താപനിലയും ആപ്പിളിന്റെ നിറത്തെ ബാധിക്കുന്ന ഘടകമാണ്. വളരെ നല്ല ചുവപ്പ് നിറമുള്ള ആപ്പിളുകള്‍ കിട്ടുന്നത് തണുത്ത കാലാവസ്ഥയില്‍ വളരുന്ന മരങ്ങളില്‍ നിന്നുമാണ്.
ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ആപ്പിളുകള്‍ ലഭ്യമാണല്ലോ. നിറം കണ്ട് ആകൃഷ്ടരായി ആപ്പിള്‍ വാങ്ങുന്നവര്‍ നമുക്കിടയിലുണ്ട്. യഥാര്‍ഥത്തില്‍ ആപ്പിളുകള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ മനോഹരമായ നിറം ലഭിക്കുന്നത്? ഏതാണ്ട് 7,500 ഇനങ്ങള്‍ ആപ്പിള്‍ എന്ന പഴത്തിനുണ്ട്. വിളവെടുത്ത് കഴിഞ്ഞാല്‍ 180 മുതല്‍ 200 ദിവസം വരെ പോഷകഗുണങ്ങള്‍ നിലനില്‍ക്കുന്ന ഫലമാണ് ആപ്പിള്‍.
ഇന്നത്തെ പുതുമയേറിയ ആപ്പിളുകളുടെ ഉറവിടം യഥാര്‍ഥത്തില്‍ പടിഞ്ഞാറന്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കസാക്കിസ്ഥാനിലെ മലഞ്ചരിലുകളില്‍ ആയിരുന്നു. ഇന്നും ആപ്പിളിന്റെ തനതായ ആദിമരൂപം ഇവിടെ വിളയുന്നുണ്ട്. താഴെ പഴുത്ത് വീഴുന്ന ഫലങ്ങളുടെ സുഗന്ധത്താല്‍ അന്തരീക്ഷം നിറയുന്നു. കഴിഞ്ഞ 50 വര്‍ഷക്കാലയളവിനുള്ളില്‍ ഇത്തരം ആപ്പിളുകളുടെ എണ്ണത്തില്‍ 90 ശതമാനം കുറവ് വന്നിട്ടുണ്ട്. മനുഷ്യന്‍ കണ്ടെത്തിയ സാങ്കേതിക വിദ്യകളും നൂതന കൃഷി സമ്പ്രദായങ്ങളും ഇങ്ങനെ വനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന തനതായ പഴങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു.

മങ്ങിയ മഞ്ഞ നിറത്തിലും ചെറിപ്പഴത്തിന്റെ ചുവപ്പോടു കൂടിയും ഇളം പച്ചനിറത്തിലുമുള്ള ആപ്പിളുകള്‍ ലഭ്യമാണ്. അമേരിക്കയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ചുവന്നതും സ്വര്‍ണവര്‍ണത്തിലുള്ളതുമായ രുചികരമായ ആപ്പിളുകള്‍ ഇന്ന് വിപണിയിലെത്തുന്നു. ആപ്പിളിന്റെ തൊലിയിലെ ചില ജീനുകളുടെ പ്രവര്‍ത്തനഫലമായാണ് ഇത്തരം നിറങ്ങള്‍ ലഭ്യമാകുന്നത്. എന്‍സൈമുകളുടെ ഒരു കൂട്ടം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില തന്‍മാത്രകളെ ആന്തോസയാനിന്‍ എന്ന പിഗ്മെന്റ് ആക്കി മാറ്റുന്നത് ഇത്തരം എന്‍സൈമുകളാണ്. പര്‍പ്പിള്‍ നിറത്തിലുള്ള മധുരക്കിഴങ്ങിനും മുന്തിരിക്കും അത്തരം നിറം ലഭിക്കുന്നതിന് പിന്നിലും ഇതേ എന്‍സൈമുകളാണ്.
ഇത്തരം എന്‍സൈമുകളുടെ അളവ് നിയന്ത്രിക്കുന്നത് MYB10 എന്ന പ്രോട്ടീന്‍ ആണ്. MYB10 ന്റെ അളവ് കൂടുന്നതിനനുസരിച്ച് ആപ്പിളിന്റെ തൊലിയുടെ നിറം കൂടുതല്‍ ചുവപ്പായി മാറും. ചുവന്ന വരകളോടുകൂടിയ ആപ്പിളികളില്‍ ഇത്തരം ഭാഗങ്ങളില്‍ ഈ പ്രോട്ടീനിന്റെ അളവ് കൂടുതലായിരിക്കും.
താപനിലയും ആപ്പിളിന്റെ നിറത്തെ ബാധിക്കുന്ന ഘടകമാണ്. വളരെ നല്ല ചുവപ്പ് നിറമുള്ള ആപ്പിളുകള്‍ കിട്ടുന്നത് തണുത്ത കാലാവസ്ഥയില്‍ വളരുന്ന മരങ്ങളില്‍ നിന്നുമാണ്. താപനില 40 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ മുകളിലാകുമ്പോള്‍ MYB10 എന്ന പ്രോട്ടീനും ആന്തോസയാനിനും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരും. ചൂട് കൂടുന്നതിനനുസരിച്ച് ചുവന്ന ആപ്പിളുകള്‍ ഇളം ചുവപ്പ് നിറത്തിലേക്കും മങ്ങിയ നിറങ്ങളിലേക്കും മാറി വരും. ആപ്പിള്‍ വളര്‍ത്തുന്നത് ചൂട് കൂടുതലുള്ള സ്ഥലങ്ങളിലാണെങ്കില്‍ ചുവന്ന ആപ്പിളുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്.
നിറത്തിനേക്കാള്‍ പ്രധാനം ആപ്പിളിന്റെ രുചി തന്നെയാണെന്ന് ആളുകള്‍ വിലയിരുത്തുന്നു. സോസ് ഉണ്ടാക്കാനും പച്ചയ്ക്ക് കഴിക്കാനും ആപ്പിള്‍ ഉപയോഗിക്കുന്നു. അതുപോലെ തന്നെ സിഡര്‍ എന്നറിയപ്പെടുന്ന മദ്യം പോലെയുള്ള ഒരുതരം പാനീയവും ആപ്പിളിന്റെ നീര് ഉപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്. ആപ്പിള്‍ കാണുമ്പോള്‍ എങ്ങനെയാണെന്നതും എത്രത്തോളം നിറം ഉണ്ടെന്നതും ഇവിടെ കാര്യമാത്രപ്രസക്തമായ സംഗതിയല്ല. കര്‍ഷകര്‍ ആപ്പിളുകള്‍ കൃഷി ചെയ്തുണ്ടാക്കുന്നത് പ്രാദേശിക കമ്പോളത്തില്‍ വിറ്റഴിക്കാനും അവരവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമാണ്.
ചെറുകിട ഫാമുകളില്‍ കൃഷി ചെയ്യുന്നവരെ സംബന്ധിച്ച് ഒരേ വലിപ്പത്തിലും നിറത്തിലുമുള്ള ആപ്പിളുകള്‍ ഉത്പാദിപ്പിക്കുകയെന്നതിനേക്കാള്‍ തങ്ങളുടെ ഉപജീവനത്തിനാവശ്യമായ ഉത്പന്നം മാര്‍ക്കറ്റിലെത്തിക്കുകയെന്നതാണ് പ്രാധാന്യം. പക്ഷേ ദൂരസ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന അവസ്ഥയില്‍ ആപ്പിളിന്റെ നിറത്തിന് പ്രാധാന്യമുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്കായി ആപ്പിള്‍ പറിച്ചെടുക്കുന്നത് നന്നായി പഴുക്കുന്നതിന് മുമ്പാണ്. അങ്ങനെ വരുമ്പോള്‍ ദിവസങ്ങള്‍ യാത്ര ചെയ്ത് ദൂരസ്ഥലങ്ങളിലേക്ക് കയറ്റി അയച്ചാലും പഴുത്ത് ചീഞ്ഞുപോകാതെ ആപ്പിള്‍ കമ്പോളത്തില്‍ എത്തിക്കാന്‍ കഴിയുന്നു.
യഥാര്‍ഥത്തില്‍ മൂപ്പെത്തി പഴുക്കാത്ത ആപ്പിളുകളില്‍ നല്ല ചുവന്ന നിറം ഉണ്ടാകാറില്ല. പക്ഷേ ജീനുകളില്‍ മാറ്റം വരുത്തിയ ആപ്പിളുകളില്‍ പാകമാകുന്നതിന് മുമ്പേ ചുവന്ന നിറം കണ്ടുവരുന്നുണ്ട്.

ഒരു കാലത്ത് കര്‍ഷകര്‍ വളരെ നല്ല രീതിയില്‍ ഉണ്ടാക്കിയിരുന്ന പല ആപ്പിള്‍ ഇനങ്ങളും ഇന്ന് വളരെ ചുരുങ്ങിയ രീതിയിലാണ് ഉത്പാദിപ്പിക്കുന്നത്. മിന്നസോട്ട യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ് ബെഡ്‌ഫോര്‍ഡ് ധാരാളം ചുവന്ന രുചികരമായ ആപ്പിളുകള്‍ ഉത്പാദിപ്പിച്ചിരുന്നു. പിന്നീട് ഈ ഇനത്തോടുള്ള പ്രിയം കുറഞ്ഞപ്പോള്‍ മറ്റുള്ള ഇനങ്ങള്‍ കൃഷി ചെയ്യാന്‍ തുടങ്ങി. ഹണിക്രിസ്പ് എന്ന ഇനത്തില്‍പ്പെട്ട ആപ്പിള്‍ ഉത്പാദിപ്പിച്ചതും ഇദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകുടെയും ശ്രമഫലമായാണ്. മഞ്ഞയും ചുവപ്പും കലര്‍ന്ന വരകളുള്ള സുന്ദരിയായിരുന്നു ഈ ആപ്പിള്‍.
ഹണിക്രിസ്പ് എന്ന ഇനത്തിലും കൂടുതല്‍ ചുവപ്പ് നിറം ലഭിക്കാനുള്ള പരീക്ഷണം ആളുകള്‍ നടത്തി. ജീനുകളില്‍ പരിവര്‍ത്തനം നടത്തി കൂടുതല്‍ കൂടുതല്‍ ചുവപ്പിലേക്ക് ഹണിക്രിസ്പ് മാറി.
