88 ലക്ഷം രൂപ സമാഹരിച്ചു, ലോകത്തിലെ ആദ്യത്തെ യോനീ മ്യൂസിയം വീണ്ടും തുറന്നു
അതിനോടൊപ്പം 'എൻഡോമെട്രിയോസിസി'നെ കുറിച്ചുള്ള ഒരു പ്രദർശനം കൂടി മ്യൂസിയം സംഘടിപ്പിച്ചിട്ടുണ്ട്.
'എൻഡോമെട്രിയോസിസ്: ഇൻ ടു ദി അൺനോൺ' എന്ന പ്രദർശനം ലക്ഷ്യമിടുന്നത്, എൻഡോമെട്രിയോസിസ് എന്ന ഗർഭാശയ രോഗത്തെ കുറിച്ച് ആളുകളിൽ ബോധവൽക്കരണം നടത്തുക എന്നതാണ്.

ലോകത്തിലെ ആദ്യത്തെ യോനീ മ്യൂസിയം തുറന്നത് ലണ്ടനിലാണ്. മറ്റേതൊരു അവയവത്തെയും പോലെ ഒരു അവയവമാണ് യോനി എന്നതിന് പകരം അത് ലൈംഗികതയുമായി ബന്ധപ്പെടുത്തി മാത്രമാണ് സമൂഹം കാണുന്നത്. അതിനാൽ തന്നെ സ്ത്രീ ശരീരശാസ്ത്രത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുക എന്ന ലക്ഷ്യം കൂടി മുന്നോട്ട് വച്ചാണ് 2019 -ൽ ലണ്ടനിൽ യോനീ മ്യൂസിയം ആരംഭിച്ചത്. എന്നാൽ, പ്രോപ്പർട്ടി ഗാർഡിയൻഷിപ്പ് അവസാനിച്ചതിനെ തുടർന്ന് അത് കിഴക്കൻ ലണ്ടനിലെ ബെത്നാൽ ഗ്രീനിലുള്ള വിക്ടോറിയ പാർക്ക് സ്ക്വയർ പരിസരത്ത് നിന്നും മാറ്റാൻ നിർബന്ധിക്കപ്പെട്ടു. പിന്നാലെ, മ്യൂസിയം അടച്ച് പൂട്ടുകയും ചെയ്തു.
ഇപ്പോഴിതാ, ഈ യോനീ മ്യൂസിയം വീണ്ടും തുറന്നിരിക്കയാണ്. പോയിസർ സ്ട്രീറ്റിന് സമീപത്തായിട്ടാണ് ഇപ്പോൾ വീണ്ടും ഈ യോനീ മ്യൂസിയം പ്രവർത്തനമാരംഭിക്കുന്നത്. നേരത്തെ, മ്യൂസിയം ഒരു പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിന് വേണ്ടി ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരുന്നു. 2,500 -ലധികം പേരിൽ നിന്നായി മൂന്നാഴ്ചയ്ക്കുള്ളിൽ £85,000 (ഏകദേശം 88ലക്ഷം) സമാഹരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മ്യൂസിയം വീണ്ടും തുറന്നിരിക്കുന്നത്.
അതിനോടൊപ്പം 'എൻഡോമെട്രിയോസിസി'നെ കുറിച്ചുള്ള ഒരു പ്രദർശനം കൂടി മ്യൂസിയം സംഘടിപ്പിച്ചിട്ടുണ്ട്.
'എൻഡോമെട്രിയോസിസ്: ഇൻ ടു ദി അൺനോൺ' എന്ന പ്രദർശനം ലക്ഷ്യമിടുന്നത്, എൻഡോമെട്രിയോസിസ് എന്ന ഗർഭാശയ രോഗത്തെ കുറിച്ച് ആളുകളിൽ ബോധവൽക്കരണം നടത്തുക എന്നതാണ്. അതുപോലെ, ഇതിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും അറിവുകളും ആളുകളുമായി പങ്ക് വയ്ക്കുക എന്നതും ഈ പ്രദർശനത്തിന്റെ ലക്ഷ്യമാണ്. അതുപോലെ ഈ രോഗത്തെ കുറിച്ച് നിലനിൽക്കുന്ന മിത്തുകളെ കുറിച്ചും ആളുകളിൽ അറിവുണ്ടാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
വജൈന മ്യൂസിയത്തിന്റെ ഡയറക്ടറായ ഫ്ലോറൻസ് ഷെച്ചർ പറയുന്നത്, വീണ്ടും മ്യൂസിയം തുറക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട് എന്നാണ്. ഒപ്പം, ഇപ്പോൾ തുറന്നിരിക്കുന്ന മ്യൂസിയം നേരത്തേതിനേക്കാൾ വലുതും മികച്ചതുമാണ് എന്നും ഷെച്ചർ പറയുന്നു. ഈ മ്യൂസിയത്തിൽ ഭീമൻ ടാംപണുകളും, വലിയ ആർത്തവക്കപ്പുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ചുവരുകളിൽ സ്ത്രീ ജനനേന്ദ്രിയത്തിന്‍റെ ചിത്രങ്ങളും കാണാം. ഒരു ഗ്ലാസ് കേസിൽ അടിവസ്ത്രങ്ങളും സൂക്ഷിച്ചിട്ടുണ്ട്.
വായിക്കാം: ലണ്ടനില്‍ ആദ്യത്തെ യോനീ മ്യൂസിയം; സ്ത്രീശരീരത്തെ കുറിച്ച് ചരിത്രം പറയാതെ പോയതെന്ത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: