രവീഷ് കുമാർ മനിലയിൽ നടത്തിയ മാഗ്‌സെസെ പ്രസംഗത്തിന്റ പ്രസക്തഭാഗങ്ങൾ : 

വിവർത്തനം : ബാബു രാമചന്ദ്രൻ 

നമസ്കാരം,

ഇന്ത്യ ചന്ദ്രൻ കീഴടക്കിക്കഴിഞ്ഞു. നമുക്കിത് അഭിമാനത്തിന്റെ മുഹൂർത്തമാണ്. ഞാൻ ആകാശത്തെ ചന്ദ്രനിലേക്കും കാൽക്കീഴിലെ ഭൂമിയിലേക്കും ഒരേ സമയം നോക്കുകയാണ്. എന്റെ നാട്ടിലെ റോഡുകളിൽ  ചന്ദ്രനിലുള്ളതിനേക്കാൾ ഗർത്തങ്ങളും കുഴികളുമുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ജനാധിപത്യങ്ങൾ ഇന്ന് എരിപൊരികൊള്ളുന്ന കാലമാണ്. അവ ചന്ദ്രന്റെ തണുപ്പിനായി കൊതിക്കുന്നുണ്ടാവും. ഈ തീ കെടുത്താൻ വാർത്തകൾക്കു മാത്രമേ ആവൂ. അതും, ശുദ്ധമായ ധൈര്യത്തിൽ നിന്നും ഉടലെടുക്കുന്ന വാർത്തകൾക്ക്, കേവലവാചാടോപങ്ങൾക്കല്ല...! എത്രമേൽ സത്യസന്ധമായ വാർത്തകൾ റിപ്പോർട്ടുചെയ്യപ്പെടുന്നുവോ, അത്രയ്ക്കും നമ്മുടെ പൗരത്വത്തിന്മേൽ വിശ്വാസ്യത ഏറിവരും.

അറിവുകൾ രാഷ്ട്രനിർമിതിക്ക് ഉതകുന്നവയാണ്. അതേസമയം, വ്യാജവാർത്തകളും, അഭ്യൂഹങ്ങളും, കെട്ടിച്ചമയ്ക്കപ്പെടുന്ന ചരിത്രങ്ങളും സൃഷ്ടിക്കുന്നത് ആൾക്കൂട്ടങ്ങളെ മാത്രമാണ്. എന്റെ ആശയങ്ങളെ, നിലപാടുകളെ ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പ്രക്ഷേപണം ചെയ്യാൻ ഇങ്ങനെയൊരവസരം തന്ന രമൺ മാഗ്സസേ ഫൗണ്ടേഷന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഞാനൊരു ശുദ്ധഹിന്ദിഭാഷിയാണെന്ന് എന്നെ അറിയാവുന്നവർക്ക് അറിവുള്ളതാണ്. എങ്കിലും, നിങ്ങളുടെ സൗകര്യത്തെക്കരുതി മാത്രം ഈ അവസരത്തിൽ പ്രസംഗം സുഹൃത്തുക്കളെക്കൊണ്ട് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിച്ചതാണ്. അതുകൊണ്ടുതന്നെ, ഇത് ഞാൻ വായിക്കുമ്പോൾ, ഇംഗ്ലീഷിലെ വാക്കുകൾ തെറ്റായി ഉച്ചരിക്കാൻ സാധ്യതയുണ്ട്, സദയം ക്ഷമിക്കുമല്ലോ..!

രണ്ടുമാസം മുമ്പ് ഞാൻ എന്റെ ന്യൂസ് റൂമിലെ കാബിനിനുള്ളിൽ വാർത്തകളവതരിപ്പിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് എന്റെ മൊബൈലിൽ ഒരു കാൾ വരുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള ISD കാൾ ആണെന്ന് എന്റെ കോളർ ഐഡി പറഞ്ഞു. അത് കണ്ടതും 'ഏതോ തട്ടിപ്പുകാരൻ' എന്ന് എന്റെ മനസ്സ് പറഞ്ഞു. എന്തുകൊണ്ടാണെന്നറിയില്ല, എനിക്ക് വരുന്ന പറ്റിപ്പ് കോളുകളിൽ ബഹുഭൂരിപക്ഷവും ഫിലിപ്പീൻസിൽ നിന്നുള്ളവയാണ്. എന്നെ ഫോണിൽ സ്ഥിരമായി വിളിച്ച് പറ്റിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എന്റെ സ്നേഹിതർ, അവർ ഇവിടെ ഫിലിപ്പീൻസിൽ നിങ്ങൾക്കിടയിൽ കഴിയുന്നവരാണെങ്കിൽ, അവർക്കെന്റെ അഭിവാദ്യങ്ങൾ. ഞാനിതാ നിങ്ങളുടെ നാട്ടിലേക്ക് നേരിട്ട് ഹാജരായിരിക്കുന്നു..!

അന്നത്തെ ദിവസത്തെപ്പറ്റി പറയുകയാണെങ്കിൽ; ആ ഫോൺ വന്നപ്പോൾ ഞാൻ എന്റെ തൊട്ടടുത്തിരുന്ന സഹപ്രവർത്തകയോട് ചോദിച്ചു, " കേൾക്കണോ എനിക്ക് സ്ഥിരം വരുന്ന പറ്റിപ്പ് കോളുകളുടെ ഭാഷ..? "
ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ട് കോൾ അറ്റൻഡ് ചെയ്തു. അപ്പുറത്തുനിന്നും ഒരു സ്ത്രീ ശബ്ദം," മേ ഐ സ്പീക്ക് ടു മിസ്റ്റർ രവീഷ് കുമാർ.."

എനിക്ക് ഒരു പതിനായിരം ഫേക്ക് കാൾ എങ്കിലും വന്നിട്ടുണ്ട് ഇതുവരെ. ആദ്യമായാണ് ഒരു സ്ത്രീശബ്ദം എന്നെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഞാൻ മനസ്സിലോർത്തു. എന്നിട്ട്, കാൾ ലൗഡ് സ്‌പീക്കറിൽ നിന്നും മാറ്റി ഫോൺ കാതോടു ചേർത്തുപിടിച്ചു. വളരെ പരിഷ്കൃതമായ ഇംഗ്ലീഷിൽ അപ്പുറത്തുള്ളവർ പറഞ്ഞു," ഇത്തവണത്തെ രമൺ മാഗ്‌സെസെ അവാർഡിന്  ഞങ്ങൾ അങ്ങയെ തെരഞ്ഞെടുത്തിരിക്കുകയാണ്.."

ആ നിമിഷത്തിൽ നിന്ന് ഫ്‌ളാഷ് ഫോർവേഡ് ചെയ്ത നമ്മൾ നിൽക്കുന്നത് ഇതാ ഇവിടെയാണ്. നിങ്ങളുടെ മുന്നിൽ ഞാൻ തനിച്ചല്ല വന്നിരിക്കുന്നത്. ഗണേഷ് ശങ്കർ വിദ്യാർത്ഥിയും പീർ മുനിസ് മുഹമ്മദും പിന്തുടർന്നുപോന്ന ഹിന്ദി ജേർണലിസത്തിന്റെ ഒരു പ്രപഞ്ചം തന്നെ എന്റെ കൂടെയുണ്ട്.

പറയാതെ വയ്യ. നമ്മൾ, മാധ്യമപ്രവർത്തകരും പൗരന്മാരും, ജീവിക്കുന്നത് വല്ലാത്തൊരു കാലത്താണ്..! നമ്മുടെ പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്.  ഞാൻ ഉറപ്പിച്ചു പറയുന്നു, നമ്മൾ അതിനെതിരെ പല്ലും നഖവുമുപയോഗിച്ച് പോരാടേണ്ടതുണ്ട്. പൗരന്മാർ എന്നനിലക്ക് നമുക്കുള്ള ഉത്തരവാദിത്തങ്ങളെപ്പറ്റിയും, ചുമതലകളെപ്പറ്റിയും ഒക്കെ നമ്മൾ വീണ്ടും വീണ്ടും ആലോചിച്ചുറപ്പിക്കേണ്ടതുണ്ട്. നമ്മുടെ പൗരത്വത്തിനുമേലുള്ള ആക്രമണങ്ങൾ, നമ്മുടെ സ്വകാര്യതകളിൽ അതിക്രമിച്ചുകേറിക്കൊണ്ടുള്ള ഭരണകൂടങ്ങളുടെ നിരീക്ഷണം ഒക്കെ പണ്ടത്തേക്കാൾ അധികമായിരിക്കുന്ന ഇന്നത്തെ കാലത്ത്, അതിനെ അതിജീവിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റുവരാൻ  വ്യക്തികളും സംഘടനകളും ശ്രമിക്കേണ്ടതുണ്ട്.  ഒന്നോർക്കണം, നിങ്ങളാണ് കുറേക്കൂടി മെച്ചപ്പെട്ട പൗരാവലികൾക്ക്, നാളത്തെ സുസ്ഥിരസർക്കാരുകളുടെ അസ്തിവാരങ്ങൾക്ക് കരുത്തേകേണ്ടത്.

മരുഭൂമിയുടെ നടുവിൽ ഒറ്റപ്പെട്ടുപോയ കള്ളിമുൾച്ചെടിയെപ്പോലുള്ള,  സർവവ്യാപിയായ വെറുപ്പിനെയും, പടച്ചുവിടപ്പെട്ടുകൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങളെയും അതിജീവിച്ചുകൊണ്ട് പോരാടാൻ ഉറപ്പിച്ചിരിക്കുന്ന പൗരന്മാർ, നമുക്കിടയിൽ ഇപ്പോഴേ നിരവധിയുണ്ട്. ചുറ്റും ചൂഴ്ന്നുനിൽക്കുന്ന മരുഭൂമി ഉഷ്ണം പൊഴിക്കുമ്പോഴും, കള്ളിച്ചെടി അതിന്റെ അസ്തിത്വത്തെപ്പറ്റി വേവലാതിപ്പെടാറില്ല.  'ആ നിൽപ്പ് സാധ്യമാണ്' എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനെന്നോണം, അതങ്ങനെ നിൽക്കും അവിടെ.ജനാധിപത്യത്തിന്റെ വിളനിലങ്ങൾ, തരിശുഭൂമികളാക്കി മാറ്റപ്പെടുമ്പോൾ പൗരാവകാശങ്ങൾക്കും അറിയാനുള്ള അവകാശത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ ആപത്കരമായ മാറും, എങ്കിലും അത് അസാധ്യമാവുന്നില്ല, അപ്പോഴും..!

