I can't breathe... ‘എനിക്ക് ശ്വാസംമുട്ടുന്നു’- അമേരിക്കയില്‍ ഇപ്പോൾ ഉയർന്നു കേൾക്കുന്ന മുദ്രാവാക്യമാണിത്. ജോര്‍ജ് ഫ്‌ളോയിഡ് എന്ന യുവാവിനെ പൊലീസ് കൊല ചെയ്‍ത സംഭവത്തില്‍ അമേരിക്കയില്‍ വലിയ പ്രതിഷേധസമരങ്ങള്‍ അരങ്ങേറുകയാണ്. മുട്ടുകാൽ കഴുത്തിലമർത്തി ശ്വാസം മുട്ടിച്ചാണ്‌ ഫ്‌ളോയിഡിനെ വധിച്ചത്‌. മരണവെപ്രാളത്തിനിടയിൽ ‘എനിക്ക്‌ ശ്വാസംമുട്ടുന്നു’ എന്ന ഫ്‌ളോയിഡിന്റെ രോദനം ഇന്ന്‌ അമേരിക്കയുടെ ശബ്‌ദമായി ഉയരുകയാണ്‌. ഫ്ലോയ്ഡിന്റെ അവസാന നിലവിളി മുദ്രാവാക്യമാക്കി യു.എസിലെങ്ങും പ്രതിഷേധം കനക്കുകയാണ്. വംശീയതയുടെ കാൽമുട്ടുകൾക്കടിയിൽ ഞെരിഞ്ഞമരുന്ന കറുത്തവന്‍റെ പ്രതിഷേധം അമേരിക്കൻ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്.

മിനെസൊട്ടയിൽ ജോർജ്‌ ഫ്ലോയ്‌ഡ്‌ എന്ന കറുത്തവർഗക്കാരൻ പൊലീസുകാരുടെ വംശീയവെറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ മിനിയാപൊളിസ്‌ നഗരത്തിൽനിന്ന്‌ രാജ്യമെങ്ങും ജനരോഷം പടരുകയാണ്‌. കറുത്തവംശക്കാർ വൻതോതിൽ പങ്കെടുക്കുന്ന പ്രതിഷേധത്തിൽ വെള്ളക്കാരെയും കാണാം. മെയ് 25 തിങ്കളാഴ്‌ചയാണ്‌ ജോർജ്‌ ഫ്ലോയ്‌ഡ്‌ കൊല്ലപ്പെട്ടത്‌. തെരുവിൽ കാറിൽനിന്ന്‌ പിടിച്ചിറക്കി വിലങ്ങുവച്ച്‌ റോഡിൽ വീഴ്‌ത്തി ഡെറിക്‌ ഷോവിൻ എന്ന പൊലീസുകാരൻ മുട്ടുകാൽ കഴുത്തിലമർത്തി ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. ഷോവിനെ മെയ് 30 രാവിലെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും അയാൾക്കൊപ്പം ജോലിയിൽനിന്ന്‌ പിരിച്ചുവിട്ട മറ്റ്‌ മൂന്ന്‌ പൊലീസുകാരെ പിടിച്ചിട്ടില്ല. വാഹനത്തിൽ കള്ളപ്പണ ഇടപാട് നടത്തുന്നെന്ന് ആരോപിച്ചാണ്  ഫ്ലോയിഡിനെ പൊലീസ് പിടികൂടുന്നത്.

വ്യാജനോട്ട് കൈവശം വെച്ചുവെന്നാരോപിച്ച് ഫ്ലോയ്ഡിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഷോവിൻ അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ട് കാൽമുട്ടുകൾകൊണ്ട് കഴുത്തിൽ അമർത്തുകയുമായിരുന്നു. എട്ടുമിനിറ്റും 46 സെക്കൻഡും ഷോവിന്റെ  കാൽമുട്ടുകൾ ഫ്ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആഫ്രിക്കൻ അമേരിക്കൻ വംശജരോടുള്ള വർണവെറിയും പൊലീസുകാരുടെ ക്രൂരതയും വെളിവാക്കുന്ന ഈ വീഡിയോ പുറത്തുവന്നതോടെ ജനം തെരുവിലിറങ്ങുകയായിരുന്നു. കൊലപാതകം, മൃഗീയമായ കൊലപാതകം എന്നീ കുറ്റങ്ങളാണ്  ഷോവിന്റെ മേൽ ചുമത്തിയിട്ടുള്ളത്.

 

അമേരിക്കൻ തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവർ ചിലയിടങ്ങളിൽ പൊലീസിന്റെ വംശീയ അതിക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ നീണ്ട പട്ടിക കൈയിലേന്തിയിരുന്നു. ജനം കണ്ണിൽ കണ്ടതെല്ലാം തകർക്കുകയാണ്. അറ്റ്‌ലാന്റയിൽ സിഎൻഎൻ ആസ്ഥാനത്തെ ജനൽ ചില്ലുകൾ തകർത്തതിന്‌ പുറമെ നിരവധി കാറുകളും നശിപ്പിക്കപ്പെട്ടു. പ്രസിഡന്റ്‌ ട്രംപിന്റെ പ്രിയ ചാനലായ ഫോക്‌സ്‌ ന്യൂസിന്റെ ലേഖകനെ ആൾക്കൂട്ടം ഓടിച്ചിട്ടടിച്ചു.

ഈ സമരങ്ങള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍മീഡിയില്‍ നിരവധി പോസ്റ്റുകള്‍ ഇട്ടിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നിരതരമായി ട്രംപ് ട്വീറ്റ് ചെയ്തു. ഇത് നീക്കം ചെയ്യണമെന്നാണ് വിമര്‍ശകരുടെ ഇപ്പോഴത്തെ ആവശ്യം. സമാനമായ ഉള്ളടക്കമുള്ള ട്രംപിന്റെ ട്വീറ്റ് ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കാണിച്ച് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ ട്വിറ്ററിനെതിരെ ട്രംപ്  രംഗത്തു വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം വേണ്ടിവന്നാൽ നടത്തുമെന്ന് ട്രംപ് ട്വിറ്ററിനെയും ഫേസ്ബുക്കിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സൈനികമായും സാമ്പത്തികമായും ലോകത്തിലെ വൻശക്തിയാണ്‌ അമേരിക്കയിന്ന്‌. എന്നാൽ, അവിടത്തെ കറുത്തവംശജരും ലാറ്റിനോകളും ഇന്നും ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും കയ്‌പുനീരു കുടിച്ചാണ്‌ ജീവിക്കുന്നത്‌. ഇതിനെതിരെ എണ്ണമറ്റ പ്രക്ഷോഭങ്ങൾ, സമരങ്ങൾ അമേരിക്കൻ ചരിത്രത്തിലുടനീളം കാണാൻ കഴിയും. 13 ശതമാനം വരുന്ന കറുത്തവംശജരുടെയും മറ്റ്‌ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പൗരാവകാശങ്ങൾക്കും നീതിക്കും വേണ്ടി മാർട്ടിൻ ലൂഥർ കിങ്ങും മാൽക്കം എക്‌സും മറ്റും നടത്തിയ പോരാട്ടങ്ങൾതന്നെ ഉദാഹരണം. എന്നാൽ, ഇത്തരം പോരാട്ടങ്ങളോട്‌ അമേരിക്കൻ ഭരണാധികാരികൾ എന്നും ക്രൂരമായാണ്‌ പ്രതികരിച്ചിട്ടുള്ളത്‌. മാർട്ടിൻ ലൂഥർ കിങ്ങും മാൽക്കം എക്‌സും കൊല്ലപ്പെട്ടതുതന്നെ ഉദാഹരണം. നഗരസൗന്ദര്യവൽക്കരണത്തിന്റെയും പശ്ചാത്തല സൗകര്യങ്ങളുടെയും പേരിൽ ഈ വിഭാഗം ജനങ്ങളെ ചേരികളിലേക്ക്‌ തള്ളിനീക്കുന്നതിനെതിരെയും ക്രിമിനലുകളായി മുദ്രകുത്തി ജയിലിൽ അടയ്‌ക്കുന്നതിനെതിരെയും പല ഘട്ടങ്ങളിലും പ്രക്ഷോഭങ്ങൾ ഉയർന്നുവന്നിട്ടുണ്ട്‌.

 

ടെന്നസി നഗരത്തിൽ വച്ച് 1968 മാർട്ടിൻ ലൂഥർകിങ് വധിക്കപ്പെട്ടതിനെ തുടർന്ന് 125 നഗരങ്ങളിൽ പടർന്ന കലാപത്തോടാണ് ചിലർ ഇതിനെ ഉപമിക്കുന്നത്. ആ കലാപത്തിൽ 46 പേർ മരിച്ചു. ഹൂസ്റ്റണിൽനിന്നും ജോർജ് ഫ്ലോയിഡ് എന്ന 46 -കാരൻ മിനപോളിസിലെത്തിയത് കൂടുതൽ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുകാനാണ്.വംശവെറിയുടെ കഴുകന്മാരാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഫ്ലോയിഡ് അറിഞ്ഞിരുന്നില്ല. കൊവിഡിൽ ആടിയുലഞ്ഞ അമേരിക്ക ഫ്ലോയിഡ് വധം കൂടി ആയപ്പോൾ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടുകയാണ്.
 
'എനിക്കൊരു സ്വപ്‍നമുണ്ട്' -കറുത്തവന്‍റെ വിമോചനം സ്വപ്നം കണ്ട് 57 വർഷങ്ങൾക്ക് മുമ്പ് വാഷിങ്ടണിൽ മാർട്ടിൻ ലൂഥർ കിങ് നടത്തിയ പ്രംസംഗം എല്ലാക്കാലവും പ്രസക്തമാകുന്നു. വംശീയതയുടെ കാൽമുട്ടുകൾക്കടിയിൽ ഞെരിഞ്ഞമരുന്ന കറുത്തവന്‍റെ പ്രതിഷേധം അമേരിക്കൻ നഗരങ്ങളെ പ്രകമ്പനം കൊള്ളിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ ‘കൊള്ളക്കാരെ’ന്നുവിളിച്ചും ‘കൊള്ളതുടങ്ങുമ്പോൾ വെടിവെപ്പും തുടങ്ങു’മെന്നു കുറിച്ചും പ്രകോപനം സൃഷ്ടിക്കുകയാണ് ട്രംപ് ചെയ്‌തത്‌. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ 'അമേരിക്കൻ സ്വപ്‍ന'ത്തിന്റെ പൂർത്തീകരണമെന്നോണം ആഫ്രിക്കൻ-അമേരിക്കൻ വംശജൻ രാജ്യത്തിന്റെ പ്രസിഡന്റായിട്ടും അവസാനിച്ചിട്ടില്ല അത്.‘മഹത്തായ അമേരിക്കൻ സ്വപ്നം’ ഇനിയുമേറെ അകലെയാണെന്നാണ് ജോർജ് ഫ്ലോയ്ഡിന്റെ മരണം വരച്ചു കാണിക്കുന്നത്.