കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് 75 ശതമാനത്തിലധികവും സ്കൂളുകൾ അടച്ചിട്ടിരുന്നുവെന്നും ഇത് അഞ്ച് മില്ല്യണോ അതിലധികമോ ആളുകളെ ബാധിച്ചുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ മനുഷ്യരുടെയും സർവ ജീവജാലങ്ങളുടെയും നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി അനേകം ചർച്ചകളും നടപടികളും ഉണ്ടാവുന്നുണ്ട്. ഇപ്പോഴിതാ കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ പഠനത്തെയും അവരുടെ സ്കൂൾ ദിനങ്ങളേയും ബാധിക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഐക്യരാഷ്ട്രസഭയാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാ​ഗമായിട്ടുണ്ടാവുന്ന കടുത്ത ചൂട്, തണുപ്പ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ കുട്ടികളുടെ സ്കൂൾ ദിനങ്ങളിൽ നിന്നും ഒന്നരവർഷം വരെ നഷ്ടമാക്കിയേക്കാം എന്നാണ് പഠനം പറയുന്നത്. യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് ടീമും, മോണിറ്ററിംഗ് ആൻഡ് ഇവാലുവേറ്റിംഗ് ക്ലൈമറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് എഡ്യൂക്കേഷൻ പ്രോജക്ടും, കാനഡയിലെ സസ്‌കാച്ചെവൻ സർവകലാശാലയും ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് 75 ശതമാനത്തിലധികവും സ്കൂളുകൾ അടച്ചിട്ടിരുന്നുവെന്നും ഇത് അഞ്ച് മില്ല്യണോ അതിലധികമോ ആളുകളെ ബാധിച്ചുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കടുത്ത ചൂട്, കാട്ടുതീ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച, രോഗങ്ങൾ, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ കാലാവസ്ഥാ സംബന്ധമായ പ്രതിസന്ധികളെല്ലാം തന്നെ വിദ്യാഭ്യാസത്തെയും ബാധിക്കുന്നു. വരുമാനം കുറഞ്ഞ മിക്ക രാജ്യങ്ങളിലും കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇത്തരം സാഹചര്യങ്ങളിൽ സ്കൂളുകൾ എല്ലാ വർഷവും അടച്ചുപൂട്ടാൻ നിർബന്ധിക്കപ്പെടുന്നുണ്ട്. ഇത് കുട്ടികൾക്ക് അധ്യയന വർഷത്തിൽ നിന്നും ദിവസങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്കിലേക്ക് നയിക്കുന്നു എന്നും പഠനം സൂചിപ്പിക്കുന്നു.

1969 -നും 2012 -നും ഇടയിൽ 29 രാജ്യങ്ങളിലെ സെൻസസും കാലാവസ്ഥാ വിവരങ്ങളും ചേർത്തുവച്ചുകൊണ്ടാണ് വിശകലനം നടത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിലെ വിദ്യാർത്ഥികളെ കനത്ത ചൂട് പ്രതികൂലമായി ബാധിച്ചു. ചൈനയിലും ഉയർന്ന താപനില വിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ട്. അതുപോലെ വികസിതരാജ്യമായ അമേരിക്കയിലെ വിദ്യാർത്ഥികളെയും ഉയർന്ന താപനില ബാധിച്ചിട്ടുണ്ട് എന്നും പഠനം സൂചിപ്പിക്കുന്നു.