പൗരാധികാരത്തിന്റെ നിലനിൽപ്പിന് വാർത്തകളുടെ അനിർഗ്ഗളപ്രവാഹം അത്യന്താപേക്ഷിതമാണ്. പത്രസ്ഥാപനങ്ങൾക്കും ചാനലുകൾക്കുമെല്ലാം മേലെ ഇന്ന് ഭരണകൂടങ്ങൾ പൂർണ്ണമായ സ്വാധീനം സ്ഥാപിച്ചുകഴിഞ്ഞിരിക്കുകയാണ്. മീഡിയക്ക് മേലുള്ള ഈ സ്വാധീനം, നിങ്ങളിലേക്കെത്തുന്ന വാർത്തകൾ ചുരുക്കും. അത് നിങ്ങളുടെ പൗരാധികാരത്തിന്റെ സീമകളെയും പരിമിതപ്പെടുത്തും. ഒന്നുകൂടി വിശദമാക്കിയാൽ; ഏതൊക്കെ വാർത്തകൾ സ്വീകാര്യമാണ്, വിഷയങ്ങളുടെ എങ്ങനെയൊക്കെയുള്ള വിശകലനങ്ങൾ അനുവദനീയമാണ് എന്നൊക്കെ നിശ്ചയിക്കുന്നത് മാധ്യമങ്ങളാണ്. ആ മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്നും ഭരണകൂടത്തോട് കൈകോർത്തിരിക്കുകയാണ്. അവ ഇപ്പോൾ ജനാധിപത്യത്തിന്റെ നാലാം നെടുംതൂണല്ല, ഒന്നാം തൂണിൽ അലിഞ്ഞുചേർന്നിരിക്കുകയാണ്.

ഇന്നത്തെ ചാനൽ ഡിബേറ്റുകൾ നിഷേധാത്മകമായ തീവ്രദേശീയതയുടെ ഭാഷയാണ് പറയുന്നത്. ഭരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഇച്ഛയ്ക്കനുസൃതമായ ചരിത്ര നിർമ്മിതിക്കും രാഷ്ട്രസങ്കല്പത്തിനും ഒക്കെ അവ കൂട്ടുനിൽക്കുകയാണ്. ഇന്നത്തെ ലോകത്തിന്റെ ആഖ്യാനങ്ങളിൽ രണ്ടു തരം ആളുകളേയുള്ളൂ, ദേശദ്രോഹികളും, പിന്നെ നമ്മളും. 'നമ്മളും, അവരും' എന്ന ക്‌ളാസ്സിക് ബിംബനിർമ്മിതിയാണ് അത്. ചോദ്യങ്ങൾ ചോദിക്കുന്നതും, അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നതും, വിമർശനങ്ങൾ ഉന്നയിക്കുന്നതും ഒക്കെ ആന്റി നാഷണൽസ് ആണെന്നാണ് അവർ നമ്മോട് പറയുന്നത്. ഇങ്ങനെയുള്ള വിയോജിപ്പുകളിലല്ലേ നമ്മുടെ ജനാധിപത്യത്തിന്റെയും പൗരാധികാരത്തിന്റെയും പരമാത്മാവ് കുടിയിരിക്കുന്നത്..! 

ജനാധിപത്യത്തിന്റെ ആത്മാവിനുനേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്ന കാലമാണിത്. പൗരാധികാരത്തിനു നേരെ അക്രമണങ്ങളുണ്ടാകുമ്പോൾ, ആ പദത്തിന്റെ തന്നെ നിർവചനം മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുമ്പോൾ, ഇവിടത്തെ 'സിറ്റിസൺസ് ജേർണലിസ'ത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്..? രണ്ടുതരം പൗരന്മാരുണ്ടിവിടെ. രാഷ്ട്രത്തിന്റെ സ്വരം എന്ന അവകാശ വാദത്തോടെ സംസാരിക്കുന്ന ഒരു കൂട്ടരും, പിന്നെ അവർ പ്രതിനിധീകരിക്കുന്ന അപചയത്തിന്റെ ദുഷ്ഫലങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ട മറ്റൊരു കൂട്ടരും - രണ്ടു പക്ഷവും ഇന്ത്യൻ പൗരന്മാർ തന്നെയാണ്. 

