Asianet News MalayalamAsianet News Malayalam

മയക്കുമരുന്നുമായി പിടിയിലായ ഡോക്ടറും, മാധ്യമപ്രവർത്തകനെ ഇടിച്ചുകൊന്ന ഐഎഎസ്സുകാരനും, മൊഴിയെടുക്കലിലെ വിവേചനം

പക്ഷേ, അതല്ല ഇവിടത്തെ പ്രശ്നം. കുറ്റവാളി  ഉന്നതനായ ഐ.എ.എസ് ഉദ്യോഗസ്ഥനാകുമ്പോൾ പൊലീസ് ഇതൊക്കെ മുക്കും. മാത്രമല്ല അന്ന് തിരുവനന്തപുരത്തെ സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ എല്ലാ ഒത്താശയും പൊലീസ് ചെയ്തു. 

Discrimination while recording the statement of accused s biju writes
Author
Thiruvananthapuram, First Published Jan 25, 2022, 11:20 AM IST

കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ അക്വിൽ ഹുസൈൻ മുഹമ്മദ് മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും അറസ്റ്റിലായി. ഗൗരവതരമായ കുറ്റം തന്നെയാകാം ആ ചെറുപ്പക്കാരൻ ചെയ്തത്. പ്രത്യേകിച്ച് അയാൾ ഒരു ഡോക്ടറായി പുറത്തിറങ്ങാൻ പോകുന്ന സാഹചര്യം കണക്കാക്കുമ്പോൾ. മാത്രമല്ല അവിടത്തെ പത്തുപതിനഞ്ചോളം യുവഡോക്ടർമാർ അഥവാ വൈദ്യവിദ്യാർത്ഥികൾ ഈ മയക്കുമരുന്ന് ശൃംഖലയിൽ കണ്ണികളാണെന്നും അറസ്റ്റിലായ ആ ചെറുപ്പക്കാരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പൊലീസ് ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യം വെളിപ്പെടുത്തുന്നത് അവർ മൊബൈൽ ക്യാമറയിൽ റെക്കോഡ് ചെയ്തത് മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടതാണ്. 

Discrimination while recording the statement of accused s biju writes

അധികം പഴക്കമില്ലാത്ത മറ്റൊരു ഡോക്ടറുടെ  സമാനാവസ്ഥയിലേക്കൊരു ഫ്ലാഷ് ബാക്ക്. പഠിച്ച് ബിരുദമെടുത്തത് ഡോക്ടറാവാനാണെങ്കിലും സാമർത്ഥ്യം കൂടിയതിനാൽ സിവിൽ സർവീസ് പരീക്ഷ കൂടി പാസായി  ഐഎഎസ്സുകാരനായി. മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് കൈയടിയും നേടിയിരുന്നു. ഇത്തരം എല്ലാ പ്രവൃത്തികൾക്കും മാധ്യമ കവറേജ് ഉറപ്പാക്കിയിരുന്നതിനാൽ വാർത്താതാരമായി, ശരാശരി മലയാളികൾക്കിടയിൽ ഒരു സുരേഷ് ഗോപി കഥാപാത്ര പരിവേഷമൊക്കെ കൈവരിച്ചു. വിദേശ പരിശീലനമൊക്കെ ലഭിച്ച് തിരിച്ചു വന്ന് തിരുവനന്തപുരത്ത് പുതിയ ചുമതലയേൽക്കുന്നതിനു മുൻപ് വനിതാസുഹൃത്തുമൊത്ത് അതിവേഗത്തിൽ വാഹനമോടിക്കവേ, വഴിയരികിൽ ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കുന്ന ഒരു യാത്രികനെ ഇടിച്ചുകൊന്നു. പണികഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കത്തിലായിരുന്നു മാധ്യമപ്രവർത്തകൻ കൂടിയായ ബൈക്ക് യാത്രികൻ. അപകടകരമായി വാഹനം ഓടിച്ചു മറ്റൊരാളുടെ ജീവഹാനിക്ക് ഇടവരുത്തിയ യുവ ഐഎഎസ്സുകാരൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അവരുടെ ഇൻസ്റ്റിറ്റ്യൂട്ട് അഥവാ ക്ലബിൽ നിന്ന് മദ്യപിച്ച ശേഷമാണ് വാഹനമോടിച്ചിരുന്നത് എന്നാണ് നമുക്കറിയാവുന്ന വിവരം. ബാ‍ർ ലൈസൻസൊന്നുമില്ലെങ്കിലും അനധികൃതമായി അതിന് തുല്യമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഒരിടത്ത് നിന്നായിരുന്നു പ്രയാണം. 

