തൂത്തുക്കുടിയിലെ സാത്താൻകുളം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നടന്ന കസ്റ്റഡി കൊലപാതകങ്ങൾ ഇന്നും തമിഴ്‌നാടിനെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണ്. പൊലീസ് മൂന്നാംമുറയുടെ ഇരകളായി വളരെ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി കൊല്ലപ്പെട്ടത് സാധാരണക്കാരിൽ സാധാരണക്കാരായ ഒരു അച്ഛനും മകനുമാണ്. ലോക്ക് ഡൌൺ സമയം കഴിഞ്ഞും ഒരു പതിനഞ്ചു മിനിറ്റ് നേരം കട തുറന്നു വെച്ചിരുന്നു എന്ന കാരണം പറഞ്ഞാണ് ജയരാജ്, ബെനിക്സ് എന്നിവരെ സാത്താൻകുളം പൊലീസ് ക്രൂരമായി മർദിച്ചും, ഗുദത്തിൽ ലാത്തികയറ്റിയിറക്കിയും ഒക്കെ കൊന്നുകളഞ്ഞത്. അവരെക്കുറിച്ചോർത്ത് തമിഴ്‍നാട് സംസ്ഥാനവും, ഇന്ത്യയും ഇന്നും കേഴുകയാണ്.

അങ്ങനെ, ലോക്കപ്പ് മർദ്ദനങ്ങളെപ്പറ്റിയും കൊലപാതകങ്ങളെപ്പറ്റിയുമുളള സംവാദങ്ങൾ വീണ്ടും പൊതുമണ്ഡലത്തിലേക്ക് വന്നിരിക്കുന്ന സാഹചര്യത്തിലാണ്, കഴിഞ്ഞ ദിവസം, നാഷണൽ ക്യാമ്പയിൻ എഗൈൻസ്റ്റ് ടോർച്ചർ (NCAT) എന്ന എൻജിഒകളുടെ പ്ലാറ്റ്ഫോമിന്റെ, 2019 -ലെ വാർഷിക ഇന്ത്യൻ ടോർച്ചർ റിപ്പോർട്ടും പുറത്തു വന്നിരിക്കുന്നത്. 2019 -ൽ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് ലോക്കപ്പുകളിലും ജുഡീഷ്യൽ കസ്റ്റഡിയിലുമായി നടന്ന കൊലപാതകങ്ങളെയും മരണങ്ങളെയും പറ്റിയുള്ള സവിസ്തരമായ പ്രസ്താവങ്ങൾ അടങ്ങിയതാണ് ഈ റിപ്പോർട്ട്. UNCAT എന്ന യുഎൻ സംഘടന മുന്നോട്ട് വെക്കുന്ന ഈ റിപ്പോർട്ട് ഇന്ത്യയിൽ നടക്കുന്ന കസ്റ്റഡി മരണങ്ങൾക്ക് നേരെ പിടിച്ച ഒരു കണ്ണാടി തന്നെയാണ്.

UNCAT അഥവാ The United Nations Convention against Torture and Other Cruel, Inhuman or Degrading Treatment or Punishment എന്നത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1984 -ൽ അംഗീകരിച്ച ഒരു ധാരണയാണ്. ഇത് മനുഷ്യർക്കുമേൽ മനുഷ്യർ, വിശിഷ്യാ അധികാര സ്ഥാനങ്ങളിൽ ഉള്ളവർ നടത്തുന്ന പീഡനങ്ങളെയും, മനുഷ്യത്വരഹിതവും ക്രൂരവും ആത്മാഭിമാനം വ്രണപ്പെടുത്തുന്നതുമായ പരിചരണങ്ങളെയും ശിക്ഷാവിധികളെയും തടയുന്നതിനായുള്ള ഒന്നാണ്. 1987 മുതൽ നിലവിലുള്ള ഈ അന്താരാഷ്ട്ര ധാരണ മേൽപ്പറഞ്ഞ പ്രവൃത്തികളെ റിപ്പോർട്ട് ചെയ്യുകയും, അവയിൽ ഏർപ്പെടുന്നവർക്ക് ശിക്ഷ കിട്ടാൻ വേണ്ടി പരിശ്രമിക്കുകയും, അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും, നടക്കാതെ നോക്കുകയും, അവ സംബന്ധിച്ച പരാതികൾ കേൾക്കുകയും ഒക്കെ ചെയുന്നുണ്ട്. കഴിഞ്ഞ 33 വർഷമായി നിലവിലുള്ള ഈ അന്താരാഷ്ട്ര ധാരണ 2019 -ലും ഇന്ത്യയിൽ എത്ര നഗ്നമായിട്ടാണ് ലംഘിക്കപ്പെട്ടിട്ടുള്ളത് എന്ന് തെളിയിക്കുന്ന ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസം നാഷണൽ ക്യാമ്പയിൻ എഗൈൻസ്റ്റ് ടോർച്ചർ (NCAT) എന്ന എൻജിഒകളുടെ പ്ലാറ്റ്‌ഫോം പുറത്തിറക്കി. അതിൽ കഴിഞ്ഞ ഒരു വർഷം കസ്റ്റഡിയിൽ ടോർച്ചറിൽ പ്രകടമായിട്ടുള്ള 15 ട്രെൻഡുകളെപ്പറ്റി വിശദമായ പരാമർശമുണ്ട്.

ആദ്യമായി, NCAT -ന്റെ 2019 -ലെ കണക്കുകൾ പരിശോധിച്ചാൽ, ഇന്ത്യയിൽ ദിവസേന അഞ്ചുപേർ എന്നകണക്കിന് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ കസ്റ്റഡി മരണങ്ങളുടെ ആകെ എണ്ണം 1723 ആണ്. ഇത് ജുഡീഷ്യൽ, പൊലീസ് കസ്റ്റഡികളിൽ സംഭവിച്ച മരണങ്ങൾ ചേർത്തുള്ള കണക്കാണ്. ഇതിൽ 1606 മരണങ്ങൾ ജയിലിലും, 117 എണ്ണം ലോക്കപ്പിലും സംഭവിച്ചവയാണ്. രണ്ടുംകൂടി ചേർക്കുമ്പോൾ ശരാശരി ദിവസേന അഞ്ചുവീതം പേർ കസ്റ്റഡിയിൽ മരിക്കുന്നുണ്ട് ഇന്ത്യയിൽ.

രണ്ടാമത്തെ നിരീക്ഷണം, പൊലീസ് കസ്റ്റഡിയിൽ സംഭവിക്കുന്ന മരണങ്ങളുടെ പ്രധാന കാരണം കസ്റ്റോഡിയിൽ ടോർച്ചർ തന്നെയാണ് എന്നതാണ്. 2019 -ൽ 124 കേസുകളിലായി 125 പേരുടെ കസ്റ്റഡി മരണം NCAT രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 93 പേരും(74.4 %) കസ്റ്റഡിയിലിരിക്കെ ഏറ്റ പൊലീസ് മർദ്ദനം താങ്ങാനാവാതെ കൊല്ലപ്പെട്ടവരാണ്. 24 പേരുടെ (19.2 %)മരണം സംഭവിച്ച സാഹചര്യങ്ങൾ അതിദുരൂഹമാണ്. ഈ 24 -ൽ  16 പേർ ലോക്കപ്പിനുള്ളിൽ ആത്മഹത്യ ചെയ്തുകളഞ്ഞു എന്നാണ് പൊലീസ് വാദം. 7 മരണങ്ങൾ രോഗം മൂർച്ഛിച്ചുണ്ടായതാണ്. പൊലീസ് സ്റ്റേഷനിലെ കുളിമുറിയിൽ കാൽവഴുതി തല നിലത്തിടിച്ചു മരിച്ച ഒരു കേസുമുണ്ടിതിൽ. അഞ്ചുപേരുടെ കസ്റ്റഡിമരണത്തിന്റെ കാരണം ഇനിയും മനസ്സിലാക്കാൻ സാധിച്ചിട്ടുമില്ല.

സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ, 14 ലോക്കപ്പ് മരണങ്ങളുമായി 2019 -ലെ കസ്റ്റഡി മരണങ്ങളുടെ കണക്കിൽ മുൻപന്തിയിൽ നിൽക്കുന്നത് ആന്ധ്രപ്രദേശ് ആണ്. 11 കേസുകൾ വീതമായി തമിഴ്‌നാട്, പഞ്ചാബ് എന്നിവ രണ്ടാം സ്ഥാനം പങ്കിടുന്നു. ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 9 വീതം കേസുകളുണ്ട്. ഗുജറാത്തിൽ 8 കേസുകൾ, ഡൽഹി, ഒഡിഷ 7 വീതം, ജാർഖണ്ഡ് 6 കേസ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ 5 വീതം, ഹരിയാന 4 എണ്ണം, കേരളം, കർണാടകം, പശ്ചിമബംഗാൾ 3 വീതം, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, മണിപ്പൂർ 2 വീതം, അസം, തെലങ്കാന, ഹിമാചൽ പ്രദേശ്, ത്രിപുര എന്നിവിടങ്ങൾ ഓരോന്ന് വീതം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മൂന്നാമത്തെ നിരീക്ഷണം, മർദ്ദനത്തിനുള്ള കരണത്തെക്കുറിച്ചുള്ളതാണ്. പ്രധാനമായും മൂന്ന് ഉദ്ദേശ്യം വെച്ചാണ് ഇന്ത്യയിൽ പൊലീസ് തങ്ങളുടെ കസ്റ്റഡിയിൽ കിട്ടുന്ന കുറ്റാരോപിതരെ ക്രൂരമർദ്ദനത്തിന് വിധേയരാക്കുന്നത്. ഒന്ന്, അവർ ചെയ്തു എന്ന് പൊലീസിന് തോന്നുന്ന കുറ്റത്തിന് അവരെ ശിക്ഷിക്കുക, രണ്ട്, കേസ് തെളിയിക്കുക, മൂന്ന്, ചെയ്തതോ അല്ലാത്തതോ ആയ കാര്യങ്ങളിൽ കുറ്റസമ്മതമൊഴി നല്കാൻ പ്രേരിപ്പിക്കുക. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് 2019 -ൽ NCAT രേഖപ്പെടുത്തിയിട്ടുള്ളത്. മോഷണക്കുറ്റം അടിച്ചു സമ്മതിപ്പിക്കാനുള്ള ശ്രമത്തിനിടെ മരിച്ചവർ നിരവധി പേരുണ്ട്. തമിഴ്‌നാട്ടിലെ പ്രായപൂർത്തിയാകാത്ത ബാലൻ, ഗുജറാത്തിലെ ഹീരാ ബജാനിയ, പഞ്ചാബിലെ കരൺ കുമാർ, ബിഹാറിലെ നിസാർ അൻസാരി, കേരളത്തിൽ മാലപൊട്ടിക്കൽ കേസിൽ ചോദ്യം ചെയ്യപ്പെട്ട ശേഷം ആത്മഹത്യ ചെയ്ത രാജേഷ്, മറ്റൊരു കേസിൽ മർദ്ദിക്കപ്പെട്ട സജിത്ത് ബാബു, ഗുജറാത്തിലെ സബീർ മിയ, മധ്യപ്രദേശിലെ അശോക് ബൻസാൽ, തെറ്റായ മോഷണക്കേസിൽ കുടുക്കി സമ്മതിപ്പിക്കാൻ വേണ്ടി പീഡിപ്പിക്കപ്പെട്ട ദളിത് സഹോദരർ ദീപക്, ദശരഥ് എന്നിവർ, ഉത്തർപ്രദേശിൽ പീഡിപ്പിക്കപ്പെട്ട പ്രഭുനാഥ് യാദവ്, ബാബു അഹമ്മദ്, ആനന്ദ് കുമാർ എന്നിവർ, മഹാരാഷ്ട്രയിലെ പ്രീതം ബാൽഘട്ട് എന്നിങ്ങനെ നിരവധി പേരാണ് കുറ്റം സമ്മതിപ്പിക്കാൻ വേണ്ടി പൊലീസ് പീഡിപ്പിച്ചപ്പോൾ മരിച്ചു പോയിട്ടുള്ളത്.

നാലാമതായുള്ള നിരീക്ഷണം, കസ്റ്റഡിയിൽ എടുക്കുന്നവരുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി സംഘടിപ്പിക്കാൻ വേണ്ടിയും ലോക്കപ്പിൽ പീഡനങ്ങൾ നടക്കുന്നുണ്ട് എന്നതാണ്. ഉത്തർ പ്രദേശിലെ ബാലേശ്വർ, രാം കെലാവാൻ, ബിഹാറിലെ രാംപ്രകാശ് മാലിക്ക്, പശ്ചിമ ബംഗാളിലെ ഗൗതം മണ്ഡൽ, എന്നിങ്ങനെ നിരവധിപേർ പീഡിപ്പിക്കപ്പെട്ടത് അവരുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി തരപ്പെടുത്താൻ സാധിക്കും എന്ന പ്രതീക്ഷയോടെയാണ്.

