ഭാവിയുദ്ധങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ചൈന വന്‍ പടയൊരുക്കങ്ങളാണ് നടത്തുന്നത്.  ഇതിനായി നിര്‍മിതബുദ്ധിയില്‍  (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഭാവിയുദ്ധങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ചൈന വന്‍ പടയൊരുക്കങ്ങളാണ് നടത്തുന്നത്. ഇതിനായി നിര്‍മിതബുദ്ധിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഹാര്‍ബിന്‍ എഞ്ചിനീയറിംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. 

കടലില്‍ പതുങ്ങി ഇരുന്ന് ശത്രുക്കപ്പലുകളെ തേടിപ്പിടിച്ച്, ടോര്‍പ്പിഡോ ഉപയോഗിച്ച് ആക്രമിക്കാന്‍ കഴിവുള്ള നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെയാണ് ചൈന വികസിപ്പിക്കുന്നത്. ഈ റോബോട്ടിന് പ്രവര്‍ത്തിക്കാന്‍ മനുഷ്യന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം പോലും ആവശ്യമില്ല. ആളില്ലാ അന്തര്‍വാഹിനി വാഹനങ്ങള്‍ (യുയുവി) 10 വര്‍ഷം മുമ്പ് വികസിപ്പിച്ചെടുത്തതാണ്. അന്ന് നടന്ന പരീക്ഷണത്തില്‍, യുയുവി കൃത്രിമബുദ്ധി ഉപയോഗിച്ച് കടലിനടിയില്‍ ഡമ്മി അന്തര്‍വാഹിനിയെ കണ്ടെത്തുകയും ടോര്‍പ്പിഡോ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു.

തായ്വാന്‍ സ്‌ട്രെറ്റില്‍ നടന്ന പരീക്ഷണത്തില്‍, യുയുവികളെ കടലിടുക്കിന്റെ ഉപരിതലത്തില്‍ നിന്ന് 30 അടി താഴെയാണ് വിന്യസിപ്പിച്ചിരുന്നത്. മനുഷ്യന്റെ മാര്‍ഗനിര്‍ദേശമില്ലാതെ കടലില്‍ ഒളിക്കാനും ശത്രു കപ്പലുകളെ ടോര്‍പ്പിഡോ ഉപയോഗിച്ച് ആക്രമിക്കാനും അതിന് കഴിഞ്ഞു. സോണാര്‍, ഓണ്‍ ബോര്‍ഡ് സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇത് വിവരങ്ങള്‍ പിടിച്ചെടുക്കുന്നതും വിശകലനം ചെയ്യുന്നതും. ഹാര്‍ബിന്‍ എഞ്ചിനീയറിംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ 2010 -ല്‍ എഴുതിയ ഒരു പ്രബന്ധത്തില്‍ ഈ പരീക്ഷണത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ ആഴ്ച മാത്രമാണ് പരസ്യപ്പെടുത്തിയത്.

2010 -ല്‍ വികസിപ്പിച്ചെടുത്ത ഇതിനെ ഗ്രൂപ്പുകളായി തിരിക്കാനും, ഒരേസമയം ശത്രുവിനെ ആക്രമിക്കാനും പ്രോഗ്രാം ചെയ്യാവുന്നതാണെന്നും ഇതിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ലിയാങ് ഗുലോങ് പറഞ്ഞു. തായ്വാനെ പ്രതിരോധിക്കുന്നതിന് ജപ്പാന്‍ യുഎസ് സൈന്യവുമായി ചേരുന്നതിനെതിരെ ചൈന അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ചൈനയുടെ വിചിത്രമായ ഈ പ്രഖ്യാപനം.

വാണിജ്യ, ഷിപ്പിംഗ് കമ്പനികളും നാവികസേനയും യുയുവികള്‍ ഇതിനകം ഉപയോഗിക്കുന്നുവെങ്കിലും, അവയെ ഇതുവരെ യുദ്ധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.