യുവതിയുടെ അനിയന്ത്രിതമായ പെരുമാറ്റം കാരണം ഫ്ലൈറ്റ് ക്രൂവിന് അവരുടെ ഡ്യൂട്ടി തുടരാൻ കഴിയാതെ വന്നു. അതോടെ ഒടുവിൽ വിമാനം ഫീനിക്സിലേക്ക് തന്നെ തിരിച്ചുവിടാൻ ക്യാപ്റ്റൻ തീരുമാനിച്ചു.
ജീവനക്കാരെയും സഹയാത്രികരെയും ഭീഷണിപ്പെടുത്തി ഫീനിക്സിൽ നിന്ന് ഹവായിയിലേക്ക് പുറപ്പെട്ട വിമാനം ഫീനിക്സിലേക്ക് തന്നെ മടങ്ങാൻ നിർബന്ധിച്ച യാത്രക്കാരിക്ക് 40,000 ഡോളർ പിഴ. അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിൽ യാത്ര ചെയ്ത 29 -കാരിയായ കെയ്‌ല ഫാരിസിനോടാണ് വിമാനക്കമ്പനിയ്ക്ക് നഷ്ടപരിഹാരമായി $38,952 (33 ലക്ഷം) നൽകാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഉത്തരവിട്ടത്.
ഡിസ്ട്രിക്റ്റ് ഓഫ് അരിസോണയിൽ നിന്നുള്ള പത്രക്കുറിപ്പ് പ്രകാരം ഡിസ്ട്രിക്റ്റ് ജഡ്ജി സൂസൻ എം. ബ്രനോവിച്ചാണ് അമേരിക്കൻ എയർലൈൻസിന്റെ പരാതിയിൽ എയർലൈൻസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാരത്തുക നൽകുന്നതിന് പുറമേ യുവതിയ്ക്ക് മൂന്നരമാസത്തെ തടവും കൂടാതെ മൂന്ന് മാസത്തെ നിരീക്ഷണ കാലയളവും കോടതി വിധിച്ചു. ഈ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ വാണിജ്യ വിമാനങ്ങളിൽ യാത്ര ചെയ്യാൻ കെയ്‌ല ഫാരിസിനെ അനുവദിക്കില്ല.
2022 ഫെബ്രുവരി 13 -നാണ് യുവതി അരിസോണയിലെ ഫീനിക്സിൽ നിന്ന് ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനായി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ കയറിയത്. തുടർന്ന് വിമാനത്തിനുള്ളിലെ ജീവനക്കാരോടും സഹയാത്രികരോടും യുവതി മോശമായി പെരുമാറുകയും അശ്ലീലം പറയുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
യുവതിയുടെ അനിയന്ത്രിതമായ പെരുമാറ്റം കാരണം ഫ്ലൈറ്റ് ക്രൂവിന് അവരുടെ ഡ്യൂട്ടി തുടരാൻ കഴിയാതെ വന്നു. അതോടെ ഒടുവിൽ വിമാനം ഫീനിക്സിലേക്ക് തന്നെ തിരിച്ചുവിടാൻ ക്യാപ്റ്റൻ തീരുമാനിച്ചു. വിമാനം തിരികെ ഇറങ്ങിയതോടെ മറ്റ് നരിവധി വിമാനങ്ങളുടെ സർവീസിനെയും അത് ബാധിച്ചു. എയർലൈൻസിന്റെ പരാതിയിൽ ഫീനിക്സ് പൊലീസ് ആണ് സംഭവം അന്വേഷിച്ചത്. അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് കോടതി അവർക്ക് 33 ലക്ഷം രൂപ പിഴ വിധിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
