ഇക്വഡോറും ബൊളീവിയയും ഇതിനകം തന്നെ പ്രകൃതിയ്ക്ക് അവകാശങ്ങൾ നൽകിയിട്ടുണ്ട്, അതേസമയം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇക്കോസൈഡ് പ്രോസിക്യൂട്ടബിൾ കുറ്റമാക്കാനുള്ള പ്രചാരണം നടക്കുന്നുണ്ട്.
മനുഷ്യർക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളതുപോലെ പക്ഷി മൃഗാദികൾക്കും പുല്ലിനും പൂവിനും കാട്ടരുവികൾക്കും ഒക്കെ അവകാശപ്പെട്ടതാണ് ഈ ഭൂമി. പക്ഷേ, ഒരു വ്യത്യാസം മാത്രമേയുള്ളൂ മനുഷ്യന് ഭൂമിയിൽ ജീവിക്കാൻ ആവശ്യമായ നിയമപരിരക്ഷ ലഭിക്കുമ്പോൾ മേൽപ്പറഞ്ഞവയ്ക്കൊന്നും ആ പരിരക്ഷ ലഭിക്കാത്തതിനാൽ മനുഷ്യൻ അവൻറെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് അവയ്ക്ക് ഓരോന്നിനും നാശം വിതയ്ക്കുന്നു.
എന്നാൽ, കാലാവസ്ഥാ തകർച്ചയും ജൈവവൈവിധ്യ നാശവും വലിയ വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തിൽ ഈ പ്രതിസന്ധിയെ മറികടക്കണമെങ്കിൽ രാജ്യങ്ങൾ മൃഗങ്ങൾ, മരങ്ങൾ, നദികൾ തുടങ്ങിയവയ്ക്ക് നിയമപരമായ അവകാശങ്ങളും സംരക്ഷണവും നൽകേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പരിസ്ഥിതിയുമായും വിവിധ ജീവജാലങ്ങളുമായുള്ള മനുഷ്യരുടെ ഇടപെടലുകളെ നിയന്ത്രിക്കുന്നതിൽ നിയമ ചട്ടക്കൂടുകൾക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് ലോ ഇൻ ദി എമർജിംഗ് ബയോ ഏജ് എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിന്റെ രചയിതാക്കൾ പറയുന്നു.
ഇക്വഡോറും ബൊളീവിയയും ഇതിനകം തന്നെ പ്രകൃതിയ്ക്ക് അവകാശങ്ങൾ നൽകിയിട്ടുണ്ട്, അതേസമയം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇക്കോസൈഡ് പ്രോസിക്യൂട്ടബിൾ കുറ്റമാക്കാനുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും അഭിഭാഷകരുടെ പ്രൊഫഷണൽ ബോഡിയായ ലോ സൊസൈറ്റിയുടെ റിപ്പോർട്ട്, ഭാവിയിൽ മനുഷ്യരും ഭൂമിയും തമ്മിലുള്ള ബന്ധം എങ്ങനെ പുനഃക്രമീകരിക്കപ്പെടുമെന്ന് വിശദീകരിക്കുന്നു.
നമ്മുടെ കുട്ടികൾക്ക് ജീവിക്കാൻ ഒരു ഗ്രഹം വേണമെങ്കിൽ ഇനിയും അതിന് വൈകി കൂടാ എന്നാണ്
റിപ്പോർട്ട് സഹ-രചയിതാവായ വെൻഡി ഷുൾട്സ് പറയുന്നത്. മനുഷ്യൻ പ്രകൃതിക്ക് അതീതനാണെന്നുള്ള തോന്നൽ അവസാനിപ്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രകൃതി മനുഷ്യൻറെ ഉടമസ്ഥതയിൽ അല്ല എന്നും മറിച്ച് മനുഷ്യൻ പ്രകൃതിയിലെ ഒരു ഇനം മാത്രമാണെന്നും ഉള്ള തിരിച്ചറിവ് ഉണ്ടാകണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യന് പ്രകൃതിയിൽ ജീവിക്കാൻ ലഭിക്കുന്ന അതേ നിയമപരരക്ഷ തന്നെ മൃഗങ്ങൾക്കും സസ്യങ്ങൾക്കും നദികൾക്കും ലഭ്യമാക്കണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം വരുംതലമുറയ്ക്കായി കാത്തു വയ്ക്കാൻ ഇങ്ങനെയൊരു ഗ്രഹം കാണില്ല എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പരിണാമ വൃക്ഷത്തിൽ മാത്രമാണ് മനുഷ്യൻ മുകളിലുള്ളത് എന്നും ആഗോള ആവാസ വ്യവസ്ഥയിൽ ഏറ്റവും ചെറിയ ഒരു വിഭാഗം മാത്രമാണ് മനുഷ്യൻ എന്നും റിപ്പോർട്ട് പറയുന്നു.