അഞ്ചാമത്തെ നിരീക്ഷണം, പൊലീസിന്റെ മൂന്നാം മുറകളെക്കുറിച്ചുള്ളതാണ്. സാധാരണയായി പ്രയോഗിക്കുന്ന അടി, ഇടി, തൊഴി എന്നിവയ്ക്ക് പുറമെ പല നീചവും ഹീനവുമായ മൂന്നാം മുറകളും കഴിഞ്ഞ കൊല്ലവും പൊലീസ് പ്രയോഗിച്ചിട്ടുണ്ട്. അവയെക്കുറിച്ച് റിപ്പോർട്ടിലുള്ള വർണ്ണനകൾ വായിച്ചാൽ, ഒരു മനുഷ്യന് എങ്ങനെയാണ് മറ്റൊരു സഹജീവിയോട് ഇങ്ങനെയൊക്കെ പെരുമാറാനാവുക എന്നുപോലും സംശയം തോന്നാം. ഇന്ത്യയിലെ പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ വർഷം പ്രയോഗിക്കപ്പെട്ട മൂന്നാം മുറകൾ ഇങ്ങനെ. കൈകാലുകളിലെ നഖങ്ങളിൽ ആണികൾ അടിച്ചു കയറ്റുക - ഇരകൾ: ബിഹാറിലെ ഗുഫ്രാൻ ആലം, തസ്ലീം അൻസാരി എന്നിവർ. കൈകാലുകളിൽ റോളർ ഉപയോഗിച്ചുള്ള ഉരുട്ടൽ, പൊള്ളിക്കൽ - ഇരകൾ: കേരളത്തിലെ നെടുങ്കണ്ടം കേസിലെ രാജ് കുമാർ, ജമ്മു കശ്മീരിലെ റിസ്‌വാൻ പണ്ഡിറ്റ്. കാൽപാദങ്ങളിൽ ലാത്തി പ്രയോഗം - ഇരകൾ : കേരളത്തിലെ രാജ് കുമാർ, സജിത്ത് ബാബു. കാലുകൾ വിപരീത ദിശയിൽ വലിച്ചു നീട്ടുക - ഇര : കേരളത്തിലെ രാജ്‌കുമാർ. 

ജനനേന്ദ്രിയത്തിൽ മർദ്ദനം - ഇരകൾ : ഹരിയാനയിലെ ബ്രിജ്പാൽ മൗര്യ, ലീന നർജിനാരി എന്നിവർ. സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുക  - ഇര : ഉത്തർ പ്രദേശിലെ പ്രദീപ് തോമർ. സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിക്കുക - ഇരകൾ : പഞ്ചാബിലെ യാദവ് ലാൽ പ്രസാദ്, ഉത്തർ പ്രദേശിലെ മോനു എന്നിവർ.

ഗുഹ്യ ഭാഗങ്ങളിൽ പെട്രോൾ, മുളകുപൊടി എന്നിവ പ്രയോഗിക്കുക-ഇരകൾ : ഉത്തർപ്രദേശിലെ മോനു, കേരളത്തിലെ രാജ് കുമാർ എന്നിവർ. വിലങ്ങിട്ടുകൊണ്ടുള്ള ക്രൂര മർദ്ദനം - ഇരകൾ - കേരളത്തിലെ സജിത്ത് ബാബു, രാജേഷ് എന്നിവർ. ദേഹത്ത് സൂചി കൊണ്ട് കുത്തുക, കമ്പി പഴുപ്പിച്ച് വെക്കുക-ഇര : തമിഴ്‌നാട്ടിലെ പതിമൂന്നുകാരൻ.  നഗ്നരാക്കി മർദ്ദിക്കുക - ഇരകൾ : ഹരിയാനയിലെ മുഹമ്മദ് തൻവീർ, ലീന നർജിനാരി, അസമിലെ മിനുവാര ബീഗം, സാനുവാറ, റുമേല എന്നിവർ. വായിലേക്ക് മൂത്രമൊഴിക്കുക-ഇര-അമിത് ശർമ്മ, ഉത്തർപ്രദേശ്. മലദ്വാരത്തിലൂടെ ലാത്തി കയറ്റുക- ഇര : ബിഹാറിലെ ദിവാകർ കുമാർ. തലകീഴായി കെട്ടിതൂക്കിയുള്ള മർദ്ദനം : രാജസ്ഥാനിലെ മഹാവീർ ഭാട്ടിയ, മധ്യപ്രദേശിലെ ആദിത്യ ചൗഹാൻ. വദന സുരതം നടത്താൻ പ്രേരിപ്പിക്കുക -ഇരകൾ : ഗുജറാത്തിലെ ഹീരാ ബജാനിയയും മറ്റു 12 പേരും. പ്ലെയർ കൊണ്ട് നഖങ്ങൾ പിഴുതെടുക്കുക-ഇര: അസമിലെ അനൂപ് രഭ. രണ്ട് മേശകൾക്കിടയിൽ കെട്ടിയിട്ട് ഇരുമ്പുവടി കൊണ്ടുള്ള മർദ്ദനം - ഇരകൾ : മധ്യപ്രദേശിലെ ആദിത്യ ചൗഹാൻ, യശ്വന്ത് ചൗഹാൻ എന്നിവർ. ഗർഭിണിയുടെ വയറ്റിൽ തൊഴിക്കുക - ഇര : അസമിലെ മുനവരാ ബീഗം. ഇങ്ങനെ പല തരത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് ലോക്കപ്പിൽ ജനം.

ആറാമത്തെ നിരീക്ഷണം, പീഡിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും പാവപ്പെട്ടവരോ പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവരോ ആയിരുന്നു എന്നതാണ്. 60 ശതമാനം ലോക്കപ്പ് മരണങ്ങളിലും പാവപ്പെട്ടവരാണ് മരിച്ചിട്ടുള്ളത്. 13 പേർ ദളിത് വിഭാഗത്തിലുള്ളവരും, 15 പേർ മുസ്ലിങ്ങളുമാണ്. 35 പേരെ കസ്റ്റഡിയിൽ എടുത്തത് പോക്കറ്റടി, മോഷണം, കള്ളവാറ്റ് തുടങ്ങിയവയുടെ പേരിലാണ്. ലോക്കപ്പിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ കർഷകരും, ഒരാൾ കൂലിപ്പണിക്കാരനും, ഒരാൾ ഒരു അഭയാർത്ഥിയും, രണ്ട് പേർ സെക്യൂരിറ്റി ഗാർഡുമാരും, ഒരാൾ ആക്രി പെറുക്കുന്ന ആളും, രണ്ട് പേർ ഡ്രൈവര്‍മാരുമായിരുന്നു. ഇവരുടെയൊക്കെ സമൂഹത്തിലെ സ്വാധീനമില്ലായ്മ ഒന്നുകൊണ്ടുമാത്രമാണ് ആ ലോക്കപ്പ് പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിക്കാതിരുന്നത്.  

ഏഴാമത്തെ നിരീക്ഷണം, ഈ കേസുകളിൽ ഒക്കെയും മരണം നടന്ന ശേഷം തെളിവുകൾ തേച്ചുമാച്ചു കളയാൻ പൊലീസ് നടത്തിയിട്ടുള്ള ശ്രമങ്ങളെക്കുറിച്ചാണ്. ഈ ശ്രമങ്ങളിൽ പോസ്റ്റ് മോർട്ടത്തിൽ ഉഴപ്പുക, പോസ്റ്റ് മോർട്ടം കൂടാതെ, ബന്ധുക്കൾക്ക് അന്തിമകർമങ്ങൾ പോലും നടത്താനുള്ള അനുവാദം നൽകാതെ മൃതദേഹങ്ങൾ ധൃതിപ്പെട്ട് ദഹിപ്പിച്ചു കളയുക, സ്റ്റേഷൻ പരിസരങ്ങളിലെ ചോരപ്പാടുകൾ മായ്ച്ചു കളയുക, സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുക, സാക്ഷികളെ ഭീഷണിപ്പെടുത്തുക എന്നിവയാണ് പ്രധാനം. തമിഴ്‌നാട്ടിലെ പതിനേഴുകാരൻ, ഗുജറാത്തിലെ ഹീരാ ബജാനിയ, ത്രിപുരയിലെ മംഗൾ ദാസ്, രാജസ്ഥാനിലെ ഹനുമാൻ കോലി എന്നിവരെയൊക്കെ ഭാര്യയെയും മക്കളെയും അമ്മയെയും ഒന്നും മരിച്ചയാളെ ഒരു നോക്ക് കാണാൻ പോലും അനുവദിക്കാതെയാണ് തിരക്കിട്ട് സംസ്കരിച്ചു കളഞ്ഞത്. നെടുങ്കണ്ടം കേസുൾപ്പെടെ പലതിലും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് റെക്കോർഡുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടായിരുന്നു. എല്ലാ കസ്റ്റഡിമരണക്കേസുകളിലും മരണം കഴിഞ്ഞപാടെ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.

എട്ടാമത്തെ നിരീക്ഷണം, കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെപ്പറ്റിയാണ്. 2019 -ൽ നിരവധി സ്ത്രീകൾ കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടു. നിരവധിപേർക്ക് നേരെ ലൈംഗിക ആക്രമണങ്ങൾ ഉണ്ടായി. നാലു സ്ത്രീകൾ മരിച്ചിട്ടുണ്ട് 2019 -ൽ. ഒരാൾ കസ്റ്റഡി പീഡനത്തിന് ശേഷം വീട്ടിലെത്തി ആത്മഹത്യ ചെയ്തു. 2019 ജൂലൈ 3 -നും 7 -നുമിടയിൽ രാജസ്ഥാനിലെ ചുരു ജില്ലയിലെ സർദാർ ശഹ്ർ പൊലീസ് സ്റ്റേഷനിലെ ഒൻപതു പൊലീസുകാർ ചേർന്ന് ഒരു ദളിത് യുവതിയെ കസ്റ്റഡിയിൽ പീഡിപ്പിച്ചും, ബലാത്സംഗം ചെയ്തും കൊന്നു. ആ സ്ത്രീയുടെ കൈകാൽ വിരലുകളിൽ ഒരു നഖം പോലുമുണ്ടായിരുന്നില്ല എന്ന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു.

ഒമ്പതാമത്തെ നിരീക്ഷണം, ലോക്കപ്പിൽ നടക്കുന്ന ബാലാവകാശ ലംഘനങ്ങളെക്കുറിച്ചാണ്. പ്രായപൂർത്തിയാകാത്ത നാലുപേരാണ് 2019 -ൽ കസ്റ്റഡിയിലിരിക്കെ പീഡനമേറ്റു കൊല്ലപ്പെട്ടിട്ടുളളത്. 2018 -ലെ NCAT റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പ്രായപൂർത്തിയാകാത്ത 3467 പേർക്ക് അത്രക്ക് സാരമല്ലാത്ത പീഡനങ്ങൾ ഏറ്റതിന്റെ 3164 കേസുകളുണ്ട്.

പത്താമത്തെ നിരീക്ഷണം, ജുഡീഷ്യൽ കസ്റ്റഡി അഥവാ വിചാരണത്തടവ് കാലത്ത് കുറ്റാരോപിതരെ, അഥവാ നിരപരാധികൾ ആയിരിക്കാൻ സാധ്യതയുള്ളവരെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന ജയിലുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചാണ്. NHRC 2019 -ൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത് 1606 ജയിൽ മരണങ്ങളാണ്. ജയിലുകളിൽ തടവുകാർ തിങ്ങിപ്പാർക്കുന്ന സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഉത്തർ പ്രദേശിലെ ജയിലുകളാണ് ഏറ്റവും അതികം തിരക്കുള്ളവ. സിക്കിം, ദില്ലി, ഛത്തീസ്ഗഡ്, ത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവ തിരക്കിന്‍റെ കാര്യത്തിൽ പിന്നിൽ തന്നെയുണ്ട്. ജയിലിലെ മരണങ്ങളിൽ മിക്കതും മർദ്ദനമേറ്റുള്ളവ തന്നെയാണ്. ആകസ്മികമരണം, രോഗബാധ മൂർച്ഛിച്ചുള്ള മരണം, ആത്മഹത്യ എന്നിങ്ങനെ പല കാരണങ്ങളും ജയിലധികാരികൾ പറയാറുണ്ടെങ്കിലും, ജയിലിലെ സാഹചര്യങ്ങൾ തന്നെയാണ് മിക്ക മരണങ്ങൾക്കും കാരണം. തിഹാർ ജയിലിലെ നബ്ബിർ എന്നൊരു അന്തേവാസിയെ അവിടത്തെ സൂപ്രണ്ടായ രാജേഷ് ചൗഹാൻ എന്നയാൾ പുറത്ത് ഓം എന്ന ചിഹ്നം ചുട്ടു പഴുപ്പിച്ച് മുദ്രകുത്തിയ കേസ് ഉദാഹരണമായി റിപ്പോർട്ട് എടുത്തു പറയുന്നു. രണ്ടു ദിവസം പട്ടിണിക്കിട്ട് നബ്ബിറിനെ പൊതിരെ തല്ലുകയും ചെയ്തു സൂപ്രണ്ട്. പ്രശ്നത്തിൽ ഇടപെട്ട കോടതി ഇയാളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

പതിനൊന്നാമത്തെ നിരീക്ഷണം, പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിയോഗിക്കപ്പെടുന്ന പട്ടാളക്കാർ പൊതുജനങ്ങൾക്ക് മേൽ ഏൽപ്പിക്കുന്ന പീഡനങ്ങളെകുറിച്ചാണ്. പശ്ചിമ ബംഗാളിൽ ബിഎസ്എഫിന്റെ പീഡനത്തിൽ മരിച്ച തരുൺ മണ്ഡലിന്റെ ഉദാഹരണമാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കേസുകളിൽ ഒന്ന്. 

പന്ത്രണ്ടാമത്തെ നിരീക്ഷണം, മിക്ക ലോക്കപ്പ് മർദ്ദന/കൊലപാതക കേസുകളിലും  പീഡനത്തിനുത്തരവാദികളായ പൊലീസുകാർ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന യാഥാർഥ്യത്തെക്കുറിച്ചുള്ളതാണ്.  NCRB -യുടെ 2005 മുതൽ 2018 വരെ ഇന്ത്യയിൽ നടന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ, പൊലീസ് കസ്റ്റഡി മരണങ്ങളുടെ 500 കേസുകളിൽ 281 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട്, 54 പൊലീസുകാർ  ചാർജ് ഷീറ്റ് ചെയ്യപ്പെട്ടു എങ്കിലും, ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല എന്നാണ് പറയുന്നത്.

പതിമൂന്നാമത്തെ നിരീക്ഷണം, തീവ്രവാദികൾ നടത്തിയിട്ടുള്ള പീഡനങ്ങളിൽ സംഭവിച്ച മരണങ്ങളെപ്പറ്റിയാണ്. പൊലീസ് ഇൻഫോർമർമാരെന്ന് സംശയിച്ച് ഭീകരവാദികൾ പൊതുജനങ്ങളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊന്ന കേസുകൾ നിരവധിയാണ്. കാശ്മീരിൽ ഇത്തരം കേസുകൾ ഇടയ്ക്കിടെ നടക്കാറുണ്ട്. കഴിഞ്ഞ വർഷം നടന്ന ആരിഫ് സോഫിയുടെ കൊലപാതകം റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. സമാനമായ കേസുകൾ നാഗാലാ‌ൻഡ്, ഛത്തീസ്ഗഡ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഉണ്ടാകാറുണ്ട്.

പതിനാലാമത്തെ നിരീക്ഷണം, ജാതീയമായ വിദ്വേഷം കാരണം നടക്കുന്ന പീഡനങ്ങളെക്കുറിച്ചാണ്. ഇന്ത്യയിൽ ജാതിവ്യവസ്ഥയിൽ താഴെത്തട്ടിൽ നിൽക്കുന്നവർ എന്ന് കരുതപ്പെടുന്നവർ വര്‍ഷങ്ങളായി മേൽജാതിക്കാരാൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരുടെ മർദ്ദനങ്ങൾ താങ്ങാനാകാതെ മരിച്ചു പോകുന്നുണ്ട്. 2019 -ലും അത്തരത്തിലുള്ള നിരവധി കേസുകളുണ്ടായിട്ടുണ്ട്.

