'കാണാൻ ഭം​ഗിയില്ലാത്ത' പെൺകുട്ടികളെ നല്ല സ്ത്രീധനം നൽകിയാൽ വിവാഹം ചെയ്‍തയക്കാം എന്നതാണ് സ്ത്രീധനത്തിന്റെ മറ്റൊരു 'നേട്ട'മായി ഇതിൽ പറഞ്ഞിരിക്കുന്നത്. 

സ്ത്രീധന(Dowry) സമ്പ്രദായത്തിന്റെ 'ഗുണങ്ങളും നേട്ടങ്ങളും' പട്ടികപ്പെടുത്തുന്ന ഒരു പുസ്തകത്തിലെ പേജ് സോഷ്യൽ മീഡിയയിൽ വൈറലായി. എന്തുതരം സന്ദേശമാണ് ഇത് സമൂഹത്തിലെ യുവാക്കൾക്ക് നൽകുന്നത് എന്ന് ചോദിച്ചു കൊണ്ട് വലിയ തരത്തിലുള്ള വിമർശനങ്ങളാണ് പുസ്തകത്തിനെതിരെ ഉണ്ടായിരിക്കുന്നത്. 

Scroll to load tweet…

ഇന്ത്യൻ നഴ്സിം​ഗ് കൗൺസിൽ(Indian Nursing Council syllabus) സിലബസ് വരുന്ന, നഴ്സുമാർക്കായുള്ള സോഷ്യോളജി പാഠപുസ്തകത്തിൽ നിന്നുള്ളതാണ് ഈ ഭാ​ഗം എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നത്. അതിൽ 'സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ' എന്ന തലക്കെട്ടിന് താഴെയുള്ള ഭാ​ഗങ്ങളാണ് വിമർശനത്തിന് കാരണമായത്. പേജിന്റെ ചിത്രം പങ്കിട്ട സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ശിവസേന നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുർവേദിയും ഉൾപ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട് ഇത്തരം പുസ്തകങ്ങൾ പ്രചാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ഞങ്ങളുടെ പാഠ്യപദ്ധതിയിൽ അവയുടെ സാന്നിധ്യം 'നാണക്കേടാണ്' എന്ന് പറയുകയും ചെയ്‍തു പ്രിയങ്ക ചതുർവേദി.

Scroll to load tweet…

സ്ത്രീധനസമ്പ്രദായത്തിലൂടെ പുതിയൊരു കുടുംബം തുടങ്ങാനാവശ്യമായ ഫർണിച്ചറുകൾ, റഫ്രിജറേറ്ററുകൾ, വാഹനങ്ങൾ തുടങ്ങിയവയെല്ലാം ലഭിക്കും എന്ന് പുസ്തകത്തിൽ പറയുന്നു. പെൺകുട്ടിക്ക് തന്റെ കുടുംബത്തിൽ നിന്നുമുള്ള സ്വത്തിന്റെ ഒരു ഭാ​ഗം ഇതിലൂടെ കിട്ട‍ുന്നു എന്നതാണ് മറ്റൊരു പോയിന്റായി പറഞ്ഞിരിക്കുന്നത്. 'കാണാൻ ഭം​ഗിയില്ലാത്ത' പെൺകുട്ടികളെ നല്ല സ്ത്രീധനം നൽകിയാൽ വിവാഹം ചെയ്‍തയക്കാം എന്നതാണ് സ്ത്രീധനത്തിന്റെ മറ്റൊരു 'നേട്ട'മായി ഇതിൽ പറഞ്ഞിരിക്കുന്നത്. നല്ല വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾക്ക് അധികം സ്ത്രീധനം നൽകേണ്ടതില്ല എന്നും പുസ്തകത്തിൽ പറയുന്നു. 

ഏതായാലും വലിയ വിമർശനമാണ് പുസ്തകത്തിന് നേരെ ഉയർന്നിരിക്കുന്നത്. നിയമപ്രകാരം സ്ത്രീധനം നിരോധിക്കപ്പെട്ടിട്ടുണ്ട് എങ്കിലും ഇന്ത്യയിൽ ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിലനിൽക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതുമെല്ലാം ഇന്നും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.