200 ചതുരശ്രയടി മാത്രം വിസ്തീര്‍ണമുള്ള ഒരു ഒറ്റമുറി വീട്ടിലാണ് സിനക്കൊപ്പം മൃഗങ്ങളും കഴിയുന്നത്. തന്നോടൊപ്പം താമസിക്കുന്ന പരിക്കേറ്റ ഈ മൃഗങ്ങളെ സിന സംരക്ഷിക്കുകയും അഭയം നല്‍കുകയും ചെയ്യുന്നു.
മുംബൈ: 37 കാരിയായ സിന ശിവദാസാനിയുടെ മുംബൈയിലെ വസതിക്കൊരു സവിശേഷതയുണ്ട്. അവിടെ താമസിക്കുന്നത് മനുഷ്യരല്ല, പകരം മൃഗങ്ങളാണ്. അതും ഒന്നും രണ്ടുമല്ല. 70 ഓളം പൂച്ചകളും നാല് നായ്ക്കളും അടങ്ങുന്ന ഒരു വലിയ കുടുംബമാണ് അവരുടേത്. വളര്‍ത്തു മൃഗങ്ങളെ നോക്കാന്‍ മടിച്ച് വഴിയില്‍ ഉപേക്ഷിക്കുന്ന ഒരു കാലത്ത്, സിനയെ പോലുള്ളവര്‍ ഒരു മാതൃകയാണ്. അവര്‍ ഈ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷത്തിലേറെ കാലമായി.
200 ചതുരശ്രയടി മാത്രം വിസ്തീര്‍ണമുള്ള ഒരു ഒറ്റമുറി വീട്ടിലാണ് സിനക്കൊപ്പം മൃഗങ്ങളും കഴിയുന്നത്. തന്നോടൊപ്പം താമസിക്കുന്ന പരിക്കേറ്റ ഈ മൃഗങ്ങളെ സിന സംരക്ഷിക്കുകയും അഭയം നല്‍കുകയും ചെയ്യുന്നു. തന്റെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം മുറി പങ്കിടുന്നതില്‍ ഒട്ടും ബുദ്ധിമുട്ടില്ല എന്നവര്‍ പറയുന്നു. മൃഗങ്ങളോടുള്ള സ്‌നേഹം മൂലം സിന വീടിന്റെ ഏറിയ ഭാഗവും അവര്‍ക്കായി വിട്ടുകൊടുത്തിരിക്കയാണ്. മയൂര്‍ വില്ലയിലെ അവളുടെ അപ്പാര്‍ട്ട്‌മെന്റില്‍, ഒരടുക്കളയും, ഒരറ്റത്തു അലമാരയും പിന്നെ എണ്ണാന്‍ കഴിയാത്തത്രയും പൂച്ചകളെയും കാണാം. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്താണ്, അവരുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ.
മാധ്യമ പ്രവര്‍ത്തകയായിരുന്ന സിന ഇപ്പോള്‍ ഒരു മൃഗസംരക്ഷകയായി പ്രവര്‍ത്തിക്കുകയാണ്. വളര്‍ത്തുമൃഗങ്ങളുമായുള്ള താമസം പലപ്പോഴും അയല്‍വാസികള്‍ക്ക് ഇഷ്ടപ്പെടാറിലെന്നു അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു സ്ഥലത്തു സ്ഥിരമായി താമസിക്കാന്‍ അവര്‍ക്ക് സാധിക്കാറില്ല. എന്നാലും തന്നെ ആശ്രയിച്ച് ജീവിക്കുന്ന ആ മിണ്ടാപ്രാണികളെ ഉപേക്ഷിക്കാന്‍ അവര്‍ക്ക് മനസ്സ് വരുന്നില്ല. മാധ്, തലോജ, ഒഷിവാര, ഖാര്‍ഗര്‍, നവി മുംബൈ എന്നിവിടങ്ങളിലെ വാടക വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട അവര്‍ ഇപ്പോള്‍ മയൂര്‍ വില്ലയില്‍ അഭയം തേടിയിരിക്കയാണ്. ഈ കുടിയൊഴിപ്പിക്കലുകള്‍ക്കുള്ള പ്രധാന കാരണമായ വളര്‍ത്തുമൃഗങ്ങള്‍, പക്ഷെ അവര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. അവയെ ഏത് സാഹചര്യത്തിലും ഉപേക്ഷിക്കാന്‍ സിന തയ്യാറല്ല.
അവയോടുള്ള സ്‌നേഹം സിനയെ കുറച്ചൊന്നുമല്ല കുഴപ്പത്തിലാക്കിയിട്ടുള്ളത്. ഒരിക്കല്‍ ഒരു വാടക വീടിന്റെ ഉടമ സിനയോട് വീട് ഒഴിയാന്‍ പറയുകയുണ്ടായി. പെട്ടെന്നൊരു വീട് കണ്ടുപിടിക്കാന്‍ സാധിക്കാതെ അവര്‍ ഉടമസ്ഥനോട് കുറച്ചു ദിവസത്തെ സാവകാശം തിരക്കി. എന്നാല്‍ അയാള്‍ 52 ദിവസത്തേക്ക് സിനയുടെ വീട്ടിലേക്കുള്ള വൈദ്യുതി വിതരണം മുടക്കി. അധികം താമസിയാതെ അവരെ പുറത്താക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാന്നെങ്കിലും, വളര്‍ത്തുമൃഗങ്ങളോടുള്ള സിനയുടെ സ്‌നേഹം കൂടിയിട്ടേയുള്ളു.
എന്നും രാവിലെ 7 മണിയോടെ ഉറക്കമുണര്‍ന്ന് അവര്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായി ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങും. ഉണക്ക മത്സ്യത്തിനുപുറമെ അഞ്ച് കിലോ അരി, ചിക്കന്‍, മീന്‍ എന്നിവ അവര്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണമായി കൊടുക്കും. ഇതിനായി 400 ഓളം രൂപയാണ് ചിലവ്. ഈ പോരാട്ടത്തില്‍ അവര്‍ തനിച്ചാണെങ്കിലും, വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുവരുന്ന നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ഈ പ്രദേശത്തുണ്ട്. സിനയുടെ കഥകേട്ട് മനസ്സലിവ് തോന്നി അവരും ചിലപ്പോള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം എത്തിക്കാറുണ്ട്. 37 വയസുകാരിക്ക് തന്റെ പൂച്ചകള്‍ കാരണം നിരവധി പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നതെങ്കിലും, അവയെ പരിപാലിക്കുന്നത്തില്‍ അവര്‍ ഒട്ടും വീഴ്ച വരുത്താറില്ല.