അധികാരപ്രമത്തതയ്ക്ക് ലോകമെങ്ങും അംഗീകാരം കൂടിക്കൂടിവരികയാണ്.  കശ്മീരിന്റെയും ഹോങ്കോങ്ങിന്റെയും ഉദാഹരണങ്ങൾ നമുക്കുമുന്നിലുണ്ട്. ഹോങ്കോങ്ങിൽ ഇന്നും സമരം ചെയുന്ന പൗരന്മാർ സോഷ്യൽ മീഡിയയെ ബഹിഷ്കരിച്ചിട്ട് കാലം കുറച്ചായി. കാരണം, ഭരണകൂടം തങ്ങളേക്കാൾ നന്നായി സംസാരിക്കുന്ന ഭാഷയിൽ സംവദിക്കാൻ അവർക്ക് താത്പര്യം കുറഞ്ഞു. അവർ പകരം, തങ്ങളുടേതായ ഒരു ഗൂഢഭാഷ വികസിപ്പിച്ചെടുത്ത കാഴ്ചയാണ് നമ്മൾ പിന്നീട് കണ്ടത്. പൗരാധികാരങ്ങളാക്കായുള്ള പോരാട്ടത്തിന്റെ പാതയിലെ ചെറിയൊരു സർഗ്ഗാത്മകത.

പൗരത്വത്തെ തോൽപ്പിക്കാൻ ഭരണകൂടങ്ങൾക്ക് സാധിക്കില്ല എന്നതിന്റെ മകുടോദാഹരണമാണ് ഹോങ്കോങ്. കശ്മീർ മറ്റൊരു ഉദാഹരണമാണ്. ഒരു കോടിയിലധികം ജനങ്ങൾ അടിസ്ഥാനസൗകര്യങ്ങൾ നിഷേധിക്കപ്പെട്ട് കഴിയാൻ വിധിക്കപ്പെട്ടിരിക്കുകയാണവിടെ. ആഴ്ചകളായി അവർ അങ്ങനെ കഴിയാൻ തുടങ്ങിയിട്ട്. ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. മൊബൈൽ ഫോൺ കണക്ഷനുകൾ മരവിപ്പിക്കപ്പെട്ടു. വാർത്തകൾ നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ദുര്യോഗമെന്തെന്ന് നമുക്ക് അറിയേണ്ടി വന്നിട്ടില്ല ഇതുവരെ. ഈ നിരോധനങ്ങളോടൊപ്പം നിൽക്കുക വഴി മാധ്യമങ്ങൾ പൗരാധികാരത്തിന് തന്നെ എതിരെയായി മാറുകയാണുണ്ടായത്.

യാദൃച്ഛികതയാണ്, എന്നാലും പറയാം. നമ്മുടെ അയൽരാജ്യങ്ങൾ, പത്രസ്വാതന്ത്യത്തിന്റെ കണക്കുപട്ടികയിലും നമ്മുടെ അയൽക്കാർ തന്നെയാണ്. പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മാർ ഒക്കെയും ആ പട്ടികയുടെ ഏറ്റവും അടിയിൽ നിന്നും മുകളിലേക്കുള്ള ഒരു അമ്പതുറാങ്കിനുള്ളിൽത്തന്നെ വരും.
 
കുറച്ചുദിവസങ്ങൾക്കുമുമ്പ് പാകിസ്ഥാൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന്, പാക് മാധ്യമങ്ങൾക്ക് കശ്മീർ വിഷയം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടു നൽകിയ വിശദമായ നിർദ്ദേശങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച വിശദമായ ഉപദേശമായിരുന്നു അത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന് ചാനൽ ലോഗോകൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കണം എന്നുവരെ അതിൽ പറയുന്നുണ്ട്. വർണ്ണങ്ങളുടെ വൈവിധ്യം കൊണ്ടുമാത്രം നിലനിൽക്കുന്ന ചാനലുകൾ അതെങ്ങനെ പാലിച്ചു എന്നതിൽ എനിക്ക് ഇപ്പോഴും അതിശയമുണ്ട്.

നമ്മുടെ പ്രൈം ടൈം ന്യൂസ് ഹെഡ്‍ലൈനുകൾ തന്നെ നോക്കൂ. വളരെ  ലളിതവും, സ്വാഭാവികവുമായ വർത്തകൾക്കുപോലും പ്രകോപനപരമായ തലക്കെട്ടുകളിട്ട് അത് പാകിസ്താനെതിരെയുള്ള ഒരു ഒളിയമ്പാക്കി മാറ്റി, യുദ്ധപ്രതീതി സൃഷ്ടിച്ചുകൊണ്ടുള്ള പൊറാട്ടുനാടകങ്ങളായി നമ്മുടെ ടിവികളിലെ അന്തിച്ചർച്ചകൾ മാറിക്കഴിഞ്ഞു. ചുറ്റിനും യുദ്ധകാഹളങ്ങളാണ്. അവതാരകർ ഉച്ചത്തിലുച്ചത്തിൽ തൊണ്ടപൊട്ടി ബഹളം വെക്കുകയാണ്. 