പതിനഞ്ചാമത്തേയും, അവസാനത്തെയും നിരീക്ഷണം, UNCAT മുന്നോട്ടുവെക്കുന്ന ധാരണകൾ പാലിക്കാൻ ഇന്ത്യൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുമുള്ള ബോധപൂർണ്ണമായ പരിശ്രമങ്ങൾ കാണുന്നില്ല എന്നുള്ള പരാതിയാണ്. അതിനായി ദേശീയതലത്തിൽ ഒരു നിയമം കൊണ്ടുവരണം എന്നുള്ള ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നതാണ്. അത് ഒരു ഗവണ്മെന്റും ഇതുവരെ നടപ്പിൽ വരുത്തിയിട്ടില്ല. സെപ്റ്റംബർ 5 -ന് പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി പോലും ഒരു ആന്റി ടോർച്ചർ ലോ കൊണ്ടുവരാൻ വേണ്ടി ഗവൺമെന്റിനോട് നിർദേശിക്കാൻ തയ്യാറായില്ല. അതുകൊണ്ടുതന്നെ സർക്കാരും അതിനു മുൻകൈ എടുത്തില്ല.

പൊലീസ് പൊതുജനങ്ങൾക്ക് നേരെ 'മൂന്നാം മുറ' പ്രയോഗിക്കുന്നുണ്ട് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് പോലും കയറാൻ പൊതുജനങ്ങളിൽ പലർക്കും ഭയമാണ് ഇന്നും. എന്തെങ്കിലും കേസിൽ ഉൾപ്പെട്ടവർ സ്റ്റേഷനിലേക്ക് ചെല്ലുന്നത് തന്നെ തങ്ങളുടെ  ആത്മാഭിമാനം വ്രണപ്പെടുമോ എന്നുള്ള ഭയത്തോടെയാണ്. പല പൊലീസുകാരും ആ ഭയത്തെ  കൈക്കൂലി സമ്പാദിക്കാനുള്ള മാർഗമായി കണ്ട് നിലനിർത്തുന്നു. ക്രിമിനൽ കുറ്റങ്ങളിൽ അറസ്റ്റു ചെയ്യപ്പെട്ട് പൊലീസ് പിടിയിലാകുന്നവരിൽ സ്വാധീനമുള്ളവർക്ക് ലോക്കപ്പ് മർദ്ദനം ഒഴിവാക്കി നൽകാൻ വേണ്ടി ചരടുവലികൾ നടത്തുന്ന ബ്രോക്കർ സംഘങ്ങൾ വരെ സ്റ്റേഷൻ പരിസരങ്ങളിൽ സജീവമാണ്. പണവും സ്വാധീനവും ഉള്ളവർ അതൊക്കെ ഉപയോഗിച്ച് ദേഹത്തോ മനസ്സിലോ  പോറൽ പോലുമേൽക്കാതെ സ്റ്റേഷനിലോ ലോക്കപ്പിലോ ഒക്കെ കയറിയാലും തങ്ങളുടെ നിത്യ ജീവിതങ്ങളിലേക്ക് തിരിച്ചുപോരുന്നു. തൂത്തുക്കുടിയിലെ ജയരാജിനെയോ ബെനിക്സിനെയോ ഒക്കെപ്പോലുള്ളവർ അതിനു കഴിയാതെ സ്വന്തം ജീവിതങ്ങൾ ലോക്കപ്പുകളുടെ ചുവരുകൾക്കുള്ളിൽ ഹോമിച്ച് പത്രത്താളുകളിൽ ഇടം പിടിക്കുന്നു. വർഷങ്ങളായി തുടരുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ വേണ്ട നിയമങ്ങൾ ഇനിയെങ്കിലും നിർമിച്ച് ഇതിനൊരു തടയിടണം എന്ന അപേക്ഷയോടെയാണ് ഈ റിപ്പോർട്ട് ഉപസംഹരിക്കുന്നത്. മനസ്സാക്ഷി ഇനിയും പൂർണമായും നഷ്ടം വന്നിട്ടില്ലാത്ത നമ്മുടെ പൊതു സമൂഹവും ആഗ്രഹിക്കുന്നത് അതുതന്നെയാകും.