ഇവിടെ കുറ്റാരോപിതരായ രണ്ട് ഡോക്ട‍മാരുടെയും, കൂടെ സഞ്ചരിച്ച വനിതാ സുഹൃത്തിന്റെയും, ഇരയായ മാധ്യമപ്രവർത്തകന്റെയും പേരിന് വലിയ പ്രസക്തിയില്ല. പ്രശ്നം കുറ്റാരോപിതരുടെ പദവിയാണ്. 

തൃശൂരിലെ ഹൗസ് സർജൻ ചെയ്തത് ചെറിയ കുറ്റവുമല്ല, പ്രത്യേകിച്ച് അയാളിൽ സമൂഹം കൽപ്പിക്കുന്ന വിശ്വാസം കണക്കിലെടുക്കുമ്പോൾ. എന്നാൽ, അയാളുടെ കുറ്റസമ്മതമൊഴി മാധ്യമങ്ങൾക്ക് പൊലീസ് നൽകുന്നു. അത്തരമൊരു കാര്യം ലഭിച്ചാൽ മാധ്യമങ്ങൾ അത് നൽകും. അതിൽ തെറ്റ് പറയാൻ പറ്റില്ല. കാരണം നമ്മൾ നൽകുന്ന വാർത്തയ്ക്കുള്ള ഏറ്റവും നല്ല തെളിവാണ് അത്. പലപ്പോഴും പൊലീസ് പ്രതികളെ ഹാജരാക്കുന്ന വേളയിൽ പോലും മാധ്യമ പ്രവർത്തകർ ഇങ്ങനെ വിവരം ആരായാറുണ്ട്. ഐ.എസ്.ആർ.ഒ ചാരക്കേസിലടക്കം മറിയം റഷീദയേയും, ഫൗസിയ ഹസനെയുമൊക്കെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഈ ലേഖകനും അവരിൽ നിന്ന് പൊലീസിന്റെ എതിർപ്പിനെ മറികടന്ന് വിവരം തേടിയിട്ടുണ്ട്. പൊലീസ് അതിന്റെ പേരിൽ നിയമപരമായും അല്ലാതെയും നമുക്ക് നേരെ നടപടി സ്വീകരിക്കുമെന്നറിഞ്ഞു കൊണ്ടു തന്നെയാണ് മാധ്യമപ്രവർത്തക‌ർ ആ റിസ്ക് എടുത്ത് സത്യം പുറത്ത് കൊണ്ടു വരാൻ ശ്രമിക്കുന്നത്.  

