അഞ്ച് മില്ല്യണ്‍ ആളുകള്‍ കണ്ട വീഡിയോയില്‍ ഹു പറയുന്നത്, താന്‍ കൃത്യമായി വ്യായാമം ചെയ്യുന്ന ആളാണ്, ഹെല്‍ത്തി ഡയറ്റ് നോക്കുന്നുണ്ട്, അതിനാല്‍ തന്നെ ഈ ജോലി തനിക്ക് ചെയ്യാനാവും എന്നാണ്.

പ്രായപരിധി കാരണം 'നോർവീജിയൻ എയർ ഷട്ടിലി'ല്‍ നിന്നും ജോലി നഷ്ടപ്പെട്ട ഒരു അമ്പത് വയസുള്ള ചൈനീസ് ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ തേടി അനേകം ജോലി ഓഫറുകള്‍. ഇവരുടെ അനുഭവം ഇപ്പോള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായിരിക്കുകയാണ്. പ്രായപരിധി നിശ്ചയിക്കാത്ത കമ്പനികളില്‍ നിന്നുമാണ് ഇപ്പോള്‍ ഹു എന്ന സ്ത്രീയെ തേടി ജോലി ഓഫറുകള്‍ എത്തിയിരിക്കുന്നത്. 

ആറ് വര്‍ഷമായി ഈ എയര്‍ലൈനു വേണ്ടി ജോലി ചെയ്യുകയാണ് ഹു. എന്നാല്‍, പ്രായപരിധി പറഞ്ഞു കൊണ്ട് അവരെ കമ്പനി പിരിച്ചു വിടുകയായിരുന്നു. പിരിച്ചു വിടപ്പെട്ട ഉടനെ തന്നെ അവര്‍ മറ്റൊരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണവും തുടങ്ങിയിരുന്നു. ഒപ്പം തന്നെ തന്‍റെ ഇംഗ്ലീഷ് മെച്ചപ്പെടുത്താനുള്ള ശ്രമം തുടങ്ങി. അതോടൊപ്പം ഫിന്നിഷും പഠിച്ചെടുത്തു. ചൈനീസ് എയര്‍ലൈന്‍സില്‍ ഹുവിന് ജോലി നോക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം, അവിടെയൊന്നും തന്നെ 40 വയസിന് മുകളിലുള്ളവരെ ജോലിക്ക് എടുക്കുന്നുണ്ടായിരുന്നില്ല. 

ഹുവിന്‍റെ കഥ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഒപ്പം ഈ പ്രായപരിധി കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് പറയുന്നത് അനുസരിച്ച് നാല്‍പത് വയസ് കഴിഞ്ഞാല്‍ സ്ത്രീകളെ ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കുകയും മറ്റ് ചുമതലകള്‍ നല്‍കുകയും ചെയ്യുകയാണ്. 

ചൈനയിലെ ലേബര്‍ നിയമം അനുസരിച്ച് ശാരീരികമായി അധ്വാനം വേണ്ട ജോലികളില്‍ നിന്നും സ്ത്രീകള്‍ 50 -ാമത്തെ വയസിലും പുരുഷന്മാര്‍ 55 -ാമത്തെ വയസിലും വിരമിക്കണം. അതേപോലെ തന്നെ സര്‍ക്കാര്‍ ജോലികളിലടക്കം സ്ത്രീകള്‍ 55 -ാമത്തെ വയസില്‍ വിരമിക്കണം. അവിടെയും പുരുഷന്മാര്‍ 60 -ാമത്തെ വയസില്‍ വിരമിച്ചാല്‍ മതി. 

അഞ്ച് മില്ല്യണ്‍ ആളുകള്‍ കണ്ട വീഡിയോയില്‍ ഹു പറയുന്നത്, താന്‍ കൃത്യമായി വ്യായാമം ചെയ്യുന്ന ആളാണ്, ഹെല്‍ത്തി ഡയറ്റ് നോക്കുന്നുണ്ട്, അതിനാല്‍ തന്നെ ഈ ജോലി തനിക്ക് ചെയ്യാനാവും എന്നാണ്. അതോടെ വലിയ ചര്‍ച്ചകള്‍ ഇതേ ചൊല്ലി നടന്നു. 'മുപ്പത് വയസിന് മുകളിലായവര്‍ക്ക് ചൈനയില്‍ ഒരു ജോലി കിട്ടാന്‍ പ്രയാസമാണ്. 40 വയസോ അതിന് മുകളിലോ ആയവരെ വയസന്മാരായാണ് കമ്പനികള്‍ കണക്കാക്കുന്നത്' എന്ന് ഒരു Douyin യൂസര്‍ എഴുതി. 

ഏതായാലും, ഹു -വിന് അനേകം ജോലി ഓഫറുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നിരവധിപ്പേരാണ് അവളെ അഭിനന്ദിച്ച് കൊണ്ട് മുന്നോട്ട് വന്നത്. നിങ്ങളൊരു പ്രചോദനമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. 

(ചിത്രം പ്രതീകാത്മകം)