ഈയടുത്ത് പ്രസ് കൌൺസിൽ ഓഫ് ഇന്ത്യ കശ്മീരിലെ മാധ്യമ നിരോധനത്തെ പിൻതുണച്ചുകൊണ്ടും രാഷ്ട്രത്തോടുള്ള അതിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ടും സുപ്രീം കോടതിയിൽ ഒരു അപേക്ഷ സമർപ്പിക്കുകയുണ്ടായി.  അതിനെ അപലപിച്ചുകൊണ്ട് രംഗത്തുവന്ന എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പറഞ്ഞത് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാധ്യമപ്രവർത്തകരുടെ അഭ്യുദയത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു. ഗിൽഡിന്റെ രൂക്ഷപ്രതികരണം വന്നതോടെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലപാട് മാറ്റുകയും, പത്ര സ്വാതന്ത്ര്യം ഹനിക്കുന്നതിനെ അത് പിന്തുണയ്ക്കുന്നില്ല എന്നറിയിക്കുകയും ചെയ്തു എങ്കിലും, ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഏറെ പരിഹാസ്യമാണ്.

2005-ൽ 'ബാഗ്ദാദ് എരിയുന്നു, എ ഗേൾ ബ്ലോഗ് ഫ്രം ഇറാക്ക്' എന്നൊരു ബ്ലോഗ് പുറത്തുവന്നപ്പോൾ നമ്മുടെ മാധ്യമങ്ങൾ പറഞ്ഞത് നമ്മുടെ നാട്ടിൽ നിന്നും ഇത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതാണ് എന്നായിരുന്നു.  എന്നാൽ ഈയടുത്ത് ഒരു കശ്മീരി യുവതി, 'ബാഗ്ദാദ് എരിയുന്നു' എന്ന മോഡലിൽ സ്വന്തം അനുഭവങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കുറിക്കാൻ ശ്രമിച്ചപ്പോൾ, മാധ്യമങ്ങൾ അവരെ 'ആന്റി നാഷണൽ' ആയി മുദ്രകുത്തി. പൗരന്മാർക്ക് വാർത്തകൾ റിപ്പോർട്ടുചെയ്യാനുള്ള സ്‌പേസിനെ ഇല്ലാതാക്കുന്നതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുന്ന പരിതഃസ്ഥിതിയാണ് ഇത് സൂചിപ്പിക്കുന്നത്.

മുഖ്യധാരാ മാധ്യമങ്ങൾ വാർത്തകളോടും സത്യങ്ങളോടും  മുഖം തിരിക്കുമ്പോൾ ഓരോ പൗരനും റിപ്പോർട്ടർമാരായി മാറുന്ന സാഹചര്യം വരണം എന്നാണ് ഞാൻ കരുതുന്നത്. ഒരു കാലത്ത് ചെലവുചുരുക്കാൻ വേണ്ടി 'സിറ്റിസൺസ് ജേർണലിസ'ത്തെ പ്രോത്സാഹിപ്പിച്ചിരുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഇന്ന് അതിനെത്തന്നെ എതിർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പല മാധ്യമ ഓഫീസുകളിലും അവരുടെ സൈറ്റുകളല്ലാതെ മറ്റു ബ്ലോഗുകളും മറ്റുള്ള സൈറ്റുകളുമെല്ലാം ബ്ലോക്ക്ഡ് ആണ്.

നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ സർക്കാരുകളുടെ വ്യാഖ്യാനങ്ങളെ പരമസത്യങ്ങൾ എന്ന് കണക്കാക്കാൻ തുടങ്ങിയിരിക്കുന്നു. ചാനലുകൾ അനവധിയുണ്ടെങ്കിലും എല്ലാറ്റിലും വരുന്നത് വാർത്തയുടെ ഒരേ വശം മാത്രമാണ്. വിമതസ്വരങ്ങൾ നിയമവിരുദ്ധമായിക്കൊണ്ടിരിക്കുകയാണ് ഇന്ന്. നമ്മുടെ പൗരന്മാർക്ക് ജനാധിപത്യമെന്നാൽ ഇന്നും ആവേശം തന്നെയാണ്. എന്നാൽ, ചാനലുകൾ ആ ആവേശം കെടുത്തിക്കൊണ്ടിരിക്കുകയാണ്. സൂര്യൻ അസ്തമിക്കുന്നതോടെ ഇന്ത്യയിൽ സന്ധ്യയാകുന്നു എങ്കിലും, ഇരുൾ വീഴ്ത്തുന്നത് മാധ്യമസ്ഥാപനങ്ങളാണ്.

