Asianet News MalayalamAsianet News Malayalam

കൽക്കരി ക്ഷാമം രൂക്ഷം, നിലയ്ക്കുമോ വൈദ്യുതി, ഇരുട്ടിലാകുമോ രാജ്യം?

അതേസമയം നിലവിലെ പ്രതിസന്ധി ഉത്പാദനത്തിൽ ഉണ്ടായ ഇടിവുകൊണ്ടല്ല, യഥാസമയം പണം നൽകുന്നതിൽ വന്ന കാലതാമസം കൊണ്ടുണ്ടായതാണ് എന്നൊരു വാദവും സജീവമാണ്. രാജ്യത്തെ വൈദ്യുതി ഉത്പാദന കമ്പനികൾ കൽക്കരി വാങ്ങിച്ച വകയിൽ കോൾ ഇന്ത്യക്ക് നൽകാനുള്ള കുടിശിക 12,300 കോടിയിൽ അധികമാണ്. അവർ ഈ കുടിശ്ശികയ്ക്ക് കാരണമായി പറയുന്നത് വൈദ്യുതി വിതരണ കമ്പനികൾ അവർക്ക് വരുത്തിയിട്ടുള്ള 1.1 ലക്ഷം കോടിയുടെ കുടിശ്ശികയും. 

coal crisis in india babu ramachandran writes
Author
Thiruvananthapuram, First Published May 1, 2022, 12:41 PM IST

രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷമാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമാവുന്നത് കടുത്ത ആശങ്കകൾക്കാണ് വഴിവെച്ചിട്ടുള്ളത്. കൽക്കരി വേണ്ടത്ര സ്റ്റോക്കുണ്ട് എന്ന് കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി അവകാശപ്പെടുമ്പോഴും, താപ വൈദ്യുത നിലയങ്ങൾ കൽക്കരി ഷോർട്ടേജ് ചൂണ്ടിക്കാട്ടി ഉത്പാദനം കുറയ്ക്കുന്നത് പല സംസ്ഥാനങ്ങളിലും പവർകട്ടിലേക്ക് നയിച്ചിട്ടുണ്ട്. ജമ്മു കശ്മീർ പോലുള്ള സംസ്ഥാനങ്ങളിൽ പവർ കട്ടുകൾ ആറും ഏഴും മണിക്കൂർ നേരം നീണ്ടത് പ്രതിഷേധ പ്രകടനങ്ങൾക്കും കാരണമായി. കൽക്കരി പ്രതിസന്ധി വൈദ്യുത നിലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധ വേണം എന്ന് കാണിച്ച് ദില്ലി ഭരിക്കുന്ന ആം ആദ്മി പാർട്ടി കേന്ദ്രത്തിന് കത്തയച്ചു. എന്നാൽ, കൽക്കരി പ്രതിസന്ധിയല്ല, വേനൽക്കാലത്തെ ചൂടിൽ എയർ കണ്ടീഷണറുകളും കൂളറുകളും ഫാനുകളും മറ്റും കൂടുതൽ പ്രവർത്തിക്കുന്നതുകൊണ്ട് വൈദ്യുതി ഡിമാന്റിൽ ഉണ്ടായ വർധനവാണ് ഊർജ പ്രതിസന്ധിക്ക് കാരണം എന്ന വിശദീകരണമാണ് ഇത് സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

ഏപ്രിൽ 26 -ന് ഇന്ത്യയിലെ പവർ ഡിമാൻഡ് സർവകാല റെക്കോർഡായി 201.066 GW എത്തിയിരുന്നു. ഈ അവസരത്തിൽ രാജ്യത്തെ 86 പവർ പ്ലാന്റുകൾ എങ്കിലും വേണ്ടത്ര കൽക്കരി സ്റ്റോക്കില്ലാത്ത അവസ്ഥയിലാണ് എന്നൊരു പരാതി ഉയർന്നിരുന്നു. 56 നിലയങ്ങളിൽ 10% പോലും കൽക്കരി കരുതൽ ഇല്ല. 26 എണ്ണത്തിൽ സ്റ്റോക്ക് 5 ശതമാനത്തിലും താഴെയാണ്. ആഭ്യന്തര കൽക്കരി ഉപയോഗിക്കുന്ന 88 നിലയങ്ങളിലും ഇറക്കുമതിയെ ആശ്രയിക്കുന്ന 12 നിലയങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. അതിനോട് കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചത് പത്തു ദിവസത്തിൽ അധികം പ്രവർത്തിക്കാൻ വേണ്ട സ്റ്റോക്ക് എല്ലാ താപനിലയങ്ങളിലും ഉണ്ട് എന്നായിരുന്നു.

കൽക്കരിയുടെ സ്റ്റോക്ക് ഉത്പാദനത്തിൽ വരുന്ന ഏറ്റക്കുറച്ചിൽ അനുസരിച്ച് നിത്യേന പുനർനിർണയിക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ആകെ 7.25 കോടി ടൺ കൽക്കരി രാജ്യത്ത് സ്റ്റോക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്തായാലും നിലവിലെ ആശങ്കകളുടെ പശ്ചാത്തലത്തിൽ എല്ലാ കൽക്കരി പ്ലാന്റുകളോടും ഉത്പാദനം വർധിപ്പിച്ചു കൊള്ളാൻ നിർദേശിച്ചിട്ടുണ്ട് എന്നാണ് കൽക്കരി മന്ത്രാലയം പറയുന്നത്.

കേന്ദ്രം പറയുന്ന പോലെ കൽക്കരിക്ക് ക്ഷാമം അല്ലെങ്കിൽ, പിന്നെ എന്തുകൊണ്ടാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പവർ കട്ട് ഏർപ്പെടുത്തേണ്ടി വന്നത് എന്നൊരു ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ നിത്യേന മൂന്നു മുതൽ എട്ടുമണിക്കൂർ വരെ പവർ കട്ടിലേക്കാണ് നീങ്ങുന്നത് എന്നാണ് ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്‌സ് ഫെഡറേഷൻ സൂചിപ്പിക്കുന്നത്. ജമ്മുവിൽ 1600 മെഗാവാട്ടിന്റെ പവർ ഡിമാൻഡ് ഉള്ളിടത്ത് ലഭ്യമായ ലോഡ്  വെറും 1100 മെഗാവാട്ട് മാത്രമാണ്. രാജസ്ഥാനിലെ ഏഴു പവർ പ്ലാന്റുകളിൽ ആറിലും കൽക്കരിയുടെ സ്റ്റോക്ക് വളരെ കുറവാണ്. സമാനമായ സാഹചര്യത്തിൽ തന്നെയാണ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും നിലവിൽ ഉള്ളത്. എന്നാൽ, ഈ അഭ്യൂഹങ്ങൾ നിരാകരിച്ചുകൊണ്ട് NTPC അറിയിച്ചത് അവരുടെ പവർ പ്ലാന്റുകൾ എല്ലാം തന്നെ 100 ശതമാനം  പ്രവർത്തിക്കുന്നുണ്ട് എന്നാണ്.

അതേസമയം നിലവിലെ പ്രതിസന്ധി ഉത്പാദനത്തിൽ ഉണ്ടായ ഇടിവുകൊണ്ടല്ല, യഥാസമയം പണം നൽകുന്നതിൽ വന്ന കാലതാമസം കൊണ്ടുണ്ടായതാണ് എന്നൊരു വാദവും സജീവമാണ്. രാജ്യത്തെ വൈദ്യുതി ഉത്പാദന കമ്പനികൾ കൽക്കരി വാങ്ങിച്ച വകയിൽ കോൾ ഇന്ത്യക്ക് നൽകാനുള്ള കുടിശിക 12,300 കോടിയിൽ അധികമാണ്. അവർ ഈ കുടിശ്ശികയ്ക്ക് കാരണമായി പറയുന്നത് വൈദ്യുതി വിതരണ കമ്പനികൾ അവർക്ക് വരുത്തിയിട്ടുള്ള 1.1 ലക്ഷം കോടിയുടെ കുടിശ്ശികയും. ഈ വിതരണ കമ്പനികളുടെ ബാലൻസ് ഷീറ്റിലുമുണ്ട് അഞ്ചു ലക്ഷം രൂപയുടെ കിട്ടാക്കടത്തിന്റെ കണക്കുകൾ. ഈ പണം അടവിൽ വരുന്ന കാലതാമസം സ്വാഭാവികമായി ഉണ്ടാക്കുന്ന വൈദ്യുതി പ്രതിസന്ധിയാണ് നിലവിലുള്ളത് എന്നൊരു വിശദീകരണമാണ് ചില കേന്ദ്രങ്ങളിൽ നിന്നെങ്കിലും വരുന്നത്.

എന്തായാലും, കൽക്കരി ഖനികളിൽ കഴിഞ്ഞ ദിവസങ്ങളിൽ അധികമായി ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ള കോൾ എത്രയും പെട്ടെന്ന് താപനിലയങ്ങളിലേക്ക് റെയിൽ മാർഗം എത്തിച്ചു നൽകാനുള്ള പരിശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ ആവശ്യം മുൻനിർത്തി ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടുള്ളത് 42 പാസഞ്ചർ ട്രെയിനുകളാണ്. കൽക്കരി കൊണ്ടുപോവാൻ റെയിൽ ഒഴിച്ച് നിർത്തുക എന്നതാണ് ഈ നടപടിക്ക് പിന്നിലെ ലക്ഷ്യം.

ആധുനിക കാലത്ത് നിത്യജീവിതത്തിലെ പല അടിസ്ഥാന സൗകര്യങ്ങൾക്കും അത്യാവശ്യമായ ഒരു അടിസ്ഥാന സൗകര്യമായി വൈദ്യുതി മാറിക്കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി ബന്ധം നഷ്ടമാവുക എന്നത് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ്. കൊവിഡാനന്തരം രാജ്യത്ത് പ്രവർത്തനങ്ങളിൽ ഉണ്ടായ കുതിപ്പ്, നേരത്തെ എത്തിയ വേനൽചൂട് തുടങ്ങി പല കാരണങ്ങളും കൊണ്ട് വൈദ്യുതിയുടെ ഡിമാൻഡ് വർധിച്ചതാണ് നിലവിലെ കൽക്കരി പ്രതിസന്ധിയിലേക്ക് കാര്യങ്ങളെ എത്തിച്ചത് എന്ന് പറയുന്നുണ്ട് എങ്കിലും, കൃത്യമായ മാനേജ്‌മെന്റ് ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ രാജ്യം നേരിടാൻ പോവുന്നത് ചെറുതല്ലാത്ത കെടുതികൾ ആവും എന്നതിൽ സംശയമില്ല.

Follow Us:
Download App:
  • android
  • ios