Asianet News MalayalamAsianet News Malayalam

റോഡപകടമുണ്ടായാൽ പാഞ്ഞെത്തും, ഡോക്ടറുടെ കരുതൽ രക്ഷിക്കുന്നത് ആയിരങ്ങളുടെ ജീവൻ

ഞങ്ങളന്ന് വഡോദരയിലേക്ക് പോവുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ ഞങ്ങളുടെ കാർ റോഡരികിലെ ഒരു മരത്തിൽ ഇടിച്ചു. 

Dr Subroto Das and his initiative saving thousands of lives
Author
Ahmedabad, First Published Jun 1, 2021, 3:32 PM IST

റോഡപകടങ്ങൾ നമ്മുടെ രാജ്യത്ത് പതിവാണ്. നിരവധി പേർക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായിട്ടുള്ളത്. പലപ്പോഴും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിനാലാണ് പലർക്കും ജീവൻ വെടിയേണ്ടി വന്നിട്ടുള്ളത്. ചിലരാവട്ടെ അപക‌ടത്തിൽ പെട്ടവരെ കണ്ടാലും വണ്ടി നിർത്തുകയോ സഹായിക്കുകയോ ചെയ്യാറില്ല. ഇവിടെയാണ് ഡോ. സുബ്രതോ ദാസ് വ്യത്യസ്‍തനാവുന്നത്. ഒരിക്കൽ റോഡപകടത്തിൽ പെട്ടതിന്റെ അനുഭവമുള്ള അദ്ദേഹത്തിന് അപകടത്തിൽ പെട്ടവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ എന്ത് ചെയ്യാം എന്ന് ആലോചിക്കാതാരിക്കാനായില്ല. 

പതിനേഴു വർഷം മുമ്പാണ്, ഡോ. സുബ്രതോ ദാസ് അഹമ്മദാബാദ്- വഡോദര ഹൈവേയിൽ ഭാര്യ സുസ്മിതയ്ക്കും സുഹൃത്തിനും ഒപ്പം യാത്ര ചെയ്യുകയായിരുന്നു. ഇരുണ്ട, മഴയുള്ള ആ രാത്രിയിൽ, അവർ സഞ്ചരിച്ചിരുന്ന കാർ ഒരു മരത്തിൽ ഇടിച്ചു. സഹായത്തിനായി ഡോക്ടറും കൂടെയുണ്ടായിരുന്നവരും ആവർത്തിച്ചു നിലവിളി കൊണ്ടിരുന്നു. എന്നാല്‍, അഞ്ച് മണിക്കൂറിന് ശേഷമാണ് ഒരു യാത്രക്കാരന്‍ അവരുടെ രക്ഷയ്ക്കെത്തിയത്. 

വലിയ പരിക്കുകളില്ലാതെ അന്ന് അവര്‍ മൂവരും രക്ഷപ്പെട്ടു. പക്ഷേ, ഓരോ വർഷവും റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് പേര്‍ക്കാണ്. ഇന്ത്യൻ ഹൈവേകളെ മരണക്കെണികളാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത് ആസ്ഥാനമായുള്ള എൻ‌ജി‌ഒ ആയ ലൈഫ്‌ലൈൻ ഫൗണ്ടേഷൻ സുബ്രതോ ആരംഭിച്ചത് ഈ സത്യം മനസിലാക്കിയാണ്. അതോടെ ഗുജറാത്തിൽ അടിയന്തര ആംബുലൻസ് സേവനം (108) ആരംഭിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇപ്പോൾ, ഇന്ത്യയിലുടനീളമുള്ള 25 -ലധികം സംസ്ഥാനങ്ങളിലേക്ക് അവരുടെ സേവനം വിപുലീകരിച്ചിരിക്കുകയാണ്. 

'ഞങ്ങളന്ന് വഡോദരയിലേക്ക് പോവുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ ഞങ്ങളുടെ കാർ റോഡരികിലെ ഒരു മരത്തിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന ഞങ്ങൾക്ക് മൂന്നുപേർക്കും പരിക്കേറ്റിരുന്നതിനാല്‍ ഞങ്ങളെന്തെങ്കിലും ചെയ്യാന്‍ നിസ്സഹായരായിരുന്നു. പക്ഷേ, സഹായം ലഭിച്ചത് പുലർച്ചെയാണ്, അപകടം പറ്റി അഞ്ചുമണിക്കൂറിനുശേഷം ഒരു പാൽക്കാരൻ ഞങ്ങളെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി... 2002 ജൂലൈ വരെ ഞങ്ങൾ ആ അപകടത്തെ കുറിച്ചും അതുപോലെയുള്ള മറ്റ് അപകടങ്ങളെ കുറിച്ചും ആലോചിച്ചു. അങ്ങനെ, 2002 -ല്‍ ഹൈവേയില്‍ ആംബുലന്‍സ് സൗകര്യമൊരുക്കാനും ആംബുലന്‍സും ക്രെയിനും അഗ്നിരക്ഷാ അം​ഗങ്ങളും അടങ്ങുന്ന ഒരു ശൃംഖല ഉണ്ടാക്കിയെടുക്കാനും തീരുമാനിച്ചു' -സുബ്രതോ പറയുന്നു.

ആംബുലൻസുകൾക്കൊപ്പം, പ്രാഥമിക ശുശ്രൂഷ നൽകാനും അപകടത്തിൽപ്പെട്ടവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാനും തയ്യാറായ, പരിശീലനം ലഭിച്ച ഒരു ടീമാണ് സുബ്രതോയ്ക്കുള്ളത്. ഏതൊരു വഴിയാത്രക്കാരനും നമ്പറിലേക്ക് വിളിച്ച് അപകട വിവരങ്ങൾ അറിയിക്കാം. ടീം ഒരു മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തും. ലൈവ്മിന്റിനോട് അവരുടെ ജോലിയെക്കുറിച്ച് സുബ്രതോ പറഞ്ഞതിങ്ങനെ.

'ആദ്യത്തെ മണിക്കൂറിനുള്ളിൽ അപകടത്തിൽപ്പെട്ടയാളെ നിങ്ങൾക്ക് ആശുപത്രിയിൽ എത്തിക്കാൻ കഴിയുമെങ്കിൽ, പൂർണമായി സുഖം പ്രാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഓരോ വർഷവും ഒരു ലക്ഷത്തിലധികം ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്നു. ഈ മരണങ്ങളിൽ ഭൂരിഭാഗവും തടയാൻ കഴിയുന്നവയാണ്' -സുബ്രതോ പറയുന്നു.

സുബ്രതോയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമായി അദ്ദേഹത്തിന് പത്മശ്രീ നല്‍കിയിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios