നമ്മുടെ ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും വെള്ളമാണ്. എന്നാൽ ഇന്ന് ലോകത്തിൽ ഏകദേശം 2.2 ബില്യൺ ആളുകൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നുണ്ട്. അഞ്ച് വയസ്സില്‍ താഴെയുള്ള 1.6 ദശലക്ഷത്തിലധികം കുട്ടികളാണ് ഓരോ വർഷവും കുടിവെള്ളം പോലും കിട്ടാതെ ലോകത്തിൽ മരിച്ചുകൊണ്ടിരിക്കുന്നത്. അതായത് ഓരോ 19 സെക്കൻഡിലും ഒരു കുട്ടി വീതം കുടിവെള്ളം കിട്ടാതെ മരിക്കുന്നു. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ്  കെനിയ. കെനിയയിൽ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളത്തിന്‍റെ അഭാവം വളരെ ഗുരുതരമായ പ്രശ്നമാണ് സൃഷ്‍ടിക്കുന്നത്. എന്നാൽ, സർക്കാർ ഇതര സംഘടനയായ 'ഗിവ് പവർ' ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു പ്ലാന്‍റ് സ്ഥാപിച്ചിരിക്കുകയാണ്. അതും വെറും പ്ലാന്‍റല്ല മറിച്ച് സമുദ്രത്തിലെ ഉപ്പുവെള്ളത്തെ ശുദ്ധമായ കുടിവെള്ളമാക്കി മാറ്റുന്ന ഒന്നാണ്. ഇത് പ്രതിദിനം 35,000 ആളുകൾക്ക് ആവശ്യമായ വെള്ളം ഉൽ‌പാദിപ്പിക്കുമെന്നാണ് പറയുന്നത്.

2013 -ൽ ആരംഭിച്ച 'ഗിവ് പവർ', എഞ്ചിനീയർമാരുടെയും, ഊർജ്ജ  സംരംഭകരുടെയും ഒരു കൂട്ടായ്‍മയാണ്. ടെസ്ലയുടെ അനുബന്ധ സ്ഥാപനമായ ഇത് ലാഭേച്ഛ ഇല്ലാതെ പ്രവർത്തിച്ചു പോരുന്നു. ഭക്ഷണം, വെള്ളം, കൂടാതെ പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുക, നിർമ്മിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം.

അവരുടെ ആദ്യത്തെ സമാനമായ പദ്ധതിയല്ല ഇതെങ്കിലും, കെനിയയിലെ ഒരു ചെറിയ പ്രദേശമായ  കിയുങ്കയിൽ ഈ പുതിയ പ്ലാന്‍റ് വലിയ വിജയമാണ് നേടിയത്. സൊമാലിയൻ അതിർത്തിയിൽ നിന്ന് ഏതാനും മൈൽ തെക്കായിട്ടാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. മൂവായിരത്തഞ്ഞൂറോളം വരുന്ന ഒരു ചെറിയ മത്സ്യബന്ധന സമൂഹമാണ് ഇവിടെയുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ തീരത്തുള്ള ഈ പ്രദേശം ഒരു പ്രധാന സമുദ്ര സംരക്ഷണ കേന്ദ്രമാണ്. സമുദ്രത്തിനു സമീപം സ്ഥിതിചെയുന്നതിനാൽ ഇത്തരമൊരാശയം നടപ്പിലാക്കാൻ സംഘടനക്ക് എളുപ്പമായിരുന്നു. ഓഗസ്റ്റിൽ പൈലറ്റ് പരിശോധന നടത്തിയ ഈ സംരംഭത്തിന് പ്രദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്താനായി. പതുക്കെ ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്.

ഈ സാങ്കേതികവിദ്യ വരുന്നതിനു മുൻപ് ഇവിടെയുള്ളവര്‍ക്ക് കുടിവെള്ളം ലഭിക്കാനായി ചിലപ്പോൾ ഒരു മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ശുദ്ധജലം വളരെ അമൂല്യമായതിനാൽ, അവർ സാധാരണയായി ഉപ്പുവെള്ളത്തിലാണ് കുളിക്കുന്നതും വസ്ത്രം നനയ്ക്കുന്നതും. ഇത് അവരുടെ ചർമ്മം കട്ടിയുള്ളതാക്കി. “നിങ്ങൾ ഈ ഗ്രാമങ്ങത്തിലെ കുട്ടികളെ നോക്കൂ. അവരുടെ വയറ്റിലും കാലിലും എല്ലാം പാടുകൾ കാണാം. ഉപ്പുവെള്ളം അവരുടെ മുറിവുകളിൽ നിരന്തരം വീണ് ഉണ്ടായ പാടുകളാണ് അവ. അവർ മുമ്പ് ഉപയോഗിച്ചിരുന്ന വെള്ളം മലിനവും പലതരം അഴുക്കുകൾ നിറഞ്ഞതുമായിരുന്നു. എന്നാൽ ഈ പ്ലാന്‍റ് അവരെ വിവിധ രോഗങ്ങളിൽ നിന്ന് രക്ഷിച്ചു" ഗിവ് പവർ പ്രസിഡന്റ് ഹെയ്‍സ് ബർണാർഡ് പറഞ്ഞു.   

17 വികസ്വര രാജ്യങ്ങളിലെ സ്‍കൂളുകളിലും, മെഡിക്കൽ ക്ലിനിക്കുകളിലും, ഗ്രാമങ്ങളിലും 2,650 -ലധികം സൗരോർജ്ജ പദ്ധതികൾ ഇവർ നടപ്പിലാക്കിയിട്ടുണ്ട്. ശുദ്ധമായ വെള്ളത്തിനായുള്ള ഈ സോളാർ വാട്ടർ പ്ലാന്‍റ് മറ്റ് നാല് സ്ഥലങ്ങളിൽ കൂടി സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ കമ്പനി.