ജനാധിപത്യവാഞ്ഛ  ഇന്നും നാട്ടിൽ വീറോടെ നിലനിൽക്കുന്നുണ്ട്. നിത്യവും സർക്കാരുകൾക്കെതിരായ പ്രകടനങ്ങളാൽ നമ്മുടെ  തെരുവുകൾ പ്രകമ്പനം കൊള്ളുന്നുണ്ട്. എന്നാൽ, ആ കാഹളങ്ങളെ ന്യൂസ് റൂമുകളിൽ നിന്നും ബഹിഷ്കരിക്കാൻ മാധ്യമസ്ഥാപനങ്ങൾ ബോധപൂർവം തീരുമാനമെടുത്തിരിക്കുകയാണ്. വിമതസ്വരങ്ങൾക്ക് തങ്ങളുടെ വാർത്താ ബുള്ളറ്റിനുകളിൽ ഇടം നൽകാൻ അവർ തയ്യാറല്ല. പ്രകടനങ്ങൾ കവർ ചെയ്യാൻ അവർ ആളെ വിടുന്നില്ല. പ്രകടനങ്ങളുടെ ഫൂട്ടേജുകൾ വാർത്തകളിൽ വരുന്നില്ല. ഫലമെന്താ..? പ്രകടനം നടത്തുന്നവർ സ്വയം വീഡിയോകൾ റെക്കോർഡ് ചെയ്യാൻ തുടങ്ങി. അവർ തന്നെ മാധ്യമങ്ങളുടെ റോൾ ഏറ്റെടുത്തു നടത്താൻ തുടങ്ങി. അത്, സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പൗരത്വത്തിന്റെ നിർവചനങ്ങളിൽ സർക്കാരിനെതിരായ പ്രകടനങ്ങൾക്ക് സ്ഥാനമില്ല. അതുകൊണ്ടാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും, ഫേസ്ബുക്കിലും ഒക്കെയായി ഈ വീഡിയോകൾ വൈറലാവുന്നത്. പ്രക്ഷോഭകാരികൾ തന്നെ വാർത്താ പ്രക്ഷേപകരാകുന്നത്.

സർക്കാരും മീഡിയയും കൈകോർത്തുകൊണ്ട് പൗരന്മാരുടെ അവകാശങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ വരുമ്പോൾ, സ്വയം റിപ്പോർട്ടർമാർ ആവുകയല്ലാതെ പൗരന്മാർ വേറെ എന്താണ് ചെയ്യേണ്ടുന്നത്. നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും പോലീസും വേട്ടയാടുമ്പോൾ, ആ കോക്കസിനോട് ചേർന്നുനിൽക്കുന്ന സമൂഹത്തിന്റെ വലിയൊരുഭാഗം തങ്ങളെ അവജ്ഞയോടെ കാണുമ്പൊൾ,  നിസ്സഹായരായ പൗരന്മാർ എത്രമാത്രം പോരാടുമെന്നാണ് നമ്മൾ പ്രതീക്ഷവെയ്‌ക്കേണ്ടത്..? ഇല്ല, അവർ തീർത്തും നിസ്സഹായരായിട്ടില്ല ഇന്നും. അവർ പോരാടുന്നുണ്ട്. കള്ളിമുൾച്ചെടി പതുക്കെ ജീവൻ വെച്ചുവരുന്നുണ്ട്.

എനിക്ക് നിത്യം 500-1000  വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വരാറുണ്ട്. എന്നെ ഒറ്റപ്പെടുത്താൻ ആഗ്രഹിക്കുന്ന എന്റെ ശത്രുക്കൾ എന്റെ ഫോൺ നമ്പർ പരസ്യപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ഇനി വിളിച്ച് ഭീഷണിപ്പെടുത്താനും, ചീത്തവിളിക്കാനും അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു. തെറിവിളികളും ഭീഷണിസന്ദേശങ്ങളും ഒക്കെ വന്നു, ശരിതന്നെ. പക്ഷേ, അതോടൊപ്പം അവർ ആഗ്രഹിക്കാത്ത ഒരു കാര്യംകൂടി നടക്കുന്നുണ്ട്. എത്രയോ പേർ, അവരവരുടെ പ്രദേശങ്ങളിൽ നിന്നും തികച്ചും എക്സ്ക്ലൂസീവ് ആയ വാർത്തകളുമായി എന്നെ ബന്ധപ്പെട്ടുതുടങ്ങി. അവിടെ ആരും ചെവികൊടുക്കാത്ത വാർത്തകൾ. അത് ഞാൻ പറയും എന്ന പ്രതീക്ഷ അവർക്കുണ്ട്. അവരിലാണ് എന്റെ പ്രതീക്ഷ. നമുക്കിടയിൽ നിന്നും ഇനിയും നിരവധി സിറ്റിസൺസ് ജേർണലിസ്റ്റുകൾ ഉയർന്നുവന്നാലേ, നമുക്ക് ഇനിയും പൗരധികാരങ്ങളോടെ ജീവിക്കാനാകൂ.

