മൃഗശാല അധികൃതര്‍ക്ക് മയക്ക് വെടിവച്ച് അവയെ തിരികെ കൊണ്ടുവരാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ വെടിവച്ച് കൊലപ്പെടുത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ഇംഗ്-മാരി പറഞ്ഞു.
സ്റ്റോക്ക്ഹോമിൽ നിന്ന് 100 മൈൽ അകലെയുള്ള ഫുരുവിക് മൃഗശാലയിൽ നിന്ന് കഴിഞ്ഞ ദിവസം അഞ്ച് ചിമ്പാൻസികൾ രക്ഷപ്പെട്ടു. ഇതില്‍ നാല് ചിമ്പാന്‍സികളെ വെടിവച്ച് കൊലപ്പെടുത്തി. ഒരെണ്ണത്തിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൃഗശാലയില്‍ നിന്നും ചിമ്പാന്‍സികള്‍ എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല.
ഗാവ്‌ലെയ്ക്ക് സമീപമുള്ള അമ്യൂസ്‌മെന്‍റ് പാർക്കിന്‍റെ ഭാഗമായ ഫുരുവിക് മൃഗശാലയിൽ നിന്ന് ഇന്നലെ ഉച്ചഭക്ഷണ സമയത്താണ് അഞ്ച് ചിമ്പാന്‍സികള്‍ രക്ഷപ്പെട്ടത്. ചിമ്പാൻസികൾ ശക്തരും അപകടകരവുമായ മൃഗങ്ങളാണെന്നും മൃഗശാലയുടെ പ്രധാന ശ്രദ്ധ മനുഷ്യർക്ക് പരിക്കേൽക്കേല്‍ക്കാതെ നോക്കുകയാണെന്നും അവകാശപ്പെട്ട മൃഗശാലാ വക്താവ് അനിക ട്രോസെലിയസ്, ചിമ്പാന്‍സികള്‍ അശാന്തരായതിനാലാണ് വെടിവച്ച് കൊലപ്പെടുത്തിയതെന്നും അറിയിച്ചു. എന്നാല്‍ അഞ്ചാമത്തെ ചിമ്പാന്‍സി സ്വന്തം വഴി കണ്ടെത്തിക്കാണുമെന്നും അവര്‍ പറഞ്ഞു. ചിമ്പാന്‍സികളെ കൊല്ലേണ്ടിവന്നത് ദാരുണ സംഭവമാണെന്ന് കൂട്ടിച്ചേര്‍ത്ത അവര്‍ അതല്ലാതെ മറ്റ് വഴികളില്ലെന്നും അവകാശപ്പെട്ടു.
ഇപ്പോഴും ഒരു ചിമ്പാന്‍സി മൃഗശാലയ്ക്ക് പുറത്ത് തന്നെ ഉള്ളതിനാല്‍ ജനങ്ങള്‍ സൂക്ഷിക്കണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും അധിതര്‍ ആവശ്യപ്പെട്ടു. മൃഗങ്ങൾ തന്‍റെ ഉറ്റസുഹൃത്തുക്കളും തന്‍റെ കുടുംബത്തിന്‍റെ ഭാഗവുമാണെന്നും അവകാശപ്പെട്ട, 30 വര്‍ഷമായി മൃഗശാലയുടെ പ്രൈമറ്റ് മാനേജറായിരുന്ന ഇംഗ്-മാരി അവയുടെ മരണം തന്‍റെ ഹൃദയം തകർത്തുവെന്നായിരുന്നു അഭിപ്രായപ്പെട്ടത്. മൃഗശാല അധികൃതര്‍ക്ക് മയക്ക് വെടിവച്ച് അവയെ തിരികെ കൊണ്ടുവരാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ വെടിവച്ച് കൊലപ്പെടുത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാർക്കിന്‍റെ വെബ് പേജ് അനുസരിച്ച് ഫുരുവിക് മൃഗശാലയിൽ ഏഴ് ചിമ്പാൻസികളാണ് ഉണ്ടായിരുന്നത്. നോർഡിക് രാജ്യങ്ങളിലെ ഏക സ്വകാര്യ ഗവേഷണ കേന്ദ്രം കൂടിയാണിത്. മൃഗശാലയില്‍ നിന്നും ചിമ്പാന്‍സികള്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
