അതിലെ പ്രധാനപ്പെട്ട കാര്യം ഇതിലെ പല സ്ത്രീകളും ഔപചാരികവിദ്യാഭ്യാസം നേടിയവരല്ല എന്നാണ്. നിരന്തർ തന്നെയാണ് ഇവർക്ക് പത്രത്തിൽ പ്രവർത്തിക്കാനാവശ്യമായ പരിശീലനം നൽകുന്നത്.

റിന്റു തോമസും(Rintu Thomas), സുഷ്മിത് ഘോഷും(Sushmit Ghosh) ചേർന്ന് സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററിയാണ് 'റൈറ്റിംഗ് വിത്ത് ഫയർ'(Writing With Fire). ഡെൽഹി മലയാളിയാണ് റിന്റു തോമസ്. ഇത് മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ ഓസ്‌കാറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്. സ്ത്രീകൾ നടത്തുന്ന 'ഖബർ ലഹാരിയ' എന്ന മാധ്യമത്തിന്റെ കഥയാണ് ഇതിൽ വിവരിക്കുന്നത്. ചീഫ് റിപ്പോർട്ടറായ മീര നയിക്കുന്ന, ദളിത് സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ഇന്ത്യയിലെ ഏകപത്രമാണ് ഖബർ ലഹാരിയ. ഇത് പിന്നീട് ഡിജിറ്റലായി.

Scroll to load tweet…

ചൊവ്വാഴ്ച വൈകുന്നേരം ഓസ്‌കാർ നോമിനേഷനോടുള്ള തന്റെയും കുടുംബത്തിന്റെയും സന്തോഷത്തിന്റെ വീഡിയോ റിന്റു തോമസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററി, 2021 -ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി അവാർഡും (ഇംപാക്റ്റ് ഫോർ ചേഞ്ച്) ഓഡിയൻസ് അവാർഡുകളും നേടി. പ്രിന്റിൽ നിന്നും തുടങ്ങി ഡിജിറ്റലിടങ്ങളിലേക്ക് മാറിയ മാധ്യമമാണ് ഖബർ ലഹാരിയ. 

ഖബർ ലഹാരിയ

ഉത്തർപ്രദേശിലെ ചിത്രകൂടിൽ ആരംഭിച്ച പത്രമാണ് ഖബർ ലഹാരിയ. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങൾക്കും വേണ്ടി ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരന്തർ എന്ന എൻജിഒ -യും കവിതാ ദേവി എന്ന സ്ത്രീയുമാണ് പത്രം തുടങ്ങിയതിന് പിന്നിൽ. പത്രത്തിൽ നിന്നാണ് തുടങ്ങിയതെങ്കിലും ഓൺലൈൻ പതിപ്പ് പോലും ഇന്ന് ഇറങ്ങുന്നുണ്ട്. 2014 -ൽ 'ഖബർ ലഹാരിയ' ഓൺലൈൻ പതിപ്പിന് ജർമൻ മാധ്യമസ്ഥാപനമായ ഡോയ്‌ചെ വെലെയുടെ ഗ്ലോബൽ മീഡിയാഫോറം പുരസ്‌കാരം ലഭിച്ചിരുന്നു. 

ഖബർ ലഹാരിയായിൽ നാൽപതോളം വനിതകൾ ജോലി ചെയ്യുന്നു. ഇവരെല്ലാം ​ഗ്രാമത്തിൽ നിന്നുള്ള, ദളിത്, പിന്നോക്കവിഭാ​ഗത്തിൽ പെട്ട സ്ത്രീകളാണ്. വാർത്തകൾ ശേഖരിക്കുന്നതും ചിത്രങ്ങളെടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും എല്ലാം സ്ത്രീകളായിരുന്നു. അതിലെ പ്രധാനപ്പെട്ട കാര്യം ഇതിലെ പല സ്ത്രീകളും ഔപചാരികവിദ്യാഭ്യാസം നേടിയവരല്ല എന്നാണ്. നിരന്തർ തന്നെയാണ് ഇവർക്ക് പത്രത്തിൽ പ്രവർത്തിക്കാനാവശ്യമായ പരിശീലനം നൽകുന്നത്. പ്രാദേശികമായി പ്രാധാന്യമുള്ളതും സ്ത്രീകളുടെ വിഷയങ്ങളുമാണ് പ്രധാനമായും പത്രത്തിൽ വരുന്നത്. ബുന്ദേലി, ഭോജ്പൂരി, ആവാധി, ഹിന്ദുസ്ഥാനി, ബജ്ജിക ഭാഷകളിൽ പത്രം പുറത്തിറങ്ങുന്നു. പത്രത്തിന് 80,000 -ത്തോളം വായനക്കാരുണ്ട്. പിന്നീടിത് ഡിജിറ്റലിലേക്ക് മാറി.

കവിതാ ദേവിയുടെ കഥ

അതിയായ ആ​ഗ്രഹവും അത് നേടിയെടുക്കാനായി എത്രവേണമെങ്കിലും പോരാടുവാനുള്ള ഉൾക്കരുത്തുമുണ്ടെങ്കിൽ നാം വിജയത്തിലെത്തിച്ചേരും അല്ലേ? അങ്ങനെ ജീവിതത്തിൽ വിജയത്തിലെത്തി ചേർന്ന സ്ത്രീയാണ് കവിതാ ദേവി. വിദ്യാഭ്യാസം പോലും സ്വപ്നം കാണാൻ അർഹതയില്ലാത്ത എത്രയോ കുട്ടികൾ ഇന്നും നമ്മുടെ ഇന്ത്യൻ ​ഗ്രാമങ്ങളിലുണ്ട്, പ്രത്യേകിച്ചും പെൺകുട്ടികൾ. എന്നാൽ, കുറച്ചുകൂടി വർഷങ്ങൾ പിറകോട്ട് പോയാൽ അത്തരത്തിലുള്ള ഒരുപാട് പെൺകുട്ടികളെ ​ഗ്രാമങ്ങളിൽ കാണാനാവും. വിദ്യഭ്യാസം കിട്ടില്ലെന്ന് മാത്രമല്ല, വളരെ ചെറുപ്രായത്തിൽ തന്നെ അഥവാ കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ വിവാഹിതരാവേണ്ടി വന്ന ഒത്തിരി പെൺകുട്ടികളെയും കാണാം. അതിലൊരാൾ കൂടിയാണ് കവിതാ ദേവി. ഇത് നിശ്ചയദാർഢ്യം കൊണ്ട് കവിതാ ദേവി തന്റെ ജീവിതം തന്നെ മാറ്റിമറിച്ച അനുഭവമാണ്. 

ഉത്തര്‍ പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ കുഞ്ചന്‍ പര്‍വയിലാണ് കവിതാ ദേവി ജനിച്ചത്. ഒരു ദളിത് കര്‍ഷക കുടുംബത്തിലെ അം​ഗമായിരുന്നു അവൾ. പഠിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെങ്കിലും അവൾക്കതിന് കഴിഞ്ഞിരുന്നില്ല. മാത്രവുമല്ല, പന്ത്രണ്ടാമത്തെ വയസില്‍ തന്നെ അവളുടെ വിവാഹവും കഴിഞ്ഞു. ഔപചാരിക വിദ്യാഭ്യാസമൊന്നും കിട്ടാത്തത് എപ്പോഴും അവളുടെ വേദനയായിരുന്നു. എങ്കിലും പഠിക്കണമെന്നും ജീവിതത്തിലും സമൂഹത്തിലും എന്തെങ്കിലും മാറ്റമുണ്ടാക്കണമെന്നുമുള്ള ചിന്ത എപ്പോഴും കവിതയുടെ ഉള്ളിൽ തന്നെയുണ്ടായിരുന്നു.

വല്ലാതെ ആ​ഗ്രഹിച്ചാൽ നമ്മെ സഹായിക്കാനുള്ള എന്തെങ്കിലും ഒരു വഴി എവിടെയെങ്കിലും തെളിയുമെന്ന് പറയാറില്ലേ? അത് തന്നെയാണ് കവിതയുടെ കാര്യത്തിലും സംഭവിച്ചത്. ആ സമയത്ത് തന്നെയാണ് ഒരു എന്‍ജിഒ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരിടം തുറക്കാന്‍ അവളുടെ ഗ്രാമത്തിലെത്തിയത്. അതോടെ, അവളുടെ ഉള്ളിലുണ്ടായിരുന്ന പഠിക്കണമെന്ന സ്വപ്നത്തിന് വീണ്ടും ചിറകുകൾ മുളച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ? ആ സ്ഥാപനത്തിലൂടെ എങ്ങനെയെങ്കിലും വിദ്യാഭ്യാസം നേടണമെന്ന് അവള്‍ ആഗ്രഹിച്ചു. എന്നാല്‍, ചുറ്റുമുള്ള എല്ലാവരും അവള്‍ക്കെതിരെ തിരിഞ്ഞു. അവളുടെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍, സ്വന്തം വീട്ടുകാര്‍, സമുദായം എല്ലാവരും അവളോട് പറഞ്ഞത് പഠിക്കാൻ പോകേണ്ടതില്ല എന്നായിരുന്നു. എന്നാല്‍, ആഗ്രഹിച്ചത് നേടിയെടുക്കാന്‍ ചുറ്റുമുള്ള എല്ലാത്തിനോടും പോരാടാന്‍ അവള്‍ ഒരുക്കമായിരുന്നു. അങ്ങനെ അവൾ അവിടെ പഠിക്കാൻ തുടങ്ങി.

അവിടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആറ് മാസത്തിനുള്ളില്‍ തന്നെ അതേ സ്ഥാപനം നടത്തുന്ന 'മഹിളാ ദാകിയ' എന്ന ന്യൂസ് ലെറ്ററില്‍ അവള്‍ ജോലിയും ചെയ്ത് തുടങ്ങി. അതാണ് റിപ്പോര്‍ട്ടറായിട്ടുള്ള അവളുടെ ആദ്യത്തെ ജോലി. മാസത്തിലൊരു തവണയായിരുന്നു മഹിളാ ദാകിയ എന്ന ഈ ന്യൂസ് ലെറ്റര്‍ എത്തിയിരുന്നത്. നാട്ടിലെല്ലാവരും വളരെയധികം ആകാംക്ഷയോടെ അതിനായി കാത്തിരിക്കുമായിരുന്നു. തങ്ങളുടെ നാട്ടിലെ വാർത്തകളും വിവരങ്ങളും കഥകളുമാണ് അതിൽ എന്നതിനാൽത്തന്നെ നാട്ടുകാർക്ക് അതിനോട് ഇഷ്ടം കൂടുതലുണ്ടായിരുന്നു. എന്നാല്‍, ക്രമേണ മഹിളാ ദാകിയ നിര്‍ത്തിവയ്ക്കേണ്ടി വന്നു. അത് ഗ്രാമത്തിലെല്ലാവരെയും വളരെയധികം നിരാശരാക്കി. 

മഹിളാ ദാകിയക്കൊപ്പമുള്ള പ്രവര്‍ത്തനം പ്രാദേശികമായ വാര്‍ത്തകള്‍ക്ക് സമൂഹത്തിലെത്രമാത്രം പ്രാധാന്യമുണ്ട് എന്ന് മനസിലാക്കാന്‍ കവിതയെ സഹായിച്ചിരുന്നു. അതിനാൽ തന്നെ വെറുതെയിരിക്കാൻ കവിത തയ്യാറായിരുന്നില്ല. അങ്ങനെ ദില്ലി കേന്ദ്രീകരിച്ചുള്ള 'നിരന്തര്‍' എന്ന എന്‍ജിഒ -യുടെ സഹായത്തോടെ സ്ത്രീകളുടെ മാത്രം നേതൃത്വത്തില്‍ 'ഖബര്‍ ലാഹരിയ' എന്നൊരു ന്യൂസ് പേപ്പര്‍ കവിത തുടങ്ങി. മുഖ്യധാരാമാധ്യമങ്ങളില്‍ വരാത്തതും അവയാൽ അവ​ഗണിക്കപ്പെടുന്നതുമായ പ്രാദേശിക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. അങ്ങനെ സ്ത്രീകളുടെ മാത്രം നേതൃത്വത്തിൽ പത്രം നാട്ടിലിറങ്ങി. എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം എന്ന ചോദ്യത്തിനും കവിതയ്ക്കുത്തരമുണ്ട്. എല്ലാ ജോലികളിലും പുരുഷാധിപത്യമാണ് കാണാൻ കഴിയുന്നത്. അതിനാല്‍ തന്നെ അതിലൊരു മാറ്റം വരുത്തുക എന്നത് പ്രധാനമാണ് എന്നാണ് കവിത പറയുന്നത്. ആ മാറ്റത്തിനുള്ള ഒരു പങ്കാണ് അവരുടെ മാധ്യമം.

'എഡിറ്റേർസ് ഗിൽഡ് ഓഫ് ഇന്ത്യ'യിലെ ഏക ദളിത് അംഗമായി പിന്നീട് കവിതാ ദേവി. വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യാനും ഒന്നിലധികം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ 10 മില്ല്യണ്‍ വായനക്കാരിലേക്ക് എത്തിക്കുവാനും, അവർക്ക് കഴിയുന്നു. അതുപോലെ, 'ഖബർ ലഹാരിയ' ഇന്നൊരു ഡിജിറ്റൽ റൂറൽ ന്യൂസ് നെറ്റ്വർക്കാണ്. അതിലൂടെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഒരുമിച്ച് ചേർക്കാനും കവിതയ്ക്ക് കഴിഞ്ഞു. പന്ത്രണ്ടാം വയസിൽ വിവാഹം കഴിഞ്ഞ, ഒരിക്കൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു പെൺകുട്ടി ഇന്ന് ഇവിടെ എത്തി നിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ അവളുടെ നിശ്ചദാർഢ്യവും മനക്കരുത്തുമാണ് എന്നതിൽ സംശയമില്ല. ടെഡ് ടോക്സ് ഇന്ത്യ, നയി ബാത്തിൽ ഷാരൂഖ് ഖാൻ കവിതാ ദേവിയെ പരിചയപ്പെടുത്തിയത് നമുക്കേവർക്കും പ്രചോദനമാവുന്ന സ്ത്രീ എന്നാണ്.