Asianet News MalayalamAsianet News Malayalam

കൊടുംവേനലിൽ പൊള്ളി ബാ​ഗ്ദാദ്, നദികളിൽ വെള്ളമില്ല, കൃഷിയിറക്കാനാവാതെ കർഷകർ

കർഷകനായ ഷെയ്ക്ക് പറയുന്നത് അദ്ദേഹത്തിന്റെ അയൽക്കാർ, കൂട്ടുകാർ ഒക്കെ അദ്ദേഹത്തെ വിട്ട് പോയി എന്നാണ്. പുല്ലുപോലും പൊട്ടിമുളക്കാത്ത ആ വരണ്ട ഭൂമിയെ ഉപേക്ഷിച്ച് അവരൊക്കെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയി കഴിഞ്ഞു. 

climate crisis in Bagdad
Author
Bagdad, First Published Oct 21, 2021, 1:14 PM IST

ഭൂമിയിലെ ഏറ്റവും കാലാവസ്ഥാ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലൊന്നാണ് ഇറാഖ്(Iraq). ആ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ(Bagdad) 50 ഡിഗ്രി ചൂടിൽ ജോലി ചെയ്യുന്ന ട്രാഫിക് പൊലീസ് സർജനാണ് സഅദ് സദ്ദാം അബ്ദുൽഹസൻ. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നിൽ അദ്ദേഹം നിൽക്കുന്നു. ഓരോ നിമിഷവും പാഞ്ഞുപോകുന്ന വണ്ടികളെ നിയന്ത്രിക്കാനല്ല, ആ കൊടും ചൂടിൽ തളരാതെ മണിക്കൂറുകളോളം നിൽക്കാനാണ് പ്രയാസമെന്ന് അദ്ദേഹം ബിബിസിയോട് പറയുന്നു.    

സൂര്യന് കീഴെ വെന്തുരുകിയുള്ള ആ നിൽപ്പ് ചിലപ്പോൾ മണിക്കൂറുകളോളം നീളും. ഇതിൽ ഏറ്റവും ഭയാനകരമായ കാര്യം ചില ദിവസങ്ങളിൽ ചൂട് പിന്നെയും കൂടുമെന്നതാണ്, അത് അൻപത്താറോ, അറുപതോ വരെ പോകാം. ഇറാഖിൽ ആകെ 90 ലക്ഷം ആളുകളാണുള്ളത്. അതുകൊണ്ട് തന്നെ ട്രാഫിക്കും അവിടെ കൂടുതലാണ്. നൂറു ശതമാനവും ശ്രദ്ധ വേണ്ടുന്ന ഒരു ജോലിയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. ചൂടിനോട് പൊരുതി തളർന്ന് നില്ക്കാൻ അദ്ദേഹത്തിന് സമയമില്ല. ഇത് ട്രാഫിക്ക് ഉദ്യോഗസ്ഥരുടെ കാര്യം. എന്നാൽ അവരെ കൂടാതെ ആ കൊടും ചൂടിൽ ഉരുകി കഴിയുന്നത് ലക്ഷങ്ങളാണ്. പണ്ടുകാലത്ത് അവിടത്തെ ഭൂമി വളരെ ഫലഭൂയിഷ്ടമായിരുന്നു. കൃഷിക്കനുയോജ്യമായിരുന്ന അത് ഇന്ന് വെറും ഉപയോഗശൂന്യമായി തീർന്നിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ഉയർന്ന് വരുന്ന ചൂട്, വനനശീകരണം ഇതെല്ലാമാണ് മണ്ണിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് കർഷകനായ ഷെയ്ഖ് കാസിം അൽകാബി പറയുന്നു.

കൈയിലുള്ള സമ്പാദ്യം എല്ലാം മണ്ണിൽ മുടക്കിയ ഈ കർഷകൻ ഇന്ന് ആകെ ദുരിതത്തിലാണ്. ഈ വർഷമെങ്കിലും ഒരു മാറ്റമുണ്ടാകുമെന്ന് കരുതിയ അദ്ദേഹത്തിന്റെ പ്രതീക്ഷകളെല്ലാം തകർന്നു. മഴയില്ലാത്ത, വെള്ളമില്ലാതെ വരണ്ടുണങ്ങി ഭൂമി അദ്ദേഹത്തിന്റെ സ്വപ്നങ്ങളെയും കരിച്ചു കളഞ്ഞു. വെള്ളം ലഭിക്കാനും, അടുത്ത വർഷമെങ്കിലും കൃഷിയിറക്കാനുമായി അദ്ദേഹം സഹായം തേടി അധികാരികളുടെ അടുത്ത് ചെന്നു. എന്നാൽ അവർക്കും പറയാൻ പുതിയതായൊന്നുമുണ്ടായിരുന്നില്ല. ഏറ്റവും വരൾച്ച അനുഭവപ്പെട്ട വർഷങ്ങളിൽ ഒന്നാണ് ഇതെന്നും, നദികളിൽ നീരൊഴുക്ക് കഴിഞ്ഞ വർഷത്തേക്കാൾ അൻപത് ശതമാനായി കുറഞ്ഞുവെന്നും ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അലി രഥി തമാർ പറഞ്ഞു. ഇതിന്റെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മുൻപൊരിക്കലും ഇറാഖ് ഇത്തരമൊരു അവസ്ഥയെ നേരിട്ടിട്ടില്ല.

അവിടെ പകലൊന്നും പുറത്തിറങ്ങാൻ കഴിയാതെ കുട്ടികൾ വീടുകളിൽ തന്നെ തുടരുകയാണ്. രാത്രിയിലാണ് കൂടുതൽ പേരും പുറത്തിറങ്ങുന്നത്. അതിന് അർത്ഥം രാത്രിയിൽ ചൂടില്ലെന്നല്ല, രാത്രിയിലും ഒരു നാല്പത് ഡിഗ്രി കാണും. എന്നാലും പകലിലെ ചൂടുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം ആശ്വാസം എന്ന് മാത്രം. രാത്രികാലമാവുമ്പോൾ പവർ കട്ടും അവിടെ സാധാരണമാണ്. ഫാനിന് കീഴിലിരുന്നാൽ പോലും വിയർക്കുന്ന അവസ്ഥയിൽ, വൈദ്യുതി കൂടി ഇല്ലാതാകുന്ന കാര്യം ചിന്തിക്കാൻ സാധിക്കില്ല. എന്നാൽ വൈദ്യുതിയുടെ ക്രമാതീതമായ ഉപയോഗം മൂലം ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരാകുന്നു.

കർഷകനായ ഷെയ്ക്ക് പറയുന്നത് അദ്ദേഹത്തിന്റെ അയൽക്കാർ, കൂട്ടുകാർ ഒക്കെ അദ്ദേഹത്തെ വിട്ട് പോയി എന്നാണ്. പുല്ലുപോലും പൊട്ടിമുളക്കാത്ത ആ വരണ്ട ഭൂമിയെ ഉപേക്ഷിച്ച് അവരൊക്കെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയി കഴിഞ്ഞു. എന്നാൽ ഷെയ്ക്ക് ഇപ്പോഴും തന്റെ പൂർവ്വികരുടെ ഭൂമിയിൽ കൃഷി തുടരാൻ പോരാടുകയാണ്. അദ്ദേഹത്തിനെ പോലെ, അവിടെയുള്ള ലക്ഷക്കണക്കിനാളുകളെയും  കാത്തിരിക്കുന്നത് കൊടും വേനലിന്റെ നാളുകളാണ്.  
 

Follow Us:
Download App:
  • android
  • ios