പിന്നീട് നോക്കിയപ്പോൾ കുഞ്ഞിന്റെ കൈവിരൽ വീർത്ത് വരികയും പർപ്പിൾ നിറത്തിലാവുകയും ചെയ്തു. എന്നാൽ, താൻ വളരെ അയച്ചാണ് കുഞ്ഞിന്റെ വിരലിൽ തുണി കെട്ടിയത് എന്നാണ് അമ്മയുടെ വാദം.
ഓൺലൈനിലും മറ്റും നോക്കി എല്ലാത്തിനും പ്രതിവിധി കാണുന്ന അനേകങ്ങൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, അതിൽ ചില കാര്യങ്ങളുണ്ടാക്കുന്ന അപകടങ്ങൾ ചെറുതല്ല. അതുപോലെ ഒരു സംഭവമാണ് അങ്ങ് ചൈനയിൽ നടന്നിരിക്കുന്നത്. കുഞ്ഞ് വായിൽ വിരലിടാതിരിക്കാനായി അമ്മ ചെയ്ത ഒരു കാര്യം കുട്ടിയുടെ വിരലിന് വലിയ പരിക്കാണേല്പിച്ചിരിക്കുന്നത്.
കുഞ്ഞുങ്ങൾ വിരൽ കുടിക്കുന്നത് മിക്കവാറും സ്വാഭാവികമാണ് അല്ലേ? അതുപോലെ തന്റെ കുഞ്ഞും ചെയ്തപ്പോൾ അത് ഇൻഫെക്ഷനും അസുഖങ്ങളുമുണ്ടാക്കുമെന്ന് സംശയിച്ചാണ് അമ്മ പ്രതിവിധിക്കായി ഓൺലൈനിൽ തിരഞ്ഞത്. അവിടെ കണ്ട പ്രതിവിധികളിലൊന്ന് വിരലിൽ തുണി ചുറ്റുക എന്നതായിരുന്നു. അമ്മ അതുപോലെ ചെയ്യുകയും ചെയ്തു.
എന്നാൽ, പിന്നീട് നോക്കിയപ്പോൾ കുഞ്ഞിന്റെ കൈവിരൽ വീർത്ത് വരികയും പർപ്പിൾ നിറത്തിലാവുകയും ചെയ്തു. എന്നാൽ, താൻ വളരെ അയച്ചാണ് കുഞ്ഞിന്റെ വിരലിൽ തുണി കെട്ടിയത് എന്നാണ് അമ്മയുടെ വാദം. മാതാപിതാക്കൾ ജൂലൈ 14 -നാണ് മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഹുനാൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് തങ്ങളുടെ കുഞ്ഞിനെ കൊണ്ടുപോയത്. ലെലെ എന്നായിരുന്നു കുഞ്ഞിന്റെ പേര്.
കുഞ്ഞിന്റെ ചൂണ്ടുവിരലിലെ ചർമ്മത്തിന്റെയും ടിഷ്യുവിന്റെയും ഒരു ഭാഗം നശിച്ചെന്നും പെട്ടെന്ന് തന്നെ ചികിത്സ നൽകിയില്ലെങ്കിൽ ടിഷ്യുവിനുള്ള പരിക്ക് കാരണം വിരൽ തന്നെ മുറിച്ചുമാറ്റേണ്ടി വരുമെന്നുമാണ് ഡോക്ടർ ലുവോ യുവാൻയാങ് മുന്നറിയിപ്പ് നൽകിയത്. അതുപോലെ, കുട്ടികൾ വിരൽ കുടിക്കുന്നത് സാധാരണമാണ് എന്നും രണ്ടോ മൂന്നോ വയസാകുമ്പോൾ അത് താനേ നിന്നോളുമെന്നും ഡോക്ടർ പറഞ്ഞു.
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ജീവനും തന്നെ ഭീഷണിയാവുന്ന ഇത്തരം ടിപ്പുകൾ ഓൺലൈനുകളിൽ നിന്നും സ്വീകരിച്ച് അതുപോലെ ചെയ്യരുത് എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
