്നാൽ, ടാൻ ഫെർട്ടിലിറ്റി ചികിത്സയ്ക്ക് വു നൽകിയ സമ്മതപത്രം കോടതിയിൽ സമർപ്പിച്ച് തന്റെ ഭാഗം വ്യക്തമാക്കി. ഇരുവർക്കും കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും കുട്ടിയുടെ പിതൃത്വം നിഷേധിക്കാൻ വുവിന് അവകാശമില്ലെന്ന് കോടതി ഉത്തരവിട്ടു. ഒപ്പം കുഞ്ഞിന് ജീവനാംശം നൽകണമെന്നും കോടതി വിധിക്കുകയായിരുന്നു. 

പരസ്പര സമ്മതത്തോടെയുള്ള കൃത്രിമ ബീജസങ്കലനത്തിലൂടെ ഗർഭം ധരിക്കുന്ന കുട്ടികളെ വിവാഹ നിയമപ്രകാരം തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള ദമ്പതികളുടെ നിയമാനുസൃത സന്തതികളായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സുപ്രീം കോടതി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios