Asianet News MalayalamAsianet News Malayalam

കണ്ണിൽ അട്ട കടിച്ച് തൂങ്ങിയത് 33 മണിക്കൂർ എങ്കിലും ആശ്വാസത്തോടെ ഗവേഷകര്‍, കാരണം ഇത്...

9 ആഴ്ച നീണ്ട പര്യവേഷണത്തില്‍ 25 സംഘത്തിലുള്ളവർ ഭൂകമ്പത്തേയും മലേറിയയും അട്ട കടിയും അടക്കമുള്ള പ്രതിബന്ധങ്ങളാണ് നേരിടേണ്ടി വന്നത്

critically endangered egg laying mammal that hasnt been seen for more than 60 years  rediscovered etj
Author
First Published Nov 11, 2023, 2:47 PM IST

ഇന്തോനേഷ്യ: 60 വർഷത്തിലേറെ അപ്രത്യക്ഷമായിരുന്ന അപൂർവ്വയിനം സസ്തനിയെ വീണ്ടും കണ്ടെത്തി. ഇന്തോനേഷ്യയിലെ പാപ്പുവ പ്രവിശ്യയിലാണ് മുട്ടയിടുന്ന ഇനം സസ്തനിയെയാണ് വീണ്ടും കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഇവയെ പര്യവേഷണ സംഘമാണ് യാദൃശ്ചികമായി കണ്ടെത്തിയത്. ഇന്തോനേഷ്യയിലെ സൈക്ലോപ്സ്  മല നിരകളില്‍ എക്സ്പെഡിഷന്‍ സൈക്ലോപ്സ് എന്ന പേരിൽ നടത്തിയ പര്യവേഷണത്തിലാണ് ഗവേഷക സംഘം ലോംഗ് ബീക്ക്ഡ് എക്കിഡ്നയെ വർഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടെത്തിയത്.

കരുത്തേറിയ കാലുകളും മുള്ളുകള്‍ കൊണ്ട് ചുറ്റിയ ശരീരവും നീളമേറിയ ചുണ്ടോടും കൂടിയ ഇവയെ വീണ്ടും കണ്ടെത്തിയത് ജൈവ വൈവിധ്യത്തിന്റെ വലിയ സാധ്യതകളാണ് തുറക്കുന്നതെന്ന് ഗവേഷകര്‍ വിശദമാക്കുന്നത്. 9 ആഴ്ച നീണ്ട പര്യവേഷണത്തില്‍ 25 സംഘത്തിലുള്ളവർ ഭൂകമ്പത്തേയും മലേറിയയും അട്ട കടിയും അടക്കമുള്ള പ്രതിബന്ധങ്ങളാണ് നേരിടേണ്ടി വന്നത്. ഗവേഷക വിദ്യാർത്ഥികളിലൊരാളുടെ കണ്ണിൽ അട്ട കടിച്ച് തൂങ്ങിയത് 33 മണിക്കൂറായിരുന്നു. 90 സ്ക്വയർ മൈല്‍ റേഞ്ചുള്ള ഈ പ്രദേശം വർഷങ്ങളായി അനധികൃത വേട്ടയാടല്‍ സജീവമായി നടക്കുന്ന ഇടമാണ്.

ഇവിടെ മാത്രമാണ് അട്ടന്‍ബർഗ്സ് ലോംഗ് ബീക്ക്ഡ് എക്കിഡ്നയുടെ ഏക താവളമെന്നാണ് നിരീക്ഷിക്കുപ്പെടുന്നത്. അനധികൃത വേട്ടയാടല്‍ വ്യാപകമായതിനാല്‍ ഇവയെ വംശനാശ ഭീഷണി നേരിടുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. 30ല്‍ അധികം ക്യാമറകള്‍ സ്ഥാപിച്ച നടത്തിയ നിരീക്ഷണത്തിലാണ് എക്കിഡ്നയെ കണ്ടെത്തിയത്. വിരകളേയും മറ്റും തിരഞ്ഞ് മണ്ണിലുള്ള ചെറിയ കുഴികളില്‍ നീളമേറിയ ചുണ്ട് കൊണ്ട് നിരീക്ഷിക്കുന്ന നിലയിലാണ് എക്കിഡ്നയെ വീണ്ടും കണ്ടെത്തിയത്. പര്യടനം അവസാനിപ്പിക്കുന്ന അവസാന ദിവസത്തിലായിരുന്നു ക്യാമറയില്‍ എക്കിഡ്ന അപ്രതീക്ഷിതമായി എത്തിയത്.

വലിയ ആശ്വാസമെന്നാണ് ഇവയെ വീണ്ടും കണ്ടെത്തിയതില്‍ ഗവേഷക സംഘം പ്രതികരിക്കുന്നത്. വളരെ അധികം കഷ്ടപ്പാടുകളും പ്രതിബന്ധങ്ങളും അതിജീവിച്ച് നടത്തിയ നിരീക്ഷണത്തിന് ഫലം കണ്ടതിന്റെ ആശ്വാസം സംഘാങ്ങള്‍ മറച്ച് വയ്ക്കുന്നില്ല. വംശനാശ ഭീഷണി നേരിടുന്നുണ്ടെങ്കിലും ഇന്തോനേഷ്യയിലെ നിയമം അനുസരിച്ച് ഇവ സംരക്ഷിത ജീവികളുടെ ഇനത്തില്‍ ഉള്‍പ്പെടുന്നില്ല അതിനാല്‍ തന്നെ വേട്ടക്കാരുടെ വലിയ രീതിയിലുള്ള ഭീഷണി ഇവയ്ക്ക് നേരിടേണ്ടി വരാറുണ്ട്. സസ്തനികളുടെ വിഭാഗത്തില്‍ മുട്ടയിട്ട് പ്രത്യുല്‍പാദനം നടത്തുന്ന ജീവി വിഭാഗമാണ് എക്കിഡ്നകള്‍. പ്ലാറ്റിപ്പസ്, എക്കിഡ്നകളുടെ നാല് വകഭേദങ്ങള്‍ എന്നിവയാണ് മുട്ടയിട്ട് പ്രത്യുല്‍പാദനം നടത്തുന്ന സസ്തനികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios