'ഞാൻ ആരെ കണ്ടുമുട്ടിയാലും അവർ ചോദിക്കാതെ തന്നെ അവരുടെ നേട്ടങ്ങളും പശ്ചാത്തലവും നിരത്താൻ തുടങ്ങുന്നു. ('ഞാൻ ഐ.ഐ.ടിയിൽ പഠിച്ചു, എക്സ് കമ്പനിയിൽ ജോലി ചെയ്യുന്നു, എന്റെ മകൻ യു.എസിൽ ജീവിക്കുന്നു' എന്നിങ്ങനെ).'
ജോലിക്കായി ഇന്ത്യയിലെത്തിയ ഒരു യൂറോപ്യൻ പ്രൊഫഷണലിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'കൾച്ചർ ഷോക്ക്' എന്നാണ് തനിക്കുണ്ടായ അനുഭവത്തെ യുവാവ് വിശേഷിപ്പിക്കുന്നത്. ഇവിടെയുള്ളവർ പരിചയപ്പെട്ടയുടൻ സ്വന്തം നേട്ടങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കും. കൂടാതെ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുവെന്നാണ് യുവാവ് റെഡ്ഡിറ്റിൽ കുറിച്ചത്.
ദേശീയ തലസ്ഥാന മേഖലയായ എൻ.സി.ആറിലേക്ക് (NCR) അടുത്തിടെയാണ് ഇദ്ദേഹം മാറിയത്. എന്നാൽ, ഇവിടെയെത്തിയ ഉടൻ തന്നെ ആളുകളുടെ പെരുമാറ്റത്തിൽ ഒരു പ്രത്യേക രീതി താൻ ശ്രദ്ധിച്ചതായി അദ്ദേഹം പറയുന്നു. ആളുകൾ തങ്ങൾ പഠിച്ച കോളേജുകളെക്കുറിച്ചും (ഐ.ഐ.ടി പോലെയുള്ള സ്ഥാപനങ്ങളെക്കുറിച്ച്), ജോലി ചെയ്യുന്ന കമ്പനിയെക്കുറിച്ചും, മക്കളുടെ നേട്ടങ്ങളെക്കുറിച്ചും പറയും. ഇത് അങ്ങോട്ടൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ തന്നെ സംസാരിച്ചുതുടങ്ങുന്നു എന്നാണ് അദ്ദേഹത്തിന്റെ അനുഭവം.
'ഞാൻ ആരെ കണ്ടുമുട്ടിയാലും അവർ ചോദിക്കാതെ തന്നെ അവരുടെ നേട്ടങ്ങളും പശ്ചാത്തലവും നിരത്താൻ തുടങ്ങുന്നു. ('ഞാൻ ഐ.ഐ.ടിയിൽ പഠിച്ചു, എക്സ് കമ്പനിയിൽ ജോലി ചെയ്യുന്നു, എന്റെ മകൻ യു.എസിൽ ജീവിക്കുന്നു' എന്നിങ്ങനെ). വെറും ഒരാഴ്ചയ്ക്കുള്ളിൽ ആറിലധികം തവണയാണ് എനിക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായത്' പോസ്റ്റിൽ പറയുന്നു.
മറ്റുള്ളവർ ചോദിക്കുന്ന ഈ വ്യക്തിപരമായ ചോദ്യങ്ങൾ തന്നെ ഒരുതരം ഹൈപ്പോതെറ്റിക്കൽ ഹൈരാർക്കിയിൽ പെടുത്തി വിലയിരുത്താനാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. താൻ വളർന്നുവന്ന യൂറോപ്യൻ സംസ്കാരത്തിൽ ഇത്തരം കാര്യങ്ങൾ വളരെ മോശമായാണ് കാണാറുള്ളതെന്നും, എപ്പോഴും വിനയത്തോടെ പെരുമാറാനാണ് തങ്ങൾ പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റുളളവർ തങ്ങളെ മോശമായി കാണാതിരിക്കാൻ താനും ഇതേ രീതി പിന്തുടരണോ അതോ സ്വന്തം ശൈലിയിൽ തുടരണോ എന്നാണ് ഈ വിദേശി യുവാവ് ചോദിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ സ്വയം ഉയർത്തിക്കാട്ടിയില്ലെങ്കിൽ താൻ ചൂഷണം ചെയ്യപ്പെടുമോയെന്ന ആശങ്കയും യുവാവ് പങ്കുവെക്കുന്നുണ്ട്.
ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. സ്വന്തം വ്യക്തിത്വം മാറ്റരുതെന്നും ഇന്ത്യയിലും വിനയമുള്ള നല്ല മനുഷ്യരുണ്ടെന്നും ചിലർ കുറിച്ചു. ഇന്ത്യയിൽ ഇതൊരു സാധാരണ പരിചയപ്പെടൽ രീതി മാത്രമാണ് എന്ന് പറഞ്ഞവരും ഉണ്ട്.
