Asianet News MalayalamAsianet News Malayalam

റെസ്റ്റോറന്റിൽ വിളമ്പിയത് ഉഗ്രവിഷമുള്ള നീരാളിയെ; ഭക്ഷണം കഴിക്കാൻ എത്തിയ ആൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പോസ്റ്റ് വൈറൽ ആയതോടെ നിരവധി ആളുകൾ ഭക്ഷണം കഴിക്കാനായി എത്തിയ ആൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ചോദ്യവുമായി എത്തി.

chinese restaurant serves venomous octopus
Author
First Published Jan 29, 2023, 2:24 PM IST

ചൈനയിലെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ ആൾക്ക് നൽകിയത് വിഷമുള്ള നീരാളിയെ പാചകം ചെയ്തുണ്ടാക്കിയ ഡിഷ്. ശരീരത്തിൽ നീലവളയങ്ങളുള്ള ഉഗ്രവിഷമുള്ള നീരാളിയെയാണ് പ്ലേറ്റിൽ വിളമ്പിയത്. എന്നാൽ, ഭക്ഷണം കഴിക്കാൻ എത്തിയ ആൾക്ക് സംശയം തോന്നുകയും പ്ലേറ്റിലെ ഭക്ഷണത്തിന്റെ ചിത്രം എടുത്ത് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ വെയ്‌ബോയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഒരാളാണ് ഇത് ഉഗ്രവിഷമുള്ള നീരാളിയാണെന്നും ഒരിക്കലും കഴിക്കരുതെന്നും ചിത്രത്തിന് താഴെ കമൻറ് ചെയ്തത്.

ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ റെസ്റ്റോറന്റിലെത്തിയ ആൾക്കാണ് ഉഗ്രവിഷമുള്ള നീരാളിയെ വിളമ്പിയത്. ഈ നീരാളിയുടെ ഇനം ഏതാണെന്ന് തിരിച്ചറിയാൻ തന്നെ സഹായിക്കണമെന്നും ഇത് തനിക്ക് കഴിക്കാൻ സാധിക്കുന്നതാണെങ്കിൽ  അറിയിക്കണമെന്നും അല്പം ഉൽക്കണ്ഠയോടെയാണ് നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നത് എന്നും ആയിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഇയാൾ കുറിച്ചത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഒരു ഫുഡ് ബ്ലോഗർ ആണ് അദ്ദേഹത്തിന് കൃത്യമായ മറുപടി നൽകിയത്. താങ്കളുടെ പ്ലേറ്റിൽ ഇരിക്കുന്നത് നീല വളയങ്ങൾ ഉള്ള ഉഗ്രവിഷമുള്ള നീരാളിയാണെന്നും ആവിയിൽ വേവിച്ചത് കൊണ്ട് അതിന്റെ വിഷാംശം ഇല്ലാതാകുന്നില്ലെന്നും അത് ഒരിക്കലും ഭക്ഷിക്കരുതെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനുമുമ്പും സാധാരണ നീരാളികൾക്കിടയിൽ ഇത്തരത്തിലുള്ള നീരാളികൾ അബദ്ധത്തിൽ പെട്ടുപോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

പോസ്റ്റ് വൈറൽ ആയതോടെ നിരവധി ആളുകൾ ഭക്ഷണം കഴിക്കാനായി എത്തിയ ആൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ചോദ്യവുമായി എത്തി. ഒടുവിൽ അയാൾ തന്നെ അതിനു മറുപടിയും നൽകി, ബ്ലോഗറുടെ പോസ്റ്റ് കൃത്യസമയത്ത് ശ്രദ്ധയിൽപെട്ടതിനാൽ താനാ ഭക്ഷണം കഴിച്ചില്ലെന്നും റെസ്റ്റോറൻറ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ ആ ഭക്ഷണം അവിടെ നിന്നും നീക്കം ചെയ്തു എന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. 

പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പായ ഓഷ്യൻ കൺസർവൻസിയുടെ അഭിപ്രായത്തിൽ, നീല വളയങ്ങളുള്ള നീരാളികൾ നിരുപദ്രവകാരിയായി കാണപ്പെടുമെങ്കിലും മനുഷ്യനെ എളുപ്പത്തിൽ കൊല്ലാൻ ഇവയ്ക്ക് കഴിയും. പസഫിക് സമുദ്രത്തിൽ നിന്നുള്ള ഈ നീരാളികൾ സാധാരണയായി ഷെല്ലുകളിലോ സമുദ്ര അവശിഷ്ടങ്ങളിലോ വിള്ളലുകളിലോ ഒക്കെയാണ് ഒളിക്കുന്നത്. ഭീഷണി നേരിടുമ്പോൾ ആണ് വേട്ടക്കാർക്ക് മുന്നറിയിപ്പ് നൽകാൻ നീല വളയങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുത്തുന്നത്. ഇതിൽ വീര്യമുള്ള വിഷം അടങ്ങിയിട്ടുണ്ട്, ഏതാനും മിനിറ്റുകൾക്കുള്ളിൽ നിരവധി മനുഷ്യരെ കൊല്ലാൻ മാത്രം ശേഷി ഈ വിഷയത്തിലുണ്ട്. സമുദ്രത്തിന്റെ ആഴത്തിലുള്ള ഏറ്റവും അപകടകാരിയായ സമുദ്രജീവികളിൽ ഒന്നായാണ് ഈ നീരാളികൾ അറിയപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios