ആന്ധ്രാപ്രദേശിൽ ചിറ്റൂർ ജില്ലയിലെ ഗംഗുടുപല്ലെ ഗ്രാമത്തിലാണ് അവന്റെ വീട്. അഞ്ചുപേരടങ്ങുന്ന കുടുംബമാണ് അവന്റേത്. ആ വലിയ കുടുംബത്തിന്റെ ചിലവുകൾ കഴിയാൻ ഓട്ടോ ഓടിക്കുന്നതിന് പുറമേ അവൻ അരിയും പയറും വിൽക്കുന്ന ജോലിയും ചെയ്യുന്നു.
രാജ ഗോപാൽ റെഡ്ഡിയ്ക്ക് എട്ട് വയസ്സേയുള്ളൂ. എന്നിരുന്നാലും കൂട്ടുകാർക്കൊപ്പം കളിച്ച് നടക്കാനോ, സൂര്യനുദിക്കും വരെ മൂടിപ്പുതച്ച് ഉറങ്ങാനോ ഒന്നും അവന് സമയമില്ല. കാരണം കിഴക്ക് വെള്ളകീറുന്നതിന് മുൻപേ അവന് തന്റെ ഓട്ടോയുമായി പോകണം. തന്റെ അന്ധരായ മാതാപിതാക്കൾക്കും രണ്ട് ഇളയ സഹോദരങ്ങൾക്കും ആശ്രയമായി അവൻ മാത്രമേയുള്ളൂ. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, വെറും എട്ടു വയസ്സ് മാത്രമുള്ള അവൻ തന്റെ ഇലക്ട്രിക് ഓട്ടോ ഓടിച്ചാണ് ആ കുടുംബത്തെ പോറ്റുന്നത്. ഒരു കുരുന്നിന് എങ്ങനെ ഇതെല്ലാം സാധിക്കുന്നുവെന്ന് എന്ന് പലരും അത്ഭുതപ്പെടുന്നുണ്ടാകും? എന്നാൽ തന്റെ കുടുംബത്തിന്റെ വിശപ്പ് മാറ്റാൻ തന്റെ മുന്നിൽ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല എന്നാണ് അവൻ പറയുന്നത്.
ആന്ധ്രാപ്രദേശിൽ ചിറ്റൂർ ജില്ലയിലെ ഗംഗുടുപല്ലെ ഗ്രാമത്തിലാണ് അവന്റെ വീട്. അഞ്ചുപേരടങ്ങുന്ന കുടുംബമാണ് അവന്റേത്. ആ വലിയ കുടുംബത്തിന്റെ ചിലവുകൾ കഴിയാൻ ഓട്ടോ ഓടിക്കുന്നതിന് പുറമേ അവൻ അരിയും പയറും വിൽക്കുന്ന ജോലിയും ചെയ്യുന്നു. വ്യാഴാഴ്ച ഇ-ഓട്ടോറിക്ഷ ഓടിക്കുന്ന അവന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് രാജയുടെ കഥ ലോകം അറിഞ്ഞത്. വീഡിയോയിൽ അവൻ തന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും, ദിവസവും ഇ-ഓട്ടോ ഓടിക്കുന്നതിന്റെ കാരണവും വിശദീകരിക്കുന്നു.
തിരുപ്പതിയുടെ അടുത്തുള്ള ഒരു ഗ്രാമത്തിലാണ് രാജ താമസിക്കുന്നത്. അവന്റെ ഈ ചെറിയ വരുമാനം കൊണ്ടാണ് മാതാപിതാക്കളായ പാപ്പി റെഡ്ഡിയും രേവതിയും രണ്ട് അനുജന്മാരും കഴിയുന്നത്. വണ്ടി ഓടിക്കുമ്പോൾ ബ്രേക്ക് ചവിട്ടാനായി അവൻ സീറ്റിന്റെ തുമ്പത്ത് ഇരിക്കുന്നതായി വീഡിയോയിൽ കാണാം. വീഡിയോ ചിത്രീകരിച്ച യുവാവ് എങ്ങനെയാണ് അവൻ ഓട്ടോ ഓടിച്ച് തുടങ്ങിയതെന്ന് അവനോട് തിരക്കുന്നു. തന്റെ മാതാപിതാക്കൾ അന്ധരാണെന്നും മാർക്കറ്റിൽ പയറും അരിയും വിതരണം ചെയ്യുന്ന ബിസിനസ്സ് നടത്താൻ താൻ അവരെ സഹായിക്കുകയാണെന്നും, ഇ-ഓട്ടോ ഓടിച്ചാണ് താൻ സാധനങ്ങൾ മാർക്കറ്റിൽ കൊണ്ടുപോകുന്നതെന്നും രാജ പറയുന്നു.
എന്നാൽ, വണ്ടി ഓടിക്കുന്നതിടനയിൽ അവൻ ആരെയെങ്കിലും അപകടപ്പെടുത്തിയാൽ ആര് സമാധാനം പറയുമെന്ന് ചില പ്രദേശവാസികൾ ചോദിക്കുന്നു. മോട്ടോർ വെഹിക്കിൾ ആക്റ്റ് അനുസരിച്ച്, മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കാവുന്ന അല്ലെങ്കിൽ 250 വാട്ടിന് മുകളിലുള്ള വൈദ്യുത വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. അവൻ ഓടിക്കുന്ന ഇലക്ട്രിക് ഓട്ടോയ്ക്ക് പരമാവധി 55 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അങ്ങനെ നോക്കിയാൽ അവൻ വണ്ടി ഓടിക്കുന്നത് ഒരു നിയമലംഘനമാണെന്ന് പറയേണ്ടിവരും.
(ചിത്രം പ്രതീകാത്മകം)
