മാതാപിതാക്കളുടെ ക്രൂരമായ അവഗണനയെ തുടർന്ന് രണ്ട് വയസ്സുകാരൻ പട്ടിണി കിടന്ന് മരിച്ചു. വിശപ്പ് സഹിക്കവയ്യാതെ സ്വന്തം ഡയപ്പറും ചുമരിലെ ഡ്രൈവാളും കുഞ്ഞ് കഴിച്ചതായും കണ്ടെത്തി. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.

ഇൻഡ്യാനയിൽ നിന്നും വളരെ ഞെട്ടിക്കുന്നതും വേദനാജനകമായതുമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ക്രൂരമായ അവഗണനയെത്തുടർന്ന് രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തിരിക്കയാണ്. എറിക് റിച്ചാർഡ് എന്ന കുഞ്ഞാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയപ്പോൾ കുട്ടിക്ക് വെറും 7 കിലോ മാത്രമായിരുന്നു തൂക്കമെന്ന് റിപ്പോർട്ടുകൾ‌ പറയുന്നു. വിശപ്പും ദാഹവുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിശപ്പ് സഹിക്കവയ്യാതെ കുട്ടി സ്വന്തം ഡയപ്പറിന്റെ കഷ്ണങ്ങളും ചുമരിലെ ഡ്രൈവാളും കഴിച്ചിരുന്നതായും കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ട്രെവർ റിച്ചാർഡ് ഹേയ്‌സ് (39), കാതറിൻ കാർട്ടർ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കൊലപാതക കുറ്റവും കുട്ടികളോടുള്ള ക്രൂരതയുമാണ് ചുമത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടി മരിച്ച് ഏകദേശം 14 മണിക്കൂറിന് ശേഷമാണ് പിതാവ് 911 -ൽ വിളിച്ച് വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ ശരീരമാസകലം പ്രാണികൾ കടിച്ച പാടുകളും വ്രണങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ താമസിച്ചിരുന്ന മുറി വളരെ അധികം വൃത്തിഹീനമായിരുന്നുവെന്നും മാലിന്യം നിറഞ്ഞതായിരുന്നു എന്നും പറയുന്നു. തറയിൽ മലമൂത്ര വിസർജ്യങ്ങളും കീറത്തുണികളും പ്രാണികളും നിറഞ്ഞിരുന്നു. എന്നാൽ, അതേസമയം മാതാപിതാക്കൾ താമസിച്ചിരുന്ന മുറി വൃത്തിയുള്ളതും ആഡംബരം നിറഞ്ഞതായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളെ സംഭവത്തിന് പിന്നാലെ അധികൃതർ മാറ്റിപ്പാർപ്പിച്ചു. ഇതിൽ ഒരു കുട്ടിയെ കഠിനമായ പോഷകാഹാരക്കുറവും നിർജ്ജലീകരണവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ടെൽ സിറ്റി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കഠിനമായ പോഷകാഹാരക്കുറവും നിർജ്ജലീകരണവുമാണ് എറിക്കിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.