ഇന്ന് എന്റെ ന്യൂസ് റൂം, എൻഡിടിവിയുടെ കെട്ടിടത്തിൽ നിന്നും ഇറങ്ങിവന്ന് പൊതുജനങ്ങൾക്കിടയിൽ ആയിട്ടുണ്ട്. പല വാർത്തകൾക്കും അടിസ്ഥാനമായ വിവരങ്ങൾ എനിക്ക് തന്നത് ഈ നാട്ടിലെ പൗരന്മാരാണ്. നമ്മുടെ പത്രപ്രവർത്തനം ഒരിക്കലും പൗരന്മാരെയും പൗരാധികാരത്തെയും മാറ്റിനിർത്തിക്കൊണ്ട് സാധ്യമല്ല. രണ്ടാമത്തേത് നേടിയെടുക്കാൻ ആദ്യത്തെ കൂട്ടർ നടത്തുന്ന പോരാട്ടം മാത്രമാണ് സത്യത്തിൽ മാധ്യമപ്രവർത്തനം. 'പ്രൈം ടൈം' എന്ന എന്റെ ന്യൂസ് ഷോ കാണുന്നതുപോലെ രാജ്യദ്രോഹമാണ് എന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായി. അവയെ വീട്ടിലും തൊഴിലിടങ്ങളിലും അതിജീവിക്കുന്നവർ അവരുടെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് എനിക്ക് മെസേജുകൾ അയക്കാറുണ്ട്. എന്നെ തെറിവിളിച്ചുകൊണ്ട് വരുന്ന പതിനായിരക്കണക്കിന് സന്ദേശങ്ങൾക്കിടെ ആയിരമോ രണ്ടായിരമോ സന്ദേശങ്ങൾ ഇത്തരത്തിലുള്ളതും വരുമ്പോൾ തെല്ലൊരു ആശ്വാസം തോന്നുന്നുണ്ട്. അവരിലാണ് എന്റെ പ്രതീക്ഷ.

പ്രവർത്തനസ്വാതന്ത്ര്യമുള്ള മാധ്യമങ്ങളാണ്  ആരോഗ്യകരമായ ഏതൊരു ഗവൺമെന്റിന്റെയും ലക്ഷണം. സ്റ്റേറ്റിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകേണ്ടത് സ്റ്റേറ്റ് തന്നെയാണ്. വാർത്താസ്വാതന്ത്ര്യത്തിനു പിന്നാലെ ഹനിക്കപ്പെടുന്നത് നമ്മുടെ ചരിത്രത്തിന്റെ വിശ്വാസ്യതയാണ്. അത് അക്ഷരാർത്ഥത്തിൽ,  നമ്മുടെ ചരിത്രം പോലും  അവർ നമ്മിൽ നിന്ന് തട്ടിപ്പറിക്കുകയാണ്.

നമ്മുടെ സ്വാതന്ത്ര്യസമരത്തിനു പറയാനുള്ളതും സിറ്റിസൺസ് ജേർണലിസ്റ്റുകളുടെ കഥയാണ്. മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലക്, ഡോ. അംബേഡ്കർ, ഗണേഷ് ശങ്കർ വിദ്യാർത്ഥി, പീർ മുഹമ്മദ് യൂനിസ് അങ്ങനെ എത്ര പേരാണ്. അവരൊക്കെയും സിറ്റിസൺസ് ജേർണലിസ്റ്റുകളായിരുന്നു. ചമ്പാരനിലെ ഗ്രാമീണരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് ഗാന്ധിജി നടത്തിയ റിപ്പോർട്ടിങ് ഇന്ന് ചരിത്രത്തിന്റെ തന്നെ ഭാഗമാണ്.

വാർത്തകളില്ലാതെ രാഷ്ട്രങ്ങൾക്ക് നിലനിൽപ്പില്ല. ആ വാർത്തകൾ സത്യസന്ധമാകുന്നിടത്താണ് രാഷ്ട്രം കെട്ടുറപ്പുള്ളതാകുന്നത്. അതില്ലാതാകുന്നിടത് രാഷ്ട്രവും പൗരന്മാരും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടും. അതുകൊണ്ട് തന്നെയാണ് ഞാൻ വീണ്ടും പറയുന്നത്, ഇനി സിറ്റിസൺസ് ജേർണലിസത്തിന്റെ കാലമാണ്. ഓരോ പൗരന്മാരും ജേർണലിസ്റ്റുകളാകണം. മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളുടെ ബിസിനസ് സ്ട്രാറ്റജികൾക്കൊക്കെ അതീതമായ സത്യസന്ധമായ റിപ്പോർട്ടുകൾ ജനങ്ങൾക്കിടയിൽ നിന്ന് പ്രക്ഷേപണം ചെയ്യപ്പെടണം.

നിരാശനിറഞ്ഞ ഈ കാലത്തും പ്രതീക്ഷകളുടെ കെടാവിളക്കുകളേന്തുന്നവരുണ്ട്, നിരവധിപേരുണ്ട്. സ്റ്റാൻഡപ് കൊമേഡിയന്മാർ മുതൽ യൂട്യൂബ് ചാനൽ നടത്തുന്നവർ വരെ. അവരിലൂടെയൊക്കെയാണ് ജനാധിപത്യത്തിന്റെ അന്തസ്സത്ത കെടാതെ നിലനിൽക്കുന്നത്. അവരുടെ അർപ്പണമനോഭാവവും, ഇച്ഛാശക്തിയും കൊണ്ടുമാത്രമാണ് ഇന്നും ഇന്ത്യയിലെ ജനാധിപത്യം ഏകാധിപത്യസ്വഭാവത്തിലേക്ക് വീണുപോകാത്തത്. യുദ്ധം ജയിക്കാൻ സാധിച്ചിട്ടില്ലായിരിക്കും, എന്നാലും പോരാട്ടങ്ങൾ തുടരുക തന്നെയാണ്.

1947  ഏപ്രിൽ 12-ലെ തന്റെ പ്രാർത്ഥനായോഗത്തിൽ മഹാത്മാ ഗാന്ധി പത്രങ്ങളുടെ തലക്കെട്ടുകൾ ചർച്ചചെയ്യുകയുണ്ടായി. അന്നദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ഇന്നത്തെ വിഭജനമനോഭാവമുള്ള മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. അന്നത്തെ ഒരു പ്രധാനപത്രത്തിലെ റിപ്പോർട്ടിനെപ്പറ്റി ഗാന്ധിജി പരാമർശിക്കുകയുണ്ടായി. 'എഐസിസി ഗാന്ധിജി പറയുന്നത് ഒരക്ഷരം ചെവിക്കൊള്ളുന്നില്ല' എന്നായിരുന്നു പത്രത്തിലെ പ്രധാനവാർത്ത.' പത്രങ്ങൾക്ക് ആധികാരികവും സത്യസന്ധവുമായ  റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഒരുപകാരവും ഉണ്ടാകില്ലെ'ന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. ഇന്ന് പത്രങ്ങൾക്ക് ഭയമാണ്. നേരിയൊരു വിമർശനം പോലും രാജ്യത്തിനെതിരായ പ്രവൃത്തിയെന്ന് വിലയിരുത്തപ്പെട്ടേക്കാവുന്ന കാലമാണിത്.

മുഖ്യധാരാമാധ്യമങ്ങളെ ഞാൻ വിമർശിക്കുമ്പോൾ എന്റെ പ്രധാനലക്ഷ്യം നമ്മുടെ ന്യൂസ് ചാനലുകൾ തന്നെയാണ്. സമുദായങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കാൻ, വെറുപ്പുൽപ്പാദിപ്പിക്കാൻ, ബോധപൂർവമായ ശ്രമങ്ങൾ അവരിൽ നിന്നുണ്ടാകുന്നുണ്ട്. എന്തെങ്കിലും അറിയണമെങ്കിൽ നിങ്ങൾ പരസ്പരം ചോദിച്ചറിയിൻ. വാർത്തകൾ വായിച്ചറിയണമെങ്കിൽ നിങ്ങളുടെ പത്രം സൂക്ഷിച്ചു തെരഞ്ഞെടുക്കിൻ. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുമയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നവ. ഗാന്ധിജി ഇന്ന് ജീവനോടുണ്ടായിരുനെങ്കിൽ അദ്ദേഹം അന്നുപറഞ്ഞത് തന്നെ ഇന്നും ആവർത്തിച്ചേനെ. എനിക്കും അതിൽകൂടുതലായി ഒന്നും തന്നെ  പറയാനില്ല.

പൗരന്മാർ ജനാധിപത്യപ്രക്രിയയുടെ ഭാഗമാവേണ്ടതിലും കൂടുതലായി വാർത്താ സമ്പാദനത്തിലും പ്രക്ഷേപണത്തിലും പങ്കാളികളാകേണ്ട കാലമാണിത്. ഇങ്ങനെ ഒരു പുരസ്കാരം ലഭിച്ച ഈ ശുഭവേളയിൽ ഞാനെന്റെ സഹപ്രവർത്തകരെ നന്ദിയോടെ സ്മരിക്കുന്നു. എന്റെ 'പ്രവർത്തന' ഭാഷ ഹിന്ദി ആയിരുന്നിട്ടും, എനിക്ക് ഇന്ത്യയിലെ സകലഭാഷകളിൽ നിന്നും പിന്തുണ കിട്ടിയിട്ടുണ്ട്. ആ അർത്ഥത്തിൽ ഞാൻ എല്ലാവരുടേതുമാണ്.

ഇന്ത്യയാണ് എന്നെ ഒരു പൗരനാക്കി മാറ്റിയത്. എന്റെ ചരിത്രാദ്ധ്യാപകരെ ഞാൻ എന്നും നന്ദിയോടെ സ്മരിക്കും.  പ്രിയപ്പെട്ട അധ്യാപകരോടും സഹപ്രവർത്തകരോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. എന്റെ കുട്ടികളും, പങ്കാളി നയനയും ഇന്നിവിടെ എന്നോടൊപ്പം വന്നിട്ടുണ്ട്. നയനയുടെ കാലടിപ്പാടുകൾ പിന്തുടർന്നാണ് ഞാനിവിടെ വരെ എത്തിയത്. നിങ്ങൾക്കും ബുദ്ധിമതികളായ സ്ത്രീകളുടെ കാലടികൾ പിന്തുടരാനുള്ള സൗഭാഗ്യമുണ്ടാവട്ടെ. എല്ലാവരും ഏറ്റവും നല്ല പൗരന്മാരാകും എന്ന ശുഭപ്രതീക്ഷയോടെ ഞാൻ നിർത്തട്ടെ,

നന്ദി..!