മുൻഭർത്താവിൽ നിന്നുള്ളതെന്ന് പറഞ്ഞ് നിരവധി സ്ക്രീൻഷോട്ടുകളും ലീഗൽ ഡോക്യുമെന്റുകളും ഇവർ ഷെയർ ചെയ്തിട്ടുണ്ട്.
മുൻഭർത്താവ് വിവാഹമോചനം നടത്താതിരിക്കാൻ വൻതുക വാഗ്ദ്ധാനം ചെയ്തതായി ലാസ് വെഗാസിലെ സംരംഭക. അമേരിക്കൻ പൗരത്വം നേടാനായിട്ടാണ് വിവാഹബന്ധത്തിൽ തുടരാൻ തന്നോട് ആവശ്യപ്പെട്ടത് എന്നും യുവതി ആരോപിക്കുന്നു. എന്നാൽ, താൻ അതിന് വിസമ്മതിച്ചു. അതോടെ അനാവശ്യമായ ഒരുപാട് നിയമനടപടികളിലേക്ക് ഇയാൾ തന്നെ വലിച്ചിഴച്ചു, തന്റെ ജീവിതം പൂർണമായി നശിപ്പിച്ചു എന്നും യുവതി പറയുന്നു. 339,000 ഡോളർ അതായത് 2.97 കോടി രൂപയാണ് ഇയാൾ യുവതിക്ക് വാഗ്ദ്ധാനം ചെയ്തത്.
എന്റെ മുൻ ഭർത്താവ് വിവാഹബന്ധത്തിൽ തുടരാനായി എനിക്ക് 339,000 ഡോളർ വാഗ്ദാനം ചെയ്തു. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് എളുപ്പത്തിൽ യുഎസ് പൗരത്വം ലഭിക്കുമല്ലോ എന്നാണ് സംരംഭകയായ അലക്സാന്ദ്ര അഗ്വിലാർ സോന്നിയർ കുറിച്ചിരിക്കുന്നത്. അയാൾക്ക് വേണ്ടി ഇമിഗ്രേഷൻ തട്ടിപ്പ് നടത്താൻ തനിക്ക് വാഗ്ദ്ധാനം ചെയ്ത കൈക്കൂലി എന്നാണ് അലക്സാന്ദ്ര ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇതേ മനുഷ്യൻ തന്നെയാണ് തന്നെ 17 മാസമായി നിസ്സാരമായ കേസുകൾ ചുമത്തി ലാസ് വെഗാസ് കുടുംബ കോടതിയിലേക്ക് വലിച്ചിഴക്കുന്നതും. അതേസമയം നികുതി തട്ടിപ്പ് ഉൾപ്പെടെയുള്ള ചില ഫെഡറൽ നിയമങ്ങൾ ലംഘിച്ചിട്ടില്ലാത്തതുപോലെയാണ് ഇയാളുടെ ഭാവം എന്നും അലക്സാന്ദ്ര പറഞ്ഞു.
മുൻഭർത്താവിൽ നിന്നുള്ളതെന്ന് പറഞ്ഞ് നിരവധി സ്ക്രീൻഷോട്ടുകളും ലീഗൽ ഡോക്യുമെന്റുകളും ഇവർ ഷെയർ ചെയ്തിട്ടുണ്ട്. വിവിധ ഗവൺമെന്റ് ഏജൻസികളെയും അവർ തന്റെ പോസ്റ്റിൽ ടാഗ് ചെയ്തിരിക്കുന്നതായി കാണാം. ശരിയായ മാർഗത്തിലൂടെ പൗരത്വം നേടുന്ന കുടുംബങ്ങളെ ടാർഗറ്റ് ചെയ്യുന്നതിന് പകരം ഇങ്ങനെയുള്ള തട്ടിപ്പ് കാണിക്കുന്ന ക്രിമിനലുകളെയാണ് പിടികൂടേണ്ടത് എന്നും അലക്സാന്ദ്ര തന്റെ വീഡിയോയിൽ പറഞ്ഞു.
നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. ചിലർ അലക്സാന്ദ്ര പറഞ്ഞതിനെ അംഗീകരിച്ചെങ്കിലും മറ്റ് ചിലർ അതിനെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. അതേസമയം, നിയമപോരാട്ടത്തിന് തുക കണ്ടെത്തുന്നതിനായി ഇവർ ഒരു GoFundMe -യും തുടങ്ങിയിട്ടുണ്ട്.