പക്ഷേ, അതല്ല ഇവിടത്തെ പ്രശ്നം. കുറ്റവാളി  ഉന്നതനായ ഐ.എ.എസ് ഉദ്യോഗസ്ഥനാകുമ്പോൾ പൊലീസ് ഇതൊക്കെ മുക്കും. മാത്രമല്ല അന്ന് തിരുവനന്തപുരത്തെ സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ എല്ലാ ഒത്താശയും പൊലീസ് ചെയ്തു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവോ എന്നത് തെളിയിക്കാനുള്ള രക്തപരിശോധന മനപ്പൂർവം വൈകിപ്പിച്ച് തെളിവ് നശിപ്പിക്കുകയാണ് ചെയ്തത്. ഇതിന് അദ്ദേഹത്തിന്റെ പൂർവ്വ ഗോത്രത്തിലെ ഡോക്ടർമാർ എല്ലാ ഒത്താശയും ചെയ്തു. മെഡിക്കൽ കോളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പരിക്ക് പെരുപ്പിച്ച് കാട്ടി അറസ്റ്റും ഒഴിവാക്കി. അപകടമുണ്ടായത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെയാണ്. എന്നിട്ടും നടപടിക്രമങ്ങളിൽ  പൊലീസ് ഏറെ കാലതാമസം വരുത്തി. അവിടത്തെ സിസിടിവി ക്യാമറ കേടാണെന്നാണ് നമ്മളോട് പൊലീസ് പറഞ്ഞത്. കുറ്റപത്രം നൽകാനും മറ്റ് നിയമ നടപടികൾക്കും ഏറെ കാലതാമസം വരുത്തിയതിനാൽ സസ്പെൻഷൻ ഒഴിവാക്കി ശ്രീറാം സർവീസിൽ തിരികെ കയറി. ഒരു യുവ സിംഹത്തിന്റെ കൂടി പല്ല് കൊഴിച്ച് പാദസേവകനായി പണിക്ക് ലഭിച്ചതിന്റെ സന്തോഷത്തിൽ ഭരണനേതൃത്തിനും ഏറെ സന്തോഷം. 

മുംബൈയിലെ മലബാർ ഹിൽസെന്ന സമ്പന്നർ താമസിക്കുന്ന പ്രദേശത്ത് കൂടി സഞ്ചരിച്ചവർക്കറിയാം അവിടത്തെ ടോംബ് ഓഫ് സൈലൻസിനെക്കുറിച്ച്. പാഴ്സി സമുദായക്കാരുടെ ശവസംസ്കരണ സ്ഥലമാണത്. ഒരു ചെറിയ കാടിനുള്ളിൽ നമ്മുടെ കാഴ്ചയ്ക്ക് അന്യമായിട്ടുള്ള അതിനുള്ളിലേക്ക് പാഴ്സി മതക്കാരല്ലാത്തവർക്ക് പ്രവേശനമില്ല. ശവം മണ്ണിൽ ചേർന്ന് അശുദ്ധമാകാതിരിക്കാൻ അത് പക്ഷികൾക്ക് ഭക്ഷണമാകാൻ പാകത്തിലാണ് സംവിധാനം.      കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു ദേശീയ മാസിക വിലക്കപ്പെട്ട ആ കാഴ്ച പകർത്തി പ്രസിദ്ധീകരിച്ചു. പാഴ്സികൾ മാധ്യമ ഓഫീസ് തകർക്കാനൊന്നും പോയില്ല. മറിച്ച് പത്രാധിപരോട് അവ‍ർ ഒരു ചോദ്യമേ ഉന്നയിച്ചുള്ളു, 'താങ്കളുടെ വേണ്ടപ്പെട്ടവരുടെ മൃതശരീരമാണെങ്കിൽ പക്ഷികൾ അത് ഭക്ഷണമാക്കുന്നത് കാണിക്കുമായിരുന്നോ' എന്നാണ് അവർ ചോദിച്ചത്. പത്രാധിപർ ഖേദം പ്രകടിപ്പിച്ചു.  

പലപ്പോഴും പൊലീസും മാധ്യമങ്ങളുമൊക്കെ കുറ്റവാളികളെ പ്രദർശിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഈ തത്വം പരിഗണിക്കേണ്ടതില്ലേ? പ്രത്യേകിച്ച് നമ്മുടെ നല്ലൊരു ശതമാനം കേസുകളിലും പ്രതികളാക്കുന്നവർ യഥാർത്ഥ കുറ്റവാളികൾ ആകണമെന്നില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ. തൃശൂരിലെ ഡോക്ടറെക്കാൾ വലിയ അപരാധം ചെയ്തതായി ആരോപിക്കപ്പെട്ടിട്ടുള്ള ബിനീഷ് കോടിയേരിയുടെ കുറ്റസമ്മത മൊഴിയുണ്ടെങ്കിൽ , ആ വീഡിയോ കർണാടക പൊലീസോ ദേശീയ കുറ്റാന്വേഷണ ഏജൻസികളോ ഈ വിധം പുറത്ത് വിട്ടിരുന്നതെങ്കിൽ എന്താകുമായിരുന്നേനേ പുകിൽ. തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് 14 -കാരി കൊല്ലപ്പെട്ട കേസിൽ കൊടിയ പീഡനം നടത്തി വളർത്തമ്മയിൽ നിന്ന് കുറ്റസമ്മത മൊഴി കരസ്ഥമാക്കിയവരാണ് നമ്മുടെ പൊലീസ്. മറ്റൊരു കേസിൽ പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലിൽ ഈ കൊലപാതകവും കൂടി സമ്മതിച്ചില്ലായിരുന്നുവെങ്കിൽ എന്തായേനേ ആ വളർത്തമ്മയുടെയും വളർത്തച്ഛന്റെയും കാര്യം. അവർക്കൊക്കെ നമ്പി നാരായണനെ പോലെ പൊലീസിനെതിരെ സുപ്രീം കോടതി വരെ പോകാൻ സാധിക്കുമോ?  

തൃരൂരിലെ ഹൗസ് സർജൻ യഥാർത്ഥ കുറ്റവാളിയാണോ അതോ സമ്മർദ്ദത്തിന് വഴങ്ങിയാണോ കുറ്റം സമ്മതിച്ചതെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. അതൊക്കെ ഇനി കോടതിയിൽ വെളിവാകേണ്ട കാര്യമാണ്. പക്ഷേ, ഒരു സാധാരണക്കാരനായ അയാളെ ഇന്ന് വലിയ കുറ്റവാളിയായി സമൂഹം കണക്കാക്കിയിരിക്കുന്നു. അയാളെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. പക്ഷേ, ഇപ്പോൾ അയാളുടെ കാര്യത്തിൽ ഒരു വിവേചനം ഉണ്ടായിരിക്കുന്നു എന്ന് മാത്രം.       

തൃശൂർ സംഭവത്തിന് ഒരു ട്വിസ്റ്റ് കൂടിയുണ്ട്. അവിടത്തെ മുതിർന്ന ഡോക്ടർമാരടക്കം പൊലീസ് കുറ്റസമ്മത മൊഴി ചോർത്തി നൽകിയതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അവർ പറയുന്നത് അക്വിൽ മുഹമ്മദ് പറയുന്ന പേരുകളിൽ പലതും തെറ്റാണെന്നും അത് മറ്റ് ഡോക്ടർമാർക്ക് മാനനഷ്ടം വരുത്തുന്നു എന്നുമാണ്. ഇതിലൊക്കെ ശരിയേത്, തെറ്റേത് എന്ന് നമുക്കറിയില്ല. ഇവിടത്തെ പ്രശ്നവും വിവേചനമാണ്. സമൂഹത്തിലെ പിടിപാടുള്ളവരും, ഇല്ലാത്തവരും നേരിടുന്ന വിവേചനത്തിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയാണ് ഇത്. സംഘടിതരാണ് ഡോക്ട‍ർ സമൂഹമെന്നതിനാൽ അവർക്ക് ഈ  പ്രശ്നം ഉന്നയിക്കാനെങ്കിലും കഴിഞ്ഞു. താഴേതട്ടിലുള്ളവർക്കാണെങ്കിൽ അതും നടക്കില്ല. സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുതൽ വലിയൊരു സംഘം പ്രതികളായി ജയിലിലായതാണ്. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്‍, മന്ത്രിയായിരുന്ന കെ.ടി ജലീൽ തുടങ്ങി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രൻ വരെ ഈ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര  ഏജൻസികളുടെ  ചോ‍ദ്യം ചെയ്യലിന് വിധേയരായി. 

മറ്റൊരു കേസിൽ, അതായത് തെര‌ഞ്ഞെടുപ്പിന് കൊണ്ടുവന്ന കണക്കിൽപ്പെടാത്ത പണം തട്ടിയെടുത്തുവെന്ന കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും കേരള പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനായി. ഇവരുടെ ആരുടെയെങ്കിലും മൊഴി വീഡിയോ രൂപത്തിൽ പുറത്ത് വന്നാലുള്ള പുകില് എന്തായിരുന്നേനേ. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള അന്വേഷണ ഏജൻസിയാണ് സ്വർണക്കടത്ത് അന്വേഷിച്ചതെങ്കിലും പ്രതികളെ പാർപ്പിച്ചിരുന്നത് സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ജയിലുകളിലായിരുന്നു. അവിടെ നിന്ന് കേസിലെ ചെറിയ മീനായ സ്വപ്ന സുരേഷിന്റെ സംഭാഷണശകലം താൽപര്യത്തിന് അനുസരിച്ച് ചോർന്ന് പുറത്തുവന്നു. വലിയ പ്രതികളുടെ മൊഴികൾ, പ്രത്യേകിച്ച് ഉന്നതോദ്യോഗസ്ഥരുടെയും, പാർട്ടിഭേദമില്ലാതെ രാഷ്ട്രീയക്കാരുടെയും കൃത്യമായി സംരക്ഷിക്കപ്പെട്ടു.   

എത്ര ഉന്നതാനായാലും  ഈ രണ്ട് കേസുകളിൽ എല്ലാത്തിനെയും പൊക്കുമെന്നും, കളി തുടങ്ങിയിട്ടേയുള്ളൂവെന്നും, പലതും പുറത്തുവരുമെന്നും, പ്രമുഖൻമാരെയൊക്കെ കൈയാമം വയ്ക്കുമെന്നും പിണറായി വിജയനും കെ. സുരേന്ദ്രനുമൊക്കെ രഹസ്യമൊഴികളിലല്ല പരസ്യമായി തന്നെ വെല്ലുവിളിച്ചതാണ്. ഈ കേസുകളുടെ ഇപ്പോഴത്തേ ഗതി കണ്ടാൽ അറിയാം കാര്യങ്ങൾ എങ്ങോട്ടാണെന്ന്. എം. ശിവശങ്കർ സർവീസിൽ തിരികെ കയറി. പണ്ട് ഗർജ്ജിച്ച ആർക്കും ഒരെതിർപ്പുമില്ല.  

നമ്മുടെ ഭരണഘടന പറയുന്ന  ഒരു തത്വമുണ്ട്. Among equals there shall be no discrimination. സമൻമാർക്കിടയിൽ വിവേചനം പാടില്ല എന്നാണ് നമ്മുടെ ഭരണഘടന പറയുന്നത്. ആർട്ടിക്കിൾ 14 പ്രകാരം ജന്മ, മത, ലിംഗ, വർഗ്ഗ പരിഗണന തടസമാകരുതെന്നും, എല്ലാ മനുഷ്യരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും നമ്മുടെ ഭരണഘടനയുടെ മൗലികാവകാശങ്ങളിൽ വ്യക്തമായി പറയുന്നു. ശരിയാണ്, പൊലീസ് അത് പാലിക്കുന്നുണ്ട്. കുറ്റാരോപിതരായ ഉന്നതർ സാധാരണ നിയമങ്ങൾക്ക് അതീതരാണന്ന പൊതുതത്വം അവർ അരക്കിട്ടുറപ്പിക്കുന്നു.        

Follow Us:
Download App:
  • android